NEWSROOM

"ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നീക്കം"; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ എതിർത്ത് കേരളത്തിലെ എംപിമാർ

ഫെഡറലിസത്തെ തകർക്കുന്ന ബില്ലാണ് ഇതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ വിമർശനം

Author : ന്യൂസ് ഡെസ്ക്



ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇന്ത്യ സഖ്യത്തിലെ മിക്ക കക്ഷികളും ബില്ലിനെ എതിർത്തു. ഫെഡറലിസത്തെ തകർക്കുന്ന ബില്ലാണ് ഇതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ വിമർശനം. എൻ.കെ. പ്രേമചന്ദ്രൻ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരും ബില്ലിനെതിരെ കടുത്ത വിമർശനമുയർത്തി.


ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് സാങ്കേതികപരമായ പ്രശ്നങ്ങളുണ്ടെന്നാണ് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ്റെ പക്ഷം. ബിൽ ഫെഡറൽ ജനാധിപത്യ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതാണ്. ലോക്സഭയുടെ കാലാവധി തീരുന്നതനുസരിച്ച് നിയമസഭയുടെയും കാലാവധി തീരണമെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. ബിൽ സംസ്ഥാന നിയമസഭകളുടെ കാലാവധിയെ പരിമിതപ്പെടുത്തുന്നെന്നും, ഇത് ജെപിസിക്ക് വിടണമെന്നാണ് ആവശ്യമെന്നും പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി.

ബിൽ പിൻവലിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് എംപി പറയുന്നു. ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ഇക്കാര്യം പാർലമെന്റിൽ മുന്നോട്ടുവച്ചു. ബിൽ ജെപിസിക്ക് വിടുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ ബില്ലിനെ വിശദമായി പരിശോധിക്കാൻ സാധിക്കും. സംയുക്ത പാർലമെന്ററിക്ക് ആവശ്യമായ ഭേദഗതികൾ വരുത്താൻ കഴിയും. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഈ നിയമം പാസാകാനുള്ള സാധ്യത വിരളമാണെന്നും കോൺഗ്രസ് എംപി പറഞ്ഞു.

ബിൽ പാസ് ആകണമെങ്കിൽ 50 ശതമാനത്തിൽ കുറയാത്ത അംഗങ്ങളും വോട്ട് ചെയ്യണമെന്ന് എൻ.കെ പ്രേമചന്ദ്രൻ വ്യക്തമാക്കുന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ബിൽ പാസാക്കാൻ കേന്ദ്രം ബുദ്ധിമുട്ടും. ഇന്ത്യ സഖ്യത്തിലെ എല്ലാ കക്ഷികളും ഒരേ മനസ്സോടെ ആണ് ബില്ലിനെ എതിർത്തത്. 198 പേർ ബില്ലിനെ എതിർത്തു എന്നത് ചെറിയ കാര്യമല്ല. ഈ ബിൽ പാസാവുകയാണെങ്കിൽ, സംസ്ഥാന വിഷയങ്ങൾ തമസ്കരിക്കപ്പെടുമെന്നും എല്ലാം ദേശീയതലത്തിലേക്ക് കേന്ദ്രീകരിക്കുമെന്നും പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി. ബഹുസ്വരതയിൽ അധിഷ്ഠിതമായ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള നടപടിയാണിത്. ജനാധിപത്യ വൈവിധ്യത്തിനും ചേർന്നതല്ല എന്ന കാഴ്ചപ്പാടാണ് ഇന്ത്യ മുന്നണി മുന്നോട്ട് വെച്ചത്. ബിൽ അടുത്തൊന്നും പാസാകില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ പറയുന്നു.

ബിൽ അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ എതിർത്തിരുന്നെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞത്. ബിൽ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തിൻ്റെ ജനാധിപത്യ സംവിധാനം തകരുമെന്ന് പ്രതിപക്ഷം ആവർത്തിച്ചു. ബിൽ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. പ്രേമചന്ദ്രൻ എംപിയുടെ പ്രസ്താവനയ്ക്ക് സമാനമായി, ബിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്നെന്ന ആരോപണം കൊടിക്കുന്നിൽ സുരേഷും ഉന്നയിച്ചു.

പ്രതിപക്ഷത്തിന്റെ തീരുമാനം കേൾക്കാതെയുള്ള കേന്ദ്രസർക്കാറിന്റെ നടപടി ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് ഭാഗമായുള്ള നീക്കമാണ്. പ്രതിപക്ഷത്തിന്റെ കരുത്ത് ഇന്നത്തെ വോട്ടെടുപ്പിൽ മനസ്സിലായി.ബില്ലിൽ ഉടനീളം അനിശ്ചിതത്വമുണ്ടെന്നും, ബിൽ പാസാക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം എങ്ങനെ ലഭിക്കുമെന്ന് നോക്കാമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

എട്ട് പേജുള്ള ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങൾ ഭേദഗതി വരുത്തുന്നതാണ് ബിൽ. ആകെ 17 ഭേദഗതികളാണ് നിശ്ചയിച്ചിരിക്കുന്നത്‌. ഏതെങ്കിലും നിയമസഭയിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടാകും.

SCROLL FOR NEXT