മുസ്ലീം ലീഗ് പ്രവർത്തകസമിതി യോഗത്തിൽ മന്ത്രിമാർക്ക് രൂക്ഷ വിമർശനം. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ജില്ലാ കമ്മിറ്റികൾ അവഗണിക്കപ്പെട്ടു. വഖഫ് ബോർഡ്, പിഎംശ്രീ വിഷയങ്ങളിലെ നിലപാടുകളിലും അംഗങ്ങൾ എതിർപ്പ് അറിയിച്ചു. വകുപ്പുകളിലെ താൽക്കാലികനിയമനങ്ങൾ കോൺഗ്രസ് ഏകപക്ഷിയമായി നടത്തുന്നെന്നും ആക്ഷേപം ഉയരുന്നുണ്ട്.
പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം. എഫ്‌സിആർഎ ഭേദഗതി അടക്കം അഞ്ച് സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനായാൽ മണ്ഡലപുനർനിർണയ ബില്ലും സഭയിലും എത്തിയേക്കും.അയോധ്യ സംഭാവന കൊള്ള അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.
പ്ലീഡർ നിയമന വിവാദത്തിലെ ചേരിപ്പോരിനിടെ KSU-വിൽ പിടിമുറുക്കാനുള്ള നീക്കത്തിൽ വി.ഡി സതീശൻ പക്ഷം. ഗ്രൂപ്പ് സജീവമാക്കാൻ നേതൃതലത്തിലും ചരടുവലികൾ സജീവം... സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പ് മേൽക്കൈ നേടാനാണ് ശ്രമം. അതേസമയം, മുഖ്യമന്ത്രിയെ നേരിട്ട് കാണണം എന്ന നിലപാടില്‍ തന്നെയാണ് അലോഷ്യസ് സേവ്യർ.
പരീക്ഷാ ക്രമക്കേടിലെ അന്വേഷണങ്ങൾക്കിടെ പിഎസ്‍സിയുടെ നിർണായക യോഗം നാളെ. എസ്ഐടിക്ക് കൈമാറിയ രേഖകളുടെ വിവരങ്ങൾ ചെയർമാൻ എം. ആർ. ബൈജു യോഗത്തെ അറിയിക്കും. ഉത്തരക്കടലാസുകളുടെ പരിശോധനയക്ക് അന്വേഷണ സംഘം നാളെ PSC ആസ്ഥാനത്ത് എത്തും. മൂല്യനിർണയത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളും എസ്ഐടി തേടുന്നുണ്ട്.
യുഎസ് പ്രസിഡനറ് ഡൊണാൾഡ് ട്രംപിനും കുടുംബത്തിനും ഇറാന്റെ വധഭീഷണി. ശവപ്പെട്ടികളിൽ ട്രംപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പതിച്ച പരസ്യബോർഡ് ഉയർത്തിയാണ് ഭീഷണി. പലസ്തീൻ സ്ക്വയറിൽ സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡിലായിരുന്നു വെല്ലുവിളി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആശുപത്രിയിലും നിരാഹാരസമരം തുടർന്ന് സോനം വാങ്ചുക്ക്. ഭക്ഷണമോ ഗ്ലൂക്കോസോ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് ഡോക്ടമാർ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കും വരെ നിരാഹാരം തുടരാനാണ് സോനം വാങ്ചുക്കിന്റെ നിലപാട്. അതേസമയം, സിജെപി നാളെ നിശ്ചയിച്ചിരുന്ന പാർലമെന്റ് മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു.
സംസ്ഥാനത്ത് പതിവായ വൈദ്യുതി നിയന്ത്രണം ഇന്ന് ഉണ്ടാകില്ല.അധിക വൈദ്യുതി വാങ്ങിയാണ് നിയന്ത്രണം ഒഴിവാക്കുന്നത്. 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭ്യമാകും. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെയാണ് കെഎസ്ഇബിയുടെ നീക്കം. ഇതോടെ, ലോകകപ്പ് ഫൈനല്‍ തടസമില്ലാതെ കാണാനാകും. വൈദ്യുതി നിയന്ത്രണം കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനെ ബാധിക്കുകയും പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം. ഒരു യുവതിയെ കാണാതായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ ജനജീവിതം തടസ്സപ്പെട്ടു. മേഘവിസ്ഫോടനത്തിന് സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും നദികൾ, അരുവികൾ എന്നിവിടങ്ങളിൽ പ്രവേശിക്കരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.. ജലനിരപ്പ് ഉയരുന്നതിനാൽ നദീതീരങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 25 വരെ മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മധ്യപ്രദേശിലെ ഭോപ്പാലിൽ മഴ കുറഞ്ഞതിനെ തുടർന്ന് ഇന്ദ്രദേവനെ പ്രീതിപ്പെടുത്താൻ വ്യത്യസ്ത ആചാരവുമായി നാട്ടുകാർ. കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകി ഇന്ദ്രദേവനോട് പ്രാർഥിക്കുന്ന നാട്ടുകാരുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഴുതകൾക്ക് മധുരപലഹാരങ്ങൾ നൽകുന്നതിലൂടെ ഇന്ദ്രദേവൻ സന്തുഷ്ടനാകുമെന്നും പ്രദേശത്ത് നല്ല മഴ ലഭിക്കുമെന്നുമാണ് ഇവരുടെ വിശ്വാസം. മഴ കുറവുള്ള സമയങ്ങളിൽ രാജസ്ഥാനിലെ ചില ഗ്രാമങ്ങളിലും ഇത്തരം ആചാരങ്ങൾ നടക്കാറുണ്ട്.
ജോർദാനിലെ സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. മേഖലയിൽ യു.എസും സഖ്യകക്ഷികളും ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായതെന്നാണ് വിവരം. ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 16 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും യു.എസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം ആരംഭിച്ചു..
തൃണമൂൽ കോൺഗ്രസ് വിമതരേയും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നവരേയും വെല്ലുവിളിച്ച് ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതാ ബാനർജിയെ ഉപേക്ഷിച്ച് പോയ വിമതർ വീണ്ടും തിരികെ വരികയാണെങ്കിൽ, വെറും ഒരു മണിക്കൂറിനകം താൻ പാർട്ടി പദവി രാജിവെക്കുമെന്ന് അഭിഷേക് പ്രഖ്യാപിച്ചു. എന്നാൽ വിമത നേതാക്കൾ മമതയുടെ അടുത്തേക്ക് തിരികെ വരില്ലെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവെച്ച് പാർട്ടിയെ ഒറ്റിക്കൊടുത്തവർ ബിജെപിയുമായി മുൻകൂട്ടി ധാരണയിലെത്തിയിട്ടുണ്ടെന്നും അഭിഷേക് ആരോപിച്ചു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പ്രതിഷേധവുമായി ഡൽഹിയിലേക്ക്. ജന്തർ മന്ദറിൽ നാളെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പൂർണ സംസ്ഥാന പദവി വേണമെന്ന ആവശ്യം നാഷണൽ കോൺഫറൻസ് പലതലത്തിലായി ഉന്നയിച്ചെങ്കിലും കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുടെ മുഖ്യതെരഞ്ഞെടുപ്പ് വാഗ്ദാനം കശ്മീരിന് സംസ്ഥാനപദവി തിരിച്ച് നൽകുമെന്നതായിരുന്നു.. 2019ൽ കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370ൻ്റെ വ്യവസ്ഥകൾ റദ്ദാക്കിയതോടെയാണ് ജമ്മു-കശ്മീർ കേന്ദ്രഭരണ പ്രദേശമായി മാറിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരുന്ന് മോഷണം. നർകോട്ടിക് പരിധിയിൽ വരുന്ന ഉറക്ക ഗുളികകള്‍ ഉള്‍പ്പെടെയാണ് 14-ാം വാർഡിൽ നിന്നും മോഷണംപോയത്. ഫാർമസിയിൽ നിന്നും നഴ്സിങ് സ്റ്റേഷനിലേക്ക് കൊടുത്ത മരുന്നുകളാണ് കാണാതായത്. മെഡിക്കൽ കോളജ് സുപ്രണ്ട് പൊലീസിൽ പരാതി നൽകി. പ്രതികളെ അടിയന്തരമായി കണ്ടെത്തണമെന്ന് ആരോഗ്യവകുപ്പും ആവശ്യപ്പെട്ടു.
ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. തിങ്കളാഴ്ച അവധി നല്‍കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ വകുപ്പ് ഉടന്‍ തന്നെ ഇതു സംബന്ധിച്ച ഉത്തരവിറക്കും. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
അമ്മ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ ഹർജിയിൽ ശ്വേത മേനോൻ സമർപ്പിച്ചത് അപൂർണമായ മിനുട്സ് എന്ന് എതിർപക്ഷം. ജനറൽ ബോഡിയിൽ നടന്ന പലതും മിനുട്സിൽ ഇല്ല. ശ്വേത ഇറങ്ങിപ്പോയതും അംഗങ്ങൾ രാജി പ്രഖ്യാപിച്ചതും രേഖപ്പെടുത്തിയില്ലെന്നും ആരോപണം.
എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് കെ.ബി ഗണേഷ് കുമാർ. ഏകാധിപതികൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. എൻഎസ്എസ് നേതാക്കൾക്ക് കുറച്ച് മര്യാദ ആകാം. സുരേഷ് ഗോപിയെ വിരട്ടാൻ നോക്കേണ്ടെന്നും ഗണേഷ് കുമാർ.
തൃണമൂൽ വിമതരെ യോഗത്തിലേക്ക് വിളിച്ചതിലാണ് പ്രതിഷേധം. ലയനത്തിന് സ്‌പീക്കർ അംഗീകാരം നൽകാതെ യോഗത്തിലേക്ക് വിളിച്ചതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്‌തത്. പ്രതിഷേധത്തിന് ശേഷം മടങ്ങിയെത്തിയ പ്രതിപക്ഷം പിന്നീട് യോഗത്തിൽ പങ്കെടുത്തു. എഫ്‌സിആർഎ നിയമഭേദഗതി ബിൽ, ഉന്നത വിദ്യാഭ്യാസ ബിൽ, വന്ദേമാതരത്തെ അപമാനിച്ചാൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ തുടങ്ങിയ ബില്ലുകൾ സഭയിൽ അവതരിപ്പിക്കും. മുന്നിൽ രണ്ടു ഭൂരിപക്ഷം ഉറപ്പിക്കാനായാൽ മണ്ഡല പുനർ നിർണയ ബില്ലും ഓഗസ്റ്റ് പതിമൂന്നു വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ സർക്കാർ കൊണ്ടുവന്നേക്കും.
അയോധ്യ സ്വർണകൊള്ളയിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി കോൺഗ്രസ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഒപ്പിട്ട കത്താണ് കൈമാറിയത്. വിശ്വാസത്തോടെ സംഭാവന ചെയ്ത ലക്ഷകണക്കിന് ഭക്തർ വഞ്ചിക്കപ്പെട്ടു. ട്രസ്റ്റ് പ്രഖ്യാപിച്ചത് താങ്കളും, അംഗങ്ങളെ നിയമിച്ചത് കേന്ദ്ര സർക്കാരുമാണെന്നിരിക്കെ കുറ്റകൃത്യത്തിന് നേരെ പുലർത്തുന്ന മൗനം അംഗീകരിക്കാനാകില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളിൽ സമഗ്ര അന്വേഷണത്തിന് തയ്യാറാകണം. അന്വേഷണത്തിലെ കണ്ടെത്തലും ട്രസ്റ്റിന്റെ അക്കൗണ്ട് വിവരങ്ങളും പരസ്യപ്പെടുത്തണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ജന്തർമന്തറിലെ സമരവേദിയിൽ നിന്ന് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും സഫ്ദർജംഗ് ആശുപത്രിയിൽ നിരാഹാരസമരം തുടർന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്. ഐവി ഫ്ലൂയിഡോ, മരുന്നോ സ്വീകരിക്കാൻ വാങ്ചുക്ക് തയ്യാറായിട്ടില്ല. കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരം ആണെന്നും നാളെ നടക്കാനിരിക്കുന്ന പാർലമെന്റ് മാർച്ച് വലിയ വിജയം ആക്കണമെന്നും വാങ്ചുക്ക് അഭ്യർഥിച്ചു. തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് നിയമ വിരുദ്ധമാണെന്നും വാങ്ചുക്ക് കത്തിൽ ആരോപിച്ചു. വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആരംഭിച്ച നിരഹാരം സമരം രണ്ടാം ദിനത്തേക്ക് കടന്നു . എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജിയും , ജോയിന്റ് സെക്രട്ടറി ഐഷേ ഘോഷും, ഐസ പ്രവർത്തകരും നിരാഹാര സമരത്തിലാണ്. പാർലമെന്റ് മാർച്ചിന് അനുമതി നൽകില്ലെന്ന നിലപാടിലാണ് ഡൽഹി പൊലീസ്.
യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. എം. പി. പ്രവീണിനെ പ്രതിഷേധത്തിനിടെ മർദിച്ച കേസിൽ വീണ്ടും അന്വേഷണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. അന്നത്തെ ആലപ്പുഴ ഡിവൈഎസ്‌പി എന്‍.ആര്‍. ജയരാജ്, എസ്എച്ച്ഒ, എസ്ഐ അടക്കം 20 ഓളം പൊലീസുകാർക്കെതിരെയാണ് പരാതി. അന്വേഷണത്തിന് കൊല്ലം റൂറൽ എസ്‌പിയെ ചുമതലപ്പെടുത്തി. വെള്ളിയാഴ്ച പ്രവീണിന്റെ മൊഴി രേഖപ്പെടുത്തും. 2024 ജനുവരി 15ന് കലക്ടറേറ്റ് മാർച്ചിനിടെയാണ് പൊലീസ് പ്രവീണിനെ മാത്രം വളഞ്ഞിട്ട് ആക്രമിച്ചത്. ലാത്തിയടിയേറ്റ് പ്രവീണിന്റെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും മൂന്ന് മാസം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചിട്ടും അന്ന് പൊലീസ് കേസെടുത്തിരുന്നില്ല.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ എയറോ ലോഞ്ചിൽ ജീവനക്കാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ നടപടിയെടുക്കാതിരുന്ന ജനറൽ മാനേജർക്ക് സസ്പെൻഷൻ. ഈമാസം 12ന് ആയിരുന്നു സംഭവം. മുൻ ഐആര്‍എസ് ഉദ്യോഗസ്ഥനായ രംഗസ്വാമി കടന്നുപിടിച്ചെന്നാണ് ജീവനക്കാരിയുടെ പരാതി. പരാതിയിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ജീവനക്കാരി പണം കവരാൻ ശ്രമിച്ചുവെന്ന രംഗസ്വാമിയുടെ പരാതിയിലും കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് വിശദമായ അന്വേഷണം നടത്തും. പരാതിയിൽ നടപടിയെടുത്തിട്ടുണ്ടെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും CIAL വ്യക്തമാക്കി..
വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന് പരാതി. അഞ്ചു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. സംഭവത്തിൽ യുവതിക്കും മൂന്ന് സുഹൃത്തുക്കൾകുമെതിരെ കേസ്. തെലുങ്കാന സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്. വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്.
കേരളത്തിന് പിന്നാലെ ഫുട്ബോൾ ലോകകപ്പ് ഫൈനൽ കാണാൻ നാളെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ച് മേഘാലയും മണിപ്പൂരും. അവധി സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മത്സരം പുലർച്ചെയായതിനാൽ അധ്യയനം മുടങ്ങുമെന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ആശങ്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ വകുപ്പിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകിയത്.
ജോർദാനിലെ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി യുഎസ്. ഇറാനിൽ നിർമാണം നടക്കുന്ന ആണവ നിലയത്തിലടക്കം ആക്രമണം നടത്തിയെന്ന് യുഎസ് അറിയിച്ചു. ഡാർകോവിൻ ആണവ നിലയത്തിൽ ആണ് ആക്രമണം നടത്തിയത്.
ഇറാനിൽ ഇന്നലെ രാത്രി മുതൽ നടത്തിയ വ്യാപക മിസൈൽ ബോംബിങ്ങിൽ തീര നിരീക്ഷണ സംവിധാനങ്ങൾ, റഡാറുകൾ, നാവിക സംവിധാനങ്ങൾ, മിസൈൽ - ഡ്രോൺ കേന്ദ്രങ്ങൾ എന്നിവ തകർത്തതായി വ്യക്തമാക്കുന്ന ദൃശ്യങ്ങളും യുഎസ് പുറത്തുവിട്ടു. ജോർദാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ഇറാനിൽ അമേരിക്ക വ്യാപക ബോംബാക്രമണം നടത്തിയത്.
സാങ്കേതിക സർവകലാശാല നാളെ(20.07.2026) രാവിലെ നടത്താനിരുന്ന തിയറി പരീക്ഷകൾ പുന. ക്രമീകരിച്ചു. ഈ പരീക്ഷകൾ നാളെ(20.07.2026) ഉച്ചയ്ക്ക് ശേഷം 1.30 ന് നടക്കും. മുൻ നിശ്ചയിച്ച പ്രകാരം ഉച്ചക്ക് ശേഷം നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു.
പൊതിച്ചോറിനെതിരെയുള്ള ആരോഗ്യമന്ത്രിയുടെ പരാമർശം മനുഷ്യത്വ വിരുദ്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണ്. അപരന്റെ വേദന സ്വന്തം വേദനയാകുന്ന സമത്വബോധത്തിന്റെ ഉദാത്തമായ മാതൃകയാണ് ഹൃദയപൂർവ്വം പദ്ധതി. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടുള്ള നിലപാടുകൾ ജനം തിരിച്ചറിയുമെന്ന് സിപിഐഎം സെക്രട്ടറിയേറ്റിൻ്റെ പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാരാന്തപ്പതിപ്പ് 'കള്ളൻ വിജയൻ' ലേഖനം ഒഴിവാക്കി അച്ചടി തുടങ്ങി. കള്ളൻ വിജയനെന്ന തലക്കെട്ടിൽ ലേഖനമുള്ളതിനാൽ വി എസ് അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് ഇന്ന് ദേശാഭിമാനി പുറത്തിറക്കിയിരുന്നില്ല. എന്നാൽ കള്ളൻ വിജയൻ എന്ന തലക്കെട്ടിൽ ഒരു ലേഖനം പോലുമില്ലെന്നും നാളെ പത്രത്തോടൊപ്പം വാരാന്തപ്പതിപ്പ് ഉണ്ടാകുമെന്നുമായിരുന്നു റസിഡൻ്റ് എഡിറ്റർ എം സ്വരാജ് പറഞ്ഞിരുന്നത്
ലോകകപ്പ് ഫുട്ബോളിന് മണിക്കൂറുകൾ ബാക്കി നിൽക്കെ സന്ദേശവുമായി കായികമന്ത്രി ഒ.ജെ. ജനീഷ്. ഇത് വെറുമൊരു ആഘോഷം മാത്രമല്ലെന്നും ഇതൊരു വലിയ ‘ക്ലാസ് റൂം’ കൂടിയാണെന്നും മന്ത്രി പറഞ്ഞു. പഠിത്തത്തിന്റെ ഇടയിൽ കളിക്ക് എന്ത് കാര്യം ഒരു തെറ്റിദ്ധാരണയുണ്ട്. പരീക്ഷകളുടെ സമ്മർദം കൂടുമ്പോൾ കുട്ടികൾക്ക് ആദ്യം നഷ്ടമാകുന്നത് കളിസ്ഥലങ്ങളാണ്. എന്നാൽ, ജീവിതത്തിൽ ജയിക്കാൻ ആവശ്യമായ പല വലിയ പാഠങ്ങളും നമ്മൾ പഠിക്കുന്നത് കളിമുറ്റങ്ങളിൽ നിന്നാണ്. അച്ചടക്കം, ഒത്തൊരുമ, നേതൃത്വപാടവം, വലിയ സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ശേഷി, പരാജയപ്പെടുമ്പോൾ തളരാതെ നിൽക്കാനുള്ള മനസ്സ്, കൃത്യമായ തന്ത്രങ്ങൾ, എതിരാളികളോട് കാണിക്കേണ്ട മര്യാദ ഇതൊക്കെ സ്പോർട്സ് നമുക്ക് പറഞ്ഞുതരുന്ന പാഠങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച കളി നേരിൽ കാണാതെ, ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ നമ്മുടെ കുട്ടികൾക്ക് എങ്ങനെ സ്വപ്നം കാണാനാകും? അവർ കളിയുടെ ടെക്നിക്കുകൾ മാത്രമല്ല ഇവിടെ നോക്കുന്നത്; ആ വലിയ താരങ്ങളുടെ ആത്മവിശ്വാസം, പരസ്പരമുള്ള ആശയവിനിമയം, പ്രതിസന്ധികളെ അവർ നേരിടുന്ന രീതി എന്നിവയെല്ലാം നമ്മുടെ കുട്ടികൾ നിരീക്ഷിക്കുകയാണ്. ഓരോ ചാമ്പ്യനും ഒരുകാലത്ത് കളി കണ്ട് കൈയടിച്ച വെറുമൊരു കാണിക്കാരനായിരുന്നു. ഒരു രാത്രിയിലെ ഉറക്കം നാളെ ഉറങ്ങിത്തീർക്കാം; പക്ഷേ, ഇന്ന് മനസ്സിൽ കൊള്ളുന്ന ആവേശം ഒരു ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്നും ഒ.ജെ. ജനീഷ്.
തിരുവനന്തപുരം വെമ്പായം ശ്രീവത്സവം ബാറിൽ മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ച് എതിർ സംഘത്തിൽപെട്ടവരെ തീ കൊളുത്തി. സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്ക്. നന്നാട്ടുകാവ് സ്വദേശി അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുൺ (36) എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ അനീഷിന്റെ നില ഗുരുതരമാണ്.
ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണച്ച് മുഈൻ അലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗ് നേതാവ് സൈനുദ്ദീൻ ഒളവട്ടൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് നിലപാടറിയിച്ചത്. വിശക്കുന്നവന്റെ കൈയ്യിൽ ഭക്ഷണം എത്തിച്ച് കൊടുക്കുന്നതാണ് യഥാർഥ മനുഷ്യസ്നേഹവും സേവനവുമെന്നും അദ്ദേഹം പറഞ്ഞു.