കോട്ടയത്ത് കനത്ത മഴ തുടരുന്നു. രാത്രിയിൽ ജില്ലയുടെ പല ഭാഗങ്ങളിലും പെയ്തത് കനത്ത മഴയാണ്. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കുറവില്ല. ജില്ലയിൽ 154 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 8321 പേരാണ്. വീടുകളിൽ കുടുങ്ങി പോയവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്.
കോന്നിയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതിൽ മുഖ്യമന്ത്രിക്ക് എതിരെ കെ.യു. ജനീഷ് കുമാർ എംഎൽഎ. ജില്ലാ അവലോകന യോഗത്തെ കുറിച്ച് അറിയിച്ചില്ലെന്നും പരാതി. വകുപ്പ് മേധാവിമാരെ മാത്രമാണ് വിളിച്ചതെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് അറിയിച്ചു. മുഖ്യമന്ത്രി സന്ദർശിച്ചത് കെടുതി രൂക്ഷമായ പ്രദേശങ്ങൾ മാത്രമാണെന്നും ജനീഷ് ആരോപിച്ചു.
പുതിയ സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി ഇറ്റാലിയൻ ക്ലബ്ബ് യുവൻ്റസിനെ നേരിടും. വൈകിട്ട് 5 മണിക്കാണ് മത്സരം. സാബി അലോൺസോക്ക് കീഴിൽ ജയം തുടരാനാണ് ചെൽസി ഇറങ്ങുന്നത്. ടീമിൽ പുതുതായെത്തിയ ഹെൻഡേഴ്സനും വെൽബെക്കും ചെൽസിക്ക് വേണ്ടി കളിച്ചേക്കും.
ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലായെ സ്വന്തമാക്കി തുർക്കി ക്ലബ്ബ് ട്രാബ്സോൺസ്പോർ. രണ്ട് വർഷത്തെ കരാറിലാണ് സലാ ക്ലബ്ബുമായി ഒപ്പുവെച്ചിരിക്കുന്നത്. ക്ലബ്ബിനൊപ്പം ചേരുന്നതിനുള്ള മെഡിക്കൽ ടെസ്റ്റിനായി സൂപ്പർതാരം ഇസ്താംബൂളിൽ എത്തും. ക്ലബ്ബാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നീണ്ട ഒൻപത് വർഷത്തിന് ശേഷമായിരുന്നു ലിവർപൂളിനോട് സലാ വിട പറഞ്ഞത്.
പ്രീസീസണിലെ അവസാന സൗഹൃദമത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് തോൽവി. സ്പാനിഷ് ക്ലബ്ബ് യുഡി അൽമേരിയയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് അൽ നസറിൻ്റെ തോൽവി. അവധി ആഘോഷത്തിനിടെ മത്സരം കാണാൻ റോണോ ലിസ്ബണിൽ എത്തിയിരുന്നു. ക്രിസ്റ്റ്യാനോയുടെ ഉടമസ്ഥതയിലുള്ള ടീമും കൂടിയാണ് അൽമേരിയ.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ടീം കൊളംബോയിൽ എത്തി. ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം ഇന്നലെയാണ് കൊളംബോയിൽ എത്തിയത്. രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരം ഗാലെയിൽ ഓഗസ്റ്റ് 15ന് നടക്കും. പരമ്പരക്ക് മുന്നോടിയായി ഇന്ത്യ മൂന്ന് ദിവസത്തെ പരിശീലന മത്സരവും കളിക്കും. ലോകടെസ്റ്റ് ചാംപ്യൻഷിപ്പിൽ പിറകിലുള്ള ഇന്ത്യയ്ക്കും ഗൗതം ഗംഭീറിനും പരമ്പര നിർണായകമാണ്.
ആലപ്പുഴ പുറക്കാടിൽ കടൽ ക്ഷോഭത്തിൽ ഒരു വീട് തകർന്നു.പുറക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ അനീഷ് രാജേന്ദ്രൻ്റെ വീടാണ് കടൽ ക്ഷോഭത്തെ തുടർന്ന് ഭാഗീകമായി നശിച്ചത്. കുടുംബം പുറക്കാട് ദുരിതാശ്വാസ ക്യാമ്പിൽ ആണ്. പ്രദേശത്തെ ഏഴോളം വീടുകളിൽ കടലേറ്റം ഉണ്ടായിട്ടുണ്ട്
സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന്. ദുരിതബാധിതർക്കുള്ള പാക്കേജ് പ്രഖ്യാപിച്ചേക്കും. കൃഷിനാശം സംഭവിച്ചവർക്കുള്ള സാമ്പത്തികസഹായവും തീരുമാനിക്കും. മഴ തുടരുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ചർച്ചയാകും.
തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത എന്ന് മുന്നറിയിപ്പ്. നാളെ രാത്രി വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രതപാലിക്കണം എന്ന് നിർദേശം. ചെറിയ വള്ളങ്ങളും മത്സ്യബന്ധന യാനങ്ങളും കെട്ടി സൂക്ഷിക്കണം എന്നും കാലവസ്ഥാവകുപ്പ് അറിയിച്ചു.
കോട്ടയം, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ റെഡ് അലേർട്ട്. ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും സാധ്യത.