NEWSROOM

'മിച്ചി മാര്‍പ്പുവിന്റെ മരണത്തില്‍ നീതി ലഭിക്കണം'; കോതമംഗലം എം.എ. കോളേജില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ന്യൂസ് ഡെസ്ക്

കോതമംഗലം എം.എ. കോളേജില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം

കോതമംഗലം എം.എ. കോളേജില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം. മിച്ചി മാര്‍പ്പുവിന്റെ മരണത്തില്‍ നീതി ലഭിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കോളേജ് അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, സമരക്കാരുമായി യാതൊരു ചര്‍ച്ചയും കൂടാതെയാണ് അധികൃതരുടെ നടപടിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി, ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും

ലോക ചരക്ക് വ്യാപാരത്തിന് പുതിയ കവാടമാകാൻ ഒരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്ത് നിന്നുള്ള സമ്പൂർണ കയറ്റുമതി, ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ തുറമുഖങ്ങൾ വഴി ചരക്കു കയറ്റി അയച്ചിരുന്നവർക്കു ഇനി വിഴിഞ്ഞത്തുനിന്ന് ചരക്കുകൾ അയക്കാനാകും. ഇത് സമയവും സാമ്പത്തിക ചെലവും കുറയ്ക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

സർക്കാരിന്റെ മിഷൻ സമുദ്ര പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്ന് പുതിയ നഗരങ്ങൾ, സംസ്ഥാനത്തെ 600 കിലോമീറ്റർ നീളം വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്ന വിഴിഞ്ഞം മാരിടൈം എക്കണോമി എന്ന ആശയം ഉൾക്കൊള്ളുന്ന വിഴിഞ്ഞം പോർട്ട് സിറ്റിയാണ് മിഷൻ സമുദ്രയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട്. സംസ്ഥാനത്ത് പൊതുവെ മഴ ദുർബലമാണ്. നാളെ എവിടെയും മഴമുന്നറിയിപ്പില്ല. ഇന്ന് മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് കള്ളകടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം, കേരളം, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന ഭാരവാഹികൾ, പ്രായപരിധി നിബന്ധന കർശനമാക്കൽ എന്നിവ ചർച്ചയാകും. അധ്യക്ഷസ്ഥാനത്തേക്ക് വനിത പ്രാതിനിധ്യം വേണം എന്നതിൽ മാറ്റം വരുത്തില്ല. ചിന്താ ജെറോമിനെ തന്നെ സംസ്ഥാന പ്രസിഡന്റാക്കാനാണ് സാധ്യത. സെക്രട്ടറി സ്ഥാനത്തേക്ക് എം. വിജിൻ എംഎൽഎയെയാണ് പരിഗണിക്കുന്നത്. എം. ഷാജർ, ഷിജു ഖാൻ എന്നിവരുടെ പേരുകളും പാർട്ടിക്ക് മുന്നിലുണ്ട്. അടുത്തമാസം ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിയുടെ മുന്നൊരുക്കങ്ങളും ഇന്ന് ചർച്ചയാകും.

കേരളം പിടിക്കാന്‍ ബിജെപി; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങാൻ ബിജെപി. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ മണ്ഡലങ്ങളിൽ പ്രാരംഭ നടപടികൾ തുടങ്ങാനാണ് തീരുമാനം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ കെ. സുരേന്ദ്രൻ, കൊല്ലത്ത് ബി.ബി. ഗോപകുമാർ, പത്തനംതിട്ടയിൽ അനൂപ് ആന്റണി എന്നിവർ സ്ഥാനാർഥിയാകും. തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കും. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ മത്സരിക്കാനാണ് സാധ്യത.

SCROLL FOR NEXT