കൊച്ചിയിൽ കൂട്ട ബലാത്സംഗം കൊച്ചിയിൽ കൂട്ട ബലാത്സംഗം. കളമശ്ശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. ഒരു യുവതിയും യുവാവുമാണ് ഒളിവിലുള്ളത്. ശ്രീരാഗ്,ജിത്തു എന്നിവർ ഇന്നലെ പിടിയിലായിരുന്നു.ഇവർ റിമാൻഡിലാണ്.
കെ. സുധാകരൻ്റെ പേരിൽ വ്യാജ പ്രചാരണം. കേസെടുത്ത് കണ്ണൂർ സൈബർ പൊലീസ്. രാജീവ്.പി.ആർ. രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ പറഞ്ഞു എന്നായിരുന്നു വ്യാജ പ്രചാരണം. ആഭ്യന്തര മന്ത്രിക്ക് സുധാകരൻ പരാതി നൽകിയിരുന്നു.
ജെബി മേത്തർ എംപിക്കെതിരെ സൈബർ ആക്രമണം. ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്ത അടൂർ പ്രകാശിനെ ജെബി പിന്തുണച്ചിരുന്നു. പാർട്ടിയിൽ കൂടിയാലോചന വേണമെന്നായിരുന്നു എംപിയുടെ പ്രതികരണം. പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്.
കൊല്ലം ചെറുമൂടിലെ രാജുവിൻ്റെ കൊലപാതക അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. പ്രതി ലേഖ മേരിയ്ക്ക് തനിച്ചു കൊലപാതകം ചെയ്യാനാവില്ലെന്ന നിഗമനത്തിൽ പൊലീസ്. ലേഖയുടെ ആൺ സുഹൃത്തും നിരീക്ഷണത്തിലാണ് ഉള്ളത്. രാജുവിൻ്റെ മരണത്തിനു മുൻപ് വീട്ടിലെത്തിയവരെ കുറിച്ചും അന്വേഷണം ആരംഭിച്ചു. പ്രാക്കുളം സ്വദേശിയെ വീണ്ടും ചോദ്യം ചെയ്യും.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതൻ്റെ വ്യാജ ഒപ്പ് പരാതി ആരോപണത്തെ പിന്തുണച്ച് യുഡിഎഫ്. എൽഡിഎഫ് ആരോപണത്തെ പിന്തുണച്ച് യുഡിഎഫ്. ഹാജർ ബുക്കിലെ ഒപ്പ് വ്യാജമാണെന്നുള്ള പരാതി അതീവ ഗൗരവമുള്ളതെന്ന് യുഡിഎഫ് പാർലമെൻ്ററി പാർട്ടി നേതാവ് കെ. എസ്. ശബരീനാഥൻ പറഞ്ഞു. മൂന്ന് കൗൺസിൽ യോഗങ്ങളിലാണ് വ്യാജ ഒപ്പ് ഉപയോഗിച്ചിരിക്കുന്നത്. ജൂണിലെ കൗൺസിൽ യോഗത്തിൽ നടന്ന സംഘർഷം കള്ള ഒപ്പ് സംരക്ഷിക്കാൻ വേണ്ടിയാണോ എന്ന സംശയമുണ്ടെന്നും ആരോപിച്ചു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താമെന്ന് ആഭ്യന്തര വകുപ്പിൻ്റെ ഉറപ്പ് ലഭിച്ചതായും ശബരിനാഥൻ പറഞ്ഞു.
തമിഴ്നാട്ടിലെ മധുരാന്തകത്തും ധാരാപുരത്തും നാളെ ഉപതെരഞ്ഞെടുപ്പ്. ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവെച്ച മണ്ഡലത്തിലും വോട്ടെടുപ്പ്. വോട്ടെണ്ണൽ വെള്ളിയാഴ്ച.
കൊച്ചിയിലെ സ്വകാര്യബസുകളുടെ മത്സര ഓട്ടത്തിൽ ഗതാഗത മന്ത്രി അടിയന്തര നടപടി എടുക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. കാൽനട യാത്രക്കാർക്ക് റോഡിലൂടെ പോകാൻ കഴിയാത്ത അവസ്ഥ. 1980കളിലെ സമയക്രമത്തിലാണ് ബസുകൾ ഇപ്പോഴും ഓടുന്നതെന്നും ഹൈബി ആരോപിച്ചു.
യുവാവ് ഷാപ്പിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കായംകുളം എരുവ സ്വദേശി വിശാഖ് ആണ് മരിച്ചത്. എരുവ - ഭഗവതിപ്പടി റോഡിൽ പ്രവർത്തിക്കുന്ന ശ്യാമിൻ്റെ ലൈസൻസിയിലുള്ള ഷാപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാപ്പിൻ്റെ വാതിൽ തകർത്ത നിലയിലായിരുന്നു. കായംകുളം പൊലീസ് കേസെടുത്തു.
പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. ഹാരിസൺ മാനേജരുടെ ബംഗ്ലാവിന് സമീപത്താണ് പുലിയിറങ്ങിയത്. പശുവിൻ്റെ ശരീര ഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലാണ്. കഴിഞ്ഞയാഴ്ചയും ഇവിടെ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. പാലപ്പിള്ളി മേഖലയിൽ ഒരു മാസത്തിനിടെ 10 ലേറെ വളർത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ച് കൊന്നത്. പുലിയിറങ്ങി ഭീതി പരത്തിയിട്ടും വനം വകുപ്പ് അധികൃതർ വേണ്ട നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
സിപിഐഎം നേതാവ് ഇ.എൻ സുരേഷ് ബാബുവിനെതിരായ യുവതിയുടെ പരാതി കൈമാറേണ്ടത് പൊലീസിനാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ ലഭിച്ച പരാതി ആദ്യം ഡിജിപിക്ക് കൈമാറിയിരുന്നു. എന്നാൽ പീഡന പരാതികൾ ഒതുക്കി തീർക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. സംഘടനാ നടപടിക്ക് പിന്നിൽ പരാതിക്കാരിയുടെ ഭീഷണിയെന്നും മന്ത്രി പറഞ്ഞു.
ഹിന്ദു സന്യാസികളുടെ കാളവണ്ടി യാത്ര സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ. കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്രക്കിറങ്ങിയ സന്യാസി സംഘത്തിലെ ഒരാളാണ് പന്തളം പൊലീസിൻ്റെ പിടിയിലായത്. കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തിൽ എത്തിയ സ്വാമിയാണ് നഗ്നത പ്രദർശനം നടത്തിയത്. മഹാരാഷ്ട്ര താനെ സ്വദേശി ഗുരുസ്വാമി ആണ് പിടിയിലായത്. പന്തളത്തെ ഒരു കടയിൽ കയറി സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക പ്രദർശനം നടത്തുകയും ചെയ്തു. യാത്രയുടെ ഭാഗമായുള്ള ലഘുലേഖകൾ വിതരണം ചെയ്യാനാണ് ഇയാൾ കടയിൽ കയറിയത്. ഉത്തർപ്രദേശിലെ ഒരു ആശ്രമത്തിൻ്റെ നേതൃത്വത്തിലാണ് ഭാരത പര്യടനം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് സുപ്രീംകോടതി. പത്ത് ദിവസത്തിനകം മറുപടി നല്‍കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന് നിയമം പാലിക്കുമെന്നാണ് കരുതുന്നത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
ഇടുക്കി കുമളിയിലെ പരിപാടിക്കായി ഒരുക്കിയ പന്തൽ തകർന്നുവീണു. പൊലീസുകാർക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. വനം വന്യജീവി വാരാഘോഷത്തിന് നിർമിച്ച പന്തലാണ് തകർന്ന് വീണത്. മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിയായിരുന്നു.
സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കൂടി പുതിയതായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും.
പഞ്ചാബിലെ ജലന്ധറിൽ ഉണ്ടായ വാഹനാപകടത്തിൽ കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം. കടുത്തുരുത്തി, പൂഴിക്കോൽ, കൊരക്കാലായിൽ ജോർജിൻ്റെയും സ്വപ്നയുടെയും മകൾ ജോസ്നാ ജോർജാണ് മരിച്ചത്. പഞ്ചാബിൽ പഠിക്കുകയാണ് ജോസ്ന. സുഹൃത്തുക്കളോടൊപ്പം ബസ്സിൽ യാത്ര ചെയ്യുമ്പോൾ ബസ് മറിഞ്ഞായിരുന്നു അപകടം.
നിലമ്പൂരിൽ ഓടി കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ചു. പൂക്കോട്ടുംപാടം സ്വദേശി ശ്രീഹരിയുടെ ബൈക്കിനാണ് തീ പിടിച്ചത്. നിലമ്പൂർ ചക്കാലക്കുത്ത് റോഡിലാണ് സംഭവം. ബൈക്കിൻ്റെ പിൻഭാഗത്താണ് ആദ്യം തീ പടർന്നത്.
വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ. അംഗീകാരം അമേരിക്കൻ- ജർമൻ ഗവേഷകർക്ക്. പുരസ്കാരം ലഭിച്ചത്, പ്രകാശം ഉപയോഗിച്ച് നാഡീ കോശങ്ങളെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയതിന്. ന്യൂറോ സയൻസിൽ പുതു യുഗത്തിന് അടിത്തറയിട്ട കണ്ടുപിടിത്തം എന്ന് പുരസ്കാര സമിതി പറഞ്ഞു.
ഹൂതികള്‍ക്കെതിരെ സൗദി അറേബ്യയും യെമനും ആക്രമണം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. ഹൂതികളുടെ മുന്നൂറിലധികം കേന്ദ്രങ്ങള്‍ ആക്രമിച്ചതായി സൗദി അവകാശപ്പെട്ടു. ഹൂതികള്‍ക്കുനേരെ വ്യോമാക്രമണം നടത്തിയതായി യെമനും അറിയിച്ചു. ചെങ്കടല്‍ മേഖലയില്‍ നിന്ന് ഹൂതികള്‍ പിന്മാറിയതായും യെമന്‍.
കുസാറ്റില്‍ ചിക്കന്‍ പോക്സ് പടരുന്ന സാഹചര്യത്തില്‍ ക്ലാസുകള്‍ ഓൺലൈനിലേക്ക് മാറ്റി. സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ക്ലാസുകളാണ് ഓൺലൈനിലേക്ക് മാറ്റിയത്. നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സ്കൂള്‍ കായികമേളയ്ക്കിടെ അപകടം നടന്ന അക്വാട്ടിക് കോംപ്ലക്സ് സന്ദർശിക്കാനൊരുങ്ങി കായിക മന്ത്രി ഒ.ജെ. ജനീഷ്. അപകടം നടന്ന് നാലാം ദിവസമാണ് മത്സരവേദി സന്ദർശിക്കാനുള്ള മന്ത്രിയുടെ തീരുമാനം. കായിക മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് തീരുമാനം മൂന്നു ദിവസം ജില്ലയിൽ ഉണ്ടായിരുന്നിട്ടും സ്ഥലത്ത് എത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് അക്വാട്ടിക് കോംപ്ലക്സിൽ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ കണ്ടു. പരാതി ഖാര്‍ഗെയ്ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. 'ഖാർഗയെ കണ്ട് പരാതി ഉന്നയിച്ചോ' എന്ന ചോദ്യത്തിന് 'യെസ്' എന്നു മാത്രമായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി. ദീപാ ദാസ് മുൻഷിയേയും അടൂര്‍ പ്രകാശ് ഇന്ന് കണ്ടിരുന്നു. വിഷയത്തില്‍ വിശദമായ ചര്‍ച്ച പീന്നീടാവാമെന്നാണ് ദീപാ ദാസ് മുന്‍ഷിയുടെ നിലപാട്. നാളെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും അടൂര്‍ പ്രകാശ് കണ്ടേക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ് കൺവീനർ.
സ്കൂള്‍ കായികമേളയ്ക്കിടെ അപകടം നടന്ന അക്വാട്ടിക് കോംപ്ലക്സ് സന്ദർശിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്. മത്സരവേദിയിലെ പന്തൽ തകർന്നുള്ള അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞു. ചില അധ്യാപക സംഘടനകളാണ് ചുമതല വഹിച്ചത്. ജനപ്രതിനിധികൾക്ക് ഒരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല. ജനപ്രതിനിധികളെ ഉദ്യോഗസ്ഥർ ഒന്നും അറിയിച്ചിരുന്നില്ല. തൃശൂരില്‍ നാല് ഇനങ്ങൾ മാത്രമാണ് നടന്നത്. അതുകൊണ്ട് സംഘാടകസമിതിയുടെ ആവശ്യമില്ലായിരുന്നു. അതേസമയം, മത്സരത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന വിപുലമായ സംഘാടകസമിതി യോഗത്തിൽ പങ്കെടുത്തിരുന്നതായതും മന്ത്രി വ്യക്തമാക്കി. കായിക മേള നടത്തിപ്പില്‍ കായിക വകുപ്പിന് ഉത്തരവാദിത്വമില്ലെന്ന മുന്‍ നിലപാടും മന്ത്രി തിരുത്തി. കായികമേള നടത്തിപ്പില്‍ വിദ്യാഭ്യാസ വകുപ്പിനും കായിക വകുപ്പിനും ഉത്തരവാദിത്വമുണ്ടെന്നായിരുന്നു മന്ത്രിയുടെ ഇന്നത്തെ പ്രതികരണം.
സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമി റവന്യൂ വകുപ്പ് നാളെ അളക്കും. രണ്ട് സർവ്വേ നമ്പറുകളിലായി കിടക്കുന്ന എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് സർക്കാരിന്റെ അടിയന്തര നടപടി. നാളെ രാവിലെ പത്തിനാണ്സർവ്വേ നടപടികൾ ആരംഭിക്കുന്നത്. ഈ സമയത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാലാ രജിസ്ട്രാർക്കും സിപിഐസംസ്ഥാന സെക്രട്ടറിക്കും റവന്യൂ അധികൃതർ നോട്ടീസ് അയച്ചു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാറിന്റെ ഹർജിയിലാണ് നടപടി. 1977-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ ഈ ഭൂമിയിൽ ഗവേഷണ കേന്ദ്രം തുടങ്ങുന്നതിന് പകരം സംസ്ഥാന കമ്മിറ്റി ഓഫീസ് സിപിഐഎം നിർമിച്ചത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പദവിയെ ന്യായീകരിച്ച് ഫോർവേർഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ. ഫെഡറൽ സംവിധാനത്തിൽ തന്നെ മാറ്റങ്ങൾ വന്നിട്ടുണ്ട്. കാലാനുസൃതമായി മാറേണ്ടി വരുമെന്നും സംസ്ഥാന സർക്കാരിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയമായ ഇടപെടൽ ആവശ്യമാണെന്നും ജി. ദേവരാജന്‍ പറഞ്ഞു. എൽഡിഎഫിന്റെ കാലത്തുള്ള വിമർശനങ്ങൾ വേറെ തരത്തിലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നിയമനം അറിഞ്ഞില്ല എന്ന യുഡിഎഫ് കൺവീനറുടെ വിമർശനത്തിന് കൈകൂപ്പുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഉഭയകക്ഷി ചർച്ചകൾക്ക് അനുസരിച്ചാണ് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രിയുമായി കാര്യങ്ങൾ കൂടിയാലോചിക്കാറുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഗ്രാമതലത്തില്‍ തുടങ്ങിയ ദേശീയതലം വരെ നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തിനാണ് കോണ്‍ഗ്ര് തീരുമാനം. ഒക്ടോബർ 10 മുതൽ ബ്ലോക്ക് തല പ്രതിഷേധത്തിന് തുടക്കമിടും. തുടര്‍ന്ന് ഗ്രാമതല പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. നവംബർ ഒന്നിന്, ഇന്‍ഡ്യാ സംഖ്യത്തിലെ മുന്നണികള്‍ക്കൊപ്പം ഡൽഹി രാം ലീലാ മൈതാനിയില്‍ മഹാറാലി സംഘടിപ്പിക്കും. നവംബർ 25നും, 26നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 'ചലോ ഡൽഹി' യാത്ര നടത്തും. ആറ് യാത്രകള്‍, ആറ് നേതാക്കളാകും നയിക്കുകയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഗ്യാനേഷ് കുമാറിന് ഒരു നിമിഷം പോലും ആ കസേരയില്‍ തുടരാന്‍ അധികാരമില്ല. ചീഫ് ഇലക്ഷന് കമ്മീഷണര്‍ ചീറ്റിങ് കമ്മീഷണര്‍ ഓഫ് ഇന്ത്യയായി മാറിയെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി പൊലീസിന് കൈമാറാത്തതിൽ വിമർശനവുമായി പാര്‍ട്ടി വനിത നേതാവും പുരോഗമന കലാ സാഹിത്യ സംഘം നേതാവുമായ സുജ സൂസൻ ജോർജ്. ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്‍ കുറ്റമാണ്. അതിന് നീതിന്യായസംഹിത നിര്‍ദേശിക്കുന്ന നിയമനടപടികളുണ്ട്. അതിന് വിധേയമാകുകയും, ആക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല. ഒഴിവു കഴിവുമില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുജ സൂസന് ജോര്‍ജ് വിമര്‍ശിച്ചു.
മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ മുൻ മന്ത്രി വി. അബ്ദു റഹിമാന്‍ പ്രതിപ്പട്ടികയിലേക്ക്. സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടി ഡിജിപി. അബ്ദു റഹിമാന്‍, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറ് യു. ഷറഫലി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലൻ എന്നിവരുള്‍പ്പെടെ മൂന്നു പേരെ പ്രതിചേര്‍ക്കാനാണ് അനുമതി തേടിയത്. ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് ശുപാർശ. ശുപാർശ ഡിജിപി സർക്കാരിന് കൈമാറിയിരുന്നു.
സംഗീത പരിപാടിക്കായി റാപ്പര്‍ വേടന്റെ വിദേശയാത്രയ്ക്ക് കൃത്യമായ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റില്‍ എല്ലാ കേസുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും എറണാകുളം റീജിയണൽ പാസ്പോർട്ട് ഓഫീസറോട് ഹൈക്കോടതി നിർദേശിച്ചു. ബന്ധപ്പെട്ട കോടതികളുടെ അനുമതി വാങ്ങി റാപ്പർ വേടന് വിദേശയാത്ര ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിരുവനന്തപുരം പൊഴിയൂർ സ്വദേശി പൂഴികുന്ന് രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനൂപ് മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. വിഴിഞ്ഞത്ത് പൊലീസ് വാഹന പരിശോധനയ്ക്കിടെ ശരീരത്തിൽ രക്തക്കറയുമായി എത്തിയ അനൂപിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽനിന്നും കത്തിയും ലഭിച്ചിരുന്നു. കൊല്ലപ്പെട്ട രാജന്റെ സുഹൃത്തായ വെങ്ങാനൂർ സ്വദേശി അനൂപാണ് പൊലീസ് പിടിയിലായത്. അനൂപ് രാജനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ദേഹമാസകലം 35 ഓളം വെട്ടേറ്റിരുന്നു. കഴുത്തിലും മാരകമായ വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും പതിവായി മദ്യപിക്കാറുണ്ട്. മദ്യപിക്കുന്നതിനിടെയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം, അനൂപ് രാജന്റെ ബൈക്കുമായി കടന്നു കളയുകയായിരുന്നു. അതിനിടെയിലാണ് പിടിയിലായത്. അനൂപിനെ വിഴിഞ്ഞം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.