ബിജെപി പുനഃസംഘടന ഉടൻ ഉണ്ടായേക്കും. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാമുഖ്യം നൽകിയാകും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുക. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിതിൻ നബീന് കീഴിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കേരളത്തിൽ നിന്ന് വി മുരളീധരൻ , കെ സുരേന്ദ്രൻ, അനൂപ് ആന്റണി എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. നിലവിൽ കേന്ദ്രമന്ത്രിമാരായ ചിലരെ സംഘടനാ ചുമതലകളിലേക്ക് മാറ്റിയേക്കും. ഇതോടെ, പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനു പിന്നാലെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ഉണ്ടായേക്കും.
കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കളമശ്ശേരിയിൽ നടക്കും. ആഷിസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ് രാവിലെ പത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മറ്റ് ജനപ്രതിനിധികളും കര്‍ഷകരും കാര്‍ഷിക മേഖലയിലെ വിദഗ്ധരും പങ്കെടുക്കും. കാര്‍ഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായി സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യും. അഞ്ച് ലക്ഷം രൂപ സമ്മാനത്തുകയുള്ള 'ശ്രീ ഉമ്മന്‍ ചാണ്ടി സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം' ആദ്യമായി സമ്മാനിക്കുന്നതും, 'മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കര്‍ഷകന്‍', 'ഉദ്യാന ശ്രേഷ്ഠ' എന്നീ പുതിയ അവാര്‍ഡ് വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഈ വര്‍ഷത്തെ പ്രധാന പ്രത്യേകതയാണ്.
അഭിഭാഷകരുടെ പിതാവിനെ ക്രൂരമായി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. എറണാകുളം ബാർ അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ്, ഞാറയ്ക്കൽ സ്വദേശി മോഹൻദാസ് എന്ന 80കാരനെ പ്രതികൾ വീട് കയറി ആക്രമിച്ചത്. പ്രതികളിൽ ഒരാളുടെ ഭാര്യയുടെ പരാതിയിൽ വക്കാലത്ത് ഏറ്റെടുത്തതായിരുന്നു പ്രകോപനം. അഭിഭാഷകരുടെ ജോലി സുരക്ഷിതത്വം ഉൾപ്പെടെ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതി ബഹിഷ്കരിച്ച് അഭിഭാഷകരുടെ പ്രതിഷേധം. പരിക്കേറ്റ മോഹൻദാസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് നിന്നും സമ്പൂർണ കയറ്റുമതി ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. ഓഗസ്റ്റ് പതിനെട്ടിന് രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങിൽ മുഖ്യാതിഥിയായി കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളും പങ്കെടുക്കും. ഇതോടെ ഇന്ത്യയുടെ സുപ്രധാന വാണിജ്യ കവാടമായി വിഴിഞ്ഞം തുറമുഖം മാറും. അന്നേദിവസം സംസ്ഥാന സർക്കാരിന്റെ വ്യവസായ- ലോജിസ്റ്റിക്സ് പദ്ധതിയായ മിഷൻ സമുദ്രയും പ്രഖ്യാപിക്കും. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്നു പുതിയ നഗരങ്ങൾ, സംസ്ഥാനത്തെ 600 കിലോമീറ്റർ നീളം വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്ന വിഴിഞ്ഞം മാരിടൈം ഇക്കണോമി എന്ന ആശയം ഉൾക്കൊള്ളുന്ന വിഴിഞ്ഞം പോർട്ട് സിറ്റിയാണ് മിഷൻ സമുദ്രയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സ്പെയിനിലെ വലൻസിയിലേക്ക് അയച്ച ആദ്യ കയറ്റുമതി കണ്ടെയ്നറിന്റെ ട്രയൽ റൺ പൂർത്തിയാക്കിയതിനു പിന്നാലെയാണ് സമ്പൂർണ പ്രവർത്തനങ്ങളിലേക്ക് വിഴിഞ്ഞം തുറമുഖം കടക്കുന്നത്.
സീറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ആരംഭിക്കുന്ന ഇന്ന്, വിശ്വാസികൾ സഭ ആസ്ഥാനത്തിന് മുൻപിൽ പ്രതിഷേധിക്കും. ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന സഭാ വിശ്വാസികളായ എറണാകുളം അങ്കമാലി അതിരൂപത അംഗങ്ങളാണ് പ്രതിഷേധിക്കുക. എറണാകുളം അങ്കമാലി അതിരൂപതയിലെ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ ഭരണം അവസാനിപ്പിക്കുക, അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വൈകുന്നേരം മൂന്നിന് എറണാകുളം കാക്കനാട് ഉള്ള സീറോ മലബാർ സഭയുടെ ആസ്ഥാനവും വിശ്വാസികൾ ഉപരോധിക്കും.
വിവാദ സവർക്കർ ചോദ്യത്തിൽ സസ്പെൻഷൻ ചോദ്യം ചെയ്തുള്ള അധ്യാപകന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ സർക്കാർ ഇന്ന് കോടതിയിൽ മറുപടി നൽകും. നടപടിയെടുക്കാൻ സർക്കാരിന് കഴിയുമെങ്കിലും, ചോദ്യം തെറ്റായതിന്റെ പേരിൽ സസ്പെൻഡ് ചെയ്യാൻ കഴിയുമോ എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിൽ വിശദമായ മറുപടി നൽകാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ സസ്പെൻഷൻ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന അധ്യാപകന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് അന്വേഷണസംഘത്തിന്റെ പക്കൽ തെളിവുകളൊന്നുമില്ലെന്ന് ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം ജാമ്യാപേക്ഷയെ വിജിലൻസ് ശക്തമായി എതിർക്കും. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട പുതിയ കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് വേഗത്തിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
ശബരിമല മിൽമ നെയ്യ് ക്രമക്കേട് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച വിവരം പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. നെയ്യ് വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവരുടെ പങ്കും, അന്വേഷണത്തിന്റെ പുരോഗതിയും എസ്ഐടി കോടതിയെ ധരിപ്പിക്കും.
കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ, കൂടുതൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ പൊലീസ്. ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസിന്റെ മൊഴി കോഴിക്കോട് ടൗൺ പൊലീസ് രേഖപ്പെടുത്തി. മറ്റു പരാതിക്കാരിൽ ചിലർ നഗരത്തിൽ ഇല്ലാത്തതിനാൽ അവരുടെ മൊഴികൾ വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. അതിനുശേഷം കൗൺസിലർമാരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രോട്ടോക്കോൾ ലംഘനമോ നിയമപരമായ വീഴ്ചയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ് നിയമോപദേശം തേടും.
കണ്ണൂർ സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ പരിപാടിക്ക് അനുമതി നിഷേധിച്ച് വി സി. എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതിയില്ല. പാലയാട് ക്യാമ്പസില്‍ നിശ്ചയിച്ച ഷീ ഫെസ്റ്റിനെതിരെയാണ് സര്‍വകലാശാല നടപടി. പരിപാടിക്ക് വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ഇല്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ വാദം. അതേസമയം, പരിപാടി നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു.
മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം എൽഡിഎഫ് യോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് എകെജി സെന്ററിലാണ് യോഗം. സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ ആലോചിക്കാനാണ് യോഗം. അതേസമയം, പ്രതിപക്ഷ ഉപ നേതൃസ്ഥാനം എന്ന ആവശ്യം മുന്നണി യോഗത്തിലും സിപിഐ ഉന്നയിച്ചേക്കും. എന്നാൽ പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സിപിഐക്ക് വിട്ടു നൽകേണ്ടതില്ലെന്നാണ് സിപിഐഎം നിലപാട്.
ഇന്ന് ചിങ്ങം ഒന്ന്; കാർഷിക സമൃദ്ധിയുടെയും പ്രത്യാശയുടെയും പൊന്നിൻ ചിങ്ങമാസപ്പുലരി. ഇത്തവണ അത്തം പിറന്നതിനു ശേഷമാണ് ചിങ്ങപ്പിറവിയെന്ന പ്രത്യേകതയുമുണ്ട്. ഓണാഘോഷത്തിൻ്റെ ആരവങ്ങളിലേക്കാണ് മലയാളി കാലെടുത്തു വയ്ക്കുന്നത്. ഞാറ്റുവേലകളുടെയും വിളവെടുപ്പിന്റെയും പെരുമയുമായി എത്തുന്ന ഈ ദിനം മലയാളികൾക്ക് കർഷക ദിനം കൂടിയാണ്. കർക്കടകത്തിന്റെ വറുതിയിൽ നിന്നും വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും പുതുവർഷാരംഭം കൂടിയാണ് മലയാളികള്‍ക്ക് ചിങ്ങമാസം.