സുകുമാരക്കുറുപ്പിനെ കണ്ടെത്തിയതായി പുതുതായി പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പലരും ഇക്കാര്യം തന്നോട് പറഞ്ഞു മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു എന്നാൽ ഇതിനൊന്നും യാതൊരു സ്ഥിരീകരണവുമില്ലന്നും, ഇക്കാര്യങ്ങൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എ ഡിജിപി ഏച്ച് . വെങ്കിടേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇൻറർപോളിന്റെ സഹായം തേടുമെന്നും ആഭ്യന്തരവകുപ്പ് മന്ത്രി വ്യക്തമാക്കി. 40 വർഷങ്ങൾക്കു മുമ്പ് വയലാർ രവി ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് നടന്ന സംഭവമാണിത് അന്വേഷണ റിപ്പോർട്ട് മുക്കി എന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്ത് മുക്കാനാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
നേപ്പാളിലേക്ക് തീർഥയാത്ര പോയ മലപ്പുറം പൊന്നാനി സ്വദേശികളായ നാലംഗ കുടുംബത്തെ കാണാനില്ല. ഓസ്ട്രേലിയൻ പൗരത്വമുള്ള പൊന്നാനി തൃക്കാവ് സ്വദേശി ശ്രീധരൻ അയ്യർ, ഭാര്യ ലക്ഷ്മി, മക്കളായ ഋഷഭ്, രുദ്ര എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 21-ന് ഓസ്ട്രേലിയയിൽ നിന്ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്തിയ ഇവർ, നേപ്പാളിലെ മിന്നൽ പ്രളയത്തിന് മൂന്ന് മണിക്കൂർ മുൻപാണ് അവസാനമായി ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടത്. ഇവർ താമസിച്ചിരുന്ന ഹോട്ടൽ പ്രളയത്തിൽ തകർന്നെങ്കിലും, അപകടത്തിന് തൊട്ടുമുൻപ് കുടുംബം അവിടെനിന്ന് ചെക്ക് ഔട്ട് ചെയ്തിരുന്നതായി വിവരമുണ്ട്. എന്നിരുന്നാലും ഇവരെ എങ്ങോട്ടാണ് മാറിയതെന്നോ നിലവിലെ അവസ്ഥ എന്താണെന്നോ സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. പൊന്നാനിയിലെ ബന്ധുക്കളായ നാല് പേർ കാഡ്മണ്ഡുവിലേക് തിരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 5 ദേവസ്വം ബോർഡ് പ്രസിഡൻറ് സ്ഥാനങ്ങളിൽ ഒന്നിലേക്കെങ്കിലും പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിനെ പരിഗണിക്കണമെന്ന് കൊടികുന്നിൽ സുരേഷ് എംപി. കഴിഞ്ഞകാലങ്ങളിൽ ഈ ആവശ്യം പരിഗണിച്ചിട്ടില്ല. പട്ടികജാതി വിഭാഗത്തിന് അർഹതപ്പെട്ട സ്ഥാനമാണത്. പുതുയുഗപ്പിറവി വാഗ്ദാനം ചെയ്യുന്ന യുഡിഎഫ് സർക്കാർ വിഷയം പരിഗണിച്ച് ചരിത്രം തിരുത്തി എഴുതണമെന്നും കൊടികുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. നിലവിലെ പ്രസിഡൻ്റുമാരുടെ കാലാവധി പൂർത്തിയാകുമ്പോൾ വിഷയം പരിഗണിക്കാമെന്നും മുതിർന്ന നേതാവായ കൊടികുന്നിലിന്റെ ആവശ്യങ്ങൾ തള്ളിക്കളയാറില്ലെന്നും ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.
തിരുവനന്തപുരം വെള്ളനാട് ചാങ്ങയിൽ അമൃതം പൊടിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ചാങ്ങ പണ്ടാര വീട്ടിൽ വൈഷ്ണവി ഒരു വയസ്സുള്ള കുഞ്ഞിന് നൽകാൻ വാങ്ങിയ പാക്കറ്റിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. കാട്ടാക്കട ആമച്ചലിലെ 'പ്രകൃതി ന്യൂട്രിമിക്സ്' നിർമ്മിച്ച പൊടി ചാങ്ങ ഏഴാം നമ്പർ അങ്കണവാടിയിൽ നിന്ന് ഈ മാസം 19-നാണ് വാങ്ങിയത്. കഴിഞ്ഞദിവസം വൈകിട്ട് പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികൃതർക്കും വൈഷ്ണവി പരാതി നൽകിയിട്ടുണ്ട്.
ഇടുക്കി കാന്തല്ലൂർ ശിവൻപന്തിയിൽ വിനോദ സഞ്ചാരികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. തിരുച്ചിറപ്പള്ളിയിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. വിനോദസഞ്ചാരികൾ കാട്ടാനയെ പ്രകോപിപ്പിച്ചെന്നാണ് വനം വകുപ്പ് പറയുന്നത്.
നേപ്പാളിലെ പ്രളയബാധിത മേഖലയിലുള്ള 53 മലയാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ഏകോപന ചുമതലയോടെ മുഖ്യമന്ത്രി, ദുരന്ത നിവാരണ അതോറിറ്റി, നോര്‍ക്ക റൂട്ട്സ് എന്നീ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്ത്രീകളും കുട്ടികളും മുതിർന്നവരുവടക്കമുള്ളതാണ് 53 അംഗ സംഘം. അവധിക്കാല യാത്ര, തീർത്ഥാടനം, ട്രക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്കായി നേപ്പാളിലെത്തിയവരാണ്.
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തിൽ നിന്നുള്ള 33 പേരും ഇതിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം. ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പലരെക്കുറിച്ചും വിവരം കിട്ടാത്തത്.