കെ.സി. വേണുഗോപാൽ Source: Screengrab
NEWSROOM

"കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വാര്‍ത്തെടുത്തത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം"; സഹപ്രവര്‍ത്തകരുടെ വിയോഗത്തില്‍ ചരിത്രം ഓര്‍മിപ്പിച്ച് കെ.സി

ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് ഡെസ്ക്

ഇറാനിൽ ആറാം ദിനവും ആക്രമണം തുടർന്ന് യുഎസ്

ആക്രമണത്തിന് അയവില്ലാതെ പശ്ചിമേഷ്യ. തുടർച്ചയായി ആറാം ദിനവും ഇറാനെ ആക്രമിച്ച് അമേരിക്ക. ബന്ദർ അബ്ബാസ് അടക്കമുള്ള നഗരങ്ങളിൽ മിസൈൽ ആക്രമണം. ഹോർമോസ്ഗാനിൽ അമേരിക്കൻ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.ഹോർമുസിൽ ഇറാന്റെ നിയന്ത്രണം നഷ്ടമായെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി.

സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂൾ ബാഗുകളിൽ കുട്ടികൾ അമിത ഭാരം ചുമക്കുന്നുവെന്ന ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം മുതൽ അമിതഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി. ബാഗിൻ്റെ ഭാരം കുറയ്ക്കാൻ ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിക്കുമെന്നും മന്ത്രി.

'ദ ഒഡീസി' ഇന്ന് തിയേറ്ററുകളിൽ

വിഖ്യാത സംവിധായകൻ ക്രിസ്‍റ്റഫർ നോളന്റെ 'ദ ഒഡീസി' ഇന്ന് തിയേറ്ററുകളിലെത്തും. അക്കാദമി അവാർഡുകൾ വാരിക്കൂട്ടിയ ഓപ്പൺഹൈമർ എന്ന ചിത്രത്തിന് ശേഷം നോളൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഗ്രീക്ക് ഐതിഹ്യം പ്രമേയമാക്കിയ ചിത്രം പൂർണമായും ചിത്രീകരിച്ചത് ഐ മാക്സ് ക്യാമറയിലാണ്.

മുഖ്യമന്ത്രി-കെഎസ്‌യു പോരിൽ ഇടപെടാൻ നേതാക്കൾ

കോൺഗ്രസിൽ നീറിപ്പുകഞ്ഞ്, പ്ലീഡർ നിയമന വിവാദം. മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്‌യുവും തമ്മിലുള്ള പോരിൽ ഇടപെടാൻ മുതിർന്ന നേതാക്കൾ. പരസ്യപ്രതികരണങ്ങൾ സർക്കാരിന് ദോഷം ചെയ്യുമെന്ന് വിലയിരുത്തൽ. നേതൃയോഗങ്ങളിൽ വിഷയം ഉന്നയിക്കാനാണ് നീക്കം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിക്കാൻ ഉറച്ച് കെഎസ്‌യു നേതൃത്വം.

ലോകകപ്പ് ഫൈനലിന് ട്രംപ് എത്തും

ലോകകപ്പ് ഫൈനലിലെ ചടങ്ങിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് എത്തും. വിജയികൾക്ക് കിരീടം ട്രംപ് കൈമാറിയേക്കും. ട്രംപ് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. അമേരിക്കൻ പ്രസിഡൻ്റ് പങ്കെടുക്കുന്നത് തുടരെ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിലാണ്.

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീയും. കാനഡയിലെ കാട്ടൂതീ കാരണം ന്യൂജേഴ്‌സിയിൽ പുക നിറയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

പ്ലസ് വൺ പരീക്ഷാ ഫലം ഇന്നറിയാം

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റിലുടെ ഫലം അറിയാം. ഫലം കാത്തിരിക്കുന്നത് നാലു ലക്ഷത്തിലധികം വിദ്യാർഥികളാണ്. ഫലപ്രഖ്യാപനം രണ്ടുതവണ മാറ്റിവെച്ച ശേഷമാണ് പ്രഖ്യാപിക്കുന്നത്.

കെഎസ്‌യുവിനെതിരായ പരിഹാസം; മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി നേതാക്കൾ

സർക്കാർ നിയമനങ്ങളെ വിമർശിച്ച കെഎസ്‌യുവിനെ മുഖ്യമന്ത്രി പരിഹസിച്ചതിൽ വിമർശനം കടുപ്പിച്ച് നേതാക്കൾ. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി കെ എസ് യു, യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. കേരളത്തിലെ ഒരു വിദ്യാർത്ഥി സംഘടനയുടെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകാത്തത് വിഷമകരമെന്ന് ഗോകുൽ ഗുരുവായൂർ. പ്രതീക്ഷിക്കാത്ത നിലപാടുകളെടുക്കുമ്പോൾ പ്രതികരിക്കേണ്ടി വരുമെന്നും ഗോകുൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. യുഡിഎഫ് സർക്കാരിന് കെ എസ് യു വിനെ അവഗണിച്ച് സുഗമമായി ഭരണം നടത്താൻ കഴിയില്ലെന്ന് കെഎസ്‌യു കാസർഗോഡ് ജില്ലാ അധ്യക്ഷൻ ജാവദ് പുത്തൂരും വ്യക്തമാക്കി. സർക്കാർ തീരുമാനങ്ങളെ എല്ലാം പിന്തുണയ്ക്കുകയല്ല, പാർട്ടിക്ക് ദോഷമില്ലാത്ത നിലപാടുകളെടുക്കുകയാണ് ഉത്തരവാദിത്തമെന്ന് ജിൻ്റോ ജോണും ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.

സ്പോർട്സ് കൗൺസിലിലെ പിഎഫ് വകമാറ്റം; റിപ്പോർട്ട് ആവശ്യപ്പെട്ട് കായിക മന്ത്രി

സ്പോർട്സ് കൗൺസിലിലെ ജീവനക്കാരുടെ പിഎഫിൽ നിന്നും കോടികൾ വക മാറ്റിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കായിക മന്ത്രി. സർക്കാരിന്റെയോ സ്പോർട്സ് കൗൺസിലിന്റെയോ അനുമതിയില്ലാതെയാണ് വക മാറ്റം നടത്തിയതെന്നും മന്ത്രി.റിപ്പോർട്ട് ലഭിച്ചതിനുശേഷം കർശന നടപടികൾ സ്വീകരിക്കും. കഴിഞ്ഞ അഞ്ചുവർഷമായി നിരന്തരമായി തിരിമറികൾ നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എഡിജിപി എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടി

ഗൺന്മാന്മാരുടെ മർദനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടി. സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖറാണ് വിശദീകരണം തേടിയത്. ഡിജിപിയുടെ നടപടി എസ് ഐ ടി യുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ചാൽ വൈകാതെ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് കൈമാറാനും തീരുമാനം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നാണ് കണ്ടെത്തൽ. അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥരുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. സർക്കാർ നിലപാട് അജിത് കുമാറിന് നിർണായകമാണ്.

അൽ റീം ഹോട്ടലിനെതിരെ ലഭിച്ചത് 25 ഓളം പരാതികൾ

കൊച്ചിയിൽ അൽ റീം ഹോട്ടലിനെതിരെ ഭക്ഷ്യവകുപ്പിന് ലഭിച്ചത് 25 ഓളം പരാതികൾ. നോർത്ത് പോലീസ് എടുത്ത കേസിൽ ഉടമയെ ഇന്ന് ചോദ്യം ചെയ്യും. പിഴ ചുമത്താൻ ആണ് സാധ്യത. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗല്ല സ്ഥിരീകരിച്ചതോടെ പരിശോധനകൾക്ക് കർശനമാക്കാൻ ആരോഗ്യവകുപ്പ്. കതൃക്കടവിലുള്ള ഹോട്ടൽ അൽ റീമിൽ നിന്ന് കുഴിമന്തി കഴിച്ച മൂന്ന് പേർക്ക് ആണ് ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചത്. കൂടുതൽ ആളുകളുടെ പരിശോധനാഫലം അടുത്ത ദിവസങ്ങളിൽ പുറത്തുവരും. സംഭവത്തിൽ ഹോട്ടലിനെതിരെ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തെറ്റ് തിരുത്തി മുന്നോട്ട് പോകും;അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

അമ്മയിലെ അംഗങ്ങൾക്ക് വീണ്ടും കത്തയച്ച് ശ്വേത മേനോൻ. ജനറൽ ബോഡിയിൽ ഉണ്ടായ സംഭവങ്ങൾ അംഗങ്ങളെ വേദനിപ്പിച്ചതായി മനസിലാക്കുന്നതായും ശ്വേത കത്തിൽ പറയുന്നു. എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും ശ്വേത മേനോൻ കത്തിലൂടെ ആവശ്യപ്പെടുന്നു. അംഗങ്ങളുടെ കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും മുടക്കമില്ലാതെ തുടരുമെന്നും കത്തിൽ ശ്വേത പറയുന്നുണ്ട്.

പ്രസംഗം ദുരുപയോഗം ചെയ്തു; അക്യുപഞ്ചർ അക്കാദമിക്കെതിരെ പരാതിയുമായി മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ

പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിമാറ്റി പ്രചാരണത്തിന് ഉപയോഗിച്ചതായി കാണിച്ച് അക്യുപഞ്ചർ അക്കാദമിക്കെതിരെ പരാതിയുമായി മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ. പ്രസംഗം അനുമതിയില്ലാതെ പരസ്യത്തിനായി ദുരുപയോഗം ചെയ്തതിന് അക്യൂഷ് അക്യൂപങ്ചർ അക്കാദമിക്കെതിരെ മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം വക്കീൽ നോട്ടീസ് അയച്ചു. സുപ്രീം കോടതി അഭിഭാഷകൻ ജോസ് ഏബ്രഹാം മുഖേന അക്കാദമി എം.ഡി ശുഹൈബ് റിയാലുവിനാണ് നോട്ടീസയച്ചത്. ഒരു കോൺവൊക്കേഷൻ ചടങ്ങിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ അടര്‍ത്തി മാറ്റി, സ്ഥാപനത്തിൻറെ വിലാസവും ഫോൺ നമ്പറും ചേർത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെയാണ് നടപടി. വീഡിയോകൾ ഉടൻ പിൻവലിച്ച് പരസ്യമായി തെറ്റ് ഏറ്റുപറയണമെന്നും, 15 ദിവസത്തിനകം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് ഈ സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും ഡോ. ഹക്കീം വ്യക്തമാക്കി.

ചന്ദ്രശേഖരനെ പുറത്താക്കാൻ പ്രമേയം

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി ലഭിച്ചതിനെത്തുടർന്ന്, എറണാകുളം അധ്യാപക ഭവനിൽ ഐ.എൻ.ടി.യു.സി നേതൃയോഗം ചേർന്നു. അഴിമതിയുടെ കറപുരണ്ട ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പിരിച്ചുവിടണമെന്നും, അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചു പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്നും യോഗം ഏകകണ്ഠേന പ്രമേയം പാസാക്കി. ഈ തീരുമാനം ഡൽഹിയിൽ കൂടിയ ഐ.എ.ൻ.ടി.യു.സി വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന് അനുസൃതമാണെന്നും, അത് അടിയന്തരമായി നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചന്ദ്രശേഖരനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കണമെന്നും യോഗം നിർദേശിച്ചു.

വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍

വഖ്ഫ് ബോര്‍ഡിന് പ്രവര്‍ത്തന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോര്‍ഡിന്റെ അപ്പീല്‍. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ വിലക്ക് നീക്കണമെന്നാണ് ആവശ്യം.ബോര്‍ഡിന്റെ മേല്‍നോട്ട ചുമതല നല്‍കിയ നടപടി റദ്ദാക്കണമെന്നും ആവശ്യം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വസ്തുതകള്‍ പരിഗണിക്കാതെയാണ്. വഖഫ് ബോര്‍ഡിന്റെ സാഹചര്യങ്ങളും ഹൈക്കോടതി പരിഗണിച്ചില്ല. ഇതര മതസ്ഥരെ ഉള്‍പ്പെടുത്തിയില്ല എന്ന കാരണത്താല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനാവില്ലെന്നും വഖഫ് ബോർഡ് ചൂണ്ടിക്കാട്ടി. മുസ്ലിം ഇതരരെ നിയമിച്ചില്ല എന്നത് പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള കാരണമല്ല. ഒഴിവുകള്‍ നികത്തിയില്ല എന്ന കാരണത്താല്‍ ബോര്‍ഡ് രൂപീകരണം റദ്ദാക്കാനാവില്ലെന്നും വഖഫ് അപ്പീലിൽ വ്യക്തമാക്കി.

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥൻ പിടിയിൽ. കണ്ണൂർ ഓഫീസിലെ മിനറൽ റവന്യു ഉദ്യോഗസ്ഥൻ ശ്രീധരൻ പി.പിയാണ്‌ പിടിയിലായത്. പൂഴിമണ്ണ് ശേഖരിച്ച് വില്പന നടത്തുന്ന ചെറുകുന്ന് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. 2025 ജൂണിൽ നൽകിയ അപേക്ഷയിൽ തീർപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

അമ്മയിലെ തർക്കത്തിൽ സർക്കാർ ഇടപെടേണ്ടതില്ല; പി.സി. വിഷ്ണുനാഥ്

അമ്മയിലെ തർക്കത്തിൽ സർക്കാർ ഇടപെടേണ്ടതില്ലെന്ന് പി.സി.വിഷ്ണുനാഥ്. ആയിരക്കണക്കിന് സംഘടനകളിൽ ഒന്നാണ് അമ്മ. അവരുടെ ആഭ്യന്തര പ്രശ്നത്തിൽ ഇടപെടാൻ പോയാൽ ഇതുപോലുള്ള ആയിരക്കണക്കിന് സംഘടനകളിൽ സർക്കാർ ഇടപെടേണ്ടി വരും. ഭരണസമിതി തർക്കം അവരുടെ ആഭ്യന്തര വിഷയം. അതിൽ സർക്കാർ ഇടപെടുന്നതിൽ ഔചിത്യം ഇല്ലായ്മ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ വിമർശനം സംഘടനയ്ക്ക് അകത്തുള്ള കാര്യങ്ങളാണെന്നും പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കേരള ധാതു നിയമം ഭേദഗതി ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

കേരള ധാതു നിയമം ഭേദഗതി ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മലബാറിലെ ഖനന- റോയൽറ്റി വിഷയവുമായി ബന്ധപ്പെട്ടാണ് ഭേദഗതി തിരിച്ചടിയായത്. മലബാറിലെ സ്വകാര്യ ഭൂമിയിലെ കല്ല്, മണൽ, ലാറ്ററൈറ്റ് തുടങ്ങിയ ധാതുക്കളുടെ അവകാശം സംസ്ഥാനത്തിനാണ് എന്ന് 2021ൽ LDF സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. ഇത് സിംഗിൾ ബെഞ്ച് ശരി വെച്ചു. എന്നാൽ ഭൂമിയും ധാതുവും വേർതിരിക്കാനാകില്ല. അവകാശം ഭൂവുടമയ്ക്ക് തന്നെയാണന്നാണ് ഡിവിഷൻ ബഞ്ചിന്റെ വിധി. ധാതു നിയമം ഉണ്ടാക്കാൻ അധികാരം കേന്ദ്രത്തിന് മാത്രമാണെന്നും സംസ്ഥാന സർക്കാറിന്. നിയമം കൊണ്ടുവരാൻ ആവില്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി

പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ശുപാർശ

പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ എസ്ഐടിക്ക് ശുപാർശ. പ്രിയങ്കഗാന്ധിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേനയാണ് തട്ടിപ്പിന് ശ്രമം നടന്നത്. 3 കോടി നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂർ എംഎൽഎ വിദ്യാബാലകൃഷ്ണന് ലഭിച്ച വാഗ്ദാനം. ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും വാഗ്ദാനം ലഭിച്ചിരുന്നു. കൂടുതൽ പരാതികളുയർന്നതോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനൊരുങ്ങുന്നത്

കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; രണ്ടാമത്തെ കേസിലും സുധീർ റിമാൻഡിൽ

വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പിൽ രണ്ടാമത്തെ കേസിലും മുൻ ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജീവനൊടുക്കിയ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയിൽ നിന്ന് 22 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി പണം തിരികെ നൽകാതെ വഞ്ചിച്ചു എന്നാണ് രണ്ടാമത്തെ കേസ്. സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ ക്രമക്കേട് കാണിച്ചെന്ന കേസിലാണ് നേരത്തെ സുധീർ അറസ്റ്റിലായത്. രണ്ടാമത്തെ കേസിലും സുധീറിനെ കോടതി റിമാൻഡ് ചെയ്തു.

വഖഫിൽ യുഡിഎഫ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു; പിണറായി വിജയൻ

വഖഫ് ബോർഡിൽ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്ന് പിണറായി വിജയൻ. രണ്ട് അമുസ്ലീങ്ങളെ നിയമിച്ചേ പറ്റൂ എന്ന് വാശിയിലാണ് സർക്കാർ നിലപാടെടുത്തത്. സർക്കാരിന്റേത് വഞ്ചനാപരമായ നിലപാടാണെന്നും പിണറായി വിജയൻ പറഞ്ഞു. നിയമത്തെ ചോദ്യം ചെയ്ത് നൂറുകണക്കിന് ഹരജികളുണ്ട്. അതെല്ലാം പരാജയപ്പെട്ട അവസ്ഥയാണ് ഇപ്പോൾ. ലീഗിൻ്റെ മന്ത്രിയാണ് ബോർഡിൻ്റെ ചുമതലയിലുള്ളത്. കോടതിയിൽ നിലപാട് അറിയിച്ചത് ലീഗ് നോമിനിയായ പ്ലീഡറാണ്. മന്ത്രിയുടെ വ്യക്തിപരമായ നിലപാട് ആയിരിക്കില്ല. ലീഗിൻ്റെ നയപരമായുള്ള മാറ്റമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കോഴിക്കോട് വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട് തൊട്ടിൽപ്പാലം ദേവർകോവിലിൽ കാറപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. നിയന്ത്രണം നഷ്ടമായ കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിയുകയായിരുന്നു. വയനാട് നിന്നും എടപ്പാളിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എടപ്പാൾ സ്വദേശികളായ ഷാനിദ്, ജുലൈഖ, ഫാരിസ്, സർഫാസ്,സഞ്ചിത് കെ.വി എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ചു പേരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പവർ കട്ടിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പവർ കട്ടിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ . ഡിവൈഎഫ്ഐ കൂത്താളി മേഖല കമ്മിറ്റി കൈ കൊണ്ട് നിഴൽ രൂപങ്ങൾ ഉണ്ടാക്കിയാണ് പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായായിരുന്നു മേഖല കമ്മിറ്റിയുടെ പ്രതിഷേധം. പക്ഷികളുടെയും മൃഗങ്ങളുടെയും തുടങ്ങി വിവിധതരത്തിലുള്ള നിഴൽ ചിത്രങ്ങൾ രൂപം കൊണ്ടു. പവർകട്ട് ഫോട്ടോഗ്രാഫി മത്സരവും കാൻഡിൽ ലൈറ്റ് ഫോട്ടോഗ്രാഫി മത്സരവും ആദ്യമായി പവർകട്ട് നേരിട്ടവരുടെ അനുഭവക്കുറിപ്പുകൾ പങ്കു വെച്ച്കൊണ്ടും ആണ് ഡിവൈഎഫ്ഐ പ്രതിഷേധിക്കുന്നത്.

"മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്"; കെഎസ്‌യു പ്രസിഡൻ്റിനെ കാണാത്തത് മുഖ്യമന്ത്രിയുടെ തിരക്ക് കാരണമെന്ന് എം. ലിജു

മുഖ്യമന്ത്രി കെഎസ്‌യുവിനെ അപമാനിച്ചതായി കരുതുന്നില്ലെന്ന് മന്ത്രി എം. ലിജു. മുഖ്യമന്ത്രിയുടെ തിരക്കുകൾ കൊണ്ടാകാം കെഎസ്‌യു പ്രസിഡൻ്റിനെ കാണാഞ്ഞത്. കെഎസ്‌യു ഞങ്ങളെല്ലാം വളർന്നു വന്ന സംഘടനയാണ്. ആലപ്പുഴയിൽ കെഎസ്‌യു പ്രവർത്തകരെ മർദിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും എം. ലിജു പറഞ്ഞു. റിപ്പോർട്ട് സർക്കാരിൻ്റെ മുന്നിൽ വന്നാൽ കൃത്യമായ നടപടി ഉണ്ടാകും. മർദിച്ചവരെയും അതിന് നിർദേശം നൽകിയവരേയും ഈ സർക്കാർ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു.

"സണ്ണി ജോസഫ് രാജിവച്ച് വെറെ പണിക്ക് പോകണം"; വൈദ്യുതി പ്രതിസന്ധിക്ക് കാരണം മന്ത്രിയുടെ കഴിവ്കേടെന്ന് വി.കെ. സനോജ്

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മന്ത്രിയുടെ കഴിവ്കേടെന്ന് വി.കെ. സനോജ്. ഇതിലൊന്നും ഇടപെടാൻ കഴിയുന്നില്ലെങ്കിൽ സണ്ണി ജോസഫ് രാജി വെച്ച് വേറെ പണിക്ക് പോകണം. ലോകകപ്പ് ഫൈനൽ മുടക്കമില്ലാതെ കാണാൻ ആളുകൾ ജനറേറ്റർ ഏൽപ്പിക്കുകയാണ്. മഴക്കുറവ് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അപ്പോൾ എങ്ങനെ പ്രശ്നം പരിഹരിച്ചെന്ന് പഠിക്കാൻ തയ്യാറാകണം. രാഷ്ട്രീയ നേതൃത്വം കൂടി ഇടപെട്ടാലേ പരിഹാരം കാണാൻ പറ്റൂവെന്നും വി.കെ. സനോജ് പറഞ്ഞു.

സ്കൂൾ കെട്ടിടത്തിന് കാലപ്പഴക്കം; പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ അടച്ചു പൂട്ടി അധികൃതർ

സ്കൂൾ കെട്ടിടത്തിൻ്റെ കാലപ്പഴക്കത്തെ തുടർന്ന് പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ അടച്ചു പൂട്ടി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടർന്നാണ് സ്കൂൾ അടച്ചുപൂട്ടിയത്. രണ്ട് ദിവസമായി സ്കൂൾ പ്രവർത്തിക്കുന്നില്ല. ഇതോടെ 150 ഓളം കുട്ടികളുടെ പഠനം മുടങ്ങി. കെട്ടിടത്തിൻ്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി നഗരസഭ നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ മാനേജ്മെൻ്റ് ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.

"കടക്കൂ പുറത്ത് എന്ന് പറയുന്ന ഭരണ സംവിധാനമല്ല"; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആർക്കും കാണാമെന്ന് റോജി.എം. ജോൺ

പാർട്ടിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി റോജി.എം. ജോൺ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആർക്കും കാണാം. കടക്കൂ പുറത്ത് എന്ന് പറയുന്ന ഭരണസംവിധാനമല്ല. അതിന് മുൻകൂട്ടി അനുവാദം വേണ്ട. ഭരണപരമായ കാര്യങ്ങൾ സർക്കാർ തീരുമാനിക്കും. എല്ലാ കാര്യങ്ങളും കെഎസ്‌യുവിനോട് ആലോചിച്ചു തീരുമാനിക്കാൻ പറ്റുമോയെന്നും റോജി. എം. ജോൺ ചോദിച്ചു. കെ- ടെറ്റ് പരീക്ഷ നടക്കുന്ന ദിവസം ശ്രീനാരായണ ഗുരു പരീക്ഷ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ആ വിഷയത്തിൽ സർവകലാശാലയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. നടപടി മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകൾ എന്നിവയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന്. രോഗീ പരിചരണം, ആശയവിനിമയം, പബ്ലിക് റിലേഷൻസ്, പ്രൊഫഷണൽ എത്തിക്സ്, പരാതി പരിഹാരം എന്നിവയിൽ പരിശീലനം നൽകും. മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള മറ്റെല്ലാ വിഭാഗം ആശുപത്രി ജീവനക്കാർക്കും പരിശീലനം നിർബന്ധമാണ്. രണ്ട് മാസത്തിനകം പരിശീലനം പൂർത്തിയാക്കാൻ നിർദേശം.

ന്യൂസ് മലയാളം വാർത്തയിൽ മന്ത്രിയുടെ ഇടപെടൽ; അതിരപ്പിള്ളിയിലെ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി അട്ടിമറിച്ചതിൽ പരിഹാരം കാണുമെന്ന് കെ.എ. തുളസി

തൃശൂർ അതിരപ്പിള്ളിയിലെ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി അട്ടിമറിച്ച സംഭവത്തിൽ ന്യൂസ് മലയാളം വാർത്തയിൽ നിർണായക ഇടപെടൽ. ചാലക്കുടി, മാരാംങ്കോട്ടെ ആദിവാസി കുടുംബങ്ങളെ സന്ദർശിച്ച് മന്ത്രി കെ.എ തുളസി. അടിയന്തിര പ്രാധാന്യത്തോടെ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി തല യോഗം ഉടൻ വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യും. പ്രതിസന്ധിയിലായ കുടുംബങ്ങളെ സർക്കാർ കൈവിടില്ല. മാരാങ്കോട് താമസിക്കുന്ന കുടുംബങ്ങളുടെ നിലവിലെ അവസ്ഥ ദയനീയമാണെന്നും മന്ത്രി പറഞ്ഞു.

നെുമങ്ങാട് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സെല്ലിൽ ഉള്ളവരെ മോചിപ്പിക്കാൻ ശ്രമം; സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി സെല്ലിൽ ഉള്ളവരെ മോചിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സിഐ യഹിയയാണ് പൊലീസ് കസ്റ്റഡിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ നെടുമങ്ങാട് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സിഐ ഇന്ന് സ്റ്റേഷനിൽ എത്തിയത്. കസ്റ്റഡിയിലെടുത്ത വരെ വിടില്ലെന്ന് അറിയിച്ചതോടെ സെല്ലിൽ മുന്നിൽ കിടന്ന് ഭീഷണി മുഴക്കി. സിഐ മദ്യപിച്ചിരുന്നതായി സംശയത്തെ തുടർന്ന് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വെബ്സൈറ്റ് തകരാർ മൂലം ഫലം ലഭ്യമാകാൻ വെെകും

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി. 2,50,981 പേർ 30 ശതമാനം അധികം മാർക്ക് നേടി. വെബ്സൈറ്റ് തകരാർ മൂലം ഫലം ലഭ്യമാകാൻ വെെകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

"വൈദ്യുതി നിയന്ത്രണം കൂടിയേ തീരൂ"; പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിന് പരിമിതിയുണ്ടെന്ന് എം.ജി. രാജമാണിക്യം

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് ചെയർമാൻ എം.ജി. രാജമാണിക്യം. അപ്രതീക്ഷിതമായ വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉണ്ടായത്. ജൂൺ, ജൂലൈ മാസങ്ങളിൽ പ്രതിസന്ധി മുമ്പ് ഉണ്ടായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യമുള്ള സമയമാണ്. വൈദ്യുതി വാങ്ങുന്നതിനും പരിമിതികളുണ്ടെന്നും രാജമാണിക്യം പറഞ്ഞു. ലോകകപ്പ് സമയത്ത് പവർ കട്ട് ഉണ്ടായിട്ടില്ല. 12 മണിക്ക് കട്ട് ചെയ്തപ്പോൾ 12.25ന് പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും രാജമാണിക്യം പറഞ്ഞു.

അലോഷ്യസ് സേവ്യറെ അവഗണിച്ച് വി.ഡി. സതീശൻ

പ്ലീഡർ പോരിനിടെ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റിനെ പാടേ അവഗണിച്ച് വി.ഡി. സതീശൻ. കൊച്ചിയിലെ ചടങ്ങിൽ മുന്നിൽ വന്ന് നിന്നിട്ടും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ അവഗണന. അലോഷ്യസ് കാത്ത് നിന്നത്, മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിച്ചിട്ടും അനുമതി കിട്ടാത്തതോടെ.

പൊട്ടിത്തെറിച്ച് അലോഷ്യസ് സേവ്യർ

വി.ഡി. സതീശന് എതിരെ പൊട്ടിത്തെറിച്ച് അലോഷ്യസ് സേവ്യർ രംഗത്ത് എത്തി. പ്ലീഡർ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കടുപ്പിച്ചു. സർക്കാർ അധികാരത്തിൽ വന്നത് കെ‌എസ്‌യു ചോരയും നീരും നൽകി ആണെന്നും അലോഷ്യസ് പറഞ്ഞു.

പൗരത്വം നഷ്ടമാകില്ല!

എസ്ഐആർ പ്രകാരം വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്താൽ പൗരത്വം നഷ്ടമാകില്ല എന്ന് സുപ്രീംകോടതി. പൗരത്വം നിർണയിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനുള്ള ഭരണഘടന അതോറിറ്റി അല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വഖഫ് ബോർഡ് പുനഃസംഘടന: ആഞ്ഞടിച്ച് സമസ്ത കാന്തപുരം വിഭാഗവും

വഖഫ് ബോർഡ് പുനഃസംഘടന വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത കാന്തപുരം വിഭാഗവും. സർക്കാർ നിലപാട് കൊലച്ചതിയെന്ന് റഹ്മത്തുള്ള സഖാഫി എളമരം ആഞ്ഞടിച്ചു. സർക്കാരിന്റേത് മകൻ മരിച്ചാലും മരുമകൾ കരയുന്നത് കണ്ടാൽ മതിയെന്ന അമ്മായിയമ്മയുടെ നിലപാട് ആണെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി വിമർശിച്ചു. വ്യക്തികളോടുള്ള വിരോധം തീർക്കാൻ നിലപാടുകൾ കയ്യൊഴിയുന്നു എന്നും സഖാഫി പറഞ്ഞു.

വയനാട് ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്നു; വിനോദ സഞ്ചാര കേന്ദ്രം തുറന്ന് വനംവകുപ്പ്

വയനാട് ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്ന് വിനോദ സഞ്ചാര കേന്ദ്രം തുറന്ന് വനംവകുപ്പ്. മേപ്പാടി വനം വകുപ്പിന് കീഴിലുള്ള സൂചിപ്പാറ വെള്ളച്ചാട്ടമാണ് കഴിഞ്ഞ ദിവസം മുതൽ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. കള്ളാടി മണ്ണിടിച്ചിൽ പശ്ചാത്തലത്തിൽ മേപ്പാടി പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടാൻ കലക്ടർ ഉത്തരവിറക്കിയിരുന്നു.

നിയമനടപടിയുമായി എം.പി. അഞ്ജന

സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.പി. അഞ്ജന. വ്യാജവാർത്തകൾക്ക് എതിരെ പരാതി കൊടുത്തുവെന്ന് എം.പി. അഞ്ജന പറഞ്ഞു. മാനനഷ്ടക്കേസും ഫയൽ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ പാർട്ടി നടപടി എടുത്തിരുന്നോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി.

ടാറ്റയിൽ മലക്കം മറിഞ്ഞ് സർക്കാർ

ടാറ്റ ഗ്രൂപ്പ് പതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ. ടാറ്റ ഇത്രയും തുകയുടെ നിക്ഷേപം നടത്തുമെന്ന് പറഞ്ഞിട്ടില്ല. ഉദ്ദേശിച്ചത് ആകെ നിക്ഷേപത്തിൻ്റെ വ്യാപ്തിയെന്നും വിശദീകരണം. സർക്കാരിൻ്റെ വിശദീകരണം പിആർഡി വഴി.

ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ള: ഒരാൾ കൂടി അറസ്റ്റിൽ

ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ ഒരു അറസ്റ്റ് കൂടി. ക്ഷേത്രം മുൻ ഓഫിസർ രാജേന്ദ്ര ചൗഹാനാണ് അറസ്റ്റിലായത്. സംഭാവനയായി ലഭിച്ച പണം ചൗഹാൻ പോക്കറ്റിലിടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പൊന്നാനി ബലാത്സംഗക്കേസ്: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

പൊന്നാനി ബലാത്സംഗക്കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി. കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവച്ചു.

വിമർശനം തുടരും: ജിൻ്റോ ജോൺ

സർക്കാരിനെതിരെ വിമർശനം തുടരുമെന്ന് ജിൻ്റോ ജോൺ. സർക്കാരിൻ്റെ ഭാഗത്തുനിന്ന് എതിർക്കപ്പെടേണ്ട കാര്യങ്ങളുണ്ടായാൽ എതിർക്കും. കോൺഗ്രസ് പാർട്ടിയുടെ നിലപാടാണ് പറയുന്നത്. സർക്കാരിൻ്റെ ഭാഗം പറയാൻ പിആർ വകുപ്പുണ്ട്, വിമർശനം പറയേണ്ട സമയത്ത് ഇനിയും പറയും. രാജു പി. നായർ തനിക്കെതിരെ കെപിസിസിക്ക് പരാതി കൊടുത്തിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ തന്നെ പരാതി നൽകിയതിന് ശേഷം ആ വിവരം പുറത്തുവിടുന്നത് ശരിയായ രീതിയല്ലെന്നും ജിൻ്റോ ജോൺ.

"വിദ്യാർഥി പ്രസ്ഥാനത്തിൻ്റെ സംസ്ഥാന നേതാവിനെ മുഖ്യമന്ത്രി അപമാനിക്കുന്നത് മര്യാദകേട്"; അലോഷ്യസിനെ പിന്തുണച്ച് എം. ശിവപ്രസാദ്

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

രാഷ്ട്രീയ വിയോജിപ്പുകൾ നിലനിർത്തി തന്നെ പറയട്ടെ

കേരളത്തിലെ ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ സംസ്ഥാന നേതാവിന് വിയോജിപ്പ് രേഖപ്പെടുത്തി എന്ന ഒറ്റ കാരണത്താൽ പൊതുവേദിയിൽ മുഖം നൽകാതെയും ഉയർത്തിയ വിഷയം ചർച്ച ചെയ്യാൻ സമയം നൽകാതെയും കേരളത്തിൻ്റെ മുഖ്യമന്ത്രി അപമാനിക്കുന്നത് മര്യാദകേടാണ്!

മാധ്യമങ്ങളെ, ഇനി നമ്മുക്ക് ധാർഷ്ട്യത്തെ പറ്റി ക്ലാസ്സെടുക്കാം!

വൈദ്യുതി ഇന്നും മുടങ്ങും

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പീക്ക് സമയങ്ങളിൽ ഭാഗിക നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. തുടർച്ചയായി അഞ്ചാം ദിനമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുന്നത്.

ഭൂമിക്ക് പുറത്ത് മറ്റൊരു ഭൂമി? 

സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹമുണ്ടെന്ന് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ. ജീവൻ നിലനിൽക്കാൻ എല്ലാ സാഹചര്യങ്ങളും ഉണ്ടെന്ന് ഡോ. കോളിൻ ചെറുബിൻ്റെ കണ്ടെത്തൽ. എക്സോ പ്ലാനറ്റ് സ്ഥിതി ചെയ്യുന്നത് ഭൂമിയിൽ നിന്ന് 40 പ്രകാശ വർഷം അകലെ.

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം

കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

നിക്ഷേപ തട്ടിപ്പ് കേസ്: ടാൽറോപ് സഹസ്ഥാപകൻ പിടിയിൽ

നിക്ഷേപ തട്ടിപ്പ് കേസിൽ ടാൽറോപ് സഹസ്ഥാപകൻ അറസ്റ്റിൽ. ഡയറക്ടർ ബോർഡ് അംഗം യഹിയ ആണ് പൊലീസ് പിടിയിലായത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പാങ്ങോട് സ്വദേശികളായ ദമ്പതികളുടെ പരാതിയിലാണ് അറസ്റ്റ്. കല്ലറ, പാങ്ങോട് കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പാണ് നടന്നത്.

ശുചിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഉപയോഗിച്ച് പകർത്തി; പ്രതിയെ പിടികൂടി വീട്ടുകാർ

തിരുവനന്തപുരം കഴക്കൂട്ടത്ത് ശുചിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഉപയോഗിച്ച് പകർത്തിയ പ്രതിയെ പിടികൂടി വീട്ടുകാർ. ഇന്നലെ രാത്രി 12.30ഓടെ ആണ് സംഭവം. കഴക്കൂട്ടം സ്വദേശി ബിനു ആണ് പിടിയിലായത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.

മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോഡ്, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നേരത്തെ തൃശൂർ ജില്ലയിൽ മാത്രമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.

ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൻ്റെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി. ഓവർ ലോഡിനെ തുടർന്ന് ലിഫ്റ്റ് ആറാം നിലയിൽ നിൽക്കുകയായിരുന്നു.

മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്: പി. രാജീവ്

ടാറ്റ പതിനായിരം കോടി നിക്ഷേപിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് യൂ ടേൺ അടിച്ച സർക്കാർ നടപടിയെ പരിഹസിച്ച് മുൻ വ്യവസായ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്. ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ടാറ്റയ്ക്ക് തിരുത്തേണ്ടി വന്നിരിക്കുന്നു. മുഖ്യമന്ത്രി ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണമെന്നും പി. രാജീവ് പരിഹസിച്ചു.

"ഓവർലോഡല്ല, സാങ്കേതിക തകരാർ"

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൻ്റെ ലിഫ്റ്റിൽ ശശി തരൂർ എംപി കുടുങ്ങിയതിന് കാരണം ഓവർലോഡല്ല, സാങ്കേതിക തകരാറെന്ന് ഫയർഫോഴ്സ്. എംപി ലിഫ്റ്റിൽ കുടുങ്ങിയത് പതിനഞ്ച് മിനിറ്റിലധികം.

അലോഷ്യസ് സേവ്യറിനെതിരെ മുബാസ് ഓടക്കാലി

സർക്കാർ പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിൽ ഭിന്നത. പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിനെതിരെ സംസ്ഥാന ജന. സെക്രട്ടറി മുബാസ് ഓടക്കാലി രംഗെത്തി. വ്യക്തി താത്പര്യവും അനാവശ്യ മാധ്യമ ശ്രദ്ധയും മുൻനിർത്തിയാണ് പ്രസിഡൻ്റിൻ്റെ ആവശ്യമെന്ന് മുബാസ് ഓടക്കാലി. പ്രസ്ഥാനത്തെ സ്ഥാപിത താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നു. കൂടിക്കാഴ്ച നടത്തേണ്ടത് പൊതുയിടത്ത് മാധ്യമങ്ങൾക്ക് മുന്നിലല്ലെന്നും മുബാസ് ഓടക്കാലി.

"കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വാര്‍ത്തെടുത്തത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം"; സഹപ്രവര്‍ത്തകരുടെ വിയോഗത്തില്‍ ചരിത്രം ഓര്‍മിപ്പിച്ച് കെ.സി

കെഎസ്‌യുവിൻ്റെ ചരിത്രം ഓർമിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസ് പ്രസ്ഥാനത്തെ വാർത്തെടുത്തത് കെഎസ്‌യുവിൻ്റെ പോരാട്ടവീര്യമെന്ന് കെസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സർക്കാർ പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിൽ തർക്കം മുറുകുന്നതിനിടെയാണ് പ്രതികരണം.

മെക്സിക്കോയിൽ വൻ ഭൂചലനം

മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. മെക്സിക്കോയുടെ തെക്കൻ തീരപ്രദേശമായ ചിയാപാസിലാണ് ഭൂചലനമുണ്ടായത്. പ്രഭവകേന്ദ്രം പസഫിക് സമുദ്രത്തിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിൽ. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഗ്വാട്ടിമാലയിലും എൽ സാൽവദോറിലും ശക്തമായ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.

തേക്കിന്‍കാട് മൈതാനം പൊതുയിടമായി നിലനിര്‍ത്തണം: സിപിഐ

തേക്കിന്‍കാട് മൈതാനം പൊതുയിടമായി നിലനിര്‍ത്തണമെന്ന് സിപിഐ. ഹൈക്കോടതിയുടെ വിധിന്യായം ചരിത്ര യാഥാര്‍ഥ്യങ്ങളുടെ നിഷേധവും ജനാധിപത്യവിരുദ്ധവും. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ.

"ഞങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യരുത്"; അലോഷ്യസ് സേവ്യറെ പിന്തുണച്ച് കെഎസ്‌യു തിരു. ജില്ലാ പ്രസിഡൻ്റ്

അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഗോപു നെയ്യാർ രംഗത്തെത്തി. ഞങ്ങൾ ഒഴുക്കിയ ചോരയുടെയും വിയർപ്പിൻ്റെയും മർദനങ്ങളുടെയും ഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്ന് എഫ്ബി പോസ്റ്റ്. ഞങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യരുതെന്നും ഗോപു നെയ്യാർ.

SCROLL FOR NEXT