പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇഡി നീക്കത്തിൽ ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാൻ സിപിഐഎം. ഇഡി സിപിഐഎമ്മിന് എതിരെ വേട്ടക്ക് ഇറങ്ങിയിരിക്കുന്നു എന്നാണ് ലഘുലേഖയിൽ പറയുന്നത്. ടി.വീണയ്ക്ക് എതിരായ നീക്കത്തിന് പിന്നിൽ പിണറായി വിജയന്റെ മകൾ എന്ന ഒറ്റക്കാരണം. പത്തുവർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും നൽകിയില്ല. എക്സാലോജിക് കേസിൽ ഒന്നും കിട്ടാതായപ്പോഴാണ് ഇഡി റിയാസിലേക്ക് നീങ്ങിയത്. കോഴിക്കോട്ടെ റെയ്ഡ് മറ്റൊരു ഇടപെടൽ ലക്ഷ്യമിട്ടായിരുന്നു. പിണറായി വിജയനും സിപിഐഎമ്മിനും എതിരെ ഇത്തരത്തിൽ ഒട്ടേറെ കള്ളക്കഥകൾ നേരത്തെയും വന്നിട്ടുണ്ടെന്നും ലഘുലേഖയിൽ പറയുന്നു.
എക്സൈസ് കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എക്സൈസിനോട് കൂടുതൽ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ടേറ്റ് കോടതിയിൽ എക്സൈസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു . വിദേശ മദ്യത്തിനൊപ്പം വ്യാജ മദ്യവും ആന്റോയുടെ വീട്ടിൽ നിന്നും പിടികൂടിയെന്നാണ് എക്സൈസ് കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് വിമാനയാത്രയടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. സർക്കാരിനെതിരായ സമരമാർഗങ്ങൾ ചർച്ചയാകും. എല്‍ഡിഎഫ് യോഗം ചേരുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ജില്ലാതലത്തിൽ ചേരാനിരിക്കുന്ന സിപിഐഎം വിപുലീകൃത കമ്മറ്റി സംബന്ധിച്ചും ചർച്ച വരും. സെക്രട്ടേറിയേറ്റ് പുനഃസംഘടിപ്പിച്ച സാഹചര്യത്തിൽ അംഗങ്ങളുടെ ചുമതലകൾ സംബന്ധിച്ചും യോഗം തീരുമാനമെടുക്കും.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ ഇഡി റിപ്പോർട്ടിൽ അന്വേഷണ തീരുമാനം ഇന്ന്. വിജിലൻസിനെക്കൊണ്ട് പ്രാഥമിക അന്വേഷണം നടത്താനാണ് ധാരണ. ഇന്ന് തന്നെ ഒരുപക്ഷേ ഉത്തരവിറങ്ങും. അല്ലെങ്കിൽ നാളെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളെ കാണുമ്പോഴായിരിക്കും അന്വേഷണത്തിലെ നിലപാടറിയിക്കുക. കേസെടുത്ത് അന്വേഷണം നടത്താം എന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. എങ്കിലും ദേശീയ തലത്തിലെ കോൺഗ്രസ് നിലപാട് കൂടി പരിഗണിച്ചാണ് പ്രാഥമിക അന്വേഷണം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചാൽ കേസെടുക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം, മുഹമ്മദ് റിയാസ് എംഎൽഎക്കെതിരായ ഗുരുതര ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന അഭിപ്രായവും സർക്കാരിൽ ഒരു വിഭാഗത്തിനുണ്ട്.
അന്താരാഷ്ട്ര മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ നിന്ന് വിലക്കിയതിന് പിന്നാലെ പുതിയ ഡിജിറ്റൽ ചാനൽ ആരംഭിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ട്രംപ് ടിവി' എന്നാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രീമിങ് പ്ലാറ്റ്‌ഫോമിന് പേര് നൽകിയിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെ ഇന്നലെ വൈകിട്ടായിരുന്നു ലോഞ്ച് . ട്രംപിന്റെ പ്രസംഗങ്ങൾ , പ്രധാന പ്രഖ്യാപനങ്ങൾ എന്നിവ പുതിയ ചാനലിലൂടെ തത്സമയം അറിയാനാകും. വൈറ്റ് ഹൗസിലെ വിലക്കിനെതിരെ സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമ സ്ഥാപനങ്ങൾ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പുതിയ ഡിജിറ്റൽ ചാനൽ സംപ്രേഷണം ആരംഭിച്ചത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ തെറ്റായ വാർത്തകൾ നൽകുന്നവർക്ക് വൈറ്റ് ഹൗസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും കോടതി ഉത്തരവ് എതിരായാൽ അപ്പീൽ നൽകുമെന്നും ട്രംപ് വ്യക്തമാക്കി. മാധ്യമ വിലക്കിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എബിസി, സിബിഎസ്, ഫോക്സ് അടക്കമുള്ളവർ ട്രംപുമായി ബന്ധപ്പെട്ട വാർത്താ കവറേജ് ബഹിഷ്കരിച്ചിരുന്നു.
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിക്കില്ലെന്ന് തിരുവമ്പാടി എംഎല്‍എ സി.കെ. കാസിം ന്യൂസ് മലയാളത്തോട് പറഞ്ഞു. വിദഗ്‌ധസമിതിയുടെ റിപ്പോർട്ട് വന്നാലുടന്‍ തുടർനടപടി ഉണ്ടാകും. പദ്ധതിയെ എതിർക്കും എന്നല്ല, നിർമാണപ്രവർത്തികൾ കരുതലോടെ വേണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുൻകരുതൽ സ്വീകരിക്കാത്തതാണ് കള്ളാടിയിലെ മണ്ണിടിച്ചിലിന് കാരണം. ജനങ്ങളുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകണം. എല്‍ഡിഎഫ് സർക്കാർ പദ്ധതിയെ വേണ്ട ഗൗരവത്തിൽ കണ്ടോ എന്ന് സംശയമുണ്ടെന്നും സി.കെ. കാസിം പറഞ്ഞു. തുരങ്കപാതയുടെ നിർമാണം തടയാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ 'തുരങ്കപാതയെ ഞങ്ങൾ എതിർക്കും' എന്ന പ്രസ്താവന സത്യമാവുകയാണോ എന്ന സംശയം ബലപ്പെടുന്നതായി സിപിഐഎം ഏരിയ സെക്രട്ടറി വിനോദ് പറഞ്ഞു. പദ്ധതി അവസാനിപ്പിക്കാൻ അപകടത്തെ കൂട്ടുപിടിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നതെന്ന് മുൻ എംഎൽഎ ലിന്റോ ജോസഫും കുറ്റപ്പെടുത്തിയിരുന്നു.