NEWSROOM

സൗജന്യ റേഷന്‍ അരി പോളിഷ് ചെയ്താല്‍ 'ബ്രാന്‍ഡഡ്'; പിടിച്ചെടുത്തത് 50,525 കി.ഗ്രാം അരി, നാല് രഹസ്യ ഗോഡൗണുകള്‍ക്ക് പൂട്ടിട്ടു

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ന്യൂസ് ഡെസ്ക്

പ്രൊഫഷണൽ കോഴ്‌സ് മേൽനോട്ടസമിതി നിയമനം; മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം

പ്രൊഫഷണൽ കോഴ്‌സ് മേൽനോട്ടസമിതി നിയമനത്തില്‍ ആരോഗ്യ, ഉന്നതവിദ്യാഭ്യാസ മന്ത്രിമാർ തമ്മില്‍ തർക്കം. കോഴ്‌സ് ഫീസ്, റെഗുലേറ്ററി കമ്മിറ്റി, അഡ്‌മിഷൻ സൂപ്പർവൈസറി കമ്മിറ്റി എന്നിവയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഏകപക്ഷീയമായി നിയമനം നടത്തിയതിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരന് അതൃപ്തി. നിയമനം റദ്ദാക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, പ്രത്യേക സമിതിയെ നിയമിക്കാനാണ് നീക്കം. വി.ഡി. സതീശൻ സർക്കാർ 100 ദിനം തികയ്ക്കുമ്പോഴാണ് മന്ത്രിമാർ തമ്മില്‍ തർക്കം.

നബിദിനാശംസകൾ നേര്‍ന്ന് പിണറായി വിജയന്‍

നബിദിനാശംസകൾ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. "മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ് മുഹമ്മദ് നബി ലോകത്തിന് പകർന്നുനൽകിയത്. വിദ്വേഷവും അസഹിഷ്ണുതയും വർധിക്കുന്ന കാലത്ത് ഈ വിശ്വമാനവിക സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്.

നബിദിനാചരണങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം കൂടുതൽ ജനങ്ങളിലെത്തിക്കാൻ സഹായകമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ" -പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

യുവതിയെ ദേശീയ പാതയില്‍ ഇറക്കിവിട്ട സംഭവം; ബസ് തടഞ്ഞ് നാട്ടുകാര്‍

യാത്രക്കാരിയെ രാത്രി ദേശീയ പാതയിൽ ഇറക്കി വിട്ടതിനെത്തുടര്‍ന്ന് കോണി ഉപയോഗിച്ച് താഴെ ഇറക്കേണ്ടി വന്ന സംഭവത്തില്‍ സ്വകാര്യ ബസ് തടഞ്ഞ് നാട്ടുകാർ. കോഴിക്കോട് -കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസാണ് നാട്ടുകാര്‍ തടഞ്ഞത്. ബസിനെതിരെ യുവതി പരാതി നല്‍കിയിട്ടുണ്ട്. ബസ് വൈകുമ്പോഴും, സർവീസ് റോഡിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുമ്പോഴും ദേശീയപാത വഴിയാണ് പോകുക എന്നതാണ് ബസ് അധികൃതരുടെ വിശദീകരണം. കോഴിക്കോട് തിക്കോടിയിൽ ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് യാത്രക്കാർ കോണി വെച്ച് ഇറങ്ങേണ്ടി വരുന്നത് സ്ഥിരം കാഴ്ചയാണ്.

വാഹന മോഡിഫിക്കേഷൻ; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

വാഹന മോഡിഫിക്കേഷനില്‍ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. അനധികൃത രൂപമാറ്റങ്ങള്‍ക്ക് നിയമപരമായ പിഴ ചുമത്താനാണ് നീക്കം. നിയമപരമല്ലാത്ത മോഡിഫിക്കേഷൻ മാറ്റിയശേഷം ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം. റീലുകൾ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള അനധികൃത രൂപ മാറ്റങ്ങൾക്കെതിരെയും നടപടിയുണ്ടാകും. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസം എടുത്ത നടപടിയുടെ റിപ്പോർട്ട് തയ്യാറാക്കും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വകുപ്പ് നടപടി കടുപ്പിക്കുന്നത്.

തിരുവനന്തപുരത്ത് പ്രിയദർശിനി ബസിന്റെ ചില്ല് തകര്‍ത്തു

തിരുവനന്തപുരത്ത് പ്രിയദർശിനി ബസിന്റെ മുൻവശത്തെ ഗ്ലാസിന്റെ ചില്ല് തകർത്തു. കല്ലറ പരപ്പിൽ ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോയിലെ ബസുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ സര്‍വീസിന് തയ്യാറെടുത്ത് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകളാണ് ബൈക്കിൽ എത്തിയ സംഘം തകർത്തത്. അധികൃതര്‍ പാങ്ങോട് പൊലീസിൽ പരാതി നൽകി.

സെന്‍ട്രല്‍ ജയിലിലേക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം; മൂന്നു പേര്‍ക്കെതിരെ കേസ്

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം. സംഭവത്തില്‍ തടവുകാരനും ഹാഷിഷ് ഓയിൽ കൈമാറാൻ ശ്രമിച്ച ആൾക്കുമെതിരെ കേസെടുത്തു. സുഹൈൽ എം., മുബീൻ എന്നിവർക്കും റിമാൻഡ് തടവുകാരനായ മുഹമ്മദിനും എതിരെയാണ് കേസെടുത്തത്. ചെരിപ്പിൽ ഒളിപ്പിച്ചാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്. ജയിലിൽ നിന്ന് കോണ്ഫറൻസ് കാൾ ചെയ്താണ് മയക്കുമരുന്ന് എത്തിക്കാൻ ആവശ്യപ്പെട്ടത്.

വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകുന്നു; കടുത്ത നടപടികള്‍ക്ക് സിയാൽ

വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകുന്നതില്‍ കടുത്ത നടപടികളിലേക്ക് സിയാൽ. സ്പൈസ്ജെറ്റിന് നോട്ടീസ് നല്‍കി. സര്‍വീസുകള്‍ കൃത്യമായി നടത്തണമെന്നാണ് നിർദേശം. അല്ലാത്തപക്ഷം, അനുവദിച്ച സ്ലോട്ട് പിന്‍വലിക്കുന്നത് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കുമെന്നാണ് സിയാലിന്റെ മുന്നറിയിപ്പ്.

ഉത്രാടദിനത്തില്‍ ഗുരുവായൂരില്‍ കാഴ്ചക്കുല സമർപ്പണം

ഉത്രാട ദിനമായ ഇന്ന് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കാഴ്ചക്കുല സമര്‍പ്പണം നടക്കും. രാവിലെ തന്നെ വഴിപാട് സമർപ്പണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങുകൾ ആരംഭിക്കും. ശീവേലിക്ക് ശേഷം മേൽശാന്തി തെക്കുംപറമ്പത്ത് നാരായണൻ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. ഭക്തർ വഴിപാടായി നൽകുന്ന കാഴ്ചക്കുലകൾ ക്ഷേത്രാവശ്യങ്ങൾക്കും അന്നദാനത്തിനും ദേവസ്വം കൊമ്പൻമാരുടെ ഭക്ഷണത്തിനുമായാണ് പിന്നീട് ഉപയോഗിക്കുക. ഒന്നാം ഓണ ദിവസമായ ഇന്ന് കാഴ്ചക്കുല സമർപ്പണത്തിനായി നിരവധി ഭക്തരാണ് ഇന്നലെ രാത്രി മുതൽ ഗുരുപവനപുരിയിൽ എത്തി കാത്തിരിക്കുന്നത് .

സൗജന്യ റേഷന്‍ അരി പോളിഷ് ചെയ്താല്‍  ബ്രാന്‍ഡഡ്; അധികൃതര്‍ പൂട്ടിട്ടത് നാല് രഹസ്യ ഗോഡൗണുകള്‍ക്ക്

സംസ്ഥാനത്ത് വൻ റേഷൻ അരി തട്ടിപ്പ്. മുൻഗണനാ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാര്‍ നല്‍കുന്ന സൗജന്യ റേഷൻ അരി തുച്ഛമായ വിലയ്ക്ക് വാങ്ങി അന്തർസംസ്ഥാന മാഫിയ കടത്തുന്നു. കടത്തിയ അരി രഹസ്യ ഗോഡൗണുകളിൽ എത്തിച്ച് പോളിഷ് ചെയ്ത്, പുതിയ ചാക്കുകളിലാക്കി 'ബ്രാൻഡഡ് അരി' എന്ന പേരിൽ കേരളത്തിലെ പൊതുവിപണിയിൽ എത്തിക്കുന്നതായി സര്‍ക്കാരിന്റെ കണ്ടെത്തല്‍. സൗജന്യമായി നൽകുന്ന അരി പൊതുവിപണിയിൽ വിൽക്കുന്നത് കിലോയ്ക്ക് 40 മുതൽ 48 രൂപ വരെ ഉയർന്ന നിരക്കിൽ. ഒരാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യവകുപ്പ് പിടികൂടിയത് 50,525 കി.ഗ്രാം റേഷനരി. കേരള തമിഴ്‌നാട് അതിർത്തിയിലെ നാല് രഹസ്യ ഗോഡൗണുകൾ അധികൃതർ അടച്ചുപൂട്ടി.

SCROLL FOR NEXT