കായിക വകുപ്പിലെ അഴിമതി അന്വേഷണങ്ങളിൽ സർക്കാരിന് മെല്ലെപ്പോക്ക്. 12 കോടിയുടെ പൈക്ക അഴിമതിയിൽ അന്വേഷണം ഇഴയുന്നു. ഗ്രാമീണ കായിക വികസനം ലക്ഷ്യമിട്ടുള്ള മുൻ കേന്ദ്ര പദ്ധതിയിൽ, കേന്ദ്ര ഫണ്ട് എങ്ങോട്ട് മാറ്റിയെന്നതിൽ വകുപ്പിന് ഇപ്പോഴും വ്യക്തതയില്ല. സ്പോർട്‌സ് കൗൺസിൽ ജീവനക്കാരുടെ പിഎഫ് ഫണ്ട് വകമാറ്റത്തിൽ പ്രഖ്യാപിച്ച അന്വേഷണവും എങ്ങുമെത്തിയില്ല. സ്പോർട്‌സ് കൗൺസിൽ ആസ്ഥാനത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന മത്സര ഉപകരണങ്ങൾ ഗോഡൗണിൽ തള്ളിയതിൽ പ്രഖ്യാപിച്ച അന്വേഷണവും പേരിന് മാത്രമായി തുടരുന്നു. വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് തട്ടിപ്പുകൾ അന്വേഷിക്കുന്നത്. മാസങ്ങള്‍ ആയിട്ടും കേരള സംസ്ഥാന സ്പോർട്‌സ് കൗൺസില്‍ പുനഃസംഘടനയും ആയിട്ടില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച നിയമ നിർമാണത്തിനുള്ള ആദ്യ യോഗം സെപ്റ്റംബർ 11ന് ചേരും. ശബമരിമല വികസന അതോറിറ്റി യാഥാർഥ്യമാകുന്നതോടെ ശബരിമലയിൽ സർക്കാരിന് സമ്പൂർണ നിയന്ത്രണം കൈവരും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തീരുമാനമാണ് യുഡിഎഫ് സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. വികസന അതോറിറ്റി യാഥാർഥ്യമാകുന്നതോടെ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധികാരങ്ങൾ പരിമിതമാകും. ദേവസ്വം ബോർഡിന്റെ സാമ്പത്തിക സ്ഥിരത നഷ്ടമാകുമെന്ന ആശങ്കയുമുണ്ട്. നിലവിൽ സ്വയം പര്യാപ്തമായ ഏക ദേവസ്വം ബോർഡാണ് തിരുവിതാംകൂർ.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി വേഗം ഉണ്ടായതല്ല. ചൂട് കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗവും കൂടി. അതേസമയം, ഉല്‍പ്പാദനം കുറഞ്ഞു. ദേശീയ ഗ്രിഡില്‍നിന്നും ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭാഗിക നിയന്ത്രണം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഡൽഹിയിൽ വീടിന് സമീപമുള്ള മദ്യപാനം ചോദ്യം ചെയ്തതിന് മണിപ്പൂരി ഗായകനെ തല്ലിക്കൊന്നു. 54 കാരനായ വിക്രം സിങ് ആണ് കൊല്ലപ്പെട്ടത് . അപ്പാർട്ട്മെന്റിന് പുറത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത്, വിക്രം സിങ് ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിക്രമിനെ, മകൻ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെ അടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജ്യത്ത് ആദ്യമായി, പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിക്ക് ‘ബുക്ക് മൈ ഷോ’ വഴി രജിസ്‌ട്രേഷൻ. നരേന്ദ്ര മോദിയുടെ വഡോദര സന്ദർശനത്തോട് അനുബന്ധിച്ചാണ് ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വിൽപ്പന. പൊതുപരിപാടിക്കുള്ള സൗജന്യ രജിസ്‌ട്രേഷൻ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ബുക്കിങ് പൂർത്തിയായി. 42,000ത്തിൽ അധികം ആളുകളെയാണ് വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. രജിസ്‌ട്രേഷൻ മുതൽ വേദിയിലേക്കുള്ള പ്രവേശനം വരെ പൂർണമായും ഡിജിറ്റൽ ക്യുആർ കോഡ് സംവിധാനത്തിലാണ് ഒരുക്കിയിരിക്കുന്നത്. മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി പവലിയൻ ഗ്രൗണ്ടിൽ നമോ ഫോർ വികസിത് ഭാരത് എന്ന പേരിലാണ് പരിപാടി. വഡോദര സന്ദർശനത്തിൽ 35,000 കോടിയുടെ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും .
സുരക്ഷാ കാരണങ്ങളെ തുടർന്ന് 2024ൽ നിർത്തിവെച്ച ഇന്ത്യ-ബംഗ്ലാദേശ് റെയിൽവേ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ സജീവം. കൊൽക്കത്തയിൽ നിന്ന് ധാക്ക, ഖുൽന എന്നിവിടങ്ങളിലേക്കും ന്യൂ ജൽപായ്ഗുരിയിൽ നിന്ന് ധാക്കയിലേക്കുമുള്ള ട്രെയിന്‍ സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുക. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന വാർഷിക അന്തർ സർക്കാർ റെയിൽവേ മീറ്റിങ്ങിലാണ് വിഷയം ചർച്ച ചെയ്യുന്നത്.
ഫ്രാൻസിൽ ഹിന്ദു സംഘടനയുടെ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് പാരീസിലെ ഈഫൽ ടവർ താല്‍ക്കാലികമായി അടച്ചു. ലിംഗവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ വനിതാ ജീവനക്കാരെ ജോലികളിൽ നിന്ന് മാറ്റിനിർത്തുകയും, ചിലയിടങ്ങളിൽ അവർക്ക് പകരം പുരുഷന്മാരെ നിയോഗിക്കുകയും ചെയ്തതായി ജീവനക്കാർ ആരോപിച്ചു. തുടർന്ന് ജീവനക്കാർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ടവർ അടച്ചിട്ടത്. ഇത്തരം നിബന്ധനകൾ അംഗീകരിച്ചത് തെറ്റായിപ്പോയെന്ന് ടവർ മാനേജ്‌മെന്റ് അധികൃതർ അംഗീകരിച്ചെന്നും സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നും പാരിസ് മേയർ അറിയിച്ചു . 100 പേരടങ്ങുന്ന BAPS എന്ന ഹൈന്ദവ സംഘടനാ പ്രതിനിധികൾ ടവർ സന്ദർശിക്കാനെത്തിയപ്പോഴാണ് വനിതാ ജീവനക്കാർക്ക് വിവേചനം നേരിടേണ്ടി വന്നത്. പ്രതിഷേധം കടുത്തതോടെ സംഘടന, ജീവനക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഫ്രാൻസിലെ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തതിൻ്റെ പിറ്റേ ദിവസമാണ് സംഭവം.
റഷ്യയെയും ഉത്തരകൊറിയയെയും ബന്ധിപ്പിക്കുന്ന ആദ്യ റോഡ് പാലം തുറന്നു . ടൂമെൻ നദിക്ക് കുറുകെ ഒരു കിലോമീറ്റർ നീളമുള്ളതാണ് പാലം. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാലം തുറന്നതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു . വ്യാപാര, സാമ്പത്തിക, സാങ്കേതിക മേഖലകളിലെ സഹകരണത്തിന് പാലം സഹായകമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ചരക്ക് വാഹനങ്ങൾ മാത്രം കടന്നുപോകുന്ന പാലം, ഈ വർഷം അവസാനത്തോടെ യാത്രാ വാഹനങ്ങൾക്കായും തുറന്ന് നൽകാനാകുമെന്നാണ് കരുതുന്നത്. ഉത്തരകൊറിയൻ നേതാവായിരുന്ന കിം ഇൽ-സംഗിനെ വധശ്രമത്തിൽ നിന്ന് രക്ഷിച്ച, സോവിയറ്റ് യൂണിയൻ ഓഫീസർ യാക്കോവ് നൊവിചെങ്കോയുടെ പേരാണ് പുതിയ റോഡ് പാലത്തിന് നൽകിയിരിക്കുന്നത്.
ആയിരങ്ങളുടെ ജീവനും സ്വത്തുക്കളും കവർന്ന മിന്നൽ പ്രളയത്തിന്റെ 13-ാം ദിവസം നേപ്പാളിൽ ദേശീയ ദുഃഖാചരണം നടന്നു. പ്രളയത്തിൽ മരിച്ചവരുടെ ഓർമയ്ക്കായാണ് ദുഃഖാചരണം നടത്തിയത്. സർക്കാർ സ്ഥാപനങ്ങളിൽ ദേശീയ പതാകകൾ താഴ്ത്തിക്കെട്ടി. പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിൽ പണമിടപാട് നടന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇന്നലെ അറസ്റ്റ് ചെയ്ത മാവേലിക്കര ഐഎച്ച്ആർഡി കോളേജ് വിദ്യാർഥി സനീഷിൽ നിന്നാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. സനീഷ് ഉൾപ്പെടെയുള്ളവർ പണം നൽകിയാണ് ഗ്രൂപ്പുകളിലേക്ക് ആളെ ചേർത്തത്. ശ്രീഹരി നൽകുന്ന ചിത്രങ്ങളാണ് ഇവർ ഇതിൽ ഷെയർ ചെയ്തത്. മറ്റൊരു കോളേജിലെ വിദ്യാർഥി കൂടി കേസിൽ അറസ്റ്റിലായതോടെ ഇവരുടെ ശൃംഖല വലുതാണെന്ന് നിഗമനത്തിലാണ് അന്വേഷണസംഘം. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. കേസിൽ ആദ്യം അറസ്റ്റിലായ ശ്രീഹരിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോളേജിലും താമസസ്ഥലത്തും ഇയാളെ തെളിവെടുപ്പിന് കൊണ്ടുപോകും.
കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം. ടോൾ ഗേറ്റ് നശിപ്പിക്കുന്ന ദൃശ്യം ന്യൂസ് മലയാളത്തിന് ലഭിച്ചു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് അതിക്രമം കാട്ടിയത്. സംഭവത്തില്‍ ടോൾ പ്ലാസ ജീവനക്കാർ പരാതി നൽകി. യാതൊരു പ്രകോപനവുമില്ലാതെ അസഭ്യ വർഷം നടത്തിയെന്നാണ് പരാതി. ടോൾ പ്ലാസയിൽ അതിക്രമം നടത്തിയ സുൽത്താന ബസ് മുൻപ് പാലാരിവട്ടത്ത് നടുറോഡിൽ യാത്രക്കാരനെ മർദിച്ച കേസിൽ പൊലീസ് പിടിച്ചിട്ടിരുന്നു. ഇന്നലെയാണ് ബസ് സ്റ്റേഷനിൽ നിന്നും പുറത്തിറക്കിയത്. ബസ് ജീവനക്കാർ നടുറോഡിൽ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തൃക്കാക്കര നഗരസഭ എൻജിനീയറിങ് വിഭാഗത്തിൽ അലമാരകൾ തകർത്ത് ഫയലുകൾ കടത്തിക്കൊണ്ടുപോകാൻ ശ്രമം. റെക്കോഡ് മുറിയിലെ അഞ്ച് അലമാരകൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് അലമാരകളുടെ പൂട്ടുകൾ പൊളിച്ചതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. നിരവധി അലമാരകളുള്ള റെക്കോഡ് മുറിയിൽ ഒരേ വലിപ്പത്തിലുള്ള അലമാരകളുടെ പൂട്ടുകൾ മാത്രം പൊളിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് സെക്രട്ടറി ഇൻ ചാർജ് സി.എസ്. ഷിജു വ്യക്തമാക്കി.
ആലുവയിൽ വൻ തീപിടിത്തത്തില്‍ വസ്ത്രശാല പൂർണമായി നശിച്ചു. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ദീൻ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിച്ചത്. ആറരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ആലുവ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ അസി. പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലെ അഭിഭാഷക മാറ്റത്തില്‍ നാടകീയ നീക്കങ്ങള്‍. വക്കാലത്ത് കൈമാറാനുള്ള നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് നിലവിലെ അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ നൽകിയില്ല. വക്കാലത്തിന്റെ ഒറിജിനല്‍ ലഭിച്ചാലേ എന്‍ഒസി കൈമാറൂ എന്നാണ് സുഭാഷ് ചന്ദ്രന്റെ നിലപാട്. അതേസമയം, വക്കാലത്ത് ഇല്ലെങ്കിലും ഇന്ന് കോടതിയിൽ ഹാജരാകാനാണ് പുതിയ അഭിഭാഷകൻ സുൽഫിക്കർ അലിയുടെ തീരുമാനം. രണ്ട് അഭിഭാഷകർ ഹാജരായാൽ കോടതിയിൽ സർവകലാശാലയുടെ ഏത് നിലപാട് പറയുമെന്നാണ് ആകാംക്ഷ. കേസിൽ യുജിസിക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ആണ് ഹാജരാകുന്നത്.
ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെതിരായ മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ മിസ പരാമര്‍ശങ്ങളിലും ആംഗ്യങ്ങളിലും വിമര്‍ശനവുമായി ഇടതു പാര്‍ട്ടികള്‍. വിജയ്‌യുടെ പരാമര്‍ശങ്ങളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം വിയോജിപ്പ് അറിയിച്ചു. വിജയ് നിയമസഭയിൽ സ്റ്റാലിനെ ബോഡി ഷെയ്മിങ് ചെയ്തുവെന്നാണ് വിമർശനം. അടിയന്തരാവസ്ഥക്കാലത്ത് സ്റ്റാലിനെ പൊലീസ് ക്രൂരമായി മർദിക്കുകയും, താടിയെല്ല് തകരുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രവൃത്തി അപലപനീയമെന്നും ഷണ്മുഖം കൂട്ടിച്ചേര്‍ത്തു.
ജി. സുധാകരന്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവും വെല്ലുവിളിയുമായി സിപിഐഎം മുന്‍ എംഎല്‍എ എച്ച്. സലാം. മാധ്യമ പ്രവർത്തകനെ ആക്രമിക്കാൻ ജി. സുധാകരന്‍ നിർദേശം നൽകി. ഡിവൈഎഫ്ഐ നേതാക്കളോട് കുറ്റകൃത്യം ചെയ്യാൻ ആഹ്വാനം ചെയ്തു. നവമാധ്യമങ്ങളിൽ ഒരു വനിതയെ വ്യക്തിഹത്യ ചെയ്യാൻ പറഞ്ഞു. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പിരിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടാൻ തയ്യാറാണോ എന്നും വെല്ലുവിളി. വായും കയ്യും പോയ കോടാലിയായി മാറരുതെന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സലാമിന്റെ പ്രതികരണം.
പിഎം ശ്രീ മന്ത്രിതല ഉപസമിതി അംഗമായ റോജി എം. ജോണ്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നട്തും. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുമായി ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കൂടിക്കാഴ്ച. പിഎം ശ്രീം ഉപാധികളോടെ നടപ്പാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച. കരിക്കുലം നിർണയിക്കാനും, വിദ്യാലയങ്ങൾ തിരഞ്ഞെടുക്കാനും അധികാരം വേണമെന്ന ഉപാധിയാണ് കേരളം മുന്നോട്ടുവച്ചിരിക്കുന്നത്.
കണ്ണൂര്‍ പയ്യാമ്പലം പൊതു ശ്മശാനത്തില്‍ ആളുമാറി കര്‍മ്മം ചെയ്തതില്‍ കുഴിക്ക് നമ്പര്‍ നല്‍കിയതില്‍ പിഴവ് ആരോപിച്ച് ജീവനക്കാരനെ ബന്ധുക്കള്‍ മര്‍ദിച്ചു. കർമ്മങ്ങൾക്കായി ബന്ധുക്കൾ എത്തിയപ്പോൾ കുഴി മൂടിയ നിലയിലാണ് കണ്ടത്. കുഴിയുടെ നമ്പർ മാറിയതിനാൽ മറ്റൊരാളുടെ ബന്ധുക്കൾ കർമ്മം ചെയ്യുകയായിരുന്നു. പിന്നീട് കുഴിയിലെ മണ്ണ് നീക്കി വീണ്ടും കർമ്മങ്ങൾ ചെയ്തു. കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ടോക്കൺ നൽകിയതിലെ പിഴവാണ് ഇത്തരത്തിലൊരു അബദ്ധത്തിന് കാരണമായതെന്നാണ് ജീവനക്കാരൻ രഞ്ജന്റെ പ്രതികരണം. മര്‍ദനത്തില്‍ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
പാര്‍ട്ടി വാര്‍ത്തകള്‍ ചോരുന്നത് തടയാന്‍ അസാധാരണ നടപടിയുമായി സിപിഐഎം. ഫോൺ വിവരങ്ങളെടുക്കാൻ അംഗങ്ങളിൽ നിന്ന് സമ്മതം തേടി. വിപുലീകൃത സംസ്ഥാന കമ്മിറ്റി നടക്കാനിരിക്കെയാണ് നടപടി. തിരുവനന്തപുരം ജില്ലാ നേതൃത്വം അംഗങ്ങളുടെ സമ്മതം ഒപ്പിട്ട് വാങ്ങിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് അപേക്ഷാ ഫോമിന്റെ മാതൃകകൾ നൽകുകയായിരുന്നു. അതേസമയം, നടപടിയിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
കണ്ണൂരില്‍ വധ ശ്രമക്കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിനു ശേഷം പൊലീസിന്റെ പിടിയിലായി. അഴീക്കോട് മീൻകുന്ന് സ്വദേശി ഫസൽ ആണ് കണ്ണൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. 1997ൽ അഴീക്കോട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന ഫസലിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിദേശത്തു നിന്നും തിരിച്ചെത്തിയപ്പോളാണ് ഫസൽ പിടിയിലായത്.
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇഡിയുടെ നിര്‍ണായക നീക്കം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, മകള്‍ വീണ ടി., വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇഡി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കി. കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
കോഴിക്കോട് കോർപ്പറേഷനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ കാലാവധി കഴിയാറായ മരുന്നുകൾ വിതരണം ചെയ്യുന്നുവെന്ന് ആരോപണം. കൗൺസിൽ യോഗത്തിൽ ബിജെപി കൗൺസിലർമാരാണ് ആരോപണം ഉന്നയിച്ചത്. കോർപ്പറേഷനു കീഴിലുള്ള 24 ഹെൽത്ത് സെന്ററുകളിലാണ് കാലാവധി കഴിയാറായ മരുന്നുകൾ എത്തിയതെന്നാണ് ആരോപണം. കാലാവധി തികഞ്ഞ മരുന്നുകൾ ഉടൻ തിരിച്ചെടുക്കണമെന്നും ആവശ്യം. അതേസമയം, ആവശ്യപ്പെടാത്ത മരുന്നുകളാണ് എത്തിയെന്നാണ് മെഡിക്കൽ ഓഫീസറുടെ വാദം. കോർപ്പറേഷനിൽ നടന്ന ഗുരുതര പ്രശ്നം മേയറുടെയോ, ഭരണസമിതിയുടെയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ആരോപണം. മേയർ ഒ സദാശിവന്റെ ഓഫീസിലേക്ക് ഇടിച്ചു കയറിയ പ്രതിപക്ഷ കൗണ്‍സിലര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
കൊച്ചിയിൽ കാർ ഡ്രൈവർക്കെതിരെയും പൊലീസുകാർക്കെതിരെയും അതിക്രമം നടത്തിയ സ്വകാര്യ ബസിലെ ക്ലീനര്‍ അൻസാറിനെതിരെ കാപ്പ ചുമത്തും. റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. മോഷണം ഉള്‍പ്പെടെ ഏഴു കേസുകളിൽ പ്രതിയാണ് അൻസാർ. അറസ്റ്റ് ചെയ്യാനെത്തിയ എഎസ്ഐയെ ആക്രമിച്ച കേസില്‍ അന്‍സാറിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.
ശബരിമല വികസന അതോറിറ്റി രൂപീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. മണ്ഡലം മകരവിളക്ക് തീർത്ഥാടനം നല്ല രീതിയിൽ നടത്താനാണ് ശ്രമിക്കുന്നത്. അത് നല്ല രീതിയിൽ നടക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ദർശനത്തിന് മുടക്കം സംഭവിച്ചാൽ ദേവസ്വം ബോർഡിനെ അല്ല, സർക്കാരിനെയാണ് ജനങ്ങൾ കുറ്റപ്പെടുത്തുക. അടുത്ത ദിവസം മുഖ്യമന്ത്രി പമ്പയിൽ വിശദയോഗം നടത്തും. ദേവസ്വം ബോർഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈവയ്ക്കില്ല. നിയമ നിർമാണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് മുന്‍കൂറായി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ നേടുന്ന താരത്തിന് 50 ലക്ഷം രൂപയും, വെള്ളി മെഡലിന് 30 ലക്ഷം രൂപയും, വെങ്കലം തേടുന്ന താരത്തിന് 20 ലക്ഷം രൂപയും നല്‍കുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന 30 മലയാളി കായിക താരങ്ങൾക്കും മുന്‍കൂറായി ഒരു ലക്ഷം രൂപ വീതം നല്‍കും. വിജയികളുടെ പരിശീലകര്‍ക്കും ലക്ഷങ്ങളാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മത്സരാര്‍ഥിയെ വിലക്കുന്നതിന് മുമ്പ് ഓരോ അസോസിയേഷനും നൂറ് തവണ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നതിനിടെ ആശ്വാസമഴ എത്തുന്നു. സെപ്റ്റംബര്‍ 10, 11, 12 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. പത്തിന് എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. 11ന് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും 12ന് പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്. അതേസമയം, ഇന്നും നാളെയും (സെപ്റ്റംബര്‍ 8, 9) താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് സാധ്യതയുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും നിര്‍ദേശം.
പിഎം ശ്രീ വിഷയത്തിൽ എന്തിനെയാണ് എതിർക്കുന്നതെന്ന് സര്‍ക്കാര്‍ പറയട്ടെയെന്ന് ബിജെപി എംഎല്‍എ വി. മുരളീധരന്‍. സ്കൂളുകൾ, കരിക്കുലം എന്നിവ തെരഞ്ഞെടുക്കുന്നത് കേന്ദ്രം ആണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞാണ് ഇതുവരെ പദ്ധതിയെ എതിർത്തത്. ദേശീയ വിദ്യാഭ്യാസ നയത്തെയാണ് എതിര്‍ക്കുന്നതെങ്കില്‍, അത് നടപ്പാക്കി ഉള്ള പദ്ധതികളുടെ ഫണ്ട് വാങ്ങുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
കെഎസ്‍ആര്‍ടിസി പ്രിയദർശിനി പദ്ധതി വന്നതോടെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായെന്ന് ബസ് ഉടമകള്‍. മൂന്ന് മാസമായി പ്രതിസന്ധി തുടരുന്നു. മൂന്ന് മാസത്തിനിടെ, 120 കോടിയിലേറെ രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായത്തിന് സംഭവിച്ചത്. ഈ നിലയില്‍ ഒരു കാരണവശാലും മുന്നോട്ടുപോകാന്‍ കഴിയില്ല. അനിശ്ചിതകാല സമരത്തിനാണ് നീക്കം. മറ്റ് സംഘടനകളുമായി ആശയവിനിമയം നടത്തിയശേഷമാകും സമരത്തീയതി തീരുമാനിക്കുക. നാലായിരം ബസ് ഉടമകളാണ് നിലവില്‍ സമരത്തിന് തയ്യാറെടുക്കുന്നത്. സമരത്തിനു മുൻപ് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണും. യാത്രാ നിരക്ക് കൂട്ടണം, ഡീസല്‍ സബ്‌സിഡി ഏര്‍പ്പെടുത്തണം എന്നിങ്ങനെ ആവശ്യങ്ങള്‍ അറിയിക്കും. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രിയെ കാണാനാണ് ശ്രമിക്കുന്നത്. സ്വകാര്യ ബസുകള്‍ റെന്റിന് എടുക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. അത് ഞങ്ങളുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു. വ്യവസ്ഥകള്‍ അറിഞ്ഞെങ്കില്‍ മാത്രമേ അതിന്റെ സാധ്യത പരിശോധിക്കാനാവൂയെന്നും സ്വകാര്യ ബസ് ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലപ്പുറത്തെ മോർഫിങ് കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല, ഓടൻകുഴി സ്വദേശി സുബിൻ ബാബുവിനെയാണ് (26) മലപ്പുറം സൈബർ പൊലീസ് പിടികൂടിയത്. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ. സുബിൻ മൊബൈൽ ടെക്നീഷൻ ആണെന്ന് പൊലീസ് പറഞ്ഞു. മലബാർ മേഖലയിലെ കോളേജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ ആണ് മോർഫ് ചെയ്തത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി പിടികൂടുകയായിരുന്നു.
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ യുദ്ധകാല അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇഡിയുടേത് കേവലം റിപ്പോർട്ട് അല്ല, വ്യക്തമായ തെളിവുകൾ ഉണ്ട്. അഴിമതിയിൽ ഇഡിയ്ക്ക് 100% തെളിവ് ഉണ്ട്. മൂന്ന് പേരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കൃഷ്ണദാസ് പറഞ്ഞു.
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡിയുടെ കത്ത് ഡിജിപിക്ക് ലഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡിജിപി പരിശോധിച്ച ശേഷം ഹോം സെക്രട്ടറിക്ക് നൽകി. ഹോം സെക്രട്ടറി പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകും. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ സർക്കാർ ബാധ്യസ്ഥമാണ്. ഹോം സെക്രട്ടറിയുടെ ശുപാർശക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നിട്ട് കൊണ്ട് പോകും. മുഖ്യമന്ത്രിയുമായി കൂടി ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം പിണറായി വിജയനിൽ എത്തിക്കാൻ ശ്രമമാണ് നടക്കുന്നത്. നിലവിലെ ഭരണകക്ഷി നേതാക്കൾ ഉൾപ്പെടെ സിഎംആർഎല്ലിന് പണം നൽകിയ ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വടകരയിൽ ഡിവൈഎഫ്ഐ മാർച്ചിനിടെ സംഘർഷം. ഡിവൈഎഫ്ഐ നേതാക്കളെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വടകര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു.സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കും, പൊലീസുകാർക്കും പരിക്കേറ്റു
ആലുവയിൽ ട്രെയിനിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ പ്രതി ആർപിഎഫിൻ്റെ പിടിയിൽ. ഷിബിൻ ആണ് പിടിയിലായത്. ധൻബാദിൽ നിന്ന് ആലപ്പുഴയിലേക്ക് പോയ T. No. 13351 എന്ന ട്രെയിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ആലുവ പാലത്തിനരികിൽ നിന്ന് പ്രതി പിടിയിലായത്. മദ്യലഹരിയിൽ ആയിരുന്നു കല്ലെറിഞ്ഞത് എന്ന് പ്രതി സമ്മതിച്ചു. മോഷണക്കേസ് അടക്കം നിരവധി കേസിലെ പ്രതിയാണ് ഇയാൾ.
പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി. അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23), ഷാനു (23) എന്നിവരാണ് വനത്തിൽ അകപ്പെട്ടത്. അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി.
കൊച്ചിയിൽ അമിതഭാരവുമായി പാഞ്ഞ ലോറികൾക്കെതിരെ നടപടി. പരിശോധനയിൽ 6.04 ലക്ഷം രൂപ പിഴ ഈടാക്കി. എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാത്രികാല മിന്നൽ പരിശോധന നടത്തിയത്. നിയമ വിരുദ്ധമായി സർവീസ് നടത്തിയ 20 വാഹനങ്ങൾക്ക് ചെലാൻ നൽകി.
സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ പിണറായിക്ക് എതിരെ കേസെടുക്കണമെന്ന ഇഡി റിപ്പോർട്ട് പൊലീസ് വിജിലൻസിന് കൈമാറും. കേസെടുക്കുന്ന കാര്യം വിജിലൻസ് പരിശോധിക്കും. റിപ്പോർട്ട് പരിഗണിക്കണ്ടേത് വിജിലൻസാണെന്നാണ് പോലീസ് നിലപാട്. ഡിജിപി ഇഡി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
മൂന്നാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം. സൈലൻ്റ് വാലി റോഡിൽ ഗൂഡാർവേലയ്ക്ക് സമീപം ആണ് കടുവയെ കണ്ടത്. ഗൂഡാർവേല പോകുന്നതിനിടെയാണ് യാത്രാസംഘത്തിന് മുന്നിൽ കടുവ പ്രത്യക്ഷപ്പെട്ടത്.
ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത മരിച്ച നിലയിൽ. നോയിഡയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ത്യ വീണ്ടും നീല ജേഴ്സിയിൽ. ഇന്ത്യൻ ഹോക്കി ടീം വീണ്ടും ജേഴ്സി മാറ്റി. ആദ്യ പരിഗണന നീലയ്ക്കെന്ന് ഹോക്കി ഇന്ത്യ. കാവി നിറം രണ്ടാം ജേഴ്സിയായിരിക്കും. ഏഷ്യൻ ഗെയിംസിൽ നീല ജേഴ്സിയിൽ കളിക്കുമെന്നും ഹോക്കി ഇന്ത്യ. ലോകകപ്പിൽ കാവി ജേഴ്സിയിൽ കളിച്ച ഇന്ത്യ നിരാശ രേഖപ്പെടുത്തിയിരുന്നു.
ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ചെറുപ്ലശ്ശേരി സ്വദേശി അൽത്താഫ് ഹുസൈൻ ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു അപകടം.
സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം. ഒരു മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി. പല തവണയായി വൈദ്യുതി മുടങ്ങുന്നു. വൈദ്യുതി ഉപയോഗത്തിലും ആവശ്യകതയിലും മുമ്പൊന്നുമില്ലാത്ത പ്രതിസന്ധിയെന്ന് വിശദീകരണം.