ANI
NEWSROOM

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; സേനാംഗങ്ങള്‍ക്ക് ബോഡി ക്യാമറ നിര്‍ബന്ധമാക്കി ഡല്‍ഹി പൊലീസ്

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ന്യൂസ് ഡെസ്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; പൊലീസുകാര്‍ക്ക് ബോഡി ക്യാമറ നിര്‍ബന്ധം

ഡല്‍ഹിയില്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ നേരിടുന്ന പൊലീസുകാര്‍ക്ക് ബോഡി ക്യാമറ നിര്‍ബന്ധമാക്കി. ലൈംഗിക അതിക്രമം ഉള്‍പ്പെടെ പരാതികൾ ഒഴിവാക്കാനും, പ്രക്ഷോഭകരുടെ ആരോപണങ്ങൾ ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ച് നേരിടാനും ലക്ഷ്യമിട്ടാണ് ഡല്‍ഹി പൊലീസിന്റെ നടപടി. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിജെപി ജന്തര്‍ മന്തറില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ വനിതകളെ തെരഞ്ഞുപിടിച്ച് ക്രൂരമായി ആക്രമിച്ചതായി ഡല്‍ഹി പൊലീസിനെതിരെ പരാതി ഉയര്‍ന്നിരുന്നു.

വടകര എംഡിഎംഎ കേസ്; അനസിനെ പ്രതിചേര്‍ത്തു

അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസില്‍ കൂത്താളി സ്വദേശി അനസിനെയും പ്രതിചേർത്തു. കൊയിലാണ്ടി സബ് ജയിലിൽ കഴിയുന്ന പ്രതിയെ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ആറാം പ്രതിയാണ് അനസ്. ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകൾക്ക് അനസ് സഹായം നൽകി എന്നാണ് കണ്ടെത്തൽ. ലഹരി ആവശ്യക്കാർക്ക് ലൊക്കേഷൻ അയച്ചു നൽകിയതും അനസാണ്.

കളമശ്ശേരി കൂട്ടബലാത്സംഗ കേസ്; കൂടുതല്‍ പ്രതികള്‍ ഉള്ളതായി പൊലീസ്

കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന നിഗമനത്തിൽ പൊലീസ്. പിടിയിലായ ആദ്യ രണ്ടു പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തും. ഒന്നും രണ്ടും പ്രതികളായ ശ്രീരാജ്, ജിത്ത് എന്നിവരെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഏറെ ഞെട്ടൽ ഉണ്ടാക്കിയ കേസിൽ പ്രതികളെ കസ്റ്റഡിൽ വാങ്ങി ചോദ്യം ചെയ്യുന്നത് അന്വേഷണത്തിൽ നിർണായകമാണ് എന്നാണ് അധികൃതർ പറയുന്നത്. കേസില്‍ ഇന്നലെ പിടിയിലായ പ്രതികളെയും സമാന രൂപത്തിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് തീരുമാനം.

സൗദിയില്‍ ഹൂതി ആക്രമണം തുടരുന്നു; മൂന്ന് മരണം

സൗദി അറേബ്യയില്‍ ഹൂതി ആക്രമണങ്ങളില്‍ മൂന്ന് മരണം. 36 പേർക്ക് പരിക്കേറ്റു. പ്രത്യാക്രമണത്തില്‍ ഹൂതികളുടെ സൈനിക കേന്ദ്രങ്ങള്‍ തകർത്തതായി സൗദി പറഞ്ഞു. 82 ഹൂതി കേന്ദ്രങ്ങള്‍ തകർത്തതായി സൗദിയുടെ അവകാശവാദം.

തീരാദുരിതം; കള്ളാടി ദുരന്തം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പുനരധിവാസം അനിശ്ചിതത്വത്തിൽ

വയനാട് കളളാടി ദുരന്തം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പ്രദേശവാസികളുടെ പുനരധിവാസം അനിശ്ചിതത്വത്തിൽ. നിർത്തിവെച്ച തുരങ്കപാതയുടെ നിർമാണപ്രവർത്തികളും പുനരാരംഭിച്ചിട്ടില്ല. ദുരന്തബാധിതർക്ക് വാഗ്ദാനം ചെയ്ത വാടക മൂന്ന് മാസം കഴിഞ്ഞിട്ടും കിട്ടിയില്ല. ഒൻപത് കുടുംബങ്ങളോടാണ് മാറി താമസിക്കാൻ ആവശ്യപ്പെട്ടത്. വാടക ലഭിക്കാതായതോടെ ദുരന്തബാധിതർ വീടുകളിലേക്ക് തിരികെയെത്തി. മാറി താമസിക്കേണ്ടി വന്നത് കുട്ടികളുടെ പഠനത്തെ ബാധിച്ചെന്നും ദുരിതബാധിതർ പറഞ്ഞു. ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. സർക്കാർ ഇടപെട്ട് ഉടൻ സഹായം ലഭ്യമാക്കണം എന്നാണ് ദുരിത ബാധിതരുടെ ആവശ്യം.

SCROLL FOR NEXT