ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുക്കും. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും. പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനിലെ പരീക്ഷകളിലും പരിശോധന. റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും.
കേരള സർവകലാശാല ചോദ്യപേപ്പറിൽ പിഴവ് സംഭവിച്ചത് വകുപ്പ് മേധാവിക്കെന്ന് സൂചന. ചോദ്യപേപ്പർ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീൻ ആണ്. വിഷയത്തിൽ വി.സി ഡോ. മോഹനൻ കുന്നുമ്മലിന് ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും. റിപ്പോർട്ടിൽ തുടർ നടപടി ഉണ്ടാകുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി ചോദ്യപേപ്പറിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്.
കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണം. 11 ആം ബ്ലോക്കിലെ സനിലിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീടിൻ്റെ മുൻഭാഗത്തെ ഷെഡും സൈക്കിളും തകർത്തു.
ഇടുക്കി ശാന്തൻപ്പാറ ആനയിറങ്കലിൽ ചക്കകൊമ്പൻ്റെ ആക്രമണം. ആക്രമണത്തിൽ റേഷൻ കട തകർത്തു. വെളുപ്പിന് 5.30 നാണ് കട തകർത്തത്. കട തകർത്ത ശേഷം അരി ഭക്ഷിച്ച ശേഷമാണ് ആന മടങ്ങിയത്. പന്ത്രണ്ടാമത്തെ തവണയാണ് ആന റേഷൻ കട തകർക്കുന്നത്.
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ വേടൻ സംഘടിപ്പിച്ച പാട്ട് പ്രതിഷേധത്തിനെതിരെ കേസ്. വേടൻ, മാനേജർ വിഘ്നേഷ് ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 100 പേർക്ക് എതിരെയാണ് എറണാകുളം ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. യാത്രക്കാർക്ക് മാർഗ തടസം സൃഷ്ടിച്ചെന്നാണ് പരാതി.
വർക്കല ശിവഗിരി മഠം സന്ദർശിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ മന്ത്രിയെ സ്വീകരിച്ചു. ഗുരുദേവ മഹാസമാധിയിൽ എത്തിയ മന്ത്രി പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തിയ ശേഷം മഠം ഗസ്റ്റ് ഹൗസിൽ എത്തി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തി.
ശരീരത്തിൽ ഒളിപ്പിച്ച 656 ഗ്രാം സ്വർണ മിശ്രിതവുമായി ജിദ്ദയിൽ നിന്ന് വന്ന യാത്രക്കാരൻ കരിപ്പൂർ പൊലീസിൻ്റെ പിടിയിൽ. മലപ്പുറം പള്ളിക്കൽ സ്വദേശി അബ്ദുൾ റഹ്മാൻ ആണ് പിടിയിലായത്. അബ്‌ദുറഹ്‌മാനെ സ്വീകരിക്കാനെത്തിയ രണ്ടു പേരെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വർണ മിശ്രിതവും പ്രതിയെയും കസ്റ്റംസിന് കൈമാറി.
വഖഫ് ബോർഡ് വിഷയത്തിലെ പണ്ഡിതന്മാരുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി എന്ത് തീരുമാനിച്ചാലും അത് സർക്കാർ നടപ്പിലാക്കും. ബോർഡ് പുനഃസംഘടിപ്പിക്കാൻ ഉള്ള അധികാരം സർക്കാരിന് ഉണ്ട്. സമയമാകുമ്പോൾ എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് സർക്കാർ അത് നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ പവർ കട്ട് ഒഴിവായേക്കുമെന്ന് കെഎസ്ഇബി എംഡി രാജമാണിക്യം. കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി ലഭിക്കും. കേന്ദ്ര പവർ സെക്രട്ടറിയുമായി ചർച്ച നടത്തി. പവർ കട്ടിന് കാരണം എലിനോ പ്രതിഭാസമാണെന്നും രാജമാണിക്യം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ കൂടിയ വിലക്ക് വൈദ്യുതി വാങ്ങിയതിനാൽ കേരളത്തിന് സമയത്ത് പുറമെ നിന്ന് വൈദ്യുതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം തേവലക്കരയിൽ സൂപ്പർമാർക്കറ്റിൽ മോഷണം. മോഷ്ടാക്കൽ രണ്ടര ലക്ഷം രൂപ കവർന്നു. സോളാർ പാനലിന് സ്ഥാപിച്ച വിടവിലൂടെയാണ് മോഷ്ടാക്കൽ അകത്ത് കടന്നത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
തദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. മന്ത്രി കെ.എം. ഷാജിയുടെ നിർദേശപ്രകാരമാണ് നടപടി. 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റി. സ്ഥലംമാറ്റം ഉടൻ നടപ്പാക്കണം എന്ന് പ്രിൻസിപ്പൽ ഡയറക്ടർക്ക് മന്ത്രി കുറിപ്പ് നൽകിയിരുന്നു.
ജന്തർമന്തറിലെ പ്രതിഷേധത്തെ ചൊല്ലി ഇന്നും പാർലമെൻ്റിൽ പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ അദ്ദേഹത്തിൻ്റെ വാക്കുകൾ വിശ്വാസത്തിൽ എടുക്കൂ. അർദ്ധരാത്രി പ്രസ്താവന നടത്തുന്നതിന് പകരം സഭയിലാണ് സംസാരിക്കേണ്ടതെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബഹളത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തി വച്ചു.
സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി ശുഭ്മാൻ ഗിൽ. സമാധാനപരമായി തെരുവിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ കേൾക്കണം. വിദ്യാർഥികളുടെ ഭാവി മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് ആവശ്യമെന്നും ഗിൽ പറഞ്ഞു. വിദ്യാർഥികളുടെ അവകാശങ്ങൾക്ക് എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ഗില്ലിൻ്റെ അഭ്യർത്ഥന
തൃശൂർ ചൂണ്ടലിൽ മൂന്നു വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ചൂണ്ടൽ സ്വദേശി നൗഷാദിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്ന ഇയാൾ കുട്ടികൾക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു.
ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് പാർലമെൻ്ററികാര്യമന്ത്രി കിരൺ റിജിജു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. രാജി രാജിയെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം സഭയിൽ ബഹളം വച്ചത്. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
വ്യാജ വാർത്ത പടച്ചവർക്ക് മാപ്പില്ലെന്ന് പി.കെ. ശ്രീമതി. മാന നഷ്ടക്കേസ് ഇന്ന് ഫയൽ ചെയ്യുമെന്നും പി.കെ. ശ്രീമതി പറഞ്ഞു. വാർത്ത നൽകിയ പലരും വിളിച്ചു. സാഷ്ടാംഗം കാലിൽ വീണ് മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞു. പക്ഷെ ഇനി പിന്നോട്ടില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് അലേർട്ട് ഉള്ളത്.
രാജ്യസഭയിൽ വന്ദേമാതരം ബിൽ അവതരിപ്പിച്ചു. ബില്ലിനെ ഇടതു എംപിമാർ എതിർത്തു. ധുവ്രീകരണത്തിന് നീക്കമെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
കേന്ദ്രസർക്കാരും സിജെപിയുമായി നടത്തിയ രണ്ടാംഘട്ട ചർച്ച പൂർത്തിയായി. സിജെപി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ട് കാര്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു.ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ലെന്നാണ് വിവരം.
കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ധർമേന്ദ്ര പ്രധാൻ ക്രിമിനൽ വിദ്യാഭ്യാസമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാൻ പുറത്ത് പോയേ മതിയാകൂ. പ്രധാൻ കാരണമാണ് തൻ്റെ സഹോദരങ്ങൾക്ക് പരിക്കേറ്റതെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍ സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപ്പര്യ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. എന്‍ഐഎ അന്വേഷണത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അതില്‍ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു.
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ അറസ്റ്റു ചെയ്ത് വിട്ടയച്ചു. ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. കേസിൽ രണ്ടാം പ്രതിയാണ് റിബേഷ്. ഒന്നാം പ്രതിയായ ജിതിൻ സ്ക്രീൻ ഷോട്ട് നിർമിച്ചെങ്കിലും റിബേഷാണ് ആദ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്. ജിതിൻ, റിബേഷ്, എന്നിവർക്കൊപ്പം മറ്റൊരു ഡിവൈഎഫ്ഐ നേതാവായ അമലും കേസിൽ പ്രതിയാണ്.
ചോദ്യ പേപ്പർ ചോർച്ചയ്‌ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസുകളില്‍ 10 വര്‍ഷം വരെ തടവു ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2024ലെ പൊതു പരീക്ഷാ ആക്ടിലാണ് (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) ഭേദഗതി കൊണ്ടുവരുന്നത്. ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് ശ്രമം. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സമഗ്ര അന്വേഷണം വേണമെന്നും, ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വിദ്യാര്‍ഥികളും പ്രതിപക്ഷവും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്, ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കൂടുതൽ കർശന നടപടികൾ നാളത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അര്‍ധരാത്രിയോടെ എക്സില്‍ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ സജീവമാകണമെന്ന് കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. എത്രപേര്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണെന്നായിരുന്നു കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിയുടെ ചോദ്യം. യുവതലമുറയുമായി ബന്ധം സ്ഥാപിക്കാന്‍ റീല്‍ ഉള്‍പ്പെടെ കണ്ടെന്റുകള്‍ വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ വലിയൊരു പങ്ക് ഇത്തരം പ്ലാറ്റ്ഫോമുകളിലാണ് സമയം ചെലവിടുന്നത്. അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം. അതിനായി ഇന്‍സ്റ്റ പോലുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കണം. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മാത്രം പോസ്റ്റ് ചെയ്യുന്നതുകൊണ്ട് കാര്യമില്ല. യുവാക്കളുമായി നേരിട്ട് സംവദിക്കാനും ആശയവിനിമയം നടത്താനും കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നുവെന്ന മാധ്യമവാര്‍ത്തകളെ തള്ളി എം.വി. ഗോവിന്ദന്‍. അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രമാണ്. അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നത്. താന്‍ ഉള്‍പ്പെടെ എങ്ങനെ മാറണം എന്നതില്‍ വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തും. ആള്‍ മാറുന്നതുകൊണ്ടല്ല മാറ്റം ഉണ്ടാവുക. മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയല്‍ ആണെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചാബില്‍ നിന്നുള്ള ബിജെപി നേതാവ് രവനീത് സിങ് ബിട്ടു കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവച്ചു. റെയില്‍വേ, ഭക്ഷ്യ-സംസ്കരണ, വ്യവസായ സഹമന്ത്രിയായിരുന്നു ബിട്ടു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. ബിട്ടുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. ബിട്ടുവിന്റെ രാജ്യസഭാ കാലാവധി ജൂണില്‍ അവസാനിച്ചിരുന്നു. അടുത്ത വർഷം പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിട്ടു മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1995ൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ് ബിട്ടു. കോൺഗ്രസ് അംഗമായിരുന്ന ബിട്ടു 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്.
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിലും പ്രതിഷേധിച്ച് സിപിഐഎം സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. ജൂലൈ 26ന് വൈകിട്ട് ഏഴിന് എല്ലാ വീടുകളിലും ലോക്കൽ കേന്ദ്രങ്ങളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കാൻ പാർട്ടി ആഹ്വാനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെതിരെ ജൂലൈ 30ന് ജനപ്രതിനിധികൾ സെക്രട്ടേറിയറ്റ് മാർച്ചും ഓഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാർച്ചും സംഘടിപ്പിക്കുമെന്നും ഗോവിന്ദന്‍ അറിയിച്ചു.
നീറ്റ് ചോദ്യ പേപ്പര്‍ ഉള്‍പ്പെടെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ രണ്ട് ഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി. ജൂലൈ 27നാകും ഹര്‍ജികള്‍ പരിഗണിക്കുക.
സമൂഹമാധ്യമങ്ങളില്‍ പുതിയ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവാക്കള്‍ക്ക് നന്ദി പറഞ്ഞുള്ളതാണ് പുതിയ വീഡിയോ. ഇന്നലെ പങ്കുവെച്ച വീഡിയോ കണ്ടതിനും, നിര്‍ദേശങ്ങള്‍ പങ്കുവച്ചതിനുമാണ് യുവാക്കള്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്.
ഈ ജനരോഷത്തിനു മുന്നില്‍ സംഘ പരിവാര്‍ ശക്തിക്കു പിടിച്ചുനില്‍ക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിന് അനുകൂലമായി സംസാരിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സൈബറാക്രമണങ്ങള്‍ നടന്നു. ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ഈ സമരത്തിനുണ്ട്. എന്തൊക്കെ സംഭവിച്ചാലും വലിയ പ്രതിരോധ നിരയെ സൃഷ്ടിക്കും. പ്രതിപക്ഷ ശക്തിയും എസ്എഫ്ഐയും ആദ്യം മുതലേ ഈ സമരത്തിനൊപ്പം ഉണ്ടായിരുന്നു. പുതിയ കാലം സൃഷ്ടിക്കാൻ പുതിയ തലമുറക്ക് കഴിയുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവിടെ പോയി കുത്തിയിരുന്നിട്ട്, രാഹുല്‍ ഗാന്ധിയുടെ അടുത്തിരുന്നിട്ട് എനിക്ക് ട്രെയിനിന്റെ സമയമായി എന്ന് പറഞ്ഞ് ഇങ്ങോട്ടു പോന്നതാണ്. അത് നമ്മളെല്ലാവരും കണ്ടതാണ്. അറസ്റ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ വി.ഡി. സതീശന്‍ ഇല്ല. കര്‍ണാടക മുഖ്യമന്ത്രി ഉണ്ടായിരുന്നു. അത് കുഴപ്പമില്ല, തര്‍ക്കമില്ല. പക്ഷേ, ഇവിടെ വന്നിട്ട് വേടന്‍ പാട്ട് പാടിയപ്പോള്‍ കേസ് എടുത്തുവെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.
ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനെതിരെ കൊച്ചിയിൽ പ്രതിഷേധിച്ച ഗായകൻ വേടൻ, സി.കെ. വിനീത്, അലോഷി, നവമി തുടങ്ങിയവർക്കെതിരെ കേസെടുത്ത സർക്കാർ നടപടിയെ ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വിമർശിച്ചിരുന്നു. ഡൽഹിയിൽ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കോൺഗ്രസ്, കേരളത്തിൽ കേന്ദ്രത്തിന് സമാനമായ നിലപാടാണ് സ്വീകരിക്കുന്നത്. യുഡിഎഫ് പ്രവർത്തനം ബിജെപിയുമായി ഒത്തുപോകുന്നതാണെന്നും ഗോവിന്ദൻ ആരോപിച്ചിരുന്നു.