കഞ്ചിക്കോട് വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ കായിക അധ്യാപകനെ സ്ഥലം മാറ്റി. കഞ്ചിക്കോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം കായിക അധ്യാപകനായ കൊടുവായൂർ സ്വദേശി സാദിഖിനെയാണ് സ്ഥലം മാറ്റിയത്. പട്ടാമ്പി സർക്കാർ ഹൈസ്കൂളിലേക്കാണ് മാറ്റം. വിദ്യാർഥികളെ അകാരണമായി മർദിച്ചെന്ന പരാതിയിൽ സാദിഖിനെതിരെ വാളയാർ പൊലീസ് കേസെടുത്തിരുന്നു. പി.ടി പിരീഡിൽ അനുവാദം വാങ്ങാതെ ഗ്രൗണ്ടിൽ പ്രവേശിച്ചതിന് അധ്യാപകൻ ചൂരലുപയോഗിച്ച് ക്രൂരമായി മർദിച്ചു എന്നായിരുന്നു വിദ്യാർഥികളുടെ പരാതി.
കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം. സ്കൂട്ടർ യാത്രികൻ അറസ്റ്റിൽ. പച്ചാളം സ്വദേശി അരുണിനെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ ആയിരുന്നു ഇയാളുടെ പരാക്രമം. തിങ്കളാഴ്ച വൈകിട്ട് പച്ചാളത്തെ കെ.എസ് ഉദയൻ റോഡിൽ വച്ചായിരുന്നു സംഭവം. ജഡ്ജിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പ്രേതബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ പീഡനം. മലപ്പുറം സ്വദേശി പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം.സിറാജാണ് പാലക്കാട് ചിറ്റൂരിൽ വച്ച് പിടിയിലായത്. ഫാം നോക്കി നടത്താനെന്ന പേരിൽ ചിറ്റൂരിൽ എത്തിയ സിറാജ് പെൺ സുഹൃത്തിൻ്റെ 16 വയസുള്ള മകളെ പീഡിപ്പിച്ചെന്നാണ് കേസ്.
സിക്കിം തുരങ്ക ദുരന്തത്തിൽ മരണസംഖ്യ ഉയർന്നു. ദുരന്തത്തിൽ ഇതുവരെ 20 പേർക്കാണ് ജീവൻ നഷ്ടമായത്. അപകടസമയം തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നത് 27 പേരാണ്. മരണപ്പെട്ട 13 പേരെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. കാണാതായ ഏഴ് പേരിൽ ഒരാൾ മലയാളി ജിയോളജിസ്റ്റ് എന്നും റിപ്പോർട്ട്. കോട്ടയം സ്വദേശി അനീഷ് മോഹനെയാണ് കാണാതായത്.
സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി നടൻ നസ്റുദ്ദീൻ ഷാ. പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ പ്രതിഷേധം ഭരണക്കൂടം അവഗണിക്കരുതെന്നും നസ്റുദ്ദീൻ ഷാ പറഞ്ഞു.
ഡൽഹി രാജ്യതലസ്ഥാനത്ത് നടക്കുന്ന സിജെപി സമരത്തിന് പിന്തുണയേറുന്നു. പ്രതിഷേധം ശക്തമായതോടെ ഹൈ അലേർട്ട് പ്രഖ്യാപിച്ച് പൊലീസ്. പാർലമെൻ്ററിലേക്കുള്ള മുഴുവൻ റോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ചു. ജന്തർമന്തറിൽ റാപിഡ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്നും സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ എത്തുമെന്നാണ് വിവരം.