NEWSROOM

ഗില്ലൻ ബാരി സിൻഡ്രോം കേരളത്തിലും; ആദ്യമരണം കോട്ടയത്ത് റിപ്പോർട്ട് ചെയ്തു

വാഴക്കുളം കാവന തടത്തില്‍ ജോയ് ഐപാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

ഗില്ലൻബാരി സിൻഡ്രോം ബാധിച്ചുള്ള കേരളത്തിലെ ആദ്യത്തെ മരണം കോട്ടയത്ത് റിപ്പോർട്ട് ചെയ്തു. വാഴക്കുളം കാവന തടത്തില്‍ ജോയ് ഐപാണ് മരിച്ചത്. മനുഷ്യൻ്റെ പെരിഫറല്‍ നാഡിവ്യവസ്ഥയിലെ നാഡികോശങ്ങളുടെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്ന അപൂർവ രോഗമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം.


ഒരു ലക്ഷത്തിൽ ഒരാളെ മാത്രം ബാധിക്കുന്ന രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണമാണ് കോട്ടയത്ത് റിപ്പോർട്ട് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ജോയ് ഐപിൻ്റെ മരണം സ്ഥിരീകരിച്ചത്. ആഴ്ചകളായി രോഗ ബാധയെ തുടർന്ന് ജോയ് ആശുപത്രിയിലായിരുന്നു. കുടുംബത്തിലെ മറ്റാർക്കും രോഗം പിടിപെട്ടിട്ടില്ല. അടുത്തിടെ മഹാരാഷ്ട്രയിലെ പൂനെയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം സ്ഥിരീകരിച്ചിരുന്നു. ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിക്കാനുള്ള കാരണങ്ങൾ അവ്യക്തമാണ്.


എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം?

ഒരു ഓട്ടോ ഇമ്മ്യൂണ്‍ ന്യൂറോളജിക്കല്‍ ഡിസോര്‍ഡറാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. രോഗപ്രതിരോധ സംവിധാനം നാഡികളെ ആക്രമിക്കുന്ന അപൂര്‍വ രോഗമാണിത്. തളര്‍ച്ച, ബലഹീനത, മറ്റ് സങ്കീര്‍ണതകളൊക്കെയാണ് രോഗലക്ഷണങ്ങള്‍. രോഗം ബാധിച്ച് ആറ് മാസത്തിനുള്ളില്‍ രോഗി ആരോഗ്യസ്ഥിതി വീണ്ടെടുക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചില രോഗികളില്‍ പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ എടുത്തേക്കാം.

ചെലവേറിയ ചികിത്സയാണ് പലപ്പോഴും രോഗം സങ്കീര്‍ണമാക്കുന്നത്. ഇമ്യൂണോഗ്ലോബുലിന്‍ (IVIG) എന്ന ഇഞ്ചക്ഷനാണ് ചികിത്സയ്ക്കായി വേണ്ടത്. ഇത് ഒരെണ്ണത്തിന് 20,000 രൂപയാണ് ചെലവ്. രോഗപ്രതിരോധ സംവിധാനം നാഡികളെ ആക്രമിക്കുന്നതോടെ പേശീ ബലഹീനത ഉണ്ടാകുകയും ഇത് പക്ഷാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. രോഗം ബാധിച്ച് ദിവസങ്ങള്‍ക്കുള്ളിലോ ആഴ്ചകള്‍ക്കുള്ളിലോ രോഗി തളര്‍ന്നു കിടപ്പിലാകും. ഏത് പ്രായത്തില്‍ പെട്ട ആളുകള്‍ക്കും രോഗം വരാമെങ്കിലും മുതിര്‍ന്നവരിലും പുരുഷന്മാരിലുമാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. 100,000 ജനസംഖ്യയില്‍ 1/2 എന്ന തോതില്‍ ഇത് സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു.


കഴുത്ത്, മുഖം, കണ്ണുകള്‍ തുടങ്ങിയവയെ രോഗം ബാധിച്ചേക്കാം. കൈകാലുകള്‍ക്ക് ബലക്ഷയവും മരവിപ്പും പക്ഷാഘാതവും വരെ അനുഭവപ്പെടും. സ്പര്‍ശനം അനുഭവപ്പെടാതിരിക്കുക, നടക്കാനോ വിഴുങ്ങാനോ ശ്വസിക്കാനോ ഉള്ള ബുദ്ധിമുട്ട് തുടങ്ങിയവ രോഗത്തിന്റെ ലക്ഷണങ്ങളാണ്. പേശീ ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, മരവിപ്പ് എന്നീ ലക്ഷണങ്ങളും കണ്ടേക്കാം.

SCROLL FOR NEXT