NEWSROOM

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ഭരണപക്ഷത്തെ വെട്ടിലാക്കാൻ പ്രതിപക്ഷം; ആദ്യ മൂന്ന് ദിവസങ്ങളിൽ പി.വി. അൻവർ പങ്കെടുക്കില്ല

സഭയ്ക്കകത്തും പുറത്തും എൽഡിഎഫിൻ്റെ മുന്നണിപ്പോരാളിയായിരുന്ന പി.വി. അൻവർ ഇനി മുതൽ പ്രതിപക്ഷത്താണെന്നത് സർക്കാരിന് തലവേദനയാകും

Author : ന്യൂസ് ഡെസ്ക്

രണ്ടാം പിണറായി സർക്കാർ നേരിട്ട സമാനതകളില്ലാത്ത പ്രതിസന്ധിക്കിടെ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞതിനപ്പുറം മുഖ്യമന്ത്രിയിൽ നിന്നും ഒരു വാക്കെങ്കിലും ഉണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളത്തിൻ്റെ ആകാംക്ഷ. സഭയ്ക്കകത്തും പുറത്തും എൽഡിഎഫിൻ്റെ മുന്നണിപ്പോരാളിയായിരുന്ന പി.വി. അൻവർ ഇനി മുതൽ പ്രതിപക്ഷത്താണെന്നതും സർക്കാരിന് തലവേദനയാകും.

സഭാ സമ്മേളനം കലുഷിതമാക്കാൻ നിരവധി വിഷയങ്ങളാണ് ഇത്തവണ ഉയർന്നിരിക്കുന്നത്. ഒറ്റയാൾ പ്രതിപക്ഷമായി മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ യുദ്ധം നയിക്കുന്ന പി.വി. അൻവർ, എഡിജിപി - ആർ എസ് എസ് കൂടിക്കാഴ്ചയെന്ന ബ്രഹ്മാസ്ത്രം തൊടുത്തുവിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ലക്ഷ്യസ്ഥാനത്തു കൊള്ളാതെ തിരിച്ചടിച്ച മലപ്പുറം പരാമർശവും പി.ആർ വിവാദവും, എഡിജിപി വിഷയത്തിൽ പാളയത്തിൽ പട നയിക്കുന്ന സിപിഐയും ഘടകകക്ഷികളും, സഭയ്ക്ക് പുറത്ത് യുദ്ധകാഹളം മുഴക്കി പ്രതിപക്ഷവും യുവജന സംഘടനകളും, ഇങ്ങനെ നീളുന്നു ഭരണപക്ഷത്തെ വെട്ടിലാക്കുന്ന വിഷയങ്ങളുടെ നിര.

ALSO READ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം: ദൃശ്യങ്ങളില്ല, മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

മുഖ്യമന്ത്രി മറുപടി പറയേണ്ട നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ വെട്ടിയ സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. എഡിജിപി വിഷയത്തിൽ ചിരിക്കപ്പുറം ഉത്തരം കിട്ടാനുള്ള ചോദ്യങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടിയെന്ന ഒറ്റ ആവശ്യമാകും പ്രതിപക്ഷ ലക്ഷ്യം. അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നതുൾപ്പെടെയുള്ള സാങ്കേതിക ന്യായങ്ങൾ നിരത്തിയാകും ഭരണപക്ഷത്തിൻ്റെ പ്രതിരോധം.

പി.വി. അൻവർ എംഎൽഎ ഇന്നത്തെ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ പാർട്ടി രൂപീകരണ പ്രവർത്തനവുമായി നിലമ്പൂരിൽ തുടരാനാണ് അൻവറിൻ്റെ തീരുമാനം. ആദ്യ മൂന്ന് ദിവസം പങ്കെടുക്കാനാകില്ല എന്ന് അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഎം പാർലമെൻററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയതോടെ അൻവറിൻ്റെ ഇരിപ്പിടം സഭയിൽ പ്രതിപക്ഷ ബെഞ്ചിലേക്ക് മാറ്റിയതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി വക്കീൽ നോട്ടീസ് അയച്ചതിനെ കുറിച്ചും അൻവർ  ഇന്ന് പ്രതികരിക്കും.


അതേസമയം എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹെബ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ട് ലഭിച്ചാലുടൻ ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റാനാണ് നീക്കം. ഫയർഫോഴ്സിലേക്കോ ജയിൽ വകുപ്പിലേക്കോ മാറ്റാനാണ് ആലോചന.





SCROLL FOR NEXT