മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ.എൻ.ബാലഗോപാൽ. മുഖ്യമന്ത്രി ഇപ്പോഴും പ്രതിപക്ഷ നേതാവായി തന്നെയാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാചകകസർത്തിൽ മാത്രം കാര്യങ്ങൾ നടക്കില്ലെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. കിഫ്ബി നിർത്തലാക്കിയാൽ വലിയ പദ്ധതികൾ നടത്താൻ കഴിയില്ല. സർക്കാർ ഒരു കാര്യവും തുറന്ന് ചർച്ച ചെയ്യാൻ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ കാണാതായിട്ട് ആറു ദിവസം. തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും എസ്പിക്കും കുടുംബം പരാതി നൽകി. ഇന്ന് ഉൾവനത്തിൽ കൂടുതൽ പരിശോധന നടത്തും. പൊലീസിനും വനംവകുപ്പിനും ഒപ്പം കുടുംബവും തെരച്ചിലിൽ പങ്കെടുക്കും. കോടതിയിൽ നിന്ന് സമൻസ് കിട്ടിയതിന് പിന്നാലെയായിരുന്നു മോഹൻദാസ് കാടുകയറിയത്.
കാട്ടാന ആക്രമണത്തെ തുടർന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ ക്ഷീര കർഷകന് പരിക്ക്. സുൽത്താൻ ബത്തേരി പഴേരി വീട്ടികുറ്റി ഉന്നതിയിലെ ശശി (55) നാണ് പരിക്കേറ്റത്. ഇടത് കാലിന് പരിക്കേറ്റ ശശിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലളക്കാൻ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പട്ടാനൂർ യുപി സ്കൂൾ അധ്യാപകൻ വിപിനെ സസ്പെൻഡ് ചെയ്തു. പൊലീസ് കേസ് എടുത്തതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. വിസി സ്വന്തം നിലയ്ക്ക് അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ച സാഹചര്യത്തിലാണ് പ്രതിഷേധ രാജി. വൈസ് ചാൻസലർക്കെതിരെ രാജിക്കത്തിൽ ഗുരുതര പരാമർശങ്ങളാണ് അടങ്ങിയിട്ടുള്ളത്. തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്ന് രാജിക്കത്തിൽ തോമസ് എബ്രഹാം. സ്റ്റാൻഡിങ് കൗൺസിലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ അധികാരമുള്ളത് സിൻഡിക്കേറ്റിനെന്നും കത്തിൽ പറയുന്നു. വി സിയുടെ നിയമവിരുദ്ധ നടപടികളും രാജിക്കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ നിലപാട് തിരുത്തി ദേശാഭിമാനി. കൺസഷൻ കരാറിന് വിരുദ്ധമായി ഓഹരി MSC ക്ക് നൽകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് പുതിയ വാർത്ത. 25 % ഓഹരി കൈമാറിയാൽ ഉടമസ്ഥതയിൽ മാറ്റം വരും. തുറമുഖം സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ നിന്നാലേ നേട്ടം ഉണ്ടാകൂ. ഒറ്റ കമ്പനിയിലേക്ക് കുത്തകയായി വിഴിഞ്ഞം മാറുമെന്നും ഇന്നത്തെ വാർത്തയിൽ പറയുന്നു. എന്നാൽ എൽഡിഎഫ് സർക്കാരിൻ്റെ ദീർഘവീക്ഷണത്തിൻ്റെ നേട്ടമാണ് വിദേശ നിക്ഷേപം എന്നായിരുന്നു ഇന്നലെ ദേശാഭിമാനി വാർത്ത നൽകിയത്.
കാസര്‍ഗോഡ്: തായന്നൂരിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എണ്ണപ്പാറ സ്വദേശി വിശാല്‍ ബാബു, പറക്കളായി തോണിക്കല്ല് സ്വദേശി അഭിനവ് എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.
വൈറ്റില ഫ്ലൈ ഓവറിന്റെ കൈവരിയിൽ ചരക്കു ലോറി ഇടിച്ചുകയറി അപകടം. ലോറിയിൽ ഉണ്ടായിരുന്നത് ഡ്രൈവറും സഹായിയും. പുലർച്ചെയാണ് അപകടം നടന്നത്. ആളപായമില്ല.
ഭൂട്ടാൻ കാർ കടത്ത് കേസിൽ ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. ദുൽഖറിന്റെ പേരിൽ കൂടുതൽ കാറുകൾ ഉണ്ടെന്ന് അന്വേഷണസംഘം. ഈ കാറുകൾ എവിടെയെന്ന് കണ്ടെത്താൻ ശ്രമം. ചെന്നൈയിൽ അടക്കം കസ്റ്റംസ് സംഘം പരിശോധന നടത്തിവരികയാണ്. നിലവിൽ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രം. വാഹനങ്ങൾ നിയമാനുസൃതം വാങ്ങി എന്നും കള്ളക്കടത്താണെന് അറിയില്ല എന്നുമായിരുന്നു ദുൽഖറിന്റെ മൊഴി. എന്നാൽ അന്വേഷണ സംഘം ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ കാർ ഉടമകളെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യും.
അയോധ്യ സംഭാവന കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ നീക്കം. അന്വേഷണം കേന്ദ്ര എജന്‍സിക്ക് വിടണമെന്ന ആവശ്യം ആര്‍എസ്എസില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഡോളറും മറ്റ് വിദേശ കറന്‍സികളും കണ്ടെത്തിയത് എസ്‌ഐടിയെ ഞെട്ടിച്ചിട്ടുണ്ട്. രണ്ട് പ്രതികളുടെ അടുത്ത ബന്ധുക്കള്‍ നടത്തിയ വിദേശയാത്രയും എസ്‌ഐടിയും അന്വേഷിക്കുന്നു. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാക്കുമെന്നാണ് സൂചന.
അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കടവന്ത്ര പൊലീസ്. എഫ്ഐആർ രജിസ്റ്റർ ചെയ്തത് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം. വർഗീയ പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൻ തുടങ്ങിയ പരാതികൾ പരിശോധിക്കാൻ പൊലീസ്.