നിയമസഭ ഇന്ന് വീണ്ടും സമ്മേളിക്കും. ഇന്നും സഭയിലെത്തി കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടേണ്ടെന്ന തീരുമാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. എത്തിയാൽ, സർക്കാരിനെതിരായ ആക്രമണത്തിൻ്റെ മൂർച്ച കുറയുമെന്ന് രാഹുലിനെ നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. നിലവിൽ അടൂരിലെ വീട്ടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.
അതേസമയം, സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞ് നിയമസഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. കുന്നംകുളം കസ്റ്റഡി മർദനം അടക്കമുള്ള അതിക്രമങ്ങൾ ഉന്നയിച്ച് ആഭ്യന്തര വകുപ്പിന്റെ വീഴ്ച തുറന്നുകാട്ടും. ആഗോളഅയ്യപ്പ സംഘമവും, ആരോഗ്യവകുപ്പിലെ പ്രതിസന്ധിയും ഉൾപ്പെടെ ഉയർത്തി സർക്കാരിനെതിരെ ആഞ്ഞടിക്കും.
ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഇന്ന്. റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി സെപ്റ്റംബർ 15 ആയിരുന്നു. നികുതിദായകരുടെ ആവശ്യം പരിഗണിച്ച് ആദായനികുതി വകുപ്പ് ഒരു ദിവസം കൂടി നീട്ടി നൽകുകയായിരുന്നു.
മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. നാട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. സ്ഥിരം വരുന്ന വഴിയിലൂടെ പുലി വന്നിരിക്കുന്നത്. വലിയ ആശങ്കയിലാണ് മണ്ണാർമലയിലെ ജനങ്ങൾ
പത്തനംതിട്ട കോയിപ്രം ഹണിട്രാപ്പ് ക്രൂരതയിൽ സമഗ്രാന്വേഷണത്തിന് പൊലീസ്. പ്രതി ജയേഷിന്റെ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ ശേഖരിക്കും. പ്രതികളുടെ അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കാനും നീക്കം. ജയേഷിനും ഭാര്യക്കുമായി നാളെ തന്നെ കസ്റ്റഡി അപേക്ഷ നൽകാൻ അന്വേഷണ സംഘം.
കൊച്ചിയിൽ വ്യാജ ട്രേഡിങിലൂടെ വ്യവസായിയിൽ നിന്ന് 25 കോടി തട്ടിയ കേസിൽ അന്വേഷണസംഘം ഹൈദരാബാദിലേക്ക്. ക്യാപിറ്റലിക്സിന്റെ പേരിലെ തട്ടിപ്പിൽ ഒരു പ്രതിയെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദ് പൊലീസിൽ നിന്ന് ഈ വിവരങ്ങൾ തേടും. അതേസമയം, സംസ്ഥാനത്ത് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. രണ്ടുവർഷം മുൻപ് വരെ സംഘം തട്ടിപ്പ് നടത്തിയിരുന്നത് എഫ്എക്സ് റോഡ് എന്ന പേരിലാണ്. ആർബിഐ ഇത് നിരോധിച്ചതോടെ പേര് മാറ്റിയെന്നും കണ്ടെത്തൽ.
വയനാട് ഈസ്റ്റ് ചീരാൽ കളന്നൂർ കുന്ന് ജനവാസ മേഖലയിൽ കരടി. പട്ടം ചിറ വിശ്വനാഥൻ്റെ വീട്ടിൽ രണ്ട് പ്രവിശ്യമായി കരടി വന്നു. രാത്രിയിൽ വീടിനു സമീപം എത്തിയ കരടി ചക്ക തിന്നുന്ന ദൃശ്യങ്ങൾ ലഭിച്ചു. കാടിനോട് ചേർന്ന ഭാഗത്തായിരുന്നു കരടിയെ കണ്ടിരുന്നത്. എന്നാൽ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് കരടി എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാർ.
പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി ജീവനൊടുക്കാൻ ശ്രമിച്ചു. വിതുര മീനാങ്കൽ സ്വദേശി ആനന്ദ് ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ബി കമ്പനി പ്ലറ്റൂൺ ലീഡറാണ് ആനന്ദ്. ബാത്ത് റൂമിനുള്ളിൽ രണ്ട് കൈയിലെയും ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്നംകുളം പൊലീസ് മർദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. പൊലീസിനെ തല്ലിയത് ഉൾപ്പെടെ 11 കേസുകളിൽ സുജിത് പ്രതിയാണെന്നും പോലീസുകാർ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ എന്നും അബ്ദുൾ ഖാദറിന്റെ ചോദ്യം. സുജിത്തിനെ പറ്റി മാധ്യമങ്ങൾ സംസാരിക്കുന്നത് വീര പുരുഷന്റെ അവതാരകഥകൾ പറയും പോലെയെന്ന് അബ്ദുൾ ഖാദർ. സുജിത്തിന്റെ വിവാഹം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെയും വിമർശനം.
റാപ്പർ വേടനെതിരെ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് വേടന്റെ കുടുംബം നൽകിയ പരാതിയിൽ അന്വേഷണം. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. പരാതിയിൽ അന്വേഷണം നടത്താൻ തൃക്കാക്കര എസിപിയ്ക്ക് നിർദേശം നൽകി കമ്മീഷണർ.
സർക്കാർ ആശുപത്രികളിൽ രോഗികൾ സ്വന്തം ചെലവിൽ ഉപകരണം വാങ്ങേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ. ഇത് സർക്കാർ മാർഗനിർദേശങ്ങൾക്ക് അനുസൃതമല്ല. ഇതിനെ നിരുത്സാഹപ്പെടുത്തണം. അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ വകുപ്പിനെ നിർബന്ധമായും അറിയിക്കണമെന്നും ആരോഗ്യമന്ത്രി.
യുഡിഎഫ് കാലത്ത് 15.60 കോടി രൂപയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിനായി ചെലവഴിച്ചത്. ഒന്നാം പിണറായി സർക്കാർ 41.84 കോടി ചെലവഴിച്ചു. ഈ സർക്കാർ 80.66 കോടി രൂപ ചെലവഴിച്ചെന്നും ആരോഗ്യമന്ത്രി.
ആരോഗ്യ മേഖലയ്ക്ക് കപ്പിത്താൻ ഇല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്തെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ. 10 വർഷം കൊണ്ട് സിസ്റ്റത്തിൻ്റെ തകരാർ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ?
യുഡിഎഫ് കാലത്ത് 6 മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചിടത്താണ് ഒരു കാത്ത് ലാബ് സ്ഥാപിച്ചതിനെ കുറിച്ച് മന്ത്രി പറയുന്നതെന്നും എം. വിൻസെൻ്റ് നിയമസഭയിൽ.
സർക്കാർ ആശുപത്രികളിൽ പഞ്ഞി വരെ വാങ്ങി പോകേണ്ട അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മേധാവിമാര്‍ വരെ പരാതി പറയുന്ന ഗുരുതരമായ വിഷയം. സ്വകാര്യ മേഖലയ്ക്ക് രോഗികളെ ചൂഷണം ചെയ്യാനുള്ള സൗകര്യമാണോ സർക്കാർ ഒരുക്കുന്നത്. 10 വർഷം മുൻപത്തെ കണക്കാണോ ഇവിടത്തെ ചോദ്യം. ഇഎംഎസിന്റെ കാലത്ത് എക്സ്റേ പോലും ഉണ്ടായിരുന്നില്ലെന്നും വി.ഡി സതീശൻ.
പ്രതിപക്ഷ നേതാവ് എന്തിനാണ് ഇത്രയും പ്രകോപിതനാകുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ. ഞാൻ ഇവിടെ പറഞ്ഞത് കണക്കുകൾ. ഞാൻ സഭയിൽ വച്ച രേഖകളെ പ്രതിപക്ഷത്തിന് ചലഞ്ച് ചെയ്യാം. പ്രതിപക്ഷ നേതാവിനെ സംവാദത്തിന് ക്ഷണിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി.
കെ ഫോൺ വിഷയത്തിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി. സേവനം ആരംഭിച്ച് ഒരു ലക്ഷം കണക്ഷനും രാജ്യത്ത് എവിടെയും സേവനം നൽകാനുള്ള ലൈസൻസും നേടാനായത് അഭിമാനകരം. അടുത്ത വർഷം രണ്ടര ലക്ഷം കണക്ഷനുകളാണ് ലക്ഷ്യം. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ആദിവാസി മേഖലയിൽ ഉൾപ്പെടെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നു.
പൊലീസ് ഗുണ്ടകളുടെ രക്ഷാധികാരിയായി പിണറായി മാറിയെന്ന് ഷാഫി പറമ്പിൽ. പൊലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി ഇത് വരെ പ്രതികരിച്ചില്ല. പൊലീസ് അതിക്രമം സർക്കാർ നയമല്ല എന്നും പറയുന്നില്ല. പ്രതിപക്ഷവും മാധ്യമങ്ങളും എന്ത് പറഞ്ഞാലും ഗുണ്ടകൾ പേടിക്കേണ്ട എന്ന സന്ദേശം ആണ്.
കാക്കിയണിഞ്ഞ് പൊലീസ് പാര്‍ട്ടി പണിയെടുക്കുന്നു. കുന്നംകുളം മര്‍ദ്ദനത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുന്നില്ല. സര്‍ക്കാര്‍ അധിക കാലം തുടരില്ല എന്ന് അതിന്റെ തലപ്പത്ത് ഉള്ളവര്‍ക്കറിയാം.
കെഎസ്‍യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ചു കൊണ്ടുപോകുന്നു. കൊടി സുനിയെ എങ്ങനെയാണ് പൊലീസുകാര്‍ കൊണ്ടുപോകുന്നത്? എല്ലാ സുഖസൗകര്യങ്ങളും മദ്യവും നല്‍കുന്നു. ഗുണ്ടയുടെ മനസ്സാണ് ഭരിക്കുന്നവര്‍ക്ക്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആരാണ് അത് സൃഷ്ടിച്ചത് എന്ന് പറയാന്‍ പൊലീസിന് ആര്‍ജവം ഉണ്ടോ?കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഞങ്ങളുടെ തലയില്‍ ഇടാന്‍ ശ്രമിച്ചു. ആരാണ് ഈ നാടിനെ തമ്മില്‍ അടിപ്പിക്കാന്‍ ശ്രമിച്ചത്? ഇത് പറയാന്‍ പൊലീസിന് ഉത്തരവാദിത്തം ഉണ്ട്. നമ്മള്‍ ആണെങ്കില്‍ അത് പുറത്ത് പറയാതിരിക്കുമോ എന്നും ഷാഫി പറമ്പില്‍.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് നമ്മള്‍ ആവശ്യപ്പെട്ടത് സഹായമാണെന്നും എന്നാല്‍ കേന്ദ്രം നല്‍കിയത് സഹായമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ ക്രമീകരണങ്ങളും നല്‍കി. ഒരു ആശങ്കയും വേണ്ട. പറഞ്ഞ തീയതിയില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ ഭൂമി വിവാദത്തില്‍ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ വാദം പൊളിയുന്നു.. തിരൂരിലെ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെയാണെന്ന് തെളിയിക്കുന്ന ഉത്തരവിന്റെ നിര്‍ണായക രേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു... ചതുപ്പായി കിടക്കുന്ന സ്ഥലം തരം മാറ്റുന്നതിന് വേണ്ടി കൃഷിവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ രേഖയാണ് പുറത്ത് വന്നത്...
സപ്ലൈകോയിൽ 386 കോടി രൂപയുടെ ഓണവിൽപ്പനയാണ് നടന്നതെന്ന് മന്ത്രി ജി.ആർ. അനിൽ സഭയിൽ. സബ്സിഡി ഇനത്തിൽ 180 കോടിയുടെ വിൽപ്പന നടന്നു. നോൺ സബ്സിഡി ഇനത്തിൽ 206 കോടി രൂപയുടെ വിൽപ്പന നടന്നുവെന്നും അനിൽ
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കാൻ ആകില്ലെന്ന് പൊലീസ്. വോട്ട് ചേർത്തതുമായി ബന്ധപ്പെട്ട ടി.എൻ. പ്രതാപൻ നൽകിയ പരാതിയിലാണ് നടപടി. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ല. നിലവിൽ ലഭ്യമായ രേഖകൾ വച്ച് കേസെടുക്കാനാവില്ലെന്നും പൊലീസ് പറഞ്ഞു. കോടതിയെ സമീപിക്കുമെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു.
കൊല്ലത്ത് ആരാധനാ മഠത്തിൽ കന്യാസ്ത്രീയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ആണ് ജീവനൊടുക്കിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. വ്യക്തപരിമായ പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്
ഷെയർ ട്രേഡിങ്ങ് വഴി കോടികൾ തട്ടിയ പ്രതികൾ കൊച്ചി ഹിൽപാലസ് പോലീസിന്റെ പിടിയലായി. തൊടുപുഴ വണ്ണപ്പുറം സ്വദേശി യാസിൻ കൂട്ടാളി ആദിൽ എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ സ്വദേശിയിൽ നിന്ന് തട്ടിയത് ഒരു കോടി എട്ട് ലക്ഷം രൂപയാണ്.
വയനാട് സുഗന്ധഗിരിയിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറെ അർധരാത്രി ഓഫീസിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രതീഷ് കുമാറിനെ കുരുക്കിലാക്കി ശബ്ദരേഖ. പരാതിയിൽ നിന്ന് പിൻമാറാൻ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്ന സംഭാഷണം പുറത്ത്. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നുമാണ് രതീഷ് കുമാർ പറയുന്നത്. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ.
അതിജീവിതയ്ക്ക് പണവും വാഗ്ദാനം ചെയതു. എന്നാൽ തനിക്ക് നേരിട്ട പീഡന ശ്രമത്തിന് ആര് മറുപടി പറയുമെന്നാണ് ജീവനക്കാരി ചോദിക്കുന്നത്. വനംവകുപ്പിലെ തന്നെ രണ്ട് പീഡന പരാതികളിൽ ആരോപണ വിധേയനാണ് രതീഷ്. അതേസമയം, തെളിവുകൾ പുറത്ത് വന്നിട്ടും അറസ്റ്റിലേക്ക് പടിഞ്ഞാറത്തറ പൊലീസ് കടന്നിട്ടില്ല.
ബി.അശോകിന്റെ സ്ഥലം മാറ്റത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്തു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെതാണ് നടപടി.
കുന്നംകുളം കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ എംഎല്‍എ റോജി എം. ജോണ്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നു. പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത് മര്‍ദന വീഡിയോ പുറംലോകം കണ്ടതിന്റെ ജാള്യത മറയ്ക്കാനാണ്. കുന്നംകുളത്ത് സുജിത്തിന് അതിക്രൂര മര്‍ദനമാണ് നടന്നതെന്ന് റോജി എം ജോണ്‍ പറഞ്ഞു.
സെക്രട്ടറിയേറ്റിന്റെ ഒന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു എന്ന് പറയുന്നത് പോലെയുള്ള നടപടി. പൊലീസുകാര്‍ കേരള സേനയ്ക്ക് തന്നെ അപമാനകരം.
കേരള പൊലീസില്‍ തുടരാന്‍ യോഗ്യരല്ലാത്ത ഈ ഉദ്യോഗസ്ഥരെ പൊലീസ് സേനയില്‍ നിന്ന് തന്നെ നീക്കണം. 20 ലക്ഷം രൂപ കൊടുത്ത് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും റോജി എം. ജോൺ.
കേരളത്തിലെ പൊലീസ് ആകെ കുഴപ്പമാണെന്ന് സ്ഥാപിക്കാന്‍ യുഡിഎഫ് നീക്കം. കേസുകളില്‍പ്പെട്ട നിരവധി പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ട്. നിരവധി പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും സേവ്യര്‍ ചിറ്റിലപ്പിള്ളി.
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ചത് സഭയില്‍ അവതരിപ്പിക്കുന്നത് രണ്ടര വര്‍ഷം കഴിഞ്ഞ്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നത് യുഡിഎഫിന്റെ വിഷയ ദാരിദ്ര്യം. മുഖ്യമന്ത്രി ഇടപെട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എന്തുകൊണ്ടാണ് ഇത്രയും കാലം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നത്. ലോക്കപ്പ് മര്‍ദനം ഇടതു മുന്നണി നയമല്ല.
യുഡിഎഫ് നയങ്ങളില്‍ ആവേശം കൊണ്ട് ചില ആളുകള്‍ തെറ്റായ നയം സ്വീകരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ട്.
പൊലീസ് ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും ലോക്ക്അപ്പുകളില്‍ മനുഷ്യാവകാശ ലംഘനം നടക്കില്ല എന്ന് ഉറപ്പുവരുത്തുമെന്നും എല്‍ഡിഎഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനമാണെന്ന് അനൂപ് ജേക്കബ് എംഎല്‍എ.
ബിരിയാണിയുടെ പേരില്‍ കരണമടിച്ച് പൊട്ടിക്കുന്നവരായി കേരള പൊലീസ് മാറി. സ്ഥലം നടപടിയല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം എന്ത് വൃത്തികേട് ചെയ്താലും സംരക്ഷിക്കപ്പെടും എന്ന ഉറപ്പ് പൊലീസ് ക്രിമിനലുകള്‍ക്ക് ഉണ്ടെന്നും അനൂപ് ജേക്കബ് പ റഞ്ഞു.
പൊലീസില്‍ പുഴുക്കുത്തുകള്‍ ഉണ്ട്. ഇതിനെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നുണ്ട്. എത്ര പേരെ ഇതിനകം പിരിച്ചുവിട്ടു. ഏതുകാലത്താണ് ഇതിനുമുമ്പ് പൊലീസ് സേനയില്‍ നിന്ന് കുറ്റക്കാരെ പിരിച്ചു വിട്ടിട്ടുള്ളത്? എണ്ണത്തില്‍ കുറവാണെങ്കിലും ഇത്തരം ക്രിമിനലുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. 2012ല്‍ ഷോക്കടിപ്പിച്ച് പിടഞ്ഞിരുന്നവരെ കണ്ട് രസിക്കുന്ന പൊലീസുകാരുടെ കാലം ഉണ്ടായിരുന്നു. ഈ കാലത്തുണ്ടാകുന്ന കാര്യങ്ങളില്‍ പൊലീസ് നടപടി സ്വീകരിക്കുന്നു. പിരിച്ചുവിടാന്‍ നിയമപരമായുള്ള നടപടിക്രമങ്ങള്‍ ഉണ്ട്. എല്‍ഡിഎഫ് നയത്തില്‍ നിന്നും വ്യതിചലിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കും. ശിവഗിരിയില്‍ സന്യാസിമാരുടെ തല അടിച്ചുപൊട്ടിച്ചത് ആന്റണിയുടെ കാലത്താണ്.
അടിയന്തരാവസ്ഥക്കാലത്തെ മുഖ്യമന്ത്രിയുടെ പ്രസംഗം ഓര്‍മിപ്പിച്ച് എം. ഷംസുദ്ദീന്‍ എംഎല്‍എയും. പൊലീസിനെ ഇങ്ങനെ കയറൂരി വിടാനാണോ ഭാവം എന്ന്, അന്നത്തെ യുവ എംഎല്‍എ കരുണാകരനോട് ചോദിച്ചു. 48 വര്‍ഷത്തിനിപ്പുറം, ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആ ചോദ്യം പ്രതിപക്ഷം തിരിച്ചു ചോദിക്കുകയാണെന്ന് എം ഷംസുദ്ദീന്‍ എംഎല്‍എ.
പൊലീസ് അഴിഞ്ഞാട്ടം മൂര്‍ധന്യാവസ്ഥയില്‍. സാധാരണക്കാരന് നേരെ പൊലീസ് അതിക്രമങ്ങള്‍ കൂടുന്നു. മുഖ്യമന്ത്രി പറയുന്നത് പൊലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്നാണ്. പൊലീസിന്റെ മനോവീര്യത്തേക്കാള്‍ വലുതാണ് ജനങ്ങളുടെ അന്തസ്സും അഭിമാനവും. അതിനെ ചവിട്ടി മെതിക്കുന്ന പൊലീസിന് മുഖ്യമന്ത്രി നല്‍കുന്ന ഊര്‍ജമാണ് ''മനോവീര്യം'' എന്ന വര്‍ത്തമാനം.
ഒരുപാട് ഒറ്റപ്പെട്ട സംഭവങ്ങള്‍ ചേര്‍ന്നാണ് വലിയ സംഭവവമായി മാറുക. ഇങ്ങനെ ന്യായീകരിക്കരുത്. ഇപ്പോഴത്തെ പൊലീസുകാര്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റുകള്‍. നല്ല ചെവി കണ്ടാല്‍ അടിച്ചു പൊട്ടിക്കും. മലദ്വാരത്തില്‍ പോലും ലാത്തി കയറ്റിയ പൊലീസാണ് മുഖ്യമന്ത്രിയുടെ പൊലീസ്.
മുഖ്യമന്ത്രി മറുപടി പറയാനിരിക്കുമ്പോള്‍ പ്രതിപക്ഷം എഴുന്നേറ്റ് പോകരുത്. പൊലീസിലെ ചില പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടി സേന മുഴുവന്‍ അങ്ങനെയാണെന്ന് പറയരുത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന നടപടി സ്വീകരിച്ച മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കേരളത്തില്‍ ഏതെങ്കിലും ഒരു മുഖ്യമന്ത്രിയുടേയോ ആഭ്യന്തര മന്ത്രിയുടേയോ കാലത്ത് ഒരു ഹെഡ് കോണ്‍സ്റ്റബിളിനെ എങ്കിലും എന്നെങ്കിലും പിരിച്ചു വിട്ടിട്ടുണ്ടോ എന്നും ജലീല്‍ ചോദിച്ചു.
144 പൊലീസ് ഉദ്യോഗസ്ഥരെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം സേനയില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി എടുത്തിട്ടുള്ളത്. സസ്‌പെന്‍ഡ് ചെയ്യുകയല്ല ചെയ്തത്. നിങ്ങളുടെ ഭരണകാലത്ത് ഒരാളെയെങ്കിലും പിരിച്ചുവിട്ടെന്ന് കോണ്‍ഗ്രസിനോ മുസ്ലീം ലീഗിനോ പറയാന്‍ സാധിക്കുമോ?
നബി ദിന റാലിയിലേക്ക് പൊലീസ് വെടിവെച്ചത് യുഡിഎഫ് കാലത്ത്. ഇന്നാണ് അത് നടക്കുന്നതെങ്കില്‍ കേരളത്തെ നിങ്ങള്‍ ചുട്ട് ചാമ്പലാക്കും. ആലപ്പുഴയില്‍ രണ്ട് പേരാണ് മരിച്ചു വീണത് എന്നും കെ.ടി. ജലീല്‍.
കേരളത്തിലെ പൊലീസ് ലോക്കപ്പുകള്‍ മൂന്നാംമുറ കേന്ദ്രങ്ങളായി മാറുന്ന സംഭവങ്ങളാണ് കാണുന്നതെന്ന് കെകെ രമ. പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകുന്നവര്‍ തിരിച്ച് ആംബുലന്‍സില്‍ വരേണ്ട സ്ഥിതിയാണ്. ജനമൈത്രി സ്‌റ്റേഷനുകള്‍ കൊലമൈത്രി സ്‌റ്റേഷനുകളായി മാറുകയാണ്. പൊലീസ് സ്റ്റേഷനുകള്‍ ഗുണ്ടാ സ്റ്റേഷനുകളായി മാറരുത് എന്നാണ് പറയാനുള്ളത്.
ഒന്ന് പറഞ്ഞിട്ട് പോകാമെന്നാണ് പ്രതിപക്ഷം കരുതിയത്. അതുകൊണ്ടാണ് സബ്മിഷന്‍ ഒന്നും നല്‍കാത്തത്. റോജിയുടെ അവതരണം നനഞ്ഞ പടക്കമായി. പൊലീസിന്റെ പ്രവര്‍ത്തിയെ ഞങ്ങളാരും അംഗീകരിക്കുന്നില്ല. ചെറുപ്പക്കാരന്റെ പ്രവൃത്തിയെ നിങ്ങളും അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാണ് ഇതുവരെ ആ വിഷയം ഉയര്‍ത്തിക്കൊണ്ടു വരാത്തതെന്ന് കടകംപള്ളി സുരേന്ദ്രന്‍.
കുന്നംകുളത്ത് പൊലീസ് മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത് ഹൈക്കോടതിയില്‍. സുജിത്തിന്റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയിക്കണം. മനുഷ്യാവകാശ കോടതികളുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കണം. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. പൊലീസ് മര്‍ദനങ്ങളില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.
അടിയന്തര പ്രമേയത്തിന് യോജിച്ച വിഷയമല്ല പൊലീസ് കസ്റ്റഡി മര്‍ദനങ്ങൾ എങ്കിൽ എന്തിനാണ് മുഖ്യമന്ത്രി സമ്മതിച്ചതെന്ന് വി.ഡി. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കൊടുക്കാതെ പിടിച്ചു വെക്കുന്നു. ദൃശ്യങ്ങളിൽ കാണുന്നത് മാത്രമല്ലല്ലോ. കാണാത്ത സ്ഥലത്ത് കൊണ്ടു പോയും ക്രൂരമായി മർദിക്കുന്നുണ്ടെന്ന് വി.ഡി. സതീശൻ സഭയിൽ പറഞ്ഞു. കരിക്ക് കെട്ടിയിട്ട് അടിക്കാൻ ഇവരൊക്കെ ആരാണ് ആക്ഷൻ ഹീറോ ബിജു ആണോ? എന്നും വി.ഡി. സതീശൻ പരിഹസിച്ചു.
താൻ ചെറുപ്പം മുതലേ ഞാൻ ജീവിക്കുന്നത് സ്റ്റാലിന്‍റെ റഷ്യയിലായിരുന്നില്ല നെഹ്റു നേതൃത്വം കൊടുത്ത കോൺഗ്രസ് ഭരണത്തിൻ കീഴിലായിരുന്നുവെന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി എന്നതാണ് നയം. അത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യം. സ്റ്റാലിനെ അനുകരിച്ചതുകൊണ്ടാണോ എന്നറിയില്ല, കോണ്‍ഗ്രസ് നേതൃത്വത്തിലാണ് അക്രമങ്ങള്‍ നടന്നത്. കമ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയിരുന്നത് എന്നത് ചരിത്ര വസ്തുതയാണ്. ഇതൊക്കെ ചെയ്യാനുള്ള കരുത്ത് കിട്ടിയത് എങ്ങനെയാണെന്നും മുഖ്യമന്ത്രി.
2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ സമഗ്രമായ നിയമം വന്നു. അത് രാജ്യത്ത് തന്നെ ആദ്യമായിരുന്നു. ഇതൊക്കെ സാധാരണ നിലയില്‍ പ്രതീക്ഷിക്കാന്‍ കഴിയുമോ?
2016 മുതല്‍ 2024 ജൂണ്‍ വരെ 108 പൊലീസുകാരെ പിരിച്ചുവിട്ടു. 2024 ഒക്ടോബര്‍ 2025 സെപ്തംബര്‍ വരെ 36 പേരെ പിരിച്ചുവിട്ടു. ആകെ 144 പേരെ പിരിച്ചുവിട്ടു. രാജ്യത്ത് തന്നെ മറ്റെവിടെയെങ്കിലും കര്‍ശന നപടി സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ഉണ്ടോ?
ഏതെങ്കിലും ഒരു സംഭവം ചൂണ്ടിക്കാട്ടി കേരള പൊലീസാകെ മോശമെന്ന് ചിത്രീകരിക്കാന്‍ ആകില്ല. ഒരു അഴിമതി ചൂണ്ടിക്കാണിച്ചാല്‍ അത് കേരള പൊലീസിന് ആകെ ഇടിവ് വരുമോ? അയാള്‍ക്കെതിരെ കര്‍ക്കശമായ നിലപാട് എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒട്ടകപക്ഷി മണ്ണില്‍ തല പൂഴ്ത്തി നില്‍ക്കുന്നത് പോലെ മുഖ്യമന്ത്രി മിണ്ടാതെ ഇരിക്കുന്നു. പറഞ്ഞത് ബ്രിട്ടീഷുകാരുടെ കാലത്തെ പൊലീസ് പ്രശ്‌നങ്ങള്‍. ഇപ്പോഴുള്ള പ്രശ്‌നങ്ങളില്‍ മറുപടി പറഞ്ഞത് 5 മിനിറ്റ് മാത്രം. അദ്ദേഹത്തിന്റെ ഭരണകാലത്ത് നടക്കുന്ന കാര്യങ്ങളില്‍ മറുപടി പറഞ്ഞില്ല.
അമീബിക് മസ്തിഷ്കജ്വരത്തില്‍ മരണ നിരക്ക് കുറയ്ക്കാൻ കഴിയുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് വളരെ ആശ്വാസകരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ജാഗ്രതാ നിർദേശങ്ങൾ പാലിക്കുക. ക്ലോറിനേഷൻ ഉൾപ്പെടെ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അത് പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊല്ലം നെടുമ്പനയിൽ ലോക്കൽ സെക്രട്ടറിക്ക് പൊലീസ് മർദനമേറ്റതിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം. കൊല്ലം ഡിസിസി സെക്രട്ടറി ഫൈസൽ കുളപ്പാടമാണ് ആരോപണം ഉന്നയിച്ചത്.
ലോക്കൽ സെക്രട്ടറി സജീവ് മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞ സജീവിന് എതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ഫൈസൽ കുളപ്പാടം ന്യൂസ് മലയാളത്തോട് പറഞ്ഞു. സഭയിൽ പറഞ്ഞ എഫ്ഐആറിലെ പ്രതി വിനോദ് എന്ന വ്യക്തി ആണെന്നാണ് ഫൈസൽ പറയുന്നത്.
വയനാട് സുഗന്ധഗിരി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ പീഡനശ്രമത്തില്‍ പ്രതിയായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്പെൻഷൻ. കേസ് ഒതുക്കാൻ രതീഷ് സ്വാധീനിക്കുന്നതിൻ്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ആണ് നടപടി.
പയ്യോളി കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ സ്കൂളിൽ ഒമ്പതാംക്ലാസുകാരനെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി. അയനിക്കാട് സ്വദേശിയായ വിദ്യാർഥിക്കാണ് മർദനമേറ്റത്. സീനിയർ വിദ്യാർഥികൾ പണം ആവശ്യപ്പെടുകയും, വിദ്യാർഥി നൽകാത്തതിനെ തുടർന്ന് മർദിക്കുകയുമായിരുന്നു.
തലയ്ക്കും മുഖത്തും നെഞ്ചിലും മർദനമേറ്റ പാടുകളുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ പയ്യോളി പൊലീസിൽ പരാതി നൽകി. മർദന വിവരം സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചില്ലെന്നും സീനിയർ വിദ്യാർഥികൾക്ക് എതിരെ നടപടി സ്വീകരിച്ചില്ലെന്നും രക്ഷിതാവ് ആരോപിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്. കാത്ത് ലാബിൽ ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലെന്ന് ഹൃദ്രോഗ വിഭാഗം തലവൻ. ഇക്കാര്യം വ്യക്തമാക്കി സൂപ്രണ്ടിന് കത്ത് നൽകി.
കോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി എൻ.എം. വിജയന്റെ മരുമകൾ പത്മജ. സെപ്റ്റംബർ 30ന് അകം പണയത്തിൽ ആയ ആധാരം എടുത്തു നൽകണമെന്ന് പത്മജ ആവശ്യപ്പെട്ടു. ബത്തേരി അർബൻ ബാങ്കിലെ വീടും പറമ്പും പണയംവച്ച ആധാരമാണ് എടുത്തു നൽകേണ്ടത്.
ഇതിനു തയ്യാറായില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ ഡിസിസി ആസ്ഥാനത്ത് സമരം തുടങ്ങുമെന്ന് പത്മജ അറിയിച്ചു.
സാമ്പത്തിക തർക്കത്തെ തുടർന്ന് 55 കാരിക്ക് ക്രൂര മർദനം. കടയ്ക്കൽ സ്വദേശിനിയായ ജലീലാ ബീവിക്കാണ് മർദനമേറ്റത്. കല്ലറ സ്വദേശി ഷാജഹാനെതിരെ പാലോട് പോലീസ് കേസെടുത്തു.
കഴിഞ്ഞ 28ന് ആണ് സംഭവം. ജലീലാ ബീവിയുടെ ഭർത്താവുമായുള്ള സാമ്പത്തിക തർക്കമാണ് മർദനത്തിന് കാരണമായത്. സംഭവത്തിൽ ഷാജഹാനെ ഇതുവരെയും പിടികൂടിയിട്ടില്ല.
കൊച്ചി ഇൻഫോ പാർക്കിന്റെ മൂന്നാം ഘട്ടം യാഥാർഥ്യമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരുംകാലത്തിന്റെ ആവശ്യതകൾ മുന്നിൽ കണ്ടുകൊണ്ട് എഐ സാങ്കേതിക വിദ്യ നിയന്ത്രിത ടൗൺഷിപ്പാണ് ഇൻഫോപാർക്കിൽ വിഭാവനം ചെയ്തിരിക്കുന്നത്. 300 ഏക്കർ വിസ്തൃതിയിൽ 20 മില്യൺ സ്‌ക്വയർ ഫീറ്റ് ഐടി സ്പെയ്‌സോടെ നിലവിൽ വരുന്ന ഫേസ് 3 ടൗൺഷിപ്പിൽ വസതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളുമടക്കം ഉണ്ടായിരിക്കും. നാലാം ഘട്ടത്തിനായി ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗാസയിൽ കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രയേൽ സൈന്യം. ഇന്ന് മാത്രം നടത്തിയ ആക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. നഗരം പിടിച്ചെടുക്കാൻ കരസേന ബോംബാക്രമണം ശക്തമാക്കിയതോടെ ഗാസയിൽ കൂട്ടപ്പലായനം വർധിച്ചതായാണ് റിപ്പോർട്ട്.
ഹമാസിൻ്റെ പ്രധാന ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം എന്നാണ് ഇസ്രയേല്‍ പറയുന്നത്. ഗാസ കത്തുകയാണെന്നും ഇസ്രയേൽ സേന നടപടികളാരംഭിച്ചു കഴിഞ്ഞെന്നും ചൂണ്ടിക്കാട്ടി ഇസ്രയേൽ പ്രതിരോധമന്ത്രി എക്സിൽ പോസ്റ്റും പങ്കുവച്ചിരുന്നു. ദൗത്യം പൂർത്തിയാകാതെ പിന്മാറില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ട്രാഫിക് പൊലീസിന്റെ നിർദേശം മറികടന്ന് അമിതവേഗതയിൽ ബസ് ഒടിച്ച സംഭവത്തില്‍ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. കഴിഞ്ഞമാസം 25ന് പെരിന്തൽമണ്ണ താഴെക്കോട് വച്ചായിരുന്നു സംഭവം.
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാർഥികളുടെ സമീപത്തു കൂടിയാണ് അമിതവേഗതയിൽ ബസ് ഓടിച്ചത്. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസ് ആണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ഷാർജയില്‍ കൊല്ലം സ്വദേശി അതുല്യ മരിച്ചതില്‍ പ്രതി സതീഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നതിൽ വാദം 23 ലേക്ക് മാറ്റി. ഫോറൻസിക് പരിശോധനാ ഫലം വൈകുന്നതിനാലാണ് കേസ് മാറ്റിയത്. 23ന് കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിർദേശം.
ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കേസുകളിൽ ഉൾപ്പെട്ട തിരുമിറ്റക്കോട് സ്വദേശി ജുബൈർ പൊലീസ് പിടിയിൽ. മൂന്ന് മാസത്തിലേറെയായി പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തുമായി കൂട്ടുപ്രതിയായ ആറങ്ങോട്ടുകര സ്വദേശി രാജേഷിനൊപ്പം ഒളിവിലായിരുന്നു.
ഗുണ്ടൽപ്പേട്ട് വച്ച് പൊലീസ് വിരിച്ച വലയിൽ വീണ ജുബൈർ പൊലീസിനെ കബളിപ്പിച്ച് വണ്ടി ഉപേക്ഷിച്ച് ബെംഗളൂരുവിലേക്ക് കടന്നു കളഞ്ഞിരുന്നു. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങൾ ഒന്നൊന്നായി തിരിച്ചറിഞ്ഞ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു.ജുബൈറും രാജേഷും തിരികെ നാട്ടിലെത്തുന്ന രലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പേങ്ങാട്ടിരിയിൽ വച്ച് രാജേഷ് പൊലീസ് പിടിയിലാവുകയും ജുബൈർ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
പൊലീസ് പിടിയിൽ നിന്ന് ഓടി മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലിന് പരിക്കേറ്റ ജുബൈറിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാപ്പ പ്രകാരം ഓർഡർ നിലവിൽ ഉള്ളപ്പോൾ തന്നെ ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമക്കേസിലും ജുബൈർ പ്രതിയായിരുന്നു. വിവിധ കേസുകളിൽ ഉൾപ്പെട്ട സഹോദരൻ ജുനൈദിന്റെ പേരിലും ചാലിശ്ശേരി പോലീസ് കാപ്പ ചുമത്തിയിരുന്നു.
മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. 200ല്‍ അധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സുമാണ് കണ്ടെത്തിയത്.
എടവണ്ണയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു.