കോഴിക്കോട് പയ്യോളി ഓയിൽ മില്ലിന് സമീപം ദമ്പതികൾക്ക് നേരെ ആക്രമണം. കാറിൽ സഞ്ചരിച്ച മൂരാട് സ്വദേശികളായ വിഷ്ണുവിനും ഭാര്യ അഞ്ജുവിനും പരിക്ക്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബന്ധുവിൻ്റെ മരണവീട് സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘം നിരന്തരം ഹോൺ മുഴക്കി, കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റ് വിഷ്ണുവിൻ്റെ ചെവിക്ക് പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിച്ച ഭാര്യയെ കഴുത്തിൽ പിടിച്ച് റോഡിലേക്ക് തള്ളിയിട്ടു. പരിക്കേറ്റവർ വടകര സഹകരണ ആശുപത്രിയിൽ. പയ്യോളി പൊലീസ് കേസെടുത്തു.
ഇറാനും റഷ്യക്കുമെതിരായ ഉപരോധ ബില്ലിൽ ഒപ്പുവെച്ച് യുഎസ്. റഷ്യയിൽ നിന്ന് എണ്ണയോ വാതകമോ വാങ്ങിയാൽ ഇനി 100 ശതമാനം വരെ തീരുവ. മുന്നറിയിപ്പ് ഇന്ത്യയും ചെെനയും അടക്കം അഞ്ച് രാജ്യങ്ങൾക്ക്. റഷ്യയെ സഹായിക്കുന്ന ഇറാനും , ഉത്തരകൊറിയയ്ക്കും തീരുവ നടപടി ബാധകം. ഇറാനെതിരായ ഊർജ്ജ, ആയുധ ഉപരോധം 2031 വരെ നീട്ടി.
സ്പാനിഷ് ലീഗ് തുടർച്ചയായ ഏഴാം ജയം ലക്ഷ്യമിട്ട് ബാഴ്സലോണ ഇന്നിറങ്ങും. സെവിയ്യയാണ് ബാഴ്സലോണയുടെ എതിരാളികൾ. രാത്രി 12.30നാണ് മത്സരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലും ഇന്നിറങ്ങും.
ഏഷ്യൻ ഗെയിംസിന് ഇന്ന് നഗോയയിൽ തുടക്കം. 16 ദിവസം നീണ്ടുനിൽക്കുന്ന ഗെയിംസിൽ 43 മത്സര ഇനങ്ങളാണ് നടക്കുക. ഇന്ത്യൻ പതാകയേന്തുക മനു ഭാക്കറും പവൻ സെഹ്‌റാവത്തുമാണ്. ഉദ്ഘാടന ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടര മുതൽ ആരംഭിക്കും.
വൈറ്റ് ഹൗസിൽ ഡൊണൾഡ് ട്രംപിൻ്റെ മാധ്യമവിലക്ക്. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നി മാധ്യമങ്ങളെ വിലക്കുമെന്ന് ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപനം. നടപടി, തുടർച്ചയായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് സിഎൻഎൻ ആരോപിച്ചു.
കാസർഗോഡ് ബന്തടുക്കയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. കർണാടക സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ക്യാബിൻ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവറുടെ കാലിനാണ് ഗുരുതര പരിക്കേറ്റത്. അപകടത്തിൽപ്പെട്ടത് പൈപ്പുമായി എത്തിയ ലോറി.
സംസ്ഥാനത്ത് കടുത്ത ചൂടിന് അശ്വാസമായി ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, മലപ്പുറം ,കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് ഉള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.
അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ്റെ കസ്റ്റഡി അപേക്ഷ ഇന്ന് സുൽത്താൻ ബത്തേരി കോടതി പരിഗണിക്കും. പ്രതിയെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇഡി റിപ്പോർട്ടിൽ പിണറായി വിജയന് എതിരെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ. പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലൻസ് ഒരുങ്ങുന്നത്. മുഹമ്മദ് റിയാസും വീണയും അന്വേഷണ പരിധിയിൽ വരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് നിയമോപദേശം അഡ്വക്കേറ്റ് ജനറൽ സർക്കാരിന് കൈമാറി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാണ്.
കോഴിക്കോട് അത്തോളിയിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. അത്തോളി കൂമൂള്ളി-കൊളത്തൂർ ക്ഷേത്രം റോഡിൽ കോതങ്കലിൽ വെച്ചാണ് അപകടം. റോഡരികിലൂടെ നടന്നുപോയ വയോധികന് പിന്നിൽ സ്കൂട്ടർ വന്ന് ഇടിക്കുകയായിരുന്നു. കോതങ്കൽ ഈഴപ്പക്കുടി സെയ്തലവി ആണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ച വിദ്യാർത്ഥിക്കും പരിക്കേറ്റു. കൊളത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇവർ.