ശബരിമലയിലെ മാളികപ്പുറം ക്ഷേത്ര പരിസരത്തെ തേങ്ങയുരുട്ടലും മഞ്ഞൾപ്പൊടി വിതറലും ആചാരമല്ലെന്നും അവസാനിപ്പിക്കണമെന്നും ഹൈക്കോടതി. ആചാരമല്ലാത്ത ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഹൈക്കോടതി നിർദേശത്തെ സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും രംഗത്തെത്തി. തേങ്ങാ ഉരുട്ടലും മഞ്ഞൾപൊടി വിതറലും പട്ട് എറിയലും അവസാനിപ്പിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്ന് തന്ത്രിയും മേൽശാന്തിയും ആവശ്യപ്പെട്ടു.
മാളികപ്പുറത്തെ തേങ്ങാ ഉരുട്ടൽ ആചാരമല്ലെന്നും മുമ്പും ഈ കാര്യം പറഞ്ഞിട്ടുണ്ടെന്നും ശബരിമല തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. "ഹൈക്കോടതി വിഷയം വീണ്ടും സൂചിപ്പിച്ചതിൽ സന്തോഷമുണ്ട്. മാളികപ്പുറത്ത് മഞ്ഞൾപൊടി വിതറുന്നതും അവസാനിപ്പിക്കണം. ദേവസ്വം ബോർഡ് ഇതിനായി ഇടപെടൽ നടത്തണം. ആചാരമല്ലാത്ത കാര്യങ്ങളിലൂടെ മാളികപ്പുറം വൃത്തിഹീനമാവുന്നു," കണ്ഠരര് രാജീവരര് പറഞ്ഞു.
തേങ്ങ ഉരുട്ടുന്നതും പട്ട് എറിയുന്നതും ആചാരമല്ലെന്നും ദുരാചാരമാണെന്നും മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ദേവസ്വം ബോർഡാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത പൊലീസുകാരുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വിലയിരുത്തി. മനഃപൂർവമല്ലെങ്കിലും ഇത്തരം പ്രവണതകൾ ശരിയല്ലെന്നും കോടതി വിമർശിച്ചു. അതേസമയം, അഭിനന്ദനാർഹമായ പ്രവർത്തനമാണ് ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥർ നിർവഹിക്കുന്നതെന്നും ഭക്തരുടെ സുരക്ഷിത തീർഥാടനത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.