NEWSROOM

പതിനാറുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടി; മാതാപിതാക്കൾ നൽകിയ ഹർജി തള്ളി

ഈ മാസം 26 നാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കള്‍ ഹർജി സമർപ്പിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയോട് അതിജീവിതയെ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്


ബലാത്സംഗത്തിന് ഇരയായ പതിനാറുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. ഭ്രൂണ വളർച്ച 27 ആഴ്ച പിന്നിട്ടത് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കളാണ് അനുമതി തേടിയത്.

കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണു പെൺകുട്ടി ഗർഭിണിയായത്. ഡോക്ടറുടെ പരിശോധനയിലാണു ഗർഭത്തിൻ്റെ കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്.അപ്പോള്‍ ഗര്‍ഭസ്ഥശിശുവിന് 26 ആഴ്ചയും 5 ദിവസവും ആയിരുന്നു പ്രായം.

ഈ മാസം 26 നാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കള്‍ ഹർജി സമർപ്പിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയോട് അതിജീവിതയെ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ചത്.

ഗര്‍ഭഛിദ്രം നടത്തുകയാണെങ്കില്‍ പോലും കുട്ടിയെ ജീവനോടെയേ പുറത്തെടുക്കാന്‍ സാധിക്കൂ എന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി തീരുമാനം.

അതേ സമയം കുട്ടിയെ ദത്തുനല്‍കാന്‍ അതിജീവിതയുടെ വീട്ടുകാര്‍ക്കു താല്‍പര്യമാണെങ്കില്‍ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോടു ജസ്റ്റിസ് വിജി അരുണ്‍ നിര്‍ദേശിച്ചു.


SCROLL FOR NEXT