NEWSROOM

'പരസ്പരം താങ്ങും കരുതലുമാകേണ്ടവരാണ്'; പരസ്ത്രീ ബന്ധമാരോപിച്ചതിന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച 91 കാരന് ജാമ്യം

സന്തോഷകരമായ ജീവിതമുണ്ടാകുമെന്ന് കരുതിയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി

Author : ന്യൂസ് ഡെസ്ക്

പരസ്ത്രീ ബന്ധം ആരോപിച്ചതിന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പുത്തന്‍കുരിശ് സ്വദേശിയായ 91 കാരനാണ് ജാമ്യം ലഭിച്ചത്. ജീവിത സായാഹ്നത്തില്‍ പരസ്പരം താങ്ങാവേണ്ടവരാണെന്ന് ഉപദേശിച്ചാണ് കോടതി വയോധികന് ജാമ്യം അുവദിച്ചത്.

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. ജീവിത സായാഹ്നത്തില്‍ പരസ്പരം താങ്ങും കരുതലുമാകേണ്ടവരാണെന്നും ഇക്കാര്യം ഹര്‍ജിക്കാരനും ഭാര്യയും മനസിലാക്കേണ്ടതാണ്. പ്രായം കൂടും തോറും ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹം മങ്ങുകയല്ല വേണ്ടത്, കൂടുതല്‍ തെളിച്ചമുള്ളതാകണം. സന്തോഷകരമായ ജീവിതമുണ്ടാകുമെന്ന് കരുതിയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കവി എന്‍.എന്‍. കക്കാടിന്റെ 'സഫലമീ യാത്ര' എന്ന കവതയും കോടതി ഉത്തരവില്‍ ചേര്‍ത്തിട്ടുണ്ട്. പങ്കാളികള്‍ പരസ്പരം ഊന്നുവടികളാകണമെന്നാണ് കവിതയിലെ സന്ദേശം. ഭാര്യ സംശയം ഉന്നയിച്ചത് സ്‌നേഹക്കൂടുതല്‍ കൊണ്ടാകാമെന്ന് നിരീക്ഷിച്ച കോടതി ജാമ്യം ലഭിക്കുന്നതോടെ ഇരുവരും സന്തോഷകരമായ ജീവിതം നയിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പരം ആസ്വദിക്കാന്‍ പഠിക്കുമ്പോഴാണ് ദാമ്പത്യം മഹത്തരമാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.


പുത്തന്‍കുരിശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാര്‍ച്ച് 21 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഹര്‍ജിക്കാരന്‍. ജാമ്യ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകാനും നിര്‍ദേശമുണ്ട്.

SCROLL FOR NEXT