NEWSROOM

അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളാകരുതെന്ന് നേതാക്കൾ; ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിലെ മഞ്ഞുരുകുന്നു

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ന്യൂസ് ഡെസ്ക്

ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിലെ മഞ്ഞുരുകുന്നു

2025ന് ശേഷം ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി സ്വാഗതം ചെയ്ത് ഇന്ത്യയും ചൈനയും. അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളാകരുതെന്ന് മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയിൽ നേതാക്കൾ പരസ്പരം സമ്മതിച്ചു. അതിർത്തിയിൽ സമാധാനത്തിന് പ്രാധാന്യം നൽകണമെന്നും സാമ്പത്തിക-വ്യാപാര രംഗങ്ങളിൽ പരസ്പര സഹകരണം ആകാമെന്നും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി.

സംസ്ഥാനത്ത് നഗ്ന ദൃശ്യങ്ങൾ വിൽക്കുന്ന വമ്പന്‍ റാക്കറ്റ് സജീവം; വില്‍പ്പന മലയാളികള്‍ അഡ്മിന്‍മാരായ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി

മോർഫിങ് കേസുകളിൽ പൊലീസിൻ്റെ ഊർജിത അന്വേഷണം തുടരുന്നതിനിടയിലും സംസ്ഥാനത്ത് നഗ്ന ദൃശ്യങ്ങൾ വിൽക്കുന്ന വമ്പന്‍ റാക്കറ്റ് സജീവം. മലയാളികൾ അഡ്മിൻമാരായ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ആണ് നഗ്ന ദൃശ്യങ്ങളും മോര്‍ഫിങ് ഫോട്ടോകളും വില്‍പ്പന നടത്തുന്നത്. പ്രീമിയം ഗ്രൂപ്പിന് 200 രൂപ മുതൽ 500 രൂപ വരെയാണ് ഈടാക്കുന്നത്. തൃക്കാക്കര മോര്‍ഫിങ് കേസുമായി ബന്ധപ്പെട്ട് രണ്ട് കോളേജ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് വന്നതോടെ പല ഗ്രൂപ്പുകളും അപ്രത്യക്ഷമായെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണെന്നാണ് ന്യൂസ് മലയാളം അന്വേഷണത്തില്‍ മനസിലാക്കാനാകുന്നത്. ആദ്യം പ്രൊമോഷണല്‍ ഗ്രൂപ്പില്‍ സാംപിള്‍ ചിത്രങ്ങള്‍ ഇടും. അവിടെ നിന്നാണ് പ്രീമിയം ഗ്രൂപ്പിലേക്ക് ആളുകളെ എത്തിക്കുന്നത്. 200 രൂപ മുതല്‍ 500 രൂപ വരെയാണ് പ്രീമിയം ഗ്രൂപ്പിനായി ഈടാക്കുന്നത്. ലൈഫ് ടൈം മെമ്പര്‍ഷിപ്പ് ഉള്‍പ്പെടെ ഓഫറുകളും കൊടുക്കുന്നുണ്ട്. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെയാണ് ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നത്.

പത്ത് വര്‍ഷത്തിനിടെ കേസ് നടത്താന്‍ പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് 245.62 കോടി രൂപ

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്ന പത്ത് വര്‍ഷത്തിനിടെ കേസ് നടത്തിപ്പുകള്‍ക്കായി ചെലവിട്ടത് 245.62 കോടി രൂപ. 226 നിയമ ഉദ്യോഗസ്ഥർക്കായി 193.06 കോടി രൂപയാണ് നൽകിയത്. സീനിയർ അഭിഭാഷകർക്ക് നൽകിയത് 38.91 കോടി രൂപ. സ്റ്റാന്‍ഡിങ് കൗൺസിലർമാർക്ക് നൽകിയത് 10.68 കോടി. സര്‍ക്കാര്‍ കേസുകള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് അഞ്ച് കേസുകള്‍ക്ക് മാത്രം 5.62 കോടി നല്‍കി. ജയദീപ് ഗുപ്തയ്ക്ക് നൽകിയത് 8.91 കോടി. സോളാര്‍ കേസിനായി മാത്രം 1.2 കോടി ചെലവിട്ടു. പെരിയ കേസിനായി ചെലവഴിച്ചത് 85 ലക്ഷം രൂപയാണ്. നയതന്ത്ര ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി 70 ലക്ഷം രൂപയും ചെലവിട്ടു.

സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും ചെയ്തിട്ടില്ല; കൈക്കൂലി കേസിന് എന്താണ് അടിസ്ഥാനം? ഇഡിയെ വെല്ലുവിളിച്ച് പിണറായി വിജയന്‍

അഴിമതി കേസില്‍ കേസെടുക്കണമെന്ന ഇഡി ശുപാര്‍ശയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും ചെയ്തിട്ടില്ല. സിഎംആർഎൽ സേവനം ലഭിക്കാതെ എക്സാലോജിക്കിന് പണം നൽകി എന്നായിരുന്നു എസ്എഫ്ഐഒയുടെ ആരോപണം. ഇതിൽ നിന്ന് വ്യത്യസ്തമായി എക്സാലോജിക്കിന് ലഭിച്ച പണം സേവനത്തിനുള്ളതല്ല, തനിക്കുള്ള കൈക്കൂലി ആണെന്നാണ് ഇഡി ഇപ്പോള്‍ പറയുന്നത്. എവിടെയാണ് ഇഡി ഉറച്ചു നിൽക്കുന്നത് എന്ന് അവർ തന്നെ വ്യക്തത വരുത്തണം. എന്തടിസ്ഥാനത്തിലാണ് കൈക്കൂലി കേസുമായി രംഗത്തുവന്നതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കകത്തയച്ചാൽ അപ്പോൾ തന്നെ പുറത്തുവരില്ല. പിന്നെങ്ങനെ അത് പുറത്തുവരാന്‍ ഇടയായി? ഇഡി തന്നെ അത്തരം കാര്യങ്ങൾ പുറത്തുവിടുന്നു. തനിക്ക് ഒരു കത്തും, അറിയിപ്പും ലഭിച്ചില്ല. ഇഡി ഉയർത്തുന്ന ആരോപണത്തിന്റെ സ്വഭാവം മാറി. യുഡിഎഫ് അധികാരത്തിൽ വന്നതോടെ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിയായി മാറുന്നുണ്ടോ എന്ന സംശയം ഉയരുന്ന സാഹചര്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

പവര്‍ കട്ടില്‍ യുവാവ് ലിഫ്റ്റില്‍ കുടുങ്ങി; ഫയര്‍ ഫോഴ്സ് എത്തി രക്ഷിച്ചു

പാലക്കാട് പവര്‍ കട്ട് സമയത്ത് ലിഫ്റ്റില്‍ കുടുങ്ങിയ യുവാവിനെ രക്ഷകരായത് ഫയർ ഫോഴ്സ്. പാലക്കാട്‌ വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. വടക്കഞ്ചേരി ടൗണിലെ ജിമ്മിൽ പോയതായിരുന്നു മഹേഷ്. പരിശീലനം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് കറന്റ് പോയി. ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ഉച്ചത്തിൽ ശബ്ദം വച്ചപ്പോഴാണ് ആളുകൾ വിവരമറിയുന്നത്. ഒരു മണിക്കൂറോളം മഹേഷ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. കറന്റ് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെയാണ് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചത്. വടക്കഞ്ചേരി ഫയർ ഫോഴ്സ് എത്തിയാണ് മഹേഷിനെ പുറത്തെത്തിച്ചത്.

മധുരൈയിൽ പഴയ തീയേറ്റര്‍ കോംപ്ലക്സില്‍ തീപിടിത്തം

മധുരൈയിൽ പഴയ തീയറ്റർ കോംപ്ലെക്സിന് തീപിടിച്ചു. മീനാക്ഷി അമ്മൻ ക്ഷേത്രത്തിനു അടുത്തുള്ള കെട്ടിടത്തിൽ പുലർച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ കെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ല.

കോക്കനട്ട് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ അനധികൃത നിർമാണം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട് നഗരസഭ

കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ഇടപ്പള്ളിയിലെ ഭൂമിയിലെ അനധികൃത നിർമാണം പൊളിച്ചു മാറ്റാൻ ഉത്തരവിട്ട് കളമശ്ശേരി നഗരസഭ. ഏഴു ദിവസത്തിനകം അധികൃത നിർമാണം പൊളിച്ചു മാറ്റണമെന്നാണ് ഉത്തരവ്. അല്ലെങ്കിൽ നഗരസഭ നേരിട്ട് പൊളിച്ചുമാറ്റുമെന്നും നോട്ടീസില്‍ പറയുന്നു. സ്വകാര്യ വ്യക്തിക്ക് പതിച്ച് നൽകിയ ഭൂമിയിലാണ് കോക്കനട്ട് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ അനധികൃത നിർമാണം.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ട്യൂഷന്‍ അധ്യാപകന്റെ ക്രൂരമര്‍ദനം; പൊലീസ് കേസെടുത്തു

കൊല്ലം അഞ്ചലിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർഥിനിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഫോക്കസ് ട്യൂഷൻ സെന്ററിലെ അധ്യാപകനായ സുഫിയാനെതിരെ കുട്ടിയുടെ കുടുംബം അഞ്ചൽ പൊലീസിൽ പരാതി നൽകി. അഞ്ചൽ കരുകോൺ സ്വദേശികളായ റിയാസ് - റെജീന ദമ്പതികളുടെ മകള്‍ക്കാണ് മര്‍ദനമേറ്റത്. പുസ്തകം വായിച്ചപ്പോൾ വാക്കുകൾ തെറ്റിയതിനെത്തുടർന്നാണ് അധ്യാപകൻ ക്രൂരമായി മർദിച്ചത്. കുട്ടിയുടെ കാലുകളിൽ അടിയേറ്റ നിരവധി പാടുകളുണ്ട്. പരാതിയില്‍ അഞ്ചല്‍ പൊലീസാണ് കേസെടുത്തത്.

കുടിവെള്ളം ചോദിച്ചെത്തി മോഷണം; പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട് ചേവായൂരിൽ കുടിവെള്ളം ചോദിച്ചെത്തി മോഷണം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊടുവള്ളി സ്വദേശി മക്സൂസ് ഹാനൂകാണ് മോഷണം നടത്തിയത്. മോഷ്ടിച്ച വാഹനത്തിലാണ് പ്രതി രക്ഷപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ചേവായൂർ സ്വദേശി ഇസ്മയിൽ ഹാജിയുടെ വീട്ടിലായിരുന്നു മോഷണം. അലമാര കുത്തിത്തുറന്ന് സ്വർണവും പണവും കവരുകയായിരുന്നു. ഇസ്മായിൽ ഹാജിയുടെ ഭാര്യയും മരുമകളും മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു മോഷണം. വീട്ടിലുള്ളവർ നിസ്കരിക്കാൻ മുറിയിൽ കയറിയ സമയത്തായിരുന്നു മോഷണം. മോഷ്ടിച്ച കാറിലായിരുന്നു പ്രതി ഇവിടെ എത്തിയത്.

തൃശൂരില്‍ ആംബുലന്‍സ് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി

തൃശൂര്‍ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപ്പറമ്പിൽ ഷാജിയുടെ വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. റോഡരികിലെ വൈദ്യുതി പോസ്റ്റും, വീടിന്റെ മതിലും തകര്‍ത്താണ് ആംബുലന്‍സ് വീട്ടുമുറ്റത്തേക്ക് എത്തിയത്. ഡ്രൈവർ താഹിർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് പോയി അമല ആശുപത്രിയിലേക്ക് തിരിച്ചു വരികയായിരുന്നു ആംബുലൻസ്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം.

പേരാമ്പ്ര കൂട്ടബലാത്സംഗക്കേസിൽ പ്രതികൾ പിടിയിൽ

പേരാമ്പ്ര കൂട്ടബലാത്സംഗക്കേസിൽ പ്രതികൾ പിടിയിൽ. ജാസിഫ്, സാക്കിർ ഹുസൈൻ, റജീഷ്, അഭിലാഷ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ റജീഷ് കാപ്പാ നിയപ്രകാരം നാടുകടത്തപ്പെട്ടയാളാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് പ്രതികളെ പിടികൂടിയത്. മദ്യവും ലഹരി വസ്തുക്കളും നൽകിയശേഷമായിരുന്നു പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്.

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ആദ്യഘട്ട കുറ്റപത്രം നല്‍കാന്‍ ഇഡി

സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ച് ഇഡി. ഒമ്പത് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെക്കൂടി ചോദ്യം ചെയ്യുന്നതോടെ ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയാലവും. അതേസമയം, മൊഴിമാറ്റം തുടരുന്ന സാഹചര്യത്തില്‍ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ഉടന്‍ ചോദ്യം ചെയ്തേക്കില്ലെന്നാണ് വിവരം.

ഒറ്റപ്പാലത്ത് തോട്ടില്‍ മധ്യവയസ്കന്റെ മൃതദേഹം; മീന്‍ പിടിക്കാന്‍ വൈദ്യുതിക്കെണി ഒരുക്കുന്നതിനിടെ ഷോക്കേറ്റതെന്ന് സംശയം

ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കണ്ണിയംപുറം കുഴിക്കാട്ടിൽ പറമ്പിൽ സതീഷ് കുമാറാണ് (51) മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റ് മരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് മീൻ പിടിക്കാനായി വൈദ്യുതിക്കെണി ഒരുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇലക്ട്രിക് വയറുകൾ പൊലീസ് കണ്ടെത്തി. സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള വൈദ്യുതി ലൈനിൽ ഘടിപ്പിച്ച നിലയിൽ 60 മീറ്ററോളം നീളം വരുന്ന വൈദ്യുത വയറുകളാണ് കണ്ടെത്തിയത്. മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റതാകാം മരണകാരണമെന്നാണ് എന്നാണ് നിഗമനം.

സ്റ്റേഷനില്‍ എത്തിച്ച പ്രതി പൊലീസുകാരുടെ കൈ തല്ലിയൊടിച്ചു

പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതി പൊലീസുകാരുടെ കൈ തല്ലിയൊടിച്ചു. മരട് സ്റ്റേഷനിൽ എത്തിച്ച പ്രതി രഞ്ജിത്താണ് പൊലീസുകാരെ ആക്രമിച്ചത്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു. രണ്ടു പേരുടെ കൈയ്ക്ക് ഒടിവുണ്ട്. എംഡിഎംഎ പിടികൂടിയതിനെ തുടര്‍ന്നാണ് ഇയാളെ സ്റ്റേഷനില്‍ എത്തിച്ചത്. ലഹരി കൈവശംവച്ചതിനും, പൊലീസുകാരെ ആക്രമച്ചതിനും കേസെടുത്തു.

മൂല്യനിർണയ പ്രതിഫലം നൽകിയില്ല; വിദ്യാഭ്യാസ വകുപ്പിനെതിരെ അധ്യാപക സംഘടനകള്‍

പ്ലസ് ടു, എസ്എസ്എൽസി മൂല്യനിര്‍ണയത്തിനുള്ള പ്രതിഫലം അധ്യാപകര്‍ക്ക് നല്‍കിയില്ലെന്ന് പരാതി. വിദ്യാഭ്യാസ വകുപ്പിനെതിരെ അധ്യാപക സംഘടനകളാണ് പരാതിയുമായി രംഗത്തെത്തിയത്. മൂല്യനിർണയവും ഫലപ്രഖ്യാപനവും കഴിഞ്ഞ് അധ്യയന വർഷത്തിന്റെ ഒന്നാം പാദം പിന്നിട്ടു. ഇതുവരെയും പ്രതിഫലം നല്‍കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയെന്ന് എകെഎസ്‍ടിയു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി മലയാലപ്പുഴ ന്യൂസ് മലയാളത്തോടു പറഞ്ഞു. മുൻവർഷങ്ങളിൽ മൂല്യനിർണയത്തുക കൃത്യസമയത്ത് ലഭിച്ചിരുന്നു. മൂല്യനിർണയത്തിന്റെ തുകയ്ക്കു പുറമെ ട്രാവലിങ് അലവൻസ്, ഡെയിലി അലവൻസ് ഉൾപ്പെടെയുള്ള തുകയും ലഭിക്കാനുണ്ട്. എത്രയും വേഗം പ്രതിഫലം ലഭ്യമാക്കിയില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും അധ്യാപക സംഘടനകൾ അറിയിച്ചു.

തൃക്കാക്കര മോർഫിങ് കേസ്: ടെലഗ്രാം ഗ്രൂപ്പ് വീണ്ടെടുക്കാൻ സൈബർ പൊലീസ്

​തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. കേസിലെ രണ്ടാം പ്രതിയായ സനീഷ് ആരംഭിച്ചതും നിലവിൽ ഡിലീറ്റ് ചെയ്ത നിലയിലുള്ളതുമായ 'മല്ലു പ്രീമിയം' എന്ന ടെലഗ്രാം ഗ്രൂപ്പ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ് സൈബർ പൊലീസ്. പണം നൽകി ദൃശ്യങ്ങൾ വാങ്ങിയവരുടെയും ഗ്രൂപ്പിൽ അംഗങ്ങളായിരുന്നവരുടെയും വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ദൃശ്യങ്ങൾ വിലയ്ക്കുവാങ്ങിയവരെയും കേസിൽ പ്രതി ചേർക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധന നടത്തും.

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കം. അധ്യക്ഷരാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അംഗരാജ്യങ്ങളുടെ യോഗം ചേര്‍ന്നു. ബ്രിക്സില്‍ ഇന്ത്യയുടെ അധ്യക്ഷതയെ വിജയമാക്കിയ അംഗരാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. സുസ്ഥിരതയ്ക്കാണ് ഉച്ചകോടി പ്രാധാന്യം നല്‍കുന്നത്. എല്ലാ രാജ്യങ്ങളെയും ബഹുമാനിക്കുന്നു. പരസ്പര സഹകരണമാണ് ലക്ഷ്യം. സ്വപ്നങ്ങള്‍ ഉത്തരവാദിത്തവുമായി സംയോജിപ്പിച്ച് മുന്നോട്ടുപോകണം. ചര്‍ച്ചകള്‍ക്ക് ബ്രിക്സില്‍ തുടര്‍ച്ചകളുണ്ടാകണം. ബ്രിക്സ് ആർക്കും എതിരല്ല. ഈ വര്‍ഷത്തെ ബ്രിക്സ് ഉച്ചകോടി ചരിത്രത്തിലെ നാഴികക്കല്ലാണ്. ബ്രിക്സിന്റെ 20 വര്‍ഷം നാം ആഘോഷിക്കുന്നു. മനുഷ്യജീവിതത്തില്‍ 20 വര്‍ഷം എന്നത്, പക്വതയുടെയും ഉത്തരവാദിത്തത്തിന്റെയും പുതിയ ഘട്ടത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രി മോദി നേതാക്കളെ സ്വാഗതം ചെയ്തത്. ഡല്‍ഹി ഭാരത് മണ്ഡപത്തിലാണ് രണ്ടു ദിവസത്തെ ഉച്ചകോടി നടക്കുന്നത്. പതിനൊന്ന് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ച അവസാനിച്ചു

ഇരു രാജ്യങ്ങളുടേയും ബന്ധം ദീർഘകാല അടിസ്ഥാനത്തിൽ ആകണമെന്ന് ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്. അതേസമയം, ക്രിയാത്മക ചർച്ചകൾക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറുപടി നൽകി.

സംസ്ഥാനത്ത് താപനില ഉയരുന്നു

സംസ്ഥാനത്ത് താപനില ഉയരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില സാധാരണയേക്കാൾ കൂടുതൽ രേഖപ്പെടുത്തി. കൊല്ലം പുനലൂരിൽ 36.4 ഡിഗ്രി സെൽഷ്യസ്, തിരുവനന്തപുരം സിറ്റി 35 ഡിഗ്രി സെൽഷ്യസ്, കോട്ടയം 35 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് കണക്കുകൾ. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസാണ് താപനില.

കാറിൽ അപകട യാത്ര; ഒടുവിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു

ദേശീയപാതയിലൂടെ കാറിൽ അപകട യാത്ര, ഒടുവിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അപകടം. കോട്ടയം നഗരത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചങ്ങനാശേരി ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തിൽ പെട്ടത്. കാർ അപകടകരമായി റോഡിലൂടെ ഏറെ നേരം സഞ്ചരിച്ചു. തുടർന്ന് നഗരത്തിൽ പുളിമൂട് ജങ്ഷനിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവർ മദ്യപിച്ചിരിക്കാം എന്നാണ് നിഗമനം.

സംഗീത നിശയ്ക്കിടെ പവർകട്ട്; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

ഗായകൻ അതുൽ നറുകരയുടെ സംഗീത നിശയ്ക്കിടെ പവർകട്ട്. പവർകട്ടിനിടയിൽ കാണികൾ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളും ഉയർത്തി. വയനാട് ക്രിയേറ്റീവ് ഫോറം സംഘടിപ്പിച്ച പരിപാടിയിലാണ് വൈദ്യുതി പോയത്. പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കുകയും പ്രോഗ്രാം തുടരുകയും ചെയ്തു.

SCROLL FOR NEXT