NEWSROOM

ഭാസ്ക്കര കാരണവർ വധക്കേസിൽ ഒന്നാം പ്രതി ഷെറിന് മോചനം; ശിക്ഷായിളവ് നൽകി സർക്കാർ

ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ചെങ്ങന്നൂരിലെ ഭാസ്ക്കര കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാം പ്രതി ഷെറിന് ശിക്ഷായിളവ് നൽകി സർക്കാർ. ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 

2009 നവംബർ 8നാണ് ചെങ്ങന്നൂർ സ്വദേശിയായ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിൻ കൊലപ്പെടുത്തുകയായിരുന്നു. തൻ്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഷെറിൻ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. കേസിൽ ഷെറിൻ നൽകിയ മൊഴി തന്നെയാണ് വഴിത്തിരിവായത്.

മരണാനന്തര ചടങ്ങുകൾക്ക് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ മരുമകൾ ഷെറിനാണ് വീടിന്റെ മുകൾനിലയിൽ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാൾക്ക് അകത്തേക്ക് കയറാമെന്നും മൊഴി നൽകിയത്. എന്നാൽ ഒരു ഏണിയില്ലാതെ ഒരാൾക്ക് അതിന് മുകളിൽ കയറി നിൽക്കാൻ കഴിയില്ലായിരുന്നു.

ഇതിനിടെ ഷെറിന്റെ ഫോൺ ലിസ്റ്റ് പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്കു 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാം പ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഈ കോളുകൾ എത്തിയിരുന്നത്. ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കണ്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീട് തെളിഞ്ഞു.



ഒരുമിച്ച് ജീവിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഷെറിനും ബാസിത് അലിയും. ഇതിനിടെയായിരുന്നു ആസൂത്രിത കൊലപാതകം. ഷാനു റഷീദ്, നിഥിൻ എന്നിവരായിരുന്നു കേസിലെ കൂട്ടുപ്രതികൾ. സ്വത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.

SCROLL FOR NEXT