NEWSROOM

സഞ്ജുവിൻ്റെ അഭാവത്തിൽ കേരളത്തിൻ്റെ മിന്നും താരമായി ഉദിച്ചുയർന്ന് ജലജ്

2005ൽ മധ്യപ്രദേശിന്‍റെ താരമായി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ജലജ് സക്സേന ഒരു പതിറ്റാണ്ട് കാലം മധ്യപ്രദേശിനായി കളിച്ച ശേഷമാണ് 2016-17 സീസണില്‍ കേരള ടീമിലേക്ക് ചേക്കേറിയത്

Author : ന്യൂസ് ഡെസ്ക്


ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിൽ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ തകർത്തടിക്കുമ്പോൾ, ഇവിടെ കേരളത്തിൻ്റെ രഞ്ജി ടീമിന് കാവലാളായി കളിക്കുന്നതൊരു മധ്യപ്രദേശുകാരൻ ഓൾറൌണ്ടറാണ്, പേര് ജലജ് സക്സേന. സഞ്ജുവിൻ്റെ അഭാവത്തിലും ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരം ഇന്നിങ്സിനും 117 റൺസിനും കേരളം ജയിച്ചു കയറുമ്പോൾ ജലജിൻ്റെ ഓഫ് ബ്രേക്ക് സ്പിൻ മാന്ത്രികതയാണ് കേരളത്തിന് കരുത്തേകുന്നത്.

രണ്ടിന്നിങ്സിലുമായി 11 വിക്കറ്റ് വീഴ്ത്തുകയും ഒന്നാമിന്നിങ്സിൽ 35 റൺസ് അടിച്ചെടുക്കുകയും ചെയ്ത ജലജ് സക്സേനയാണ് കേരളത്തിൻ്റെ വിജയശിൽപി. അദ്ദേഹം തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ചുമായി തെരഞ്ഞെടുക്കപ്പെട്ടതും. ഉത്തര്‍പ്രദേശിനെതിരെ 11 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന രഞ്ജി ട്രോഫിയില്‍ 400 വിക്കറ്റും 6000 റണ്‍സും തികയ്ക്കുന്ന ആദ്യ താരമായി ചരിത്രം കുറിച്ചിരുന്നു. ഇന്ത്യൻ കുപ്പായത്തില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന 37കാരനായ ജലജ് സക്സേന ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി കേരളത്തിന്‍റെ വിശ്വസ്തനാണ്. യുപിക്കെതിരായ മത്സരത്തില്‍ നിതീഷ് റാണയെ പുറത്താക്കിയാണ് ജലജ് 400 വിക്കറ്റ് തികച്ചത്.

രഞ്ജി ട്രോഫി ചരിത്രത്തില്‍ 400 വിക്കറ്റ് തികയ്ക്കുന്ന പതിമൂന്നാമത്തെ മാത്രം താരം കൂടിയാണ് ജലജ് സക്സേന. 2005ൽ മധ്യപ്രദേശിന്‍റെ താരമായി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ജലജ് സക്സേന ഒരു പതിറ്റാണ്ട് കാലം മധ്യപ്രദേശിനായി കളിച്ച ശേഷമാണ് 2016-17 സീസണില്‍ കേരള ടീമിലേക്ക് ചേക്കേറിയത്.

ഫസ്റ്റ് ക്ലാസ് കരിയറില്‍ 14 സെഞ്ചുറികളും 33 അര്‍ധസെഞ്ചുറികളും‍ ഉള്‍പ്പെടെ 33.97 ശരാശരിയില്‍ 6795 റണ്‍സ് നേടിയിട്ടുള്ള ജലജ് സക്സേന 400ലേറെ വിക്കറ്റുകളും സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 29-ാമത് അഞ്ച് വിക്കറ്റ് നേട്ടമാണ് ഉത്തര്‍പ്രദേശിനെതിരെ ജലജ് സ്വന്തമാക്കിയത്. വിവിധ ഫോര്‍മാറ്റുകളിലായി ആഭ്യന്തര ക്രിക്കറ്റില്‍ 9000 റണ്‍സും 600 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഒന്നാം ഇന്നിംഗ്സിൽ 162 റൺസ് എടുത്ത ഉത്തർപ്രദേശ് രണ്ടാം ഇന്നിംഗ്സിൽ 116 റൺസിന് ഓൾ ഔട്ടായി. സച്ചിൻ ബേബിയുടെയും സൽമാൻ നിസാറിന്റെയും അർധസെഞ്ചുറി മികവിൽ ഒന്നാം ഇന്നിംഗ്സിൽ കേരളം 395 റൺസ് നേടിയിരുന്നു. നാലു മത്സരങ്ങളിൽ രണ്ട് ജയത്തോടെ പോയിൻ്റ് പട്ടികയിൽ കേരളം രണ്ടാമതാണ്.

SCROLL FOR NEXT