പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കേന്ദ്ര ഭേദഗതിയിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. പൂരം ഭംഗിയായി നടത്താനാണ് സർക്കാരിൻ്റെ ശ്രമം. ആചാരാനുഷ്ഠാനങ്ങൾക്ക് വിഘ്നം വരുത്താതെ പരിപാടി നടത്താൻ കഴിയണം. അതിന് തടസങ്ങൾ ഉണ്ടാക്കുന്നതാണ് കേന്ദ്രത്തിൻ്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ എന്ന എൻ. ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. തൃശൂർ പൂരം കലക്കൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഉത്തരവിട്ടതാണ്. അത് സംബന്ധിച്ചുള്ള നടപടികൾ സ്വാഭാവികമായി സ്വീകരിച്ചു വരുന്നുണ്ട്.
ആന എഴുന്നള്ളിപ്പ് വഴി ആനകൾക്ക് പ്രയാസമുണ്ടാകരുത് എന്നതാണ് സർക്കാർ നിലപാടെന്നും ഇതാണ് കോടതിയും പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. ആന എഴുന്നള്ളിപ്പിനിടെ ആനകൾ തമ്മിലുള്ള അകലം നിരീക്ഷിക്കാൻ ജില്ലാതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മീറ്റർ ദൂരപരിധി ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നിശ്ചയിച്ചു. ഇത് കോടതിയെയും അറിയിച്ചിട്ടുണ്ട്. ആന എഴുന്നള്ളിപ്പ് ഒരു സ്ഥലത്തെ പരിപാടിയായിട്ടല്ല, മൊത്തം നാടിൻ്റെ പരിപാടിയായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, 'ഡിജിറ്റൽ ഡീ അഡിക്ഷൻ സെൻ്ററുകൾ' ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വെൽനസ് ആക്ടിവിറ്റി ആപ്പുകളെ കുറിച്ചുള്ള അവബോധമുണ്ടാക്കും. കുട്ടികൾക്കിടയിൽ സുരക്ഷിത ഇൻ്റർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കാനും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും തിങ്കളാഴ്ച ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്നവർക്ക് 40,000 രൂപ അധിക വിമാന നിരക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കാണുമോയെന്ന് യു.എ. ലത്തീഫ് എംഎൽഎ ചോദ്യോത്തരവേളയിൽ ചോദിച്ചു. മുഖ്യമന്ത്രി ഇടപെട്ടാൽ പരിഹാരം കാണാവുന്ന വിഷയമല്ല ഇതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഇടപെട്ടു കൊണ്ടേയിരിക്കുകയാണ്. പക്ഷേ പരിഹാരം ഇതുവരെ ആയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നമ്മുടെ സഹോദരിമാർ വിദേശത്ത് തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നും വിദേശത്ത് ജോലി ചെയ്യാൻ സജ്ജമാകുമ്പോൾ എംബസി മുഖേന ബന്ധപ്പെടാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. മറ്റു തട്ടിപ്പുകൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. നിർഭാഗ്യവശാൽ രാജ്യത്തെ പൗരന്മാരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഒരു നടപടിയും ഇതുവരെ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. വിവിധ ഘട്ടങ്ങളിൽ സംസ്ഥാനം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ അനുകൂല നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിൽ 2016 മുതൽ ഇതുവരെ 10,526 പ്രവാസി സംരംഭങ്ങൾ തുടങ്ങിയെന്നും, 106 കോടി 38 ലക്ഷം രൂപ സബ്സിഡിയായി നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.