മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് കോൺസ്‌റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദൻ കുറ്റവിമുക്തൻ. കേസില്‍ 23 മുതൽ 57 വരെയുള്ള 35 പ്രതികളെ വെറുതെ വിട്ടു. ഇവര്‍ക്കെതിരെ കൊലപാതക കേസ് തെളിയിക്കാനായില്ല. അതേസമയം, അബ്ദുൾ സലാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിലും ഗൂഡാലോചന നടത്തിയതിലും ഗീതാനന്ദൻ ഉൾപ്പെടെ നാലുപേര്‍ കുറ്റക്കാരാണ്. ഗീതാനന്ദനൊപ്പം രമേശ്, ബിനു, അനിൽകുമാർ എന്നിവരെയാണ് കുറ്റക്കാരണെന്ന് കണ്ടെത്തിയത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി ഇ അയൂബ്‌ഖാൻ ആണ് വിധി പറഞ്ഞത്. സംഭവം നടന്ന് 23 വർഷത്തിനുശേഷമാണ് വിധി.
പിഎം ശ്രീ സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ വിയോജിപ്പറിയിക്കാതെ മുസ്ലീം ലീഗ്. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ന്യായീകരണത്തെ പി.കെ. കുഞ്ഞാലിക്കുട്ടി പിന്തുണച്ചു. മുന്നണിയിലെ മറ്റു പാര്‍ട്ടികളും എതിര്‍പ്പ് ഉന്നയിച്ചില്ല.
പിഎം ശ്രീ പദ്ധതിയില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്രം. പദ്ധതിയില്‍ പങ്കാളിയാകാത്ത സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീ ആനുകൂല്യങ്ങൾ നഷ്ടമാകും. എംഒയു ഒപ്പിട്ട ശേഷം കേരളം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരിയുടെ മറുപടി.
യുക്രെയ്നിയൻ തടവുകാർക്കെതിരെ ലൈംഗിക അതിക്രമങ്ങൾ ആയുധമായി റഷ്യൻ സൈനികർ ഉപയോഗിക്കുന്നെന്ന് യുദ്ധ അതിജീവിതരുടെ വെളിപ്പെടുത്തൽ. 2022 ലെ റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രെയ്നിയൻ സൈനികരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് നിരന്തരം വിധേയമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട്. വോൾസട്രീറ്റ് ജേർണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
തെക്കൻ കെനിയയിലെ അംബോസെലി ദേശീയോദ്യാനത്തിന് സമീപമുള്ള പച്ചക്കറി തോട്ടത്തിൽ നിന്ന് തക്കാളി കഴിച്ച 15 ആനകൾ സയനൈഡ് വിഷബാധയേറ്റ് ചരിഞ്ഞതായി കെനിയൻ വനം വന്യജീവി വകുപ്പ് അധികൃതർ. കഴിഞ്ഞ ഒരു മാസത്തിനിടെ ചരിഞ്ഞ ആനകളുടെ ജഡങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നെയ്‌റോബി സർവകലാശാലയിൽ നടത്തിയ പ്രാഥമിക ലബോറട്ടറി പരിശോധനയിൽ സയനൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
ഐസിസി വാറന്‍റുള്ള രാജ്യങ്ങളിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയമില്ലെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അത്തരമൊരു സാഹചര്യമുണ്ടായാൽ അത് ഇസ്രയേലി സൈന്യം കൈകാര്യം ചെയ്തുകൊള്ളുമെന്ന് നെതന്യാഹു പറഞ്ഞു.
52 ദിവസം നീണ്ടുനിന്ന സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും.. നാളെ പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും. ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ, സ്വന്തം നാടുകളിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി.
വയനാട് മുത്തങ്ങ ഭൂസമരത്തിനിടെ പോലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ കൽപ്പറ്റ സെഷൻസ് കോടതി ഇന്ന് വിധി പറയും . 2003 ഫെബ്രുവരി 19ന് മുത്തങ്ങയിൽ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടെയാണ് വിനോദ് കൊല്ലപ്പെടുന്നത്.... ആദിവാസി ഗോത്ര മഹാസഭ നേതാവായിരുന്ന ഗീതാനന്ദനാണ് കേസിൽ ഒന്നാംപ്രതി
ആലപ്പുഴ മാരാരിക്കുളം ഏലിയാമ്മ ടീച്ചർ കൊലക്കേസിൽ വിധി ഇന്ന്. സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്നതിനായി തനിച്ച് താമസിച്ചിരുന്ന റിട്ടേയേർഡ് അധ്യാപിക ഏലിയാമ്മയെ അയൽവാസി ഫ്രില്ലി ഫ്രാൻസിസ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2010ലായിരുന്നു കേസിനാസ്പദമായ സംഭവം
ഓണക്കാലത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വിലക്കയറ്റവും തടയുന്നതിനായി പ്രത്യേക പരിശോധനക്ക് ഒരുങ്ങി ഭക്ഷ്യവകുപ്പ്. സാധനങ്ങളുടെ മൊത്ത-ചില്ലറ വില നിരീക്ഷിക്കാൻ ഇന്നുമുതൽ പ്രത്യേക സ്ക്വാഡ് രംഗത്തിറങ്ങും. ഓഗസ്റ്റ് 25വരെ പരിശോധന ഉണ്ടാകും.
മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. വെള്ളപ്പൊക്ക ഭീഷണയിൽ ഒഡീഷയും അസം. അസമിൽ ബ്രഹ്മപുത്ര കരകവിഞ്ഞു. മഹാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ ഹിരാക്കുഡ് അണക്കെട്ട് ഇന്ന് തുറന്നേക്കും.. ഉത്തരാഖണ്ഡിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും.
അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ കൂടുതൽ തെളിവുകൾ തേടി എസ്ഐടി. പ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ ശ്രമം. അക്കൗണ്ടുകളിലേക്ക് പണം എത്തിയത് അഞ്ഞൂറിലേറെ നമ്പറുകളിൽ നിന്ന്. ഒരു ആഴ്ചയ്ക്കിടെ എടിഎം വഴി ലക്ഷങ്ങൾ പിൻവലിച്ചെന്നും അന്വേഷണ സംഘം.
കോട്ടയം തീക്കോയിൽ ഗർഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ യുവതികൾക്ക് പങ്കുണ്ടെന്ന സംശയത്തിൽ പൊലീസ്. പിടിയിലായ മൂന്നംഗ സംഘം തമിഴ്‌നാട്ടില്‍ നടത്തിവന്ന പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. അസം സ്വദേശി നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം കുട്ടികളെ കച്ചവടം ചെയ്യുന്ന മാഫിയയെ പൊലീസ് പിടികൂടുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽയോഗം ഇന്ന്. ആർ സുഗതന്റെ അവധി അപേക്ഷ ചർച്ചയാകും. കാപ്പാ കേസ് പ്രതിക്ക് അവധി നൽകാൻ കഴിയില്ലെന്ന നിലപാടിൽ പ്രതിപക്ഷം. കോർപ്പറേഷൻ സെക്രട്ടറിക്ക് അയോഗ്യത നോട്ടീസ് നൽകാനും പ്രതിപക്ഷ നീക്കം.
പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും ബഹളത്തിൽ മുങ്ങിയേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷം. അയോധ്യ സംഭാവന കൊള്ള അടക്കമുള്ള വിഷയങ്ങൾ ഇരുസഭകളിലും ഉന്നയിച്ചേക്കും. ജനന മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭ പാസാക്കിയേക്കും..
ശബരിമലയിലെ നെയ്യ് വിതരണത്തിൽ നിന്നും മിൽമയെ ഒഴിവാക്കാൻ ദേവസ്വം ബോർഡ്. അന്തിമ തീരുമാനം ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ. അപ്പവും അരവണയും നിർമിക്കാൻ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കും. അധികം നെയ്യ് വേണ്ടി വന്നാൽ മറ്റ് വഴികൾ തേടാനും ആലോചന.
സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഓറഞ്ച് അലേർട്ട്
31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്
01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
യെല്ലോ അലേർട്ട്
31/07/2026: തൃശൂർ, പാലക്കാട്, മലപ്പുറം
01/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസര്‍ഗോഡ്
02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്