സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. കേസില്‍ ഇഡി ശുപാര്‍ശയില്‍ പിണറായി വിജയനെതിരെ എഫ്ഐആര്‍ ഇട്ട്, അന്വേഷണം നടത്താമെന്ന് ഹൈക്കോടതി. ഇഡി ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെയും തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രാഥമിക അന്വേഷണം നടത്തിയശേഷം, എഫ്ഐആര്‍ ഇടാം എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ്, എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ കെഎസ്ആർടിസി സർവീസ് കിതയ്ക്കുന്നു. കോര്‍പ്പറേഷന്റെ 665 ബസുകളാണ് കട്ടപ്പുറത്തിരിക്കുന്നത്. 22 ലോ ഫ്ലോർ ബസുകൾ ഉൾപ്പെടെ 1914 ബസുകള്‍ കാലാവധി കഴിഞ്ഞിട്ടും സര്‍വീസ് നടത്തുന്നു. ഏഴ് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. 82 ബസുകള്‍ മാത്രമാണ് സ്ക്രാപ്പ് ചെയ്യാന്‍ തീരുമാനിച്ചത്. മൂന്നു വര്‍ഷമായി ഓഡിറ്റും നടക്കുന്നില്ല. 2023 മാർച്ച് 31നാണ് അവസാനം ഓഡിറ്റ് നടന്നതെന്നും വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടിയില്‍ വ്യക്തമാകുന്നു.
സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടിലെ ഇഡി റിപ്പോർട്ടിന്മേൽ കേസ് എടുക്കണം എന്ന ആവശ്യത്തിൽ സുപ്രധാന ഹൈക്കോടതി വിധി ഇന്ന്. പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. അതേസമയം, പ്രാഥമിക അന്വേഷണത്തിനു ശേഷം മതി കേസെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എഫ്ഐആർ വേണമെന്നാണ് ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായി നാലാം ദിവസവും രാജ്യ തലസ്ഥാനം സ്തംഭിപ്പിക്കാൻ ഇന്‍ഡ്യാ സഖ്യം. രാഷ്ട്രപതി ഭവനിലേക്ക് ഇന്ന് മാർച്ച്. ഉച്ച കഴിഞ്ഞ് മൂന്നോടെ പാർലമെന്റ് സെന്റർ ഹാളിൽ എത്താൻ പ്രതിപക്ഷ എംപിമാർക്ക് നിർദേശം.
റഷ്യ- യുക്രെയ്ന്‍ സംഘർഷം അവസാനിപ്പിക്കാൻ യുക്രെയ്ന്‍, യൂറോപ്യൻ അധികൃതരുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ചർച്ചയ്ക്ക് ഇന്ന് തുടക്കമാകും. മിയാമിയിൽ നടക്കുന്ന ചർച്ച രണ്ട് ദിവസത്തോളം നീണ്ടുനിൽക്കുമെന്ന് യുക്രെയ്ൻ പ്രസിഡനന്റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം യുക്രൈനിലുണ്ടായ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമാധാന ചർച്ചകൾ പുരോഗമിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നത്. ത്രികക്ഷികളുമായുള്ള സമാധാന ചർച്ചകൾ ഒക്ടോബറിൽ തന്നെയുണ്ടാകുമെന്നും മുൻപ് യുഎസ് അധികൃതർ സൂചിപ്പിച്ചിരുന്നു..
എയിംസിനായി കോഴിക്കോട് കിനാലൂരിൽ ഭൂമി വിട്ടുനൽകാൻ കാത്തിരിക്കുന്ന നൂറോളം കുടുംബങ്ങൾ ആശങ്കയിൽ. 2020ൽ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം വന്നതോടെ, നിർദ്ദിഷ്ട പ്രദേശത്തെ ഭൂവുടമകൾക്ക് ഭൂമി വിൽക്കാനോ വാങ്ങാനോ കഴിയാതെയായി. എന്നാൽ എയിംസിൽ തീരുമാകാതിരുന്നതിനാൽ സ്ഥലമേറ്റെടുപ്പ് നടപടികളും പൂർത്തിയായില്ല. എയിംസിൽ കേരളത്തിന് മുൻഗണന ഇല്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചതോടെ ആശങ്കയിലാണ് കിനാലൂരിലുള്ളവർ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി അറിയിക്കാനാണ് തീരുമാനം.