സ്ത്രീകളെ പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന കാന്തപുരത്തിൻ്റെ പ്രസ്താവനയിൽ ആരും ഇടപെടേണ്ടെന്ന് റഹ്മത്തുള്ള സഖാഫി എളമരം. പി.കെ. ശ്രീമതിയും, കെ.കെ. ശൈലജയും സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്. ഇസ്ലാമിലെ ആചാരാനുഷ്ഠാനുങ്ങൾ പറയേണ്ടത് മതപണ്ഡിതൻമാരാണ്. മുസ്ലീം സ്ത്രീകൾ മതാഘോഷത്തിൻ്റെ പേരിൽ തെരുവിൽ പ്രദർശിപ്പിക്കപ്പെടരുത്. ഇത് പറയാനും താൽപ്പര്യമുള്ളവർക്ക് അനുസരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും റഹ്മത്തുള്ള സഖാഫി.
കെപിസിസി അധ്യക്ഷനെ നിയമിക്കുന്നത് വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിൽ പാർട്ടിയില്ലെന്നും 14 ജില്ലകളിലും പാര്‍ട്ടി ആസ്ഥാനങ്ങള്‍ നിശ്ചലമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു. കെപിസിസിക്ക് നാഥനില്ലെന്നും അടിയന്തിര നേതൃമാറ്റം വേണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.
കണ്ണൂരിൽ സിപിഐഎം സംരംഭത്തിനെതിരെ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. സിപിഐഎം, ഡിവൈഎഫ് ഐ നേതാക്കൾ ഭാരവാഹികളായ ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷൻ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകരുടെ പരാതി. പതിനായിരത്തിലേറെ റസിപ്റ്റുകൾ അച്ചടിച്ച് കോളേജ് നിർമാണത്തിൻ്റെ പേരിൽ പണം പിരിച്ചെന്നും, 1000 മുതൽ 1 ലക്ഷം രൂപ വരെയുള്ള ഓഹരികൾ സമാഹരിച്ചെന്നും ഓഹരി ഉടമകൾ പറയുന്നു. എന്നാൽ പിരിച്ച തുക എത്ര, ഭൂമി വാങ്ങിയത് എവിടെ എന്നതിനെ കുറിച്ചൊന്നും അറിയില്ലെന്നാണ് ആക്ഷേപം. എന്നാൽ കോളജിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെൻ്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് സൊസൈറ്റി പ്രസിഡൻ്റ് കൂടിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ്റെ വിശദീകരണം .
സംസ്ഥാന ഓണം വാരാഘോഷങ്ങൾ ഇന്ന് സമാപിക്കും. വൈകിട്ട് തലസ്ഥാനത്തെ ഇളക്കിമറിച്ച് പ്രൗഢഗംഭീര ഘോഷയാത്ര നടക്കും. പരിപാടി ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. നഗരത്തിൽ രണ്ട് മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടാൻ നിശ്ചലദൃശ്യങ്ങളും കലാപ്രകടനങ്ങളും പ്രദർശിപ്പിക്കും.
ആചാരപെരുമയിൽ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്... 51 പള്ളിയോടങ്ങള്‍ മാറ്റുരയ്ക്കും. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നുമണിക്കാണ് മത്സര വള്ളംകളി ആരംഭിക്കുക. ഉച്ചയ്ക്ക് ഒന്നരയോടെ ജല ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും.
മഞ്ചേരി എംഡിഎംഎ കേസിൽ ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. മലപ്പുറം ഡിവൈഎസ്പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയിൽ 13 കിലോയോളം എംഡിഎംഎയാണ് പിടികൂടിയത്.
നേപ്പാളിലെ ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട 36 അംഗ മലയാളി സംഘം തിരിച്ചെത്തി. പുലർച്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ദുരന്തത്തിൻ്റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയില്ലെന്ന് അവർ പ്രതികരിച്ചു.
നേപ്പാളിലെ മിന്നൽ പ്രളയ ദുരന്തത്തിൽ അഞ്ചാം ദിനവും രക്ഷാപ്രവർത്തനം തുടരുന്നു. 675 ജീവൻ പൊലിഞ്ഞെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. വിദേശ പൗരൻമാരടക്കം രണ്ടായിരത്തിലധികം പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തകർന്ന റോഡുകൾ രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.