സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കാസർഗോഡ്,തൃശൂർ, ആലപ്പുഴ, എന്നീ ജില്ലകൾക്കാണ് അവധി. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയ്ക്ക് അവധി
'മഴ കണ്ടാൽ ഉടനെ ചുമ്മാതങ്ങ് അവധി പ്രഖ്യാപിക്കാൻ പറ്റുമോ'…എന്നായിരുന്നു അവധി പ്രഖ്യാപിക്കും മുമ്പ് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. കാലാവസ്ഥ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും, മക്കളാരും സങ്കടപ്പെടേണ്ടെന്നും കളക്ടർ കുറിപ്പിൽ പറഞ്ഞു. പിന്നീടാണ് നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധിയാണുട്ടോ. എന്നും പറഞ്ഞുകൊണ്ട് ജില്ലാ കളക്ടർ അറിയിപ്പ് നൽകിയത്.
തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ജലനിരപ്പ് ഉയരുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ട്യൂഷൻ സെൻ്ററുകൾക്കും,അംഗനവാടികൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കുമെന്നും കളക്ടർ അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തൃശ്ശൂര്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിൻ്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്.സി, ഐസിഎസ്സി സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിനും റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ലെന്ന് കളക്ടർ അറിയിച്ചു.
കാസർഗോഡ് ജില്ലയിലെ അവധി
മഴ കനക്കുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടുമെന്ന് കളക്ടർ അറിയിച്ചു.
കോട്ടയം ജില്ലയിലെ അവധി
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. 3 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ചങ്ങാനാശ്ശേരി താലൂക്കിൽ ഒന്നും കോട്ടയം താലൂക്കിൽ രണ്ടും ക്യാമ്പുകളാണ് തുറന്നത്.3 ക്യാമ്പുകളിലായി 22 കുടുംബങ്ങളിലെ 71 പേർ താമസിക്കുന്നതായാണ് റിപ്പോർട്ട്.