ശബരിമല പാതയിലെ അട്ടത്തോട്ടിൽ മണ്ണിടിച്ചിൽ. പാറക്കഷ്ണങ്ങൾ അടക്കം റോഡിലേക്ക് വീണു. ഇവ നീക്കം ചെയ്യാനുള്ള പണി പുരോഗമിക്കുകയാണ്.
കോഴിക്കോട് കക്കോടിയിൽ വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്സ് സംഘം വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നു.
മലപ്പുറം പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടായിപാലത്താണ് സംഭവം. പ്രദേശത്ത് ഇപ്പോഴും മണ്ണിടിയുന്നുണ്ട്.
ജംഷഡ്പൂർ എഫ്സിയുടെ ഐഎസ്എൽ പിന്മാറ്റം ഞെട്ടിച്ചു ഇന്ത്യൻ മുൻ നായകൻ സുനിൽ ഛേത്രി. തീരുമാനം ടാറ്റാ പുനഃപരിശോധിക്കണമെന്ന് സുനിൽ ഛേത്രി പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിൻ്റെ നെടുംത്തൂണാണ് ജംഷഡ്പൂർ, അവരുടെ പിന്മാറ്റത്തിന് പകരം വെക്കാൻ മറ്റാർക്കും സാധിക്കില്ലെന്നും ഛേത്രി പറഞ്ഞു. തീരുമാനത്തിൽ നിന്ന് ടാറ്റാ ഗ്രൂപ്പ് പിന്മാറണമെന്നും ഇന്ത്യൻ ഫുട്ബോളിനെ ഉയർച്ചയിലേക്കെത്തിക്കാൻ ടാറ്റയുടേതടക്കമുള്ളവരുടെ പിന്തുണ ആവശ്യമാണെന്നും ഛേത്രി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും അടക്കം 39 മെഡലുകലുകളുമായി മെഡൽ പട്ടികയിൽ ഇന്ത്യ നാലാമത്തെത്തി. 171 മെഡലുമായി ഓസ്ട്രേലിയ ഒന്നാമതും. 110 മെഡലുമായി ഇംഗ്ലണ്ട് രണ്ടാമതും, 62 മെഡലുകളുമായി കാനഡ മൂന്നാം സ്ഥാനത്തുമായാണ് മെഡൽ പട്ടികയിൽ ഫിനിഷ് ചെയ്തത്. 2030 കോമൺവെൽത്തിൻ്റെ ബാറ്റൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി ഉഷയും ഒളിംപ്യൻ നീരജ് ചോപ്രയും ചേർന്ന് ഏറ്റുവാങ്ങി. കോമൺവെൽത്ത് ഗെയിംസിൻ്റെ നൂറാം വാർഷികത്തിലാണ് അഹമ്മദാബാദ് വേദിയാകുന്നത്.
ആറന്മുളയിലും റാന്നിയിലും ആശങ്കയേറ്റി മൂഴിയാർ ഡാം ഉടൻ തുറന്നേക്കും. ജലനിരപ്പ് രണ്ട് മീറ്റർ കൂടി ഉയർന്നാൽ ഷട്ടറുകൾ ഉയർത്തുമെന്ന് മുന്നറിയിപ്പ്. ശബരിമല വനമേഖലയിൽ തീവ്ര മഴയാണ് ഉള്ളത്. പമ്പാ നദിയിൽ ജലനിരപ്പ് അപകടകരമായ അവസ്ഥയിലാണ് ഉള്ളത്. സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യൂ മന്ത്രി പത്തനംതിട്ടയിലെത്തും.
കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ. ഈരാറ്റുപേട്ട പാലാ റൂട്ടിൽ വീണ്ടും വെള്ളം കയറി. കോട്ടയം കുമരകം പാതയിലും ഗതാഗതം നിലച്ചു. പുതുപള്ളി മീനടം റൂട്ടിൽ ഞണ്ടുകുളം പാലം വെള്ളത്തിലായി. കൈതേപാലം - വാകത്താനം പന്നിക്കോട്ട് പാലത്തിലും വെള്ളം കയറി.മണിമല ആറ്റിലും ജലനിരപ്പ് ഉയർന്നു.നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി.
മൂവാറ്റുപുഴയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. വീടുകളിൽ വീണ്ടും വെള്ളം കയറി. മൂവാറ്റുപുഴ നഗരത്തിലെ ഇലാഹിയ നഗർ, കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ അഞ്ചുമണിയോടെ വെള്ളം കയറിയത്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതാണ് വെള്ളം ഉയരുന്നതിന് കാരണമായത്. ഇന്നലെ വെള്ളം ഇറങ്ങിയതിനെ തുടർന്ന് വീടുകൾ ശുചീകരിച്ച് താമസം തുടങ്ങുന്നതിന് തയ്യാറെടുക്കുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും വെള്ളം കയറിയത്.
ആലപ്പുഴ അപ്പർകുട്ടനാട് മേഖലകളിൽ പല വീടുകളിലും വെള്ളം കയറി. ചെങ്ങന്നൂർ പാണ്ടനാട് വെള്ളക്കെട്ട് അതിരൂക്ഷം. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നു.
നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനുമെതിരെ കേസ്. തിരുവല്ലം സ്വദേശിനി ഗ്രീഷ്മ , സുഹൃത്ത് അമൻ എന്നിവർക്കെതിരെയാണ് കേസ്. മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. ഇന്നലെയാണ് മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചത്.
അതിശക്തമായ മഴ തുടരും. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ആണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട് നൽകി. മലയോര മേഖലകളിൽ ജാഗ്രത തുടരാനും നിർദേശം.