NEWSROOM

വീണ്ടും മോര്‍ഫിങ്... കൊച്ചിയിലും മലപ്പുറത്തും കോട്ടയത്തും കേസുകള്‍, ഏറ്റുമാനൂരില്‍ വിദ്യാര്‍ഥി പിടിയില്‍

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ന്യൂസ് ഡെസ്ക്

കൊച്ചിയില്‍ വീട്ടുമുറ്റത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയതായി പരാതി

എറണാകുളം പള്ളുരുത്തിയിൽ വീടിന്റെ മുറ്റത്തേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയതായി പരാതി. 40 അടി റോഡിന് സമീപം താമസിക്കുന്ന ടി.എൻ. വേണുഗോപാലന്റെ വീടിന്റെ മതിൽക്കെട്ടിനകത്തേക്കാണ് മാലിന്യം തള്ളിയത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുടിവെളള ടാങ്കിനോട് ചേർന്നാണ് മാലിന്യം തള്ളിയത്.

അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികളായി മുഖ്യമന്ത്രിയും മന്ത്രിമാരും

അധ്യാപക ദിനത്തിൽ വിദ്യാര്‍ഥികളായി മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും. കോഴിക്കോട് ഐഐടിയിലാണ് മന്ത്രിസഭാ അംഗങ്ങൾ ഒന്നടങ്കം വിദ്യാർഥികളായത്. റീ ഇമാജിനിങ് കേരളം എന്ന വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായവർ ക്ലാസ് നയിച്ചു. രണ്ടു ദിവസം നീളുന്ന പരിപാടി അധ്യാപകദിനത്തോടനുബന്ധിച്ചാണ് സംഘടിപ്പിച്ചത്. അധ്യാപകദിനത്തിൽ വീണ്ടും വിദ്യാർഥിയായി മാറാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

വിദ്യാർഥികൾക്കിടയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നത് പ്രതിസന്ധി: രമേശ് ചെന്നിത്തല

വിദ്യാർഥികൾക്കിടയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇന്ത്യ-ചൈന സൈനികതല ചർച്ച ഉടൻ

ഇന്ത്യ-ചൈന സൈനികതല ചർച്ച ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അരുണാചൽ പ്രദേശിലെ ടാക്‌സിങ് മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെയാണ് കോർപ്സ് കമാൻഡർ തലത്തിൽ ചർച്ച നടക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി യുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സൈനികതല ചർച്ചയ്ക്ക് വഴി ഒരുങ്ങുന്നത്.

വീണ്ടും മോര്‍ഫിങ്... കൊച്ചിയിലും മലപ്പുറത്തും കോട്ടയത്തും കേസുകള്‍, ഏറ്റുമാനൂരില്‍ വിദ്യാര്‍ഥി പിടിയില്‍

കൊച്ചിയില്‍ വാഴക്കുളം സ്വദേശിനിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായാണ് പരാതി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും, ബന്ധുവിന്റെ കയ്യിലുള്ള ചിത്രങ്ങളുമാണ് ഇത്തരത്തില്‍ പ്രചരിച്ചത്. യുവതിയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് കേസെടുത്തു. യുവതിയുടെ ബന്ധുവിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.

മലപ്പുറത്ത് കോളേജ് വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് വ്യാപകമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി പരാതി. ജില്ലയിലെ പന്ത്രണ്ടോളം കോളേജുകളിലെ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്തതായാണ് പരാതി. ​ഇൻസ്റ്റഗ്രാമിൽ നിന്നുള്ള ചിത്രങ്ങൾ വ്യാജ അക്കൗണ്ടുകളിലൂടെയും പണം ഈടാക്കി ടെലഗ്രാം വഴിയുമാണ് പ്രചരിപ്പിക്കുന്നത്. അക്കൗണ്ടുകൾ പൂട്ടിച്ചാലും പുതിയവ വരുന്നു. ​ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനു പിന്നിൽ വൻ സാമ്പത്തിക ഇടപാടുകളെന്നാണ് സംശയം. എംഎസ്എഫ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

കോട്ടയം ഏറ്റുമാനൂരിൽ സഹപാഠികളുടെ ചിത്രമാണ് വിദ്യാര്‍ഥി മോർഫ് ചെയ്തത്. സംഭവത്തില്‍ മംഗളം കോളജിലെ ബി-ടെക് വിദ്യാർഥി അജ്മല്‍ പിടിയിലായി. അജ്മലിന്റെ ഫോണിൽ മറ്റ് വിദ്യാർഥികൾ ചിത്രം കണ്ടതോടയൊണ് പൊലീസ് പിടിയിലായത്. ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

സര്‍ക്കാരിന്റെ വാടക ഹെലികോപ്റ്റര്‍; കരാര്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്

സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൻ്റെ കരാർ വിവരങ്ങൾ നൽകാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. കരാർ കമ്പനിയെ കുറിച്ചോ, വാടകയെക്കുറിച്ചോ, ഹെലികോപ്റ്റർ ഇതുവരെ എത്ര മണിക്കൂർ സർവീസ് നടത്തിയെന്ന ചോദ്യത്തിനോ മറുപടിയില്ല. അവയവദാനങ്ങൾക്കായി എത്ര തവണ ഹെലികോപ്റ്റർ ഉപയോഗിച്ചെന്നതും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നിഷേധിച്ചു. വിവരങ്ങൾ രഹസ്യാത്മകമെന്ന് ചൂണ്ടിക്കാട്ടിയ ആഭ്യന്തര വകുപ്പ് മറുപടി നൽകിയത് ആകെ നൽകിയ പണത്തിന്റെ കണക്ക് മാത്രമാണ്. ഇതുവരെ സർക്കാർ കരാർ കമ്പനിക്ക് നൽകിയത് 47 കോടിയിലേറെ രൂപയാണ്. രണ്ടരക്കോടിയിലേറെ രൂപ നൽകാൻ ബാക്കിയുണ്ട്.

SCROLL FOR NEXT