നാടാകെ ഒന്നിച്ച് നിന്നതോടെ കൊല്ലം സ്വദേശിയായ 13 വയസുകാരിക്ക് പുതുജന്മം. കൊച്ചി ലിസി ആശുപത്രിയിൽ വച്ച് നടത്തിയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയം. പെൺകുട്ടിക്ക് ലഭിച്ചത് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി 19-കാരൻ്റെ ഹൃദയം. ഇത്രയും പ്രായം കുറഞ്ഞ ഒരാളിൽ ഹൃദയം മാറ്റിവെക്കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെ പാർലമെൻ്ററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത വിവരം ഔദ്യോഗികമായി സ്പീക്കറുടെ ഓഫീസിനെ അറിയിച്ചു. ഇതുസംബന്ധിച്ച കത്ത് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സ്‌പീക്കർക്ക് കൈമാറി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മൊഴി എടുക്കൽ വൈകും. ഉടൻ നോട്ടീസ് നൽകി തുടർനടപടികൾക്ക് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. രാഹുലിനെ പ്രതി ചേർക്കുന്ന കാര്യം മൊഴിയെടുക്കലിന് ശേഷം തീരുമാനിക്കും.
വംശീയ കലാപം ആരംഭിച്ച് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിലെത്തും. മണിപ്പൂരിലെത്തുന്ന മന്ത്രി 8500 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യു. കലാപത്തിന് ഇരയായവരെ പ്രധാനമന്ത്രി സന്ദർശിക്കും. മോദിയുടെ സന്ദർളനത്തെ തുടർന്ന് ഇംഫാലിലും ചുരാചന്ദ്പൂരിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവ് പി. പി. തങ്കച്ചന് വിടനൽകാൻ നാട്. സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക് നെടുമ്പാശേരി അകപ്പറമ്പ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടക്കും.
നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പ് 2026 മാർച്ചിൽ നടത്താൻ ഇടക്കാല സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. രാജ്യത്ത് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, 51 പേർക്കാണ് ജെൻ സി പ്രക്ഷോഭത്തിൽ ഇതുവരെ ജീവൻനഷ്ടമായത്.
ഐക്യരാഷ്ട്രസഭയിൽ പലസ്തീനെ അംഗീകരിക്കുന്ന പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ. ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയത്തിന് ഇന്ത്യ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെ 142 രാജ്യങ്ങള്‍ യുഎന്‍ പൊതുസഭയില്‍ ഫ്രാൻസ് അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ചത്.
ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ടോക്കിയോയിൽ ആവേശത്തുടക്കം. ഇന്ത്യൻ പ്രതീക്ഷയായി നീരജ് ചോപ്രയടക്കം 19 അംഗങ്ങൾ സംഘത്തിലുണ്ട്. ചരിത്രമെഡൽ ലക്ഷ്യമിട്ട് മലയാളി താരങ്ങളായ എം. ശ്രീശങ്കറും അബ്ദുള്ള അബൂബക്കറും സംഘത്തിലെ താരങ്ങളാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻടീമുകൾ ഇന്ന് കളത്തിലിറങ്ങും. ആഴ്‌സനൽ, ചെൽസി,ടോട്ടനം ടീമുകൾഇന്ന് മത്സരത്തിനിറങ്ങും. സ്പാനിഷ് ലീഗിൽ ജൈത്രയാത്ര തുടരാൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും.
ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ സൂപ്പർപോരാട്ടത്തിനൊരുങ്ങി ഇന്ത്യ. ഇതിനായുള്ള വസാനവട്ട പരിശീലനം തുടരുന്നു. നാളെയാണ് ഇന്ത്യ,പാക് സൂപ്പർപോരാട്ടം നടക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുന്ന ആദ്യമത്സരം കൂടിയാണ് ഇത്.
ലോകബോക്‌സിങ് ചാംപ്യൻഷിപ്പിൽ ഫൈനലുറപ്പിക്കാൻ ഇന്ത്യൻ താരങ്ങൾ. വനിതാ സെമിയിൽ പൂജയും ജാസ്‌മിനും നുപുറും ഇറങ്ങും. നാല് ഇന്ത്യൻ താരങ്ങളാണ് ഇതുവരെ മെഡലുറപ്പിച്ചത്.
കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ലിസി ആശുപത്രിയിൽ 6.30 ന് പൂർത്തിയായി. പുലർച്ചെ 1.25 ന് ആണ് ശസ്ത്രക്രിയ ആരംഭിച്ചത്. 3.30 ഓടെ കുട്ടിയിൽ ഹൃദയം സ്പന്ദിച്ച് തുടങ്ങിയിരുന്നു. അടുത്ത 48 മണിക്കൂർ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
മിസോറം ഇന്ന് മുതൽ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമാകുകയാണ്. ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നതോടെ മിസോറമിലൂടെ ഇനി തീവണ്ടികളോടി തുടങ്ങും. പുതിയ റെയിൽപാത വരുന്നതോടെ തലസ്ഥാനമായ ഐസ്‌വാളിലേക്കുള്ള റെയിൽവേ ഗതാഗതവും സ്ഥാപിതമാകും.
കൊച്ചി വെണ്ണലയിൽ 3 ഗ്രാം എംഡിഎംഎയുമായി സഹകരണ ബാങ്ക് ഡ്രൈവർ പിടിയിൽ. വെണ്ണല സ്വദേശി തൻവീർ പിടിയിലായത്. ഡാൻസഫ് യൂണിറ്റ് നാലാണ് പിടികൂടിയത്.
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യും. സൗബിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. ക്രൈംബ്രാഞ്ച് കളമശേരി യൂണിറ്റാണ് നോട്ടീസ് നൽകുക.
തൃശൂരിലെ ശബ്ദരേഖാ വിവാദത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിൻ്റെ വിശദീകരണം ആവശ്യപ്പെട്ട് ഇന്ന് നോട്ടീസ് നൽകും. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയെന്ന് സൂചന. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.
പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്. പ്ലാന്റേഷൻ കോർപറേഷൻ്റെ മുതുകാട് ഉള്ള എസ്റ്റേറ്റിൽ ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് സംഭവം. എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന പ്ലാൻ്റേഷൻ കോറപ്പറേഷനിലെ വാച്ചറും പേരാമ്പ്ര സ്വദേശിയുമായ ബാബു (47)വിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജൽ പ്രവേശിപ്പിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷ അടക്കം ആരോഗ്യ പദ്ധതികളുമായി ബന്ധപ്പെട്ട കടം വീട്ടാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഓവർ ഡ്രാഫ്റ്റ് എടുക്കാൻ ആലോചിച്ച് ആരോഗ്യവകുപ്പ്. ഇത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനുമായും സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതരുമായും പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്.
ന്യൂനപക്ഷ സെമിനാറിൽ സർക്കാരിനെതിരെ വിമർശനവുമായി സമസ്ത നേതാവ് സത്താർ പന്തല്ലൂർ. സർക്കാർ ജനങ്ങളിലേക്ക് വരുമ്പോൾ ജാതിയും മതവും സമുദായവുമൊക്കെയായി വേറിട്ട് നിർത്തുന്നതെന്തിനാണ് എന്നും, സമുദായങ്ങളെ തരം തിരിച്ച് അഭിസംബോധന ചെയ്യുന്നത് ആർക്കാണ് ഗുണം ചെയ്യുകയെന്നും സത്താർ പന്തല്ലൂർ ചോദ്യമുന്നയിച്ചു.
രാഹുലിന് കവചം തീർക്കുമെന്ന് കോൺഗ്രസ് കൗൺസിലർ. പാലക്കാട് നഗരസഭാ കൗൺസിലർ മൻസൂർ മണലാഞ്ചേരി. രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയത്. രാഹുലിനെ ആക്രമിക്കുന്നത് പാർട്ടിയെ തളർത്തുമെന്നും, മണ്ഡലത്തിൽ എത്തിയാൽ കോൺഗ്രസ് അനുഭാവികൾ രാഹുലിന് പ്രതിരോധ കവചം തീർക്കുമെന്നും മൻസൂർ ഫേസ്ബുക്കിൽ കുറിച്ചു.
ഇടുക്കി എഴുകുംവയലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തോലാനി ജിയോ ജോർജിൻ്റെ കാർ ആണ് കത്തി നശിച്ചത്. കയറ്റത്തിൽവെച്ച് പെട്ടന്ന് കാറിൽ നിന്ന് തീ ഉയരുകയായിരുന്നു. വാഹനത്തിൽ നിന്ന് ഇറങ്ങുന്നത്തിനിടെ ജിയോയ്ക്കും ഭാര്യയ്ക്കും നേരിയ പൊള്ളലേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റഷ്യയിൽ വീണ്ടും വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തിൽ അനുനയനീക്കവുമായി യുഎസ്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്‍റഹ്മാന്‍ അല്‍താനിക്ക് ട്രംപ് അത്താഴവിരുന്നൊരുക്കി. ഗാസയിലെ മധ്യസ്ഥശ്രമങ്ങളുടെ ഭാവിയും, ഖത്തർ-യുഎസ് പ്രതിരോധ സഹകരണവും ചർച്ചയായതായി റിപ്പോർട്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ ട്രംപ് അസംതൃപ്തി അറിയിച്ചതായും വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസിൽ ജെ.ഡി. വാന്‍സും, മാർക്കോ റൂബീയോയുമായി അല്‍താനി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മണിപ്പൂരിലേക്ക് സ്വാഗതം ചെയ്ത് മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. പ്രധാനമന്ത്രിയുടെ സന്ദർശനം സമാധാനത്തിലേക്കും ശാശ്വത പുരോഗതിയിലേക്കും നയിക്കുമെന്ന് മണിപ്പൂരിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നു. ഭാവി സുരക്ഷിതവും ശക്തവും സമൃദ്ധവുമാകുമെന്ന വിശ്വാസത്തോടെ ഒരുമിച്ച് മുന്നോട്ട് നീങ്ങാം എന്നും ബിരേൻ സിങ് കൂട്ടിച്ചേർത്തു.
ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു പി സ്കൂളിലെ അഹാൻ അനൂപിൻ്റെ ഉത്തരക്കടലാസ് ആണ് മന്ത്രി പങ്കുവച്ചത്.
ജീവനൊടുക്കിയ മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്തിൻ്റെ അവസാന പ്രതികരണം പുറത്ത്. തങ്കച്ചന്റെ വീട്ടിൽ തോട്ടയും മദ്യവും വച്ചിട്ടുണ്ടെന്ന വിവരം പൊലീസിന് കൈമാറിയത് താനാണെന്നും എന്നാൽ പ്രാഥമിക അന്വേഷണം നടത്താതെയാണ് തങ്കച്ചനെ അറസ്റ്റ് ചെയ്തതെന്നും ജോസ് നല്ലേടം പറയുന്നു. സാമൂഹ മാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചരണം തന്റെ ചോരയ്ക്ക് വേണ്ടിയാണെന്നും വ്യക്തിഹത്യ സഹിക്കാനാകുന്നില്ലെന്നും പ്രാദേശിക ലേഖന് നൽകിയ പ്രതികരണത്തിൽ ജോസ് നെല്ലേടത്ത് പറയുന്നു.
സിപിഐഎമ്മിലെ ശബ്ദരേഖ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിലെ അഴിമതിയുടെ ഒരറ്റമാണ് തൃശൂരിലെ ശബ്ദരേഖയിലൂടെ പുറത്തു വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിക്കാരെ സംരക്ഷിക്കാൻ സിപിഐഎമ്മിന് വ്യഗ്രതയാണ്. ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ലൈംഗിക പീഡന കേസിലെ അതിജീവിതയെ സഹപാഠി ഭീഷണിപ്പെടുത്തുന്നതായി പരാതി. തിരുവനന്തപുരം സ്വദേശിയായ 47കാരിയെയാണ് സഹപാഠി ഭീഷണിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് അതിജീവിത പരാതി നൽകിയത്.
സംസ്ഥാനത്ത് ഈ വർഷം 17 പേർ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്ന റിപ്പോർട്ട് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ഈ മാസം ഇന്നുവരെ 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചോര കുടിച്ച് സിപിഎം കുളയട്ടകളെ പോലെ ചീർത്തുവെന്ന് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. ഡിവൈഎഫ്ഐ നേതാവിൻ്റെ വെളിപ്പെടുത്തലിൽ പുതുമയില്ല. സമഗ്ര അന്വേഷണം നടത്തിയാൽ നേതാക്കൾ കുടുങ്ങുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ജോസിൻ്റെ ആത്മഹത്യയിൽ കെപിസിസി അന്വേഷണം നടത്തും. എൻ. എം. വിജയൻ്റെ മരണത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ല. അന്വേഷണം പൂർത്തിയാകാതെ എങ്ങനെ പണം നൽകുമെന്നും അന്വേഷണം എന്ന് തീരുമെന്ന് വ്യക്തതയില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
ഡിവൈഎഫ്ഐ നേതാവിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് സിപിഐഎം നേതാവ് ഇ. പി. ജയരാജൻ. എല്ലാം തെറ്റാണെന്ന് കണ്ണൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്ക് അകത്ത് നിന്ന് ഒരു നീക്കം നടന്നിട്ടുണ്ടെങ്കിൽ പാർട്ടി അത് പരിശോധിക്കുമെന്ന് ജയരാജൻ അറിയിച്ചു.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തിൽ ഹൈക്കോടതി ഉത്തരവിന് പിന്നാലെ അടിയന്തര യോഗം ചേരാൻ ദേവസ്വം ബോർഡിൻ്റെ തീരുമാനം. ചേർത്തല സ്വദേശി കെ എസ് അനുരാഗിൻ്റെ നിയമന കാര്യത്തിൽ അനുകൂല തീരുമാനമെടുത്തേക്കും. ദേവസ്വം ബോർഡ് അറിയിപ്പ് ലഭിച്ചാൽ ഉടൻ ക്ഷേത്രത്തിലെത്തി ജോലിയിൽ പ്രവേശിക്കുമെന്ന് കെ. എസ്. അനുരാഗ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസോറം ജനതയ്ക്ക് ചരിത്ര ദിനമാണെന്നും ഐസ്വാൾ ഇന്ന് മുതൽ റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ത്യാഗം, സേവനം, ധൈര്യം, കാരുണ്യം എന്നീ മൂല്യങ്ങളാണ് മിസോ സമൂഹത്തിന്റെ കേന്ദ്രബിന്ദുവെന്നും പ്രധാനമന്ത്രി മിസോറമിൽ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ ബിജെപി നേതാവ് എം.ടി. രമേശ്. മതേതര സർക്കാർ എങ്ങനെയാണ് മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ വിളിച്ച് കൂട്ടുക. പച്ചയായ വോട്ട് രാഷ്ട്രീയമാണ് സർക്കാർ നടത്തുന്നത്. വർഗീയ രാഷ്ട്രീയത്തിന് സർക്കാർ നേതൃത്വം നൽകുന്നു. ആളുകളെ വേർതിരിച്ച് സംഗമം നടത്തുന്നത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കും. സർക്കാർ തന്നെ ഇത് നടത്തുന്നത് ഭരണഘടന ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും എം.ടി. രമേശ് പറഞ്ഞു.
കർണാടകയിൽ വീണ്ടും അപകടം. ട്രക്കും കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരുവിലെ സുമനഹള്ളി ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഓഡിറ്റ് റിപ്പോർട്ടിൽ വൻ അഴിമതിയുടെ കണക്ക്. 2023-2024 കാലയളവിൽ അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്ന് കണ്ടെത്തൽ. അടിസ്ഥാന യോഗ്യതയില്ലാത്തവർക്ക് നിയമനം നൽകി. അനുവദിച്ചതിലും അധികം തസ്തികയിൽ നിയമനം. ഓഡിറ്റ് റിപ്പോർട്ടിലെ അഴിമതി അക്കമിട്ട് നിരത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ഗവർണർക്ക് പരാതി നൽകി.
ജനജീവിതത്തിന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി വന്യ ജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.
പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ വളരെ മുമ്പേ പോകേണ്ടതായിരുന്നു എന്ന് പ്രിയങ്ക ഗാന്ധി എംപി. അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇത്രയും കാലം തുടരാനും നിരവധി ആളുകൾ കൊല്ലപ്പെടാനും അനുവദിച്ചത് നിർഭാഗ്യകരമാണ്. ഇന്ത്യയിലെ പ്രധാനമന്ത്രിമാരുടെ പാരമ്പര്യം ഇതല്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
മുതിർന്ന കോൺഗ്രസ് നേതാവ് പി. പി. തങ്കച്ചൻ മരിച്ചെന്ന് അറിഞ്ഞിട്ടും ആഘോഷം നടത്തിയ മഹിള കോൺഗ്രസിന് വിമർശനം. സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ നയിക്കുന്ന മഹിള സാഹസ് യാത്ര കൊല്ലത്ത് എത്തിയപ്പോൾ ആണ് ആഘോഷം തുടർന്നത്. കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പെടെയുള്ള ആഘോഷമായിരുന്നു സംഘടിപ്പിച്ചത്.
എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം വീട്ടില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ (18) ഹൃദയം ഇനി കൊല്ലം സ്വദേശിയായ 13കാരിയിൽ തുടിക്കും. ബില്‍ജിത്തിൻ്റെ ഹൃദയം ഉള്‍പ്പടെ എട്ട് അവയവങ്ങളും ദാനം ചെയ്തിട്ടുണ്ട്.
ബിജെപി ജില്ലാ പ്രസിഡൻ്റുമാർ പങ്കെടുക്കാതെ കോഴിക്കോട് പി.പി. മുകുന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. കെ. പി. കേശവൻ ഹാളിലാണ് പരിപാടി നടന്നത്. വന്ദേ മുകുന്ദം എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ബിജെപിയിലെ ഒരു വിഭാഗം ആളുകളെ മാത്രം സംഘടിപ്പിച്ചുവെന്നാണ് ആക്ഷേപം.
തൃശൂർ സിപിഐഎമ്മിലെ ശബ്ദരേഖാ വിവാദത്തിൽ എ. സി. മൊയ്തിനെയും എം. കെ. കണ്ണനെയും പിന്തുണച്ച് എൽഡിഎഫ് കൺവീനർ ടി. പി. രാമകൃഷ്ണൻ. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. നേതാക്കളെ പൊതുമധ്യത്തിൽ അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്ന് രാമകൃഷ്ണൻ ആരോപിച്ചു. തെറ്റിദ്ധാരണ പടർത്തി തകർക്കാമെന്ന് കരുതണ്ടെന്നും പൊതുജീവിതത്തിൽ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന നേതാക്കളാണ് ഇരുവരുെ എന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.
വടക്കഞ്ചേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് മുപ്പത്തോളം പേർ ചികിത്സയിൽ. വടക്കഞ്ചേരി ടൗണിലെ 'ചങ്ങായീസ് കഫെ' എന്ന സ്ഥാപനത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ നിന്നും അൽഫാം മന്തി, മറ്റു ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ചർദ്ദിയും വയറ്റിളക്കവും ഉണ്ടായത്. ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചതനുസരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും കടയിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണമാണ് നൽകിയത് എന്നും, ഹോട്ടലിലെ ശുചിത്വമില്ലായ്മ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ പൂട്ടിച്ചു.
ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുസ്ലീം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ. മുനീറിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ. നിലവിൽ അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് ബോംബ് ഭീഷണി. അൽപ്പ സമയം മുൻപാണ് ബോംബ് ഭീഷണിയെത്തിയത്. ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണിയുണ്ട്.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. കെഎസ്യു നേതാക്കളെ മുഖം മൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയതിലാണ് കെഎസ്‌യു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
എലത്തൂർ വിജിൽ നരഹത്യ കേസിൽ രണ്ടാം പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശി രഞ്ജിത്തിനെ തെലങ്കാനയിലെ കമ്മത്ത് നിന്നാണ് പിടികൂടിയത്. കേസിലെ ഒന്നും മൂന്നും പ്രതികൾ നേരത്തെ പിടിയിലായിരുന്നു.
പാലക്കാട് മണ്ണാർക്കാട് നിന്ന് സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടികൂടി. ആനമൂളി ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സ്ഫോടക വസ്തുക്കളുടെ ശേഖരണം പിടികൂടിയത്. മണ്ണാർക്കാട് നിന്ന് അട്ടപ്പാടി പുതൂരിലേക്ക് കടത്താൻ ശ്രമിച്ച ജലാറ്റിൻ സ്റ്റിക്കുകളും, ഡിറ്റനേറ്ററുമാണ് പോലീസ് പിടികൂടിയത്. 405 ജലാറ്റിൻ സ്റ്റിക്കുകളും 399 ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. സംഭവത്തിൽ തച്ചമ്പാറ സ്വദേശിയായ സന്ദീപിനെ (37) പൊലീസ് കസ്റ്റഡിയിലെടുത്തു.
പാഠപുസ്‌തക അച്ചടിക്ക് 25.74 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കൂൾ വിദ്യാർഥികളുടെ പാഠപുസ്‌തക അച്ചടിക്കായാണ് തുക അനുവദിച്ചത്. ഈ വർഷം 69.23 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
മാതൃ വന്ദന യോജന പദ്ധതിക്ക് 87.45 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പ്. വനിതാ ശിശുവികസന വകുപ്പിനുകീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ 40 ശതമാനം സംസ്ഥാന വിഹിതമാണ്. പിഎം മാതൃ വന്ദന യോജനഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ധനസഹായം നൽകി വരുന്ന പദ്ധതിയാണ്.
നാദാപുരം പഞ്ചായത്ത് സെക്രട്ടറി റെജുലാലിനെ യുഡിഎഫ് നേതാക്കൾ കൈയ്യേറ്റം ചെയ്തതായി പരാതി. അനധികൃതമായി വോട്ടുകൾ നീക്കം ചെയ്യുന്നെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. ഇതിനിടയിൽ പഞ്ചായത്ത് സെക്രട്ടറിയെ പ്രവർത്തകർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പരാതി.
ജോസ് നെല്ലോടിൻ്റെ മരണത്തിൽ കോൺഗ്രസിനെതിരെ വയനാട് സിപിഐ നേതൃത്വം. ഗ്രൂപ്പ് വിഷയത്തിൻ്റെ ഭാഗമായാണ് ജോസ് മരിച്ചത്. ഇതിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും സിപിഎ ജില്ലാ സെക്രട്ടറി ഇ. ജെ. ബാബു അറിയിച്ചു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനത്തിൽ ചേർത്തല സ്വദേശി കെ. എസ്. അനുരാഗിന് നിയമനം നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ പങ്കെടുത്തവർ ഐകകണ്ഠ്യേന എടുത്ത തീരുമാനമാണിത്. 15 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം എന്ന് കാട്ടി അനുരാഗിന് നിയമന ഉത്തരവ് അയച്ചു.
കൊല്ലത്ത് നാലു വയസുകാരന് അംഗൻവാടി ടീച്ചറുടെ ക്രൂരപീഡനം. ഏരൂർ പാണയം ബഥേൽ ഹൗസിൽ വിൻസൻ്റ് ലീന ദമ്പതികളുടെ മകൻ ജോയൽ വിൻസെൻ്റാണ് ക്രൂരമർദനത്തിനിരയായത്. അക്ഷരം എഴുതാത്തതിന് തുടകൾ നുള്ളി പരിക്കേൽപ്പിച്ചു. തുടയിൽ രക്തം കട്ടപിടിച്ച പാടുകളുണ്ട്. കുട്ടിയെ അഞ്ചലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
മുഖ്യമന്ത്രിയുടെ പിതാവിനും വടക്കാഞ്ചേരി സിഐ കെ.യു. ഷാജഹാനും എതിരെ അധിക്ഷേപ പ്രസംഗവുമായി കെഎസ്‌യു നേതാവ്. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരാണ് വിവാദ പ്രസംഗം നടത്തിയത്. മുഖ്യമന്ത്രിയല്ല പിതാവ് കോരൻ വന്നു പറഞ്ഞാലും വടക്കാഞ്ചേരി സിഐയെ തെരുവിൽ നേരിടുമെന്നാണ് ഗോകുൽ പറഞ്ഞത്. കെ.യു. ഷാജഹാൻ എവിടെപ്പോയി ഒളിച്ചാലും നേരിടും. ഷാജഹാൻ കാക്കി ഊരിയാൽ അവസാനം. മുൻപ് കെഎസ്‌യുകാരെ മർദിച്ച പൊലീസുകാരൻ ലീവിൽ പോയത് എന്തിനെന്ന് അന്വേഷിക്കണമെന്നും ഗോകുൽ പറഞ്ഞു.
എൻ. എം. വിജയൻ്റെ മരുമകൾ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച പത്മജയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പത്മജ രൂക്ഷമായി പ്രതികരിച്ചിരുന്നു. കരാർ പ്രകാരമുള്ള പണം കോൺഗ്രസ് നൽകുന്നില്ല എന്നായിരുന്നു പത്മജ പറഞ്ഞത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
ഡല്‍ഹിയിലെ പ്രസിദ്ധമായ താജ് പാലസ് ഹോട്ടലിന് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് സ്ക്വാഡിന്‍റെ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും, വ്യാജ സന്ദേശമാകാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹി ഹെെക്കോടതിക്ക് നേരെയും ഇന്നലെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ നഗരത്തിലെ സർക്കാർ ഓഫീസുകളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും സുരക്ഷ ശക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കൂൾ വിദ്യാർഥികളുടെ പാഠപുസ്‌തകം അച്ചടിക്കുന്നതിനായി 25.74 കോടി രൂപ അനുവദിച്ചു. ഈവർഷം നേരത്തെ 69.23 കോടി രൂപ അനുവദിച്ചിരുന്നു. പാഠപുസ്തകം അച്ചടിക്കുന്നതിനായി ഈ വർഷം ബജറ്റിൽ 55 കോടി രൂപയാണ് വകയിരുത്തിയത്. 39.77 കോടി രൂപയാണ് അധികമായി ലഭ്യമാക്കിയത്. കേരള ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി വഴിയാണ് പേപ്പർ വാങ്ങി പാഠപുസ്‌തകം അച്ചടിക്കുന്നത്.
സെൻസർ ബോർഡിനെതിരെ വിമർശനവുമായി ജി. സുധാകരൻ. ബോർഡ് സെൻസറിങ് നടത്തുന്നത് വെള്ളമടിച്ചിട്ട്. സിനിമയിൽ തുടക്കത്തിൽ മദ്യപാനം കാണിക്കാൻ പാടില്ലെന്ന് പറയാൻ സെൻസർ ബോർഡിന് കഴിയും. സിനിമ ഉണ്ടാക്കിയവർ അവർക്ക് കുപ്പി വാങ്ങിച്ചു കൊടുക്കും. കാശും കൈയിൽ കൊടുക്കും. രാഷ്ട്രീയക്കാരെ ആണല്ലോ സെൻസർ ബോർഡിൽ വയ്ക്കുന്നത്. സിനിമ കണ്ടിട്ടില്ലാത്ത അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയുടെ ആൾക്കാർ സെൻസർ ബോർഡിൽ ഉണ്ട്. അതിൽ ആലപ്പുഴയിൽ നിന്ന് ഉള്ളവരുണ്ടെന്നും അത് തനിക്ക് അറിയാമെന്നും ജി. സുധാകരൻ പറഞ്ഞു.
കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന മുഖ്യ കണ്ണിയെ ബെംഗളൂരുവിൽ നിന്ന് തടിയിട്ടപറമ്പ് പൊലീസ് അതിസാഹസികമായി പിടികൂടി. എറണാകുളം തൃക്കാക്കര സ്വദേശി ഹസനുൽ ബന്ന ആണ് പിടിയിലായത്. ബെംഗളൂരുവിൽ ഒളിച്ചു താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. മൂന്നുമാസം മുൻപ് വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലമിനെ എംഡിഎംഎയുമായി തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് രാസലഹരി ലഭിക്കുന്നതിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിനിടയിലാണ് ഹസനുൽ ബന്ന പിടിയിലാകുന്നത്.
പി.കെ.ഫിറോസ്- കെടി ജലീൽ പോര് പാരമ്യത്തിൽ. ജലീലിന് എതിരായ ഭൂമി ഏറ്റെടുക്കൽ ആരോപണം കടുപ്പിക്കാൻ മലയാളം സർവകലാശാല പി.കെ. ഫിറോസ് സന്ദർശിച്ചു. നിർമാണം നടത്താൻ പറ്റാത്ത ഭൂമി കൊള്ളവിലയ്ക്ക് വാങ്ങിയെന്നാണ് ജലീലിന് എതിരായ ഫിറോസിൻ്റെ ആരോപണം.
എന്നാൽ ഏത് അന്വേഷണത്തിനും ആദ്യം സമ്മതം നൽകുക താനായിരിക്കും എന്ന് ജലീൽ പറഞ്ഞു. ആശാൻ്റെ ഊര മേൽ കൂര കെട്ടുന്നവനാണ് ഫിറോസെന്നും ജലീൽ പരിഹസിച്ചു.
എൻ.എം. വിജയൻ്റെ മരുമകൾ കോൺഗ്രസ് നേതൃത്വത്തിന് നിരവധി തവണ അപേക്ഷകൾ നൽകിയിരുന്നുവെന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ. കുടുംബത്തോടെ മനുഷ്യരെ കൊന്നൊടുക്കുകയാണ് കോൺഗ്രസ്. ഗ്രൂപ്പ് പോരിൻ്റെ ബാക്കി പത്രം എന്ന നിലയിൽ കുടുംബത്തോടെ ആളുകളെ ഇല്ലാതാക്കുകയാണ്. എൻ.എം. വിജയൻ്റെ കുടുംബം എന്തു വേണമെങ്കിലും ചെയ്തോട്ടെ എന്നാണ് നേതാക്കളുടെ ഭാവം. പ്രിയങ്ക ഗാന്ധി ഇവിടെ ഉണ്ടായിട്ടും ആത്മഹത്യ നടത്തിയ ജോസിന്റെ വീട്ടിലോ എൻ.എം. വിജയൻ്റെ മരുമകളെ കാണാനോ എത്തിയിട്ടില്ല. കോൺഗ്രസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. കോൺഗ്രസിൽ വിശ്വസിച്ചവരെ കൊലയ്ക്ക് കൊടുക്കാൻ ജനം തയ്യാറാവില്ലെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.
കോൺഗ്രസ് നേതാവ് അനിൽ അക്കരക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡൻ്റും മുതിർന്ന സിപിഐഎം നേതാവുമായ എം.കെ. കണ്ണൻ. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അനിൽ അക്കര ഉന്നയിക്കുന്നത്. സത്യത്തിന്റെ ഒരു കണിക പോലും അനിൽ അക്കരയുടെ ആരോപണങ്ങളിൽ ഇല്ല. പ്രസ്താവന തിരുത്തി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും എം.കെ. കണ്ണൻ പറഞ്ഞു.
തൃശൂരിലെ സിപിഐഎമ്മിലെ ശബ്ദരേഖ വിവാദത്തിലാണ് അനിൽ അക്കര എം.കെ. കണ്ണനെതിരെ വിമർശനമുന്നയിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിൻ്റെ സംഭാഷണത്തിൽ ഞെട്ടലില്ലെന്നും ശരത്തിന്റെ വെളിപ്പെടുത്തലിൽ വിജിലൻസ് ഡയറക്ടർ കേസെടുക്കണമെന്നും അനിൽ അക്കര പറഞ്ഞിരുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആദയ നികുതി വകുപ്പിന് അനിൽ അക്കര പരാതിയും നൽകിയിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ (27) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു സുമേഷ് കുമാർ.
കോട്ടയം പാലാ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കൂരാലി സ്വദേശി കണ്ടത്തിൻ കരയിൽ ജി സാബു, കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബിബിൻ ബാബു എന്നിവരാണ് മരിച്ചത്. മുരിക്കുംപുഴക്ക് സമീപം തൈങ്ങന്നൂർ കടവിലാണ് അപകടം. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും
മലയാളം സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നത് താൻ മന്ത്രിയായിരുന്ന കാലത്ത് അല്ലെന്ന് കെ.ടി. ജലീൽ. 2016 ഫെബ്രുവരി 17ന് ആണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ചുമതല ഏൽക്കുന്നത് 2018ലാണ്. മലപ്പുറം കളക്ടറുടെ ചേമ്പറിൽ വെച്ചാണ് ഭൂഉടമകളുമായി കരാർ ഒപ്പിട്ടത്. 1.70 ലക്ഷം രൂപ നിരക്കിൽ ഭൂമി വാങ്ങാൻ തീരുമാനിച്ചത് ഉമ്മൻ ചാണ്ടി സർക്കാർ കാലത്താണെന്നും കെ.ടി. ജലീൽ പറഞ്ഞു. 17.21 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. എൽഡിഎഫ് സർക്കാർ വന്നപ്പോൾ ഉപയോഗയോഗ്യമല്ലാത്ത ഭൂമി ഒഴിവാക്കി നിരക്കിൽ 1.60 ലക്ഷം രൂപ നിരക്കിൽ പുതുക്കി നിശ്ചയിച്ചുവെന്നും കെ.ടി. ജലീൽ.
സമൂഹമാധ്യമങ്ങൾ വഴിയുള്ള അപകീർത്തി പരാമർശങ്ങളിൽ പരാതി നൽകിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് നടി റിനി ആൻ ജോർജ്. കൊള്ളുന്നവർക്ക് പൊള്ളുന്നുണ്ട് എന്നത് തന്നെയാണ് സൈബർ അറ്റാക്കിൽ നിന്ന് വ്യക്തമാകുന്നതെന്ന് റിനി പറയുന്നു. വേദനകൾ പുറത്തുപറയുന്നവർക്കെതിരെ സൈബർ അറ്റാക്ക് നടക്കുമ്പോൾ, പലരും മുന്നോട്ട് വരാതിരിക്കാം. ഇത് ഒരു പെയ്ഡ് ആക്രമണം ആണെന്നാണ് വിശ്വസിക്കുന്നത്. ഇത് മുന്നിൽ കണ്ടാണ് പരാതി നൽകിയത്. പിന്നിൽ ചരട് വലിക്കുന്നവരെക്കൂടി കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇത് തനിക്ക് വേണ്ടിയല്ല, മറിച്ച് എല്ലാ സ്ത്രീകൾക്കും വേണ്ടിയാണെന്നും റിനി പറഞ്ഞു.
എംഎൽഎ ഓഫീസിന് മുന്നിൽ നടന്ന ഡിവൈഎഫ്ഐ പ്രതിഷേധത്തിൽ പ്രതികരണവുമായി ടി. സിദ്ദിഖ്. ഡിവൈഎഫ്ഐ പ്രതിഷേധം തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് ടി. സിദ്ദിഖ് പറഞ്ഞു. ഡിവൈഎഫ്ഐ അതിക്രമം നടത്തിയപ്പോൾ പൊലീസ് നോക്കി നിന്നു. ഓഫീസ് പൂട്ടാനും ആളുകളോട് ഇറങ്ങി പോവാനും ആവശ്യപെട്ടു. കൽപ്പറ്റയിലെ ജനങ്ങളുടെ ഓഫീസിലേക്കായിരുന്നു പ്രതിഷേധം. സിപിഐഎം ജില്ല സെക്രട്ടറിയാണ് ഇതിനു നേതൃത്വം നൽകിയത്. പ്രതിഷേധം ഗൂഢാലോചനയുടെ ഭാഗമാണെന്നും ജനങ്ങൾക്ക് എതിരായ അക്രമം ആണ് ഇതെന്നും ടി. സിദ്ധിഖ് പറഞ്ഞു.
താമരശേരിയിൽ 81 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മുക്കം നീലേശ്വരം സ്വദേശി മുഹമ്മദ് അനസിനെയാണ് എംഡിഎംഎയുമായി പിടികൂടിയത്. താമരശേരി ചുങ്കത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും വിൽപ്പനക്ക് എത്തിച്ചതായിരുന്നു എംഡിഎംഎ.പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം രൂപയോളം വരും. നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. ആളപായമില്ല. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്.പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കി. തുടർന്ന് ബോട്ടിൽ തീ പടർന്നു.ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് സംശയം.
കോഴിക്കോട് മുക്കത്ത് അതിഥി തൊഴിലാളി താമസസ്ഥലത്ത് കഴുത്തറുത്ത് മരിച്ച നിലയിൽ. പശ്ചിമബംഗാൾ സ്വദേശി ആരിഫ് അലിയെ ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരനൊപ്പം മുക്കം ടൗണിലെ വാടക മുറിയിൽ താമസിച്ച് വരികയായിരുന്നു ആരിഫ്. മുക്കം പൊലീസ് സംഭവ സ്ഥലത്തെത്തി.ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. ഇന്നലെ 17 കാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. സ്വിമ്മിങ് പൂളിലെ വെള്ളത്തിൻറെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു
കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു. വേളമാനൂർ സ്വദേശി വിഷ്ണു മയ്യനാട് സ്വദേശി ഹരിലാൽ എന്നിവരാണ് മരിച്ചത്. കിണറ്റിൽ വീണ വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹരിലാലും അപകടത്തിൽ പ്പെടുകയായിരുന്നു.
കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് ചേണിക്കുഴി സ്വദേശി രാജൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അനിൽകുമാറിന്റെ വാഹനമെന്ന് കണ്ടെത്തിയത്.