നിയമസഭ ഇന്ന് മൂന്നാം ദിവസം. സംസ്ഥാനത്തെ അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനത്തില്‍ നിയമസഭയില്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം. ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ നീക്കം. മരണസംഖ്യ ഉയരുന്നത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയെന്ന് ആരോപണം.
ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ''വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്'' എന്ന പേരില്‍ തൃശൂരില്‍ കൂട്ട നടത്തത്തില്‍ പങ്കെടുക്കുന്നു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
മോദിയെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ച് ഡൊണാൾഡ് ട്രംപ്. മോദി നടത്തുന്നത് അതിഗംഭീര പ്രവർത്തനങ്ങളെന്ന് പുകഴ്ത്തൽ. മൈ ഫ്രണ്ടിന് നന്ദിയെന്ന് പ്രധാനമന്ത്രയുടെ മറുപടി. ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കുമെന്നും മോദി.
രണ്ടു ദിവസത്തെ സന്ദർശത്തിനായി ഡോണൾഡ് ട്രംപും ഭാര്യയും യുകെയിൽ. ഇന്ന് ചാൾസ് രാജാവുമായി കൂടിക്കാഴ്ച. പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായുള്ള ചർച്ച നാളെ. ട്രംപിനെതിരെ പലയിടത്തും വൻ പ്രതിഷേധം.
സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലത്ത് ഗര്‍ഭിണിയായ യുവതിക്ക് നേരെ ക്രൂര മര്‍ദനം. പ്രതീക്ഷിച്ചതുപോലെ സ്ത്രീധനം കിട്ടിയില്ലെന്ന് ആരോപിച്ചാണ് മര്‍ദനം. ഓച്ചിറ അഴീക്കല്‍ അക്ഷയയ്ക്കാണ് ഭര്‍തൃ വീട്ടുകാരുടെയ ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. മുഖത്തും, ശരീരത്തും പരിക്ക് പറ്റിയ യുവതിയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവ് വയറ്റില്‍ ചവിട്ടി. പാത്രം കഴുകിയ ബ്രഷ് വാഷിങ് സിങ്കില്‍ ഇട്ടതിനും മര്‍ദനം. കത്തി ഉപയോഗിച്ച് മീന്‍ വൃത്തിയാക്കിയതിനും മര്‍ദനം.
പൊലീസ് അതിക്രമങ്ങളെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ ഒരക്ഷരം മറുത്തു പറയാന്‍ മുഖ്യമന്ത്രിക്ക് ആകുന്നില്ല. പൊലീസില്‍ ഒരു ലോബി രൂപപ്പെട്ടിട്ടുണ്ട്, ആ ലോബിക്ക് അധോലോക ബന്ധമുണ്ടെന്നും കെ മുരളീധരന്‍. എല്ലാ മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാര്‍ ആണിത്, പ്രതിപക്ഷം ഉയര്‍ത്തിയ ചര്‍ച്ചയിലൂടെ അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. സുജിത്തിനെ മര്‍ദ്ദിച്ച ഒരു ഉദ്യോഗസ്ഥനെയും യുഡിഎഫ് ഗവണ്‍മെന്റ് മറക്കില്ല, ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാവരെയും ഡിസ്മിസ് ചെയ്യുമെന്നും കെ. മുരളീധരന്‍.
പാലക്കാട് മുതലമടയില്‍ ആദിവാസി യുവാവിനെ പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ പിടികൂടാനാവാതെ പൊലീസ്. മുഖ്യപ്രതി വെസ്റ്റേണ്‍ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവം നടന്ന് ഒരു മാസത്തോടടുക്കുമ്പോഴും പ്രതി ഒളിവിലെന്ന വിചിത്ര വാദമുയര്‍ത്തുകയാണ് പൊലീസ്. പ്രതിക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ ഫാംസ്റ്റേ ഉടമയുടെ അമ്മയെ മാത്രമാണ് അറസ്റ്റ് ചെയ്തത്. തുടക്കത്തില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 21 നായിരുന്നു മുതലമട മൂചക്കുണ്ട്ചമ്പക്കുഴിയിലെ വെള്ളയന്‍ എന്ന യുവാവ് അതിക്രൂര മര്‍ദനത്തിനിരയായത്.
പുൽപ്പള്ളി ചേകാടി സ്കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കർണാടക വെള്ള ആന ക്യാമ്പിൽ ആയിരുന്നു ആനക്കുട്ടി. കഴിഞ്ഞ മാസം 18നാണ് ആനക്കുട്ടി ചേകാടിയിൽ എത്തിയത്. ആനക്കുട്ടിയെ വെട്ടത്തൂർ വനത്തിൽ വിട്ടുവെങ്കിലും ആനക്കൂട്ടം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കബനി പുഴ നീന്തി കടന്ന് കർണാടകയിൽ എത്തി. മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിയെ ഒരു മാസത്തോളമായി സംരക്ഷിച്ചു വരികയായിരുന്നു. അസുഖം ഉണ്ടായതിനെ തുടർന്നാണ് ആനക്കുട്ടി ചരിഞ്ഞത്.
മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് പച്ചക്കള്ളം എന്ന് അടൂരില്‍ മരിച്ച ഡിവൈഎഫ്‌ഐ നേതാവ് ജോയലിന്റെ അച്ഛന്‍. പൊലീസ് റിപ്പോര്‍ട്ട് കണ്ടു മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ജോയല്‍ എസ്എഫ്‌ഐയിലൂടെ വളര്‍ന്നുവന്നവനാണ്. ഇടതുഭരണം നടക്കുമ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ജോയലിന്റെ പിതാവായ ഞാന്‍ പറയുന്നത് കള്ളമാണെങ്കില്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും അച്ഛന്‍ ജോയിക്കുട്ടി.
കേരള സർവകലാശാല മിനിട്സ് വിവാദത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. വി.സി ഡോ. മോഹനൻ കുന്നുമ്മലിനെതിരെ ക്രിമിനൽ കേസെടുക്കാൻ കഴിയുമോ എന്ന് പരിശോധന സിൻഡിക്കേറ്റ് തീരുമാനം മറികടന്നാണോ വി.സിയുടെ നടപടി എന്നതിലാണ് പ്രാഥമിക അന്വേഷണം. പരിശോധന ആരംഭിച്ചത് തിരുവനന്തപുരം കൻ്റോൺമെൻറ് പൊലീസ് ഇടത് സിൻഡിക്കേറ്റ് അംഗം ഡോ. ലെനിൻ ലാൽ ആണ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ മിനിട്സ് വി.സി ഡോ. മോഹനൻ കുന്നുമ്മൽ തിരുത്തിയെന്നാണ് പരാതി.
സ്വർണ്ണം പൊട്ടിക്കൽ, നാലംഗ സംഘം പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണം പൊട്ടിക്കൽ നാലു പേരെ വലിയതുറ പൊലീസ് പിടികൂടി പിടികൂടിയത് കുളത്തൂപ്പുഴ സ്വദേശികളായ അഷ്കർ, അലി, അഫ്സൽ, ആൽവിൻ എന്നിവരെ തമിഴ്നാട് വെല്ലൂർ സ്വദേശിയിൽ നിന്നും സ്വർണ്ണം തട്ടിയെടുത്തത്. തിങ്കളാഴ്ച പുലർച്ചെ സ്വർണമാെന്നും ലഭിച്ചില്ലെന്ന് പ്രതികളുടെ മൊഴി.
മേച്ചേരി ബസിലെ ജീവനക്കാരും, അശ്വതി ബസിലെ ജീവനക്കാരും തമ്മിലാണ് സമയത്തെ ചൊല്ലി എറ്റുമുട്ടിയത്. ഇതില്‍ മേച്ചേരി ബസ്സിലെ ജീവനക്കാരനായ രാജേഷ് കുമാര്‍ മദ്യപിച്ചിരുന്നു എന്ന് കണ്ടെത്തി. ഇന്നലെ മരുത റോഡ് വച്ചാണ് സംഭവം. ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
കാസർഗോഡ് 16 കാരനെ പീഡിപ്പിച്ച സംഭവം ഒരാൾ കൂടി അറസ്റ്റിൽ. അറസ്റ്റിലായത് പയ്യന്നൂർ സ്വദേശി ഗിരീഷ്
മലപ്പുറം പുറത്തൂരില്‍ മലമ്പാമ്പിനെ പിടികൂടുന്നതിനിടെ സ്‌നേക്ക് മാസ്റ്റര്‍ക്ക് കടിയേറ്റു. സ്‌നേക്ക് മാസ്റ്റര്‍ മുസ്തഫ തിരൂരിനാണ് കടിയേറ്റത്. കൈവിരലിനും സമീപത്തുമാണ് കടിയേറ്റത്. നാട്ടുകാര്‍ പിടികൂടി പാമ്പിനെ കോഴിക്കൂട്ടില്‍ സൂക്ഷിച്ചിരുന്നു. ഈ കൂട്ടില്‍ നിന്ന് പിടികൂടുന്നതിനിടെയാണ് കടിയേറ്റത്.
ഇട്ടിത്തറ മുരാരി (16) തുരുത്തിപ്പള്ളി ഗൗരി ശങ്കർ (16) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത് പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് ഇന്നലെ സ്കൂൾ വിട്ട് വീട്ടിൽ വന്ന ശേഷം ഇരുവരെയും കാണാതാവുകയായിരുന്നു പൂച്ചാക്കൽ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
കെ.ടി. ജലീലിനെ പരിഹസിച്ച് പി.കെ. ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മലയാളം സർവകലാശാലയുടെ ഭൂമി തട്ടിപ്പ് തെളിവുകൾ പുറത്ത് വന്ന ശേഷം ആളെ കാണാനില്ലെന്ന് പരിഹാസം മകനേ തിരിച്ചു വരൂ എല്ലാവരും കാത്തിരിക്കുകയാണന്നും പരിഹാസം കെടി ജലീലും പികെ ഫിറോസും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് പുതിയ പരിഹാസ പോസ്റ്റ്
ഛത്തിസ്ഗഢിൽ ഒരുമാസത്തേക്ക് താത്കാലിക വെടിനിർത്തലിന് തയ്യാറെന്ന് മാവോയിസ്റ്റുകൾ. ഇക്കാര്യം വ്യക്തമാക്കുന്ന മാവോയിസ്റ്റ് സംഘടനയുടെ പ്രസ്താവന പുറത്ത് വന്നു. മാവോയിസ്റ്റ് വക്താവ് അഭയ് എന്നയാളുടെ പേരിലാണ് പ്രസ്താവന സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വെടിനിർത്തലിന് സർക്കാർ തയ്യാറാണെങ്കിൽ സമൂഹമാധ്യമങ്ങളും, റേഡിയോ ഉൾപ്പടെയുള്ള മാധ്യമങ്ങളിലൂടെയും പ്രഖ്യാപനം നടത്തണമെന്ന് പ്രസ്താവനയിൽ.
പുലിയെ പിടികൂടാത്തതിൽ നടന്ന പ്രതിഷേധം 30 പേർക്കെതിരെ കേസെടുത്തു കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് മേലാറ്റൂർ പോലീസ് കേസെടുത്തത്. പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവരാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. പോലീസുമായി ഒന്നും തള്ളും ഉണ്ടായിരുന്നു.
വീട്ടു തടങ്കലിൽ കഴിയുന്ന ബ്രസീൽ മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദിയും രക്ത സമ്മർദം കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ബോൾസൊനാരോയുടെ മകൻ ഫ്ലേവിയോയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത് അടുത്തിടെയാണ് സൈനിക അട്ടിമറി ഗൂഢാലോചന കേസിൽ ജയിർ ബോൾസോനാരോ കുറ്റക്കാരൻ എന്ന് കണ്ടെത്തിയത് 27 വർഷവും 3 മാസവുമാണ് തടവ് ശിക്ഷ വിധിച്ചത് വീട്ടു തടങ്കലിൽ കഴിയുന്ന ബോൾസാനാരോയെ അവിടെ നിന്നും ജയിലിലേക്ക് മാറ്റാനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
ഉപകരണക്ഷാമത്തിൽ ഇടപെടലുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലികമായി 100 കോടി രൂപയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അനുവദിച്ചിരിക്കുന്നത്. ഇതിൽ 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും, 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും കൈമാറുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
നിയമസഭയിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് തുടർച്ചയായി രണ്ടാം ദിനവും അടിയന്തര പ്രമേയത്തിന് അനുമതി. അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്നത് സഭ നിർത്തിവച്ച് ചർച്ച ചെയ്യും. രണ്ടാം പിണറായി സർക്കാരിൻ്റെ പതിനഞ്ചാം അടിയന്തര പ്രമേയ ചർച്ചയാണിത്. 12 മണി മുതൽ രണ്ട് മണിക്കൂർ നേരത്തേക്കാണ് ചർച്ച നടത്തുക. രണ്ട് പിണറായി സർക്കാരുകളുടെ കാലത്ത് ആകെ 21 അടിയന്തര പ്രമേയ ചർച്ചകളാണ് നടന്നത്.
സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ഞങ്ങളുടെ ആവശ്യം അംഗീകരിച്ചതിന് കളിയാക്കുന്നത് എന്തിനെന്ന് പ്രതിപക്ഷം. ഞങ്ങളുടെ ആവശ്യം പരിഗണിച്ചതിന് ഭരണകക്ഷി ഞങ്ങളെ പരിഹസിക്കുന്നത് എന്തിനെന്നും പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. അതേസമയം, ഏത് ചോദ്യത്തിനും ഉത്തരമുള്ളതാണ് ഈ സർക്കാരിൻ്റെ ധൈര്യമെന്ന് മന്ത്രി പി. രാജീവ് തിരിച്ചടിച്ചു.
മാലിന്യ സംസ്കരണം ഇന്ന് ശ്രദ്ധ ക്ഷണിക്കലിന് വന്നപ്പോൾ പ്രതിഷേധമുയർത്തി പ്രതിപക്ഷം. അടിയന്തര പ്രമേയ ചർച്ചയെ ചൊല്ലിയുള്ള തർക്കമാണ് ഇതിനെ ബാധിച്ചതെന്നാണ് സൂചന. പ്രധാനപ്പെട്ട ഒരു വിഷയം സഭ ചർച്ച ചെയ്യുമ്പോൾ ബഹളം ഉണ്ടാകുന്നത് നിരാശാജനകമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണം 90 ശതമാനം പൂർത്തിയാക്കിയെന്നും അവശേഷിക്കുന്നത് ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
ഗൈഡ് വയർ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ സംഭവം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോൾ ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും അന്വേഷണ സമിതി രൂപീകരിച്ചതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
"ഇരയ്ക്ക് നഷ്ടപരിഹാരം നൽകാൻ നടപടി എടുക്കണം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. മറുപടിയിൽ പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. അത് ഗുരുതരമായ തെറ്റ്. സ്പീക്കർ അത് പരിശോധിക്കണം," വി.ഡി സതീശൻ ആവശ്യപ്പെട്ടു.
ഗൈഡ് വയർ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചികിത്സാ പിഴവ് ഉണ്ടാകുന്നത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും വീഴ്ചയുള്ള കേസുകളിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
"വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഗൈഡ് വയർ നീക്കുന്നതിൽ തീരുമാനമെടുത്തിട്ടുണ്ട്. വിദഗ്ധ ചികിത്സ സൗജന്യമായി നൽകുന്നത് ഉറപ്പുവരുത്തും. ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി. റിപ്പോർട്ട് ലഭിച്ച ഉടൻ കർശന നടപടി സ്വീകരിക്കും," ആരോഗ്യമന്ത്രി അറിയിച്ചു.
എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ പി.വി. അന്‍വറിനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. പി.വി. അന്‍വറിന്റെ ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ എം.ആര്‍. അജിത് കുമാര്‍ സാവകാശം തേടി. ഹര്‍ജി ഹൈക്കോടതി അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ജില്ലകളിലാണ് യെല്ലോ അലേർട്ട്.
നിയമസഭയിലേക്ക് രാഹുൽ മാങ്കൂട്ടത്തിലിന് അകമ്പടി പോയ യൂത്ത് കോൺഗ്രസ് നേതാവിനോട് നീരസം പരസ്യമാക്കി പ്രതിപക്ഷ നേതാവ്. നിയമസഭയിലെ മുറിയിൽ നേമം ഷജീർ എത്തിയിട്ടും വി.ഡി. സതീശൻ കാണാൻ കൂട്ടാക്കിയില്ല. സഭയിലേക്ക് പോകുമ്പോൾ പിന്നാലെ ചെന്ന് കാണാൻ ശ്രമിച്ചെങ്കിലും വി.ഡി. സതീശൻ നിൽക്കാൻ കൂട്ടാക്കിയില്ല. നേമം ഷജീറിനെതിരെ അഖിലേന്ത്യ കമ്മിറ്റിക്കും കെപിസിസി പ്രസിഡൻ്റിനും പരാതി പ്രവാഹമാണ്.
സിപിഐ സംസ്ഥാന സമ്മേളനത്തിനു ശേഷം മീനാങ്കൽ കുമാർ പരസ്യ പ്രതികരണം നടത്തിയതിൽ വിശദീകരണം തേടാൻ നേതൃത്വം. എഐടിയുസി തിരുവനന്തപുരം ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാറിനോട് സിപിഐ വിശദീകരണം തേടും. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ ആയിരുന്നു കുമാറിൻ്റെ പരസ്യ പ്രതികരണം.
ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയെ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ കുടുക്കി 25 കോടി രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിയായ യുവതിയെ കൊച്ചി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ അക്കൗണ്ട് മരവിപ്പിച്ചതായി സൈബർ പൊലീസ് അറിയിച്ചു.
ശബരിമലയിലെ സ്വര്‍ണപ്പാളിയുടെ ഭാരം കുറഞ്ഞതില്‍ അന്വേഷണം. വിജിലന്‍സ് ഓഫീസര്‍ മൂന്നാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയാക്കി ഉടൻ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി.
പൊലീസ് അതിക്രമത്തിൽ സഭയിലെ ചർച്ചയ്ക്ക് പിന്നാലെ രാഷ്ട്രീയ പ്രതികരണത്തിന് എ.കെ. ആൻ്റണി. യുഡിഎഫ് ഭരണകാലത്തെ പൊലീസ് നടപടികൾ വിശദീകരിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കെപിസിസി ഓഫീസിൽ വാർത്താ സമ്മേളനം.
അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. എങ്ങനെ പ്രതിരോധിക്കണമെന്ന
കാര്യത്തില്‍ ആരോഗ്യ വകുപ്പിന് വ്യക്തതയില്ല. ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. ഇവിടെ മരണ നിരക്ക് കുറവാണെന്ന് പറഞ്ഞു നില്‍ക്കുന്നു.
അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ മരണ നിരക്ക് പൂഴ്ത്തിവെച്ചുവെന്ന് ആരോപണമുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ കുറേ പേര് ചേര്‍ത്തു.
യഥാര്‍ഥ കണക്ക് മറച്ചുവച്ചെ് മേനി നടിക്കാനാണ് ശ്രമം. ഉറവിടം കണ്ടെത്തി രോഗം തടയുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയം. മരണനിരക്ക് കുറവാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. രോഗം വന്നിട്ട് ചികിത്സിക്കല്‍ അല്ല. രോഗം വരാതെ നോക്കേണ്ടേ. ഒരു കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വീട്ടില്‍ കുളിച്ചവര്‍ക്കും രോഗം വന്നു.
2013ല്‍ പഠനം നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടര്‍ നല്‍കിയത് 2018. ഉമ്മന്‍ചാണ്ടിയെ ചാരി ശൈലജ ടീച്ചര്‍ക്ക് ഒരടി എന്നാണോ മന്ത്രിയുടെ സൂത്രം. ഉമ്മന്‍ചാണ്ടിയെ ചാരി ശൈലജ ടീച്ചര്‍ക്ക് ഒരു അടി അതാണോ വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിമര്‍ശനങ്ങളെ നേരിടാനുള്ള ആര്‍ജ്ജവം കാണിക്കുകയാണ് വേണ്ടത്. 2013ലെ റിപ്പോര്‍ട്ടിന്റെ തലപ്പ് വെട്ടിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ മന്ത്രി പങ്കുവെച്ചത്.
കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിട്ട് 10 മാസം. പണമുള്ളവരുടെ ഹൃദയം മാത്രം പണിമുടക്കിയാല്‍ മതിയെന്ന അവസ്ഥയിലേക്ക് കേരളം മാറി. 594 കോടി രൂപ മരുന്നു വിതരണക്കാര്‍ക്ക് കൊടുക്കാനുണ്ട്. ആരോഗ്യരംഗത്ത് 2000 കോടിയുടെ കുടിശിക. പാവപ്പെട്ടവന്റെ ആരോഗ്യം വെച്ചാണ് കളിക്കുന്നത്. ആരോഗ്യരംഗം ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത വിധം തകര്‍ന്നിരിക്കുന്നു. കപ്പിത്താന്‍ ഉണ്ടായിട്ടു കാര്യമില്ല കപ്പല്‍ മുങ്ങിപ്പോയി. ഈ കപ്പല്‍ പൊങ്ങില്ല.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാല്‍ 99% ആണ് ആഗോളതലത്തില്‍ മരണ നിരക്ക്. എന്നാല്‍ കേരളത്തില്‍ അത് 24% ആയി താഴ്ത്തി കൊണ്ടുവരാന്‍ കഴിഞ്ഞു. കുഞ്ഞുങ്ങളെ കൊല്ലാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ആണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി. ബാലചന്ദ്രന്‍.
ഇന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാലാണ് ഏറ്റവും കൂടുതല്‍ പഴ്‌സ് കീറുന്നത്. 2000 കോടി രൂപയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആരോഗ്യരംഗത്ത് മാറ്റിവെച്ചത്. ഞങ്ങള്‍ 5000 കോടി മാറ്റിവെച്ചുവെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. അന്നത്തെ പഞ്ഞിയുടെയും നൂലിന്റെയും വില എന്താണെന്ന് മന്ത്രി ആലോചിച്ചിട്ടുണ്ടോ എന്ന് നജീബ് കാന്തപുരം. സിസ്റ്റം തകരാറിലാണ്. സത്യം പറയുന്നവരെ ക്രൂശിക്കുകയാണ്. ഇന്‍ഡക്‌സ് തയ്യാറാക്കാനാണ് മന്ത്രിക്ക് താല്‍പ്പര്യം. മന്ത്രിക്ക് വാക്ചാതുര്യമുണ്ട്. പക്ഷെ മന്ത്രി സമ്പൂര്‍ണ പരാജയം. സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലാണ് സര്‍ക്കാരിന് താത്പര്യം. സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കല്ല മുന്‍ഗണന നല്‍കുന്നത്.
ജന്മദിനത്തിൽ മധ്യപ്രദേശിലെ ധാറിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ചാണ് മോദിയുടെ പ്രസംഗം. വിവിധ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു.
പുതിയ ഇന്ത്യ ആണവഭീഷണി ഭയക്കുന്നില്ലെന്ന് മോദി പറഞ്ഞു. തീവ്രവാദികളെ അവരുടെ വീടുകളിൽ വച്ചു തന്നെ നേരിടുമെന്നും മോദി മുന്നറിയിപ്പ് നൽകി.
ചികിത്സാ പ്രോട്ടോക്കോള്‍ ഇല്ലാതെ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നാല് മാസം പ്രായമുള്ള കുഞ്ഞ് ഏത് സ്വിമ്മിങ് പൂളിലാണ് മുങ്ങിക്കുളിച്ചത്? നിങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സഹായം തേടേണ്ട. പകരം പത്ത് വര്‍ഷം മുമ്പുള്ള കഥ പറയുകയാണ്. ആരോഗ്യ കേരളം എല്ലാവരും കൂടി കെട്ടിപ്പടുത്തത്. മാറി മാറി വന്ന സര്‍ക്കാരുകള്‍ എല്ലാ കാലത്തും സംഭാവന നല്‍കി. ലോകത്തുള്ള എല്ലാ രോഗങ്ങളും ഇന്ന് കേരളത്തിലുണ്ട്. കൊവിഡിന് ശേഷം കേരളത്തിലെ മരണ നിരക്ക് വര്‍ധിച്ചു. ലോകത്തുള്ള എല്ലാ അസുഖങ്ങളും ഇന്ന് കേരളത്തില്‍ ഉണ്ടെന്നും വി.ഡി. സതീശൻ.
കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചില്ലേയെന്ന് എംഎല്‍എമാര്‍ പറയൂ. മുന്‍പ് ഇതു പറഞ്ഞപ്പോള്‍ ശാസ്ത്രീയ അടിത്തറ ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. രാഷ്ട്രീയ അടിത്തറ വേണ്ടത് സര്‍ക്കാരിന്. മരണകാരണം എന്താണെന്ന് നിങ്ങള്‍ പരിശോധിക്കൂ. നിങ്ങള്‍ ഇതൊന്നും ചെയ്യാതെ ആകാശത്തേക്ക് നോക്കും. 10 കൊല്ലം മുന്‍പത്തേക്ക് പോയി മന്ത്രി അബദ്ധത്തില്‍പ്പെട്ടു. കേരളത്തില്‍ അമീബിക് മസ്തിഷ്ക ജ്വരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 2016 ല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് കൊണ്ടാണ് രോഗം വന്നതെന്ന് ഈ ആരോഗ്യ മന്ത്രി അല്ലാതെ വേറെ ആരെങ്കിലും പറയുമോ ?
ആരോഗ്യ കേരളം ലക്ഷണക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ വിയര്‍പ്പ്. യുഡിഎഫിന്റെ കാലത്ത് ശിശുമരണ നിരക്ക് 12 ശതമാനമാണ്. അവിടെ നിന്ന് അത് അഞ്ച് ശതമാനത്തിലേക്ക് എത്തിച്ചു. ക്രിയാത്മകമായ ഒരു നിര്‍ദേശവും പ്രതിപക്ഷം മുന്നോട്ട് വെച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇരുട്ടില്‍ തപ്പുന്നത് പ്രതിപക്ഷം. നിപയെ പിടിച്ചു കെട്ടാന്‍ കേരളത്തിന് സാധിച്ചു. 33% മാത്രമാണ് മരണ നിരക്ക്. ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാണ് മുന്നോട്ടുപോകുന്നത്. 9 വര്‍ഷം മുമ്പ് ജില്ലാ ആശുപത്രികളില്‍ കാത്തലാബ് ഇല്ല. ഇന്ന് 13 ഇടത്ത് കാത്തലാബ് ഉണ്ട്. കേരളത്തില്‍ കാന്‍സര്‍ സെന്റര്‍ വേണ്ട എന്നായിരുന്നു യുഡിഎഫ് നിലപാട്
ക്രിമിനൽ കേസുള്ള വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ കേരള സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോഴ്സുകൾക്കും ബാധകമാണ്. ബിരുദ പ്രവേശനം നേടുന്ന വിദ്യാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലം ലംഘിക്കുന്ന വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കാൻ പ്രിൻസിപ്പലിന് അധികാരമുണ്ട്.
പിന്നീട് ഇക്കാര്യത്തിൽ കോളേജ് കൗൺസിലിന് മാത്രമേ അന്തിമ തീരുമാനം സ്വീകരിക്കാനാവൂ എന്ന് വിസി ഡോ. മോഹനൻ കുന്നുമ്മലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി യോഗത്തിൽ തീരുമാനമായി.
തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു. ഉച്ചയ്ക്ക് 2:50 നായിരുന്നു അന്ത്യം. മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശേരിയി മെത്രാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 50ലേറെ വർഷങ്ങൾ സഭയെ നയിച്ച മാർ ജേക്കബ് തൂങ്കുഴി ക്രിസ്തുദാസി സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപകനാണ്.
കോഴിക്കോട് വെർച്വൽ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. താമരശ്ശേരി സ്വദേശി മുഹമ്മദ് സൽമാനെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് ഇൻപെക്ടർ രാജേഷ് കുമാറിൻ്റ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഐസിസി ട്വൻ്റി 20 റാങ്കിങ്ങിൽ വരുൺ ചക്രവർത്തി ഒന്നാമത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് വരുൺ.16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കുൽദീപ് 23ലെത്തി. ബാറ്റർമാരിൽ അഭിഷേക് ശർമ തന്നെ ഒന്നാംസ്ഥാനത്ത് ഉള്ളത്.
സുൽത്താൻ ബത്തേരിയിൽ അങ്കണവാടി കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങാൻ നേരിട്ടത്തി പ്രിയങ്ക ഗാന്ധി എംപി. അമ്പലവയൽ പഞ്ചായത്തിൽ വരിപ്ര സ്മാർട്ട് അങ്കണവാടിയുടെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. കുട്ടികളോടൊപ്പം കളിച്ചും മിഠായി വിതരണം ചെയ്തും ഉല്ലസിച്ചാണ് പ്രിയങ്ക ഗാന്ധി അങ്കണവാടിയിൽ നിന്ന് പോയത്.
ഇരിങ്ങാലക്കുടയില്‍ നടന്ന കലുങ്ക് സംവാദം പരിപാടിയില്‍ സഹായം ചോദിച്ച വയോധികയെ അപമാനിച്ച് സുരേഷ് ഗോപി എംപി. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കണം എന്ന ആവശ്യവുമായാണ് വയോധിക എത്തിയത്. ഇതിനു മറുപടിയായി, "ചേച്ചി അധികം വര്‍ത്തമാനം പറയേണ്ട, ഇഡിയില്‍ നിന്ന് പണം ലഭിക്കാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ" എന്നായിരുന്നു എംപി മറുപടി നൽകിയത്.
സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദമായതോടെ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. 'വെറുതേ കലുങ്കിനെ പറയിപ്പിക്കാന്‍' എന്നാണ് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
എല്ലാവരുടെയും ഒപ്പം, എല്ലാവർക്കും വേണ്ടി വികസിത കേരളം എന്ന ആശയം പങ്കുവച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എല്ലാ ബുധനാഴ്ചകളിലും മീറ്റ് ദ ലീഡേഴ്സ് പ്രോഗ്രാം നടക്കുമെന്നും, വ്യാഴായ്ച യുവജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കളുമായി ചർച്ച നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. അവരുടെ വിശ്വാസം നേടി അത് വോട്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ തൈക്കാടുള്ള ശിശുക്ഷേമ സമിതിയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഇന്നലെയാണ് ആൺകുഞ്ഞ് അമ്മതൊട്ടിലിൽ എത്തിയത്. കുഞ്ഞിന് മുകിൽ എന്ന് പേരിട്ടു.
ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലെത്തി. തുടർച്ചയായ മൂന്നാം ലോക ചാംപ്യൻഷിപ്പിൽ നീരജ് ഫൈനലിലെത്തുന്നത്.
തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡൻ്റ് നേമം ഷജീറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ്. ഹു കെയേഴ്‌സ് എന്ന തലക്കെട്ടോടെയാണ് വിജിൽ മോഹനൻ ചിത്രം പങ്കുവെച്ചത്. പ്രതിപക്ഷ നേതാവ് നേമം ഷജീറിനോട് അതൃപ്തി തുടരുന്നതിനിടെയാണ് പോസ്റ്റ് പങ്കുവച്ചത്.
ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി. ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും, എല്ലാ പരാതികളും ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രിംകോടതി അറിയിച്ചു.
പാലക്കാട് മാങ്കുറുശ്ശിയിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പങ്കജ നിവാസിൽ പങ്കജം (85), രാജൻ (80) എന്നിവരാണ് മരിച്ചത്. പങ്കജത്തെ വീട്ടിലെ മുറിയിലും രാജനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല, മങ്കര പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.
ഗാസയിൽ കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രയേൽ. ഗാസയിലെ ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ പ്രത്യേക പാത നിശ്ചയിച്ചു. വടക്കൻ ഗാസയിൽ ഇൻ്റർനെറ്റ് , ടെലിഫോൺ സേവനങ്ങൾ തടസപ്പെട്ടു.
ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു രണ്ട് പേർ മണ്ണിനടിയിൽപ്പെട്ടു. റിസോർട്ടിന് സംരക്ഷണഭിത്തി കെട്ടുമ്പോഴായിരുന്നു അപകടം. അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തി തിരച്ചിൽ തുടങ്ങി.
ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം. ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റിസോർട്ടിന് സംരക്ഷണഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.
തൻ്റെ ഭരണകാലത്തെ കുറിച്ച് ഏകപക്ഷീയമായി ആക്രമണം നടക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി എ. കെ. ആൻ്റണി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമ സഭയിൽ ഈ കാര്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നൽകാനാണ് വന്നത്. തനിക്ക് പലതും തുറന്നു പറയാൻ ഉണ്ട്, അത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കുമെന്നും ആൻ്റണി വ്യക്തമാക്കി.
മലപ്പുറം എടവണ്ണയിലെ വീട്ടിൽനിന്ന് ആയുധശേഖരം പിടികൂടിയ കേസിൽ പ്രതി ഉണ്ണിക്കമ്മദിനെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വീട്ടിൽ നിന്ന് കൂടുതൽ ആയുധങ്ങൾ കണ്ടെത്താനായില്ല.20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200ലധികം വെടിയുണ്ടളും വീട്ടിൽ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.
പി. കെ. ഫിറോസിന് മറുപടിയുമായി കെ. ടി. ജലീൽ. താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല. തനിക്ക് എവിടെയും ബിസിനസ് വിസ ഇല്ല. ഫിറോസിനെ പോലുള്ള പ്രമാണിമാർക്ക് കിട്ടുന്നതാണ് ബിസിനസ് വിസയെന്നും ജലീൽ പറഞ്ഞു.
മലയാളം സർവകലാശാല ഭൂമി വിഷയം നിയമസഭയിൽ കൊണ്ടുവരാൻ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും ജലീൽ വ്യക്തമാക്കി.
ഏഷ്യാ കപ്പിൽ ഇന്ന് നടക്കാനിരുന്ന പാക്-യുഎഇ മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറി. റഫറിയെ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് പിന്മാറ്റം എന്നാണ് സൂചന.
കോഴിക്കോട് നാദാപുരത്ത് 10 വയസുകാരിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവും 30000/- രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയായ പൂതംപാറ സ്വദേശി കുന്നുമ്മൽ കുഞ്ഞിരാമനാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.
സോണിയ ഗാന്ധി വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്ക് ഒപ്പം വെള്ളിയാഴ്ചയാണ് വയനാട്ടിലേക്ക് വരുന്നത്. ഒരു ദിവസത്തെ സന്ദർശനം മാത്രം എന്നാണ് ലഭ്യമാകുന്ന വിവരം. പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്.
അവശ നിലയിൽ കിടന്നുറങ്ങിയ വയോധികന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെയാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്ത്.
വടക്കാഞ്ചേരി തെക്കുംകര സ്വദേശി പി.വി ശശിക്കാണ് തിരുവോണ നാളിൽ ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നെങ്കിലും നേരത്തെ പൊലീസ് കേസെടുത്തിരുന്നില്ല. 18 ശതമാനത്തിലേറെ ഗുരുതരമായി പരിക്കേറ്റ ശശി ഇപ്പോഴും തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ വിയോഗം നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എഷ്യാ കപ്പിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്താനെ അനുനയിപ്പിക്കാനുള്ള ശ്രമം ഫലം കണ്ടു. പാക് ടീം സ്റ്റേഡിയത്തിലെത്തി, മത്സരം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ
കൊച്ചി കായലിൽ നിന്ന് പുരുഷൻ്റെ മൃതദേഹം കിട്ടി. രണ്ടുദിവസം പഴക്കമുള്ള മൃതദേഹം ആണ് നേവൽ ബേസിന് സമീപമുള്ള കായലിൽ നിന്ന് ലഭിച്ചത്. ഹാർബർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് അടുപ്പിച്ചു.
രാഹുൽ ഗാന്ധി നാളെ രാവിലെ 10 മണിക്ക് മാധ്യമങ്ങളെ കാണും.
മുഖ്യമന്ത്രി എന്നോടൊപ്പം എന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാറിൻ്റെ വിശദീകരണം. പദ്ധതികളുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യും. പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടി ഉറപ്പാക്കും. പരിപാടിക്ക് സാങ്കേതിക അടിസ്ഥാന സൗകര്യം ഒരുക്കാൻ കിഫ്ബിയെ ചുമതലപ്പെടുത്തി. പദ്ധതിയുടെ പ്രചരണത്തിന് 20 കോടി രൂപ അനുവദിച്ചു.
കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എംപി എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ റേഷൻ ലഭിക്കാനായി നിന്നവരെ കണ്ട് അവരോട് സംസാരിച്ചാണ് യാത്ര തുടർന്നത്.
തൃശൂർ പൂങ്കുന്നത്ത് ഫ്ലാറ്റിൻ്റെ പതിനേഴാം നിലയിൽ നിന്നും വീണ് യുവാവ് മരിച്ചു.എടക്കഴിയൂർ പുന്നയൂർ സ്വദേശി അഖിൽ (22) ആണ് മരിച്ചത്. ഫ്ലാറ്റിലെ ഇലക്ട്രിക് ജോലിക്ക് എത്തിയതായിരുന്നു യുവാവ്. ഇന്ന് പകൽ 2.45 യാണ് അപകടം സംഭവിച്ചത്.
ഡോ. എം. ലീലാവതിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ അപലപനീയമെന്ന് വനിതാ കമ്മീഷൻ. കേരളം ആദരിക്കുന്ന ടീച്ചറെ അധിക്ഷേപിക്കുന്നത് വേദനാജനനകമാണ്. കേരളീയ സമൂഹം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. വനിതാ കമീഷൻ മീഡിയ മോണിറ്ററിങ് സെൽ പ്രവർത്തനം ശക്തപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നും വനിതാ കമ്മീഷൻ അറിയിച്ചു.