സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു. വടക്കൻ കേരളത്തിൽ കാലവർഷം ശക്തമായി. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ ഇന്ന് (27/05/2025) റെഡ് അലേർട്ടാണ്. കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. മെയ് 30 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് (27/05/2025) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ മൂന്ന് ജില്ലകള്‍ക്ക് ഇന്ന് ഓറഞ്ച് അലേർട്ടാണ്. തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. വയനാട്ടിൽ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.
കണ്ണൂർ ജില്ലയിൽ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടി ജീവനക്കാർക്ക് അവധി ബാധകമല്ല. കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.
അതേസമയം, വയനാട് ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 314 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ മുട്ടില്‍, നെന്മേനി, പൂതാടി, നൂല്‍പ്പുഴ, കാവുമന്ദം, കോട്ടത്തറ വില്ലേജ് പരിധികളിൽ താമസിക്കുന്നവരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്.
അടുത്ത ദിവസങ്ങളിലേക്കുള്ള മഴ മുന്നറിയിപ്പുകൾ:
28-05-2025- കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലേർട്ട്)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം (യെല്ലോ അലേർട്ട്)
29-05-2025- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലേർട്ട്)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് (യെല്ലോ അലേർട്ട്)
30-05-2025- എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലേർട്ട്)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി (യെല്ലോ അലേർട്ട്)