NEWSROOM

നീറ്റ് പരീക്ഷാക്രമക്കേട്; ഹർജി സുപ്രീംകോടതി തള്ളി

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ

ന്യൂസ് ഡെസ്ക്

മൂവാറ്റുപുഴ മാറാടിയില്‍ വന്‍ മണ്ണിടിച്ചില്‍

മൂവാറ്റുപുഴ മാറാടിയില്‍ വന്‍ മണ്ണിടിച്ചില്‍. അപകടമുണ്ടായത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉപേക്ഷിക്കപ്പെട്ട പാറമടയിൽ. ആളപായമില്ല..

നീറ്റ് പരീക്ഷാക്രമക്കേട്; ഹർജി സുപ്രീംകോടതി തള്ളി

നീറ്റ് മൂല്യനിര്‍ണയത്തില്‍ ക്രമക്കേട് ആരോപിച്ചുള്ള ഹര്‍ജി തള്ളി. ആറ് വിദ്യാർത്ഥികൾ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഡൽഹി ഹൈക്കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം. രേഖപ്പെടുത്തിയ ഉത്തരങ്ങളും എൻ.ടി.എ അപ്ലോഡ് ചെയ്ത ഒഎംആർ ഷീറ്റിലെ ഉത്തരങ്ങളും വ്യത്യസ്തമെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.

പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ ബഹളം; ഇരുസഭകളും നിർത്തി വച്ചു

അമിത് ഷാ സഭയിൽ പ്രസ്താവന നടത്താത്തതിനെതിരെ പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബഹളത്തെ തുടർന്ന് ഇരുസഭകളും നിർത്തിവച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ ആഭ്യന്തര മന്ത്രി പാർലമെൻ്റിൽ ഉണ്ടെന്ന് കിരൺ റിജിജു പറഞ്ഞു. പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

സൗദി അറേബ്യയിൽ ഹൂതി ആക്രമണം; നിരവധി പേർക്ക് പരിക്ക്

സൗദി അറേബ്യയിൽ ഹൂതി ആക്രമണം. തെക്കൻ അതിർത്തി പ്രദേശമായ നജ്റാനിലായിരുന്നു മിസെെൽ- ഷെൽ ആക്രമണം. വിദേശികൾ ഉൾപ്പടെ 11 സാധാരണക്കാർക്ക് പരിക്കേറ്റു.യെമനി ഹൂതികളും, ഇറാൻ അനുകൂല ഇറാഖി ഗ്രൂപ്പുകളും സൗദിയിൽ സംയുക്ത ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന ഇൻ്റലിജൻസ് റിപ്പോർട്ടുകൾക്കിടെയാണ് ആക്രമണം.

അതിരപ്പള്ളി എസ്റ്റേറ്റിൽ കാട്ടാന ആക്രമണം; ഓഫീസ് റൂം നശിപ്പിച്ചു

പ്ലാൻ്റേഷൻ കോർപ്പറേഷൻ അതിരപ്പള്ളി എസ്റ്റേറ്റിൽ കാട്ടാന ആക്രമണം. B2 ഡിവിഷനിൽ ഓഫീസും സ്റ്റോർ റൂമും ആനകൾ തകർത്ത നിലയിൽ. ഓഫീസ് ഫയലുകൾ എല്ലാം നശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.

റാഞ്ചിയിലെ വിദ്യാർഥി പ്രക്ഷോഭം; പ്രതിനിധി സംഘത്തെ അയച്ച്സിജെപി

റാഞ്ചിയിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്ക് ചേരാൻ സിജെപി പ്രതിനിധി സംഘത്തെ അയച്ചു. പ്രക്ഷോഭം 14 ദിവസമായി തുടരുകയാണ്. അതേസമയം നിയമസഭയുടെ സുരക്ഷ ജാർഖണ്ഡ് സർക്കാർ ശക്തമാക്കി.

തായ്‌ലൻഡിൽ സ്കൂളിൽ വെടിവെയ്പ്പ്; ആറു പേർ കൊല്ലപ്പെട്ടു; 15 പേർക്ക് പരിക്ക്

തായ്‌ലൻഡിൽ സ്കൂളിൽ വെടിവെയ്പ്പ്. ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ഒൻപതാം ക്ലാസുകാരനായ 14കാരനാണ് വെടിവെപ്പ് നടത്തിയത്. ആക്രമണത്തിന് ശേഷം വിദ്യാർഥി സ്വയം വെടിയുതിർത്ത് മരിച്ചു.

ജാഗ്രതാ... മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്നു മണിക്കൂർ സമയമാണ് റെഡ് അലേർട്ടുള്ളത്.

തൃശൂർ നെന്മണിക്കരയിൽ വീടിന് മുകളിലേക്ക് മരം വീണു; വീടിന് ഭാഗfകമായി കേടുപാടുകൾ സംഭവിച്ചു

തൃശൂർ നെന്മണിക്കര മടവാക്കരയിൽ തേക്ക് കടപുഴകി വീടിന് മുകളിലേക്ക് വീണു. പല്ലാവൂർകട രാമചന്ദ്രൻ്റെ ഓടിട്ട വീടിനു മുകളിലാണ് തേക്ക് വീണത്. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് അപകടം.

മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേയ്ക്കു പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേയ്ക്കു കയറി യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജിനാണ്(23) ജീവൻ നഷ്ടമായത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ കോട്ടയം മണർകാട് പള്ളിയ്ക്കു സമീപമായിരുന്നു അപകടം. അയർക്കുന്നത് നിന്നും മണർകാട് കവലയിലേയ്ക്കു വരികയായിരുന്നു ഇവർ.

രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ്; കളക്ടറോട് ഫ്രീസർ ആവശ്യപ്പെട്ടിരുന്നുവെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ

കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിൽ കണ്ണൂർ ജില്ലാ ഭരണകൂടത്തിന് എതിരെ വിമർശനം കടുക്കുന്നു. ജില്ലാ കളക്ടറോട് ഫ്രീസർ ആവശ്യപ്പെട്ടിരുന്നുവെന്ന് വി.കുഞ്ഞികൃഷ്ണൻ എംഎൽഎ പറഞ്ഞു. മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയത് കളക്ടറുടെ നിർദേശപ്രകാരം എന്ന് ഡിസിസി സെക്രട്ടറി കെ.കെ. സുരേഷ്കുമാർ ആരോപിച്ചിരുന്നു. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന വാർത്ത ന്യൂസ് മലയാളമാണ് പുറത്ത് കൊണ്ടുവന്നത്.

നീറ്റ് വിവാദം; ചോദ്യങ്ങൾ കാണാതെ പഠിച്ച് പേപ്പറിൽ പകർത്തി പുറത്ത് കടത്തി, നിർണായക വിവരങ്ങൾ പുറത്ത്

ചോദ്യങ്ങൾ മനഃപാഠമാക്കിയാണ് ഏജൻസി വിദഗ്ദ്ധർ നീറ്റ് പേപ്പർ ചേർത്തിയതെന്നാണ് വിവരം. ടീമിലെ മൂന്ന് വിഷയ വിദഗ്ദ്ധർ ചോദ്യങ്ങൾ കാണാതെ പഠിച്ച് പേപ്പറിൽ പകർത്തിയാണ് ചോർത്തിയതെന്ന നിർണായക വിവരങ്ങൾ പുറത്ത്. 94 പേജുള്ള സിബിഐ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്.

കിടപ്പുമുറിയിൽ കാട്ടുപന്നിയുടെ പരാക്രമം; പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം മഞ്ചേരി മുള്ളമ്പാറ കടത്തിപ്പറമ്പ് അലവിയുടെ വീട്ടിനകത്ത് കാട്ടുപന്നി കയറി. പിഞ്ചുകുഞ്ഞ് നഷ് വ കട്ടിലിൽ കളിച്ചുകൊണ്ടിരിമ്പോഴാണ് മുറിയിൽ കടന്നത്. അമ്മാവൻ കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം കതക് പൂട്ടി. കാട്ടുപന്നിയെ പിന്നീട് വെടിവച്ചു കൊന്നു.

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ

കുതിരാൻ തുരങ്കത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് നേരിയ തോതാൽ മണ്ണിടിച്ചിൽ. കുതിരാനിലെ ഇരട്ട തുരങ്ക മുഖത്തിൻ്റെ പടിഞ്ഞാറ് തുരങ്കമുഖത്തിനു മുകളിലായി ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. നേരിയ തോതിൽ മാത്രമാണ് മണ്ണ് ഇടിഞ്ഞിട്ടുള്ളത്. കാലവർഷം ആരംഭിച്ച സമയത്ത് തന്നെ നേരിയ തോതിൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായതാണ് എന്ന് പ്രദേശവാസികൾ പറയുന്നത്.

അടൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പത്തിലധികം പേർക്ക് പരിക്ക്. ആർക്കും ഗുരുതര പരിക്കില്ല. രണ്ടു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.

കോന്നി കുമ്മണ്ണൂരിൽ കാട്ടാന ശല്യം; കൃഷികൾ വ്യാപകമായി നശിപ്പിച്ചു

കോന്നി കുമ്മണ്ണൂർ നെടിയക്കാലാ പ്രദേശത്ത് വീടുകൾക്ക് സമീപം കാട്ടാന. ആനകളെ ഓടിക്കുന്നതിനിടെ ആളുകൾക്ക് നേരെ തിരിഞ്ഞു. വീടുകളോട് ചേർന്ന പ്രദേശത്തെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് ആനകൾ പ്രദേശത്ത് എത്തിയത്.

SCROLL FOR NEXT