പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം കേരള പൊലീസ് അവസാനിപ്പിക്കുന്നു. കുറുപ്പ് ജീവിച്ചിരിപ്പില്ലെന്നും, ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരിക്കാമെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഏതാനും വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. 1984 ജനുവരി 22ന് പുലര്‍ച്ചെയാണ് താന്‍ മരിച്ചുവെന്ന് വരുത്താനായി, നിരപരാധിയായ ചാക്കോയെ ശ്വാസംമുട്ടിച്ച് കൊന്ന് കാറിലിട്ട് കത്തിച്ചു കൊന്നത്. സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായിരുന്നു കുറുപ്പിന്റെ കൃത്യം. ഇക്കാലത്തിനിടെ നടത്തിയ അന്വേഷണത്തില്‍, കേസിലെ മറ്റ് നാലു പ്രതികളും പിടിയിലായിട്ടും സുകുമാരക്കുറുപ്പ് എവിടെയെന്ന് കണ്ടെത്താന്‍ പോലും പൊലീസിന് കഴിഞ്ഞിരുന്നില്ല.
കൊല്ലം കുളത്തൂപ്പുഴയില്‍ ജീപ്പ് നിര്‍ത്താന്‍ ശ്രമിക്കവെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വില്ലുമല സ്വദേശി സജിയാണ് (32) മരിച്ചത്. ജീപ്പ് നിര്‍ത്തിയശേഷം താക്കോല്‍ ഊരാന്‍ ശ്രമിക്കവെയായിരുന്നു അപകടം.
പാലക്കാട് കല്ലടിക്കോട് ലോറികൾ കൂട്ടിയിടിച്ച് കത്തി ഒരു ഡ്രൈവര്‍ മരിച്ചു. പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിലാണ് ലോറികള്‍ക്ക് തീപിടിച്ചത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പൊള്ളലേറ്റ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. മരപ്പൊടി കയറ്റിവന്ന ലോറിയുടെ ഡ്രൈവറായിരുന്നു നസീറുദ്ദീന്‍.
തൃശൂര്‍ കുന്നംകുളത്ത് പൊലീസ് സംഘത്തെ ആക്രമിച്ച കാപ്പ പ്രതിയും സംഘവും പിടിയില്‍. ഗുരുവായൂർ സ്വദേശിയായ അദീപ് (28) എന്നയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രതീഷ്, ദേവനാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്.
കോഴിക്കോട് തിക്കോടിയിൽ യാത്രക്കാരിയെ ദേശീയപാതയിൽ ഇറക്കിവിട്ടതിനെ തുടർന്ന് കോണി ഉപയോഗിച്ച് സർവീസ് റോഡിലേക്ക് ഇറങ്ങേണ്ടി വന്ന സംഭവത്തില്‍ ബസിനെതിരെ നടപടിക്ക് ശുപാർശ. കൃതിക എന്ന സ്വകാര്യ ബസിന്റെ ലൈസൻസ് റദ്ദാക്കാനും പിഴ ഈടാക്കാനും പയ്യോളി പൊലീസ് ആർടിഒയ്ക്ക് റിപ്പോർട്ട് നൽകി. യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സാഹിത്യകാരനും കലാ-സാംസ്കാരിക പ്രവർത്തകനുമായ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കേരള നാടക സംഗീത അക്കാദമി ഗുരുപൂജ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ 162 ആയി. എട്ട് ജില്ലകളില്‍ നിന്നായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 403 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 341 പേര്‍ വിദേശികളാണ്. 142 ഇന്ത്യക്കാരുമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടകാരണം ഭൂചലനമല്ല ഹിമാനികൾ തകർന്നതാണെന്നും റിപ്പോർട്ട്.
ഇന്ത്യയിലും ജാഗ്രതാ നിര്‍ദേശം. മുന്‍കരുതലിന്റെ ഭാഗമായി ബിഹാർ, ഉത്തർപ്രദേശ് നദീ തീരങ്ങളിൽ നിന്ന് 5000 പേരെ മാറ്റിപ്പാർപ്പിച്ചു. പശ്ചിമ ചമ്പാരൻ, മഹാരാജ് ഗഞ്ച്, ഖുഷി നഗർ എന്നിവിടങ്ങളിൽ കനത്ത ജാഗ്രത നിര്‍ദേശമുണ്ട്.