വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 
NEWSROOM

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ജീവനോപാധി നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ സര്‍ക്കാര്‍ തീരുമാനം

ജില്ലാ കളക്ടർ ചെയർമാനായ അപ്പീൽ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് അർഹരായവരെ കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ സര്‍ക്കാര്‍ തീരുമാനം. 181 തൊഴിലാളികൾക്കാണ് സംസ്ഥാന സർക്കാരിന്റെ ധനസഹായം ലഭിക്കുക. ഇതുവരെയാകെ 107 കോടി രൂപയോളം വിഴിഞ്ഞത്ത് നഷ്ടപരിഹാരമായി നൽകിയിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്.

ഒൻപത് കരമടി ഉടമകൾക്കും, 172 കരമടി തൊഴിലാളികൾക്കുമാണ് മൂന്നുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുന്നത്. ആകെ 5.43 കോടി രൂപ ഇതിനായി സംസ്ഥാന സർക്കാർ നീക്കിവയ്ക്കും. നേരത്തെ മന്ത്രിമാരായ വി.എൻ. വാസവനും സജി ചെറിയാനും പരാതിക്കാരുമായി ചർച്ച നടത്തിയിരുന്നു. ജില്ലാ കളക്ടർ ചെയർമാനായ അപ്പീൽ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് അർഹരായവരെ കണ്ടെത്തിയത്.

അതേസമയം ഇടവക നൽകിയ അപേക്ഷകൾ സർക്കാർ പരിശോധിക്കുകയാണ്. ഇതുവരെയാകെ 106.93 കോടി രൂപ ജീവനോപാധി നഷ്ടപരിഹാരമായി വിഴിഞ്ഞത്ത് നൽകിയെന്നാണ് സർക്കാർ കണക്ക്. തുറമുഖത്തിന്റെ നിർമാണക്കാലയളവിൽ പദ്ധതി പ്രദേശം ചുറ്റിപ്പോകേണ്ടതിനാൽ 1221 മത്സ്യത്തൊഴിലാളികൾക്ക് 31.57 കോടി രൂപയുടെ മണ്ണെണ്ണയും നൽകി. റിസോർട്ട് തൊഴിലാളികളായ 211 പേർക്ക് 6.8 കോടി രൂപയും, നാല് സ്വയംസഹായ സംഘങ്ങളിലെ 33 പേർക്കായി 8 ലക്ഷവും നൽകിയെന്നും സർക്കാർ വ്യക്തമാക്കുന്നു.

അതേസമയം, വിഴിഞ്ഞം തുറമുഖത്തെത്തിയ കണ്ടെയ്നർഷിപ്പ് എം എസ് സി റോസ് നാളെ മടങ്ങും. ആഫ്രിക്കൻ മേഖലയിലേക്കാണ് കപ്പലിൻ്റെ യാത്ര എന്നതിനാൽ മടക്കം കനത്ത സുരക്ഷയോടെയായിരിക്കും. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കപ്പൽ വിഴിഞ്ഞത്ത് എത്തിയത്. റോസിന് പിന്നാലെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ അന്ന എന്ന കണ്ടയ്നർ ഷിപ്പും ഉടൻ വിഴിഞ്ഞത്ത് എത്തും.

SCROLL FOR NEXT