കോതമംഗലം - കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്തില്‍ നിന്ന് ആളുകളെ മാറ്റുന്നു 
NEWSROOM

കരകവിഞ്ഞു പുഴകൾ, വെള്ളക്കെട്ടും മണ്ണിടിച്ചിൽ ഭീതിയും; സംസ്ഥാനത്ത് മഴക്കെടുതിയില്‍ 3 മരണം

കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴയെ തുടർന്ന് ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് കാലവർഷം. മഴക്കെടുതിയിൽ എട്ട് വീടുകൾ പൂർണമായും തകർന്നു. 285 വീടുകൾ ഭാഗികമായും തകർന്നു. മൂന്ന് ക്യാംപുകളിലായി 47 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കാലവർഷക്കെടുതിയിൽ മൂന്ന് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.


കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴയെ തുടർന്ന് ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞു. മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 40ലേറെ വീടുകൾ ഭാഗികമായി തകർന്നു. മരങ്ങള്‍ വീണും മേല്‍ക്കൂര തകര്‍ന്നും ഭിത്തി ഇടിഞ്ഞുവീണും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്.

പത്തനംതിട്ട അട്ടത്തോട് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. ജില്ലയിൽ മൂന്ന് ദിവസങ്ങളിലായി തകർന്നത് 102 വൈദ്യുതി പോസ്റ്റുകളാണ്. ഇടുക്കി റാണിക്കല്ലിൽ മരം കടപുഴകി ​ഗതാ​ഗതം തടസപ്പെട്ടു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് ​ഗതാ​ഗതം തടസപ്പെട്ടത്. ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്താണ് മരം വീണത്. ഫയർ ആൻഡ് റെസ്ക്യൂ സംഘം എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.


വയനാട് മുത്തങ്ങ മന്മഥമൂല റോഡിൽ വെള്ളം കയറി നിരവധി സ്ഥലങ്ങൾ ഒറ്റപ്പെട്ടു. കല്ലൂർപുഴ കരകവിഞ്ഞാണ് ഇവിടേക്ക് വെള്ളം കയറിയത്. മൻമഥമൂല, ആലത്തൂർ, അത്തിക്കുനി, കല്ലു മുക്ക് ഉന്നതി, ചിറമൂല, ചുണ്ടക്കുനി ഉന്നതി പ്രദേശങ്ങളാണ് വെള്ളംകയറി ഒറ്റപ്പെട്ടത്.

മലപ്പുറം കരുളായിയില്‍ വീടിന്റെ മുകളിലേക്ക് മരം വീണു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. കരുളായി പുലഞ്ചേരിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ബിബിൻ ജോർജിന്റെ വീട്ടിലേക്കാണ് മരം പൊട്ടി വീണത്.   അയൽവാസിയുടെ വീടിന്റെ മതിലും തകർന്നിട്ടുണ്ട്.  ഫയർഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി.

സംസ്ഥാനത്തെ 11 ജില്ലകളിൽ അതിതീവ്രമഴ സാധ്യതയെ തുടർന്ന് റെഡ് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ മെയ് 29 വരെ കടലിൽ പോകരുതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന നി‍ർദേശം.

SCROLL FOR NEXT