തിരൂരിൽ നിന്ന് ബെംഗളൂരൂവിലേക്ക് പോകുകയായിരുന്ന 'എ വൺ ട്രാവൽസി'ന്റെ ബസിൽ ചോർച്ച. എസി പ്രവർത്തിക്കാത്തതും മഴവെള്ളം ഉള്ളിലേക്ക് ചോർന്നിറങ്ങിയതും യാത്രക്കാരെ വലച്ചു. തുടർന്ന് യാത്രക്കാർ വാഹനം മുക്കം പൊലീസ് സ്റ്റേഷന് മുന്നിൽ തടഞ്ഞിട്ടു. ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നും യാത്രക്കാർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ചിലര്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി, മറ്റുള്ളവർക്കായി മാനന്തവാടിയിൽ നിന്നും പകരം ബസ് ഏർപ്പെടുത്തി.
പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ സിപിഐഎം വിപുലീകൃത കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒക്ടോബറില്‍ ചേരും. അടുത്തമാസം 18,19 തീയതികളിലായാണ് വിപുലീകൃത ജില്ലാ കമ്മിറ്റി. ജില്ലാ സെക്രട്ടറിയെ മാറ്റണം എന്നുൾപ്പെടെ ചർച്ചകൾ യോഗത്തില്‍ ഉണ്ടായേക്കും.
ആദായ നികുതി വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍ പാനൂർ സ്വദേശി ദാമോദരനാണ് അയല്‍വാസിയായ സുന്ദരന്റെ തട്ടിപ്പിനിരയായത്. കേന്ദ്ര സർക്കാരിൽ സ്വാധീനമുണ്ടെന്നും മകന് ജോലി വാങ്ങിത്തരാമെന്നുമായിരുന്നു വാഗ്ദാനം. ഐഎഎസ് ഓഫീസര്‍ എന്നു പറഞ്ഞ് രണ്ടുപേരെക്കൊണ്ട് ഫോണില്‍ സംസാരിപ്പിച്ച് വിശ്വാസം പിടിച്ചുപറ്റിയ ശേഷമായിരുന്നു തട്ടിപ്പ്. ദാമോദരന്റെ പരാതിയില്‍ സുന്ദരൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസ് എടുത്തത്.
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം തടയാൻ ശ്രമമെന്ന ആരോപണവുമായി സിപിഐഎം. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ "തുരങ്കപാതയെ ഞങ്ങൾ എതിർക്കും" എന്ന പ്രസ്താവന സത്യമാവുകയാണോ എന്ന സംശയം ബലപ്പെടുന്നതായി സിപിഐഎം ഏരിയ സെക്രട്ടറി വിനോദ് പറഞ്ഞു. പദ്ധതി അവസാനിപ്പിക്കാൻ അപകടത്തെ കൂട്ടുപിടിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നതെന്ന് മുൻ എംഎൽഎ ലിന്റോ ജോസഫും കുറ്റപ്പെടുത്തി. തുരങ്കപാതയുടെ നിർമാണം താൽക്കാലികമായി നിർത്തിവെച്ചിട്ട് രണ്ടര മാസം പിന്നിടുന്നു. ജൂലൈ ഏഴിന് മേപ്പാടി മുഖത്തുണ്ടായ മണ്ണിടിച്ചിലാണ് നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാന്‍ കാരണം. ടണലിന്റെ ആനക്കാംപൊയിൽ ഭാഗത്ത് ആര്‍എച്ച്എസ് 110 മീറ്ററും എല്‍എച്ച്എസ് 20 മീറ്ററും തുരയ്ക്കല്‍ പൂർത്തിയായിരുന്നു. നിലവിലെ തിരുവമ്പാടി എംഎൽഎ പദ്ധതി പ്രദേശം ഇതുവരെയും സന്ദർശിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.