രാജ്യത്ത് ഏറ്റവുമധികം ഉരുൾപൊട്ടൽ ഉണ്ടാകുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോർട്ട്. ഉത്തരാഖണ്ഡിലും അസമിലും ഉണ്ടായിട്ടുള്ളതിലുമേറെ ഉരുൾപൊട്ടൽ ദുരന്തമാണ് കേരളത്തിൽ സംഭവിച്ചത്.
2015നും 2022നും ഇടയിൽ രാജ്യത്ത് ഉണ്ടായത് 3,782 ഉരുൾപൊട്ടലുകൾ. അതിൽ 2,239ഉം ഉണ്ടായത് കേരളത്തിൽ. രണ്ടാം സ്ഥാനത്തുള്ള പശ്ചിമബംഗാളിൽ 376 ഉരുൾപൊട്ടലുകൾ. ഈ ദുരന്തങ്ങളെല്ലാം സമാനതകൾ ഇല്ലാത്ത പെരുമഴ കൊണ്ട് ഉണ്ടായതാണെന്നും കേന്ദ്രമന്ത്രി ലോക്സഭയെ അറിയിച്ചു. സാധാരണ പെയ്യുന്നതിന്‍റെ ഇരട്ടി മഴവരെ ഉണ്ടായ സമയങ്ങളിലാണ് കേരളത്തിലെ ഉരുൾപൊട്ടലുകൾ എല്ലാം നടന്നത്. മരങ്ങൾ ഇല്ലാതായതും മണ്ണിനടിയിൽ വലിയ ഗർത്തങ്ങൾ ഉണ്ടാകുന്നതുമാണ് ദുരന്തങ്ങളുടെ പ്രധാന കാരണം.
2019നും, 2022നും ഇടയിൽ മാത്രം കേരളത്തിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 422 ആണ്. കഴിഞ്ഞ 30 വർഷമായി കേരളത്തിൽ ജൂണിലും, ജൂലൈയിലും മഴ കുറയുകയും ഓഗസ്റ്റിലും, സെപ്റ്റംബറിലും കൂടുകയും ചെയ്യുകയാണ്. മഴ കൂടുന്ന ഓഗസ്റ്റ് മാസങ്ങളിലാണ് ഉരുൾപൊട്ടലിൽ ഏറെയും ഉണ്ടാകുന്നത്.
1961 മുതൽ 5874 ഉരുൾപൊട്ടലുകളാണ് പശ്ചിമഘട്ട മലനിരകളിൽ ഉണ്ടായത്. ആയിരത്തിലേറെയാണ് ജീവനാശം സംഭവിച്ചത്. മലപ്പുറം കവളപ്പാറയിലും, ഇടുക്കി പെട്ടിമുടിയിലും, തിരുവനന്തപുരം അമ്പൂരിയിലുമാണ് ഈ നൂറ്റാണ്ടിൽ കൂടുതൽ ജീവനാശം ഉണ്ടായത്. 2001ൽ തിരുവനന്തപുരം അമ്പൂരിയിൽ 39 പേർക്ക് ജീവൻ നഷ്ടമായി. ഒരു വിവാഹവീട്ടിൽ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറെയും. 2019ൽ മലപ്പുറം കവളപ്പാറയിൽ 59 പേർ മരിച്ചു. 13 മൃതദേഹങ്ങൾ ഇനിയും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. വയനാട് പുത്തുമല ദുരന്തത്തിൽ മരിച്ചത് 17 പേർ. അഞ്ചുപേർ ഇപ്പോഴും മണ്ണിനടിയിൽ. പിന്നീട് ഇടുക്കി പെട്ടിമുടിയിൽ 65 പേർക്കാണ് ജീവൻ നഷ്ടമായത്. തേയില എസ്റ്റേറ്റ് ജീവനക്കാർ താമസിച്ച ലയങ്ങളിൽ ആയിരുന്നു ആ ദുരന്തം. കോട്ടയം കൂട്ടിക്കലിൽ തീർത്തും അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ഇരുപത് പേർക്ക് ജീവൻ നഷ്ടമായി.
ഇടുക്കി വെള്ളത്തൂവലിൽ കൃത്യം 50 വർഷം മുൻപ് 1974 ജൂലൈ 28ന് ഉണ്ടായ ഉരുൾപൊട്ടലിൽ അൻപതു പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ അതുവരെ ഉണ്ടായ ഏറ്റവും വലിയ ദുരന്തം അതായിരുന്നു. പിന്നീട് അടിമാലിയിലും വെള്ളത്തൂവലിലും പൊന്മുടിയിലുമെല്ലാം നിരവധി ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്.