NEWSROOM

എ ഗ്രേഡ് നേടിയവർക്ക് സമ്മാന തുക വർധിപ്പിച്ച് സർക്കാർ; കപ്പെടുത്തവർക്ക് രേഖാചിത്രം ഫ്രീ ടിക്കറ്റുമായി ആസിഫ് അലി

63-ാം കലോത്സവത്തിലെ വിവിധ വിഭാ​ഗങ്ങളിൽ വിജയിച്ചവ‍ർ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രൗഢ ​ഗംഭീരമായ സദസിനെ സാക്ഷിയാക്കി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

Author : ന്യൂസ് ഡെസ്ക്

26 വർഷങ്ങൾക്ക് ശേഷം കലാകീരിടത്തിൽ മുത്തമിട്ട തൃശൂർ സ്വർണക്കപ്പ് ഉയ‍ർത്തി. 1008 പോയിന്റുകൾ നേടിയാണ് തൃശൂരിന്റെ വിജയം. 63-ാം കലോത്സവത്തിലെ വിവിധ വിഭാ​ഗങ്ങളിൽ വിജയിച്ചവ‍ർ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രൗഢ ​ഗംഭീരമായ സദസിനെ സാക്ഷിയാക്കി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായ ചടങ്ങിൽ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ. രാജൻ, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി. പ്രസാദ്, ഡോ. ആര്‍ ബിന്ദു, ഒ.ആര്‍. കേളു, എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. സിനിമാ താരങ്ങളായ ടൊവിനോ തോമസും ആസിഫ് അലിയുമായിരുന്നു ചടങ്ങിലെ വിശിഷ്ടാഥിതികൾ.

ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇല്ലാത്ത ആളാണ് താനെന്ന് സമാപന സമ്മേളന വേദിയിൽ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കലോത്സവ നടത്തിപ്പിന് എ++ നൽകുന്നതായും സ്പീക്കർ അറിയിച്ചു. ലോകത്ത് ഒരാൾക്കും ഇതുപോലൊരു മേള നടത്താൻ കഴിയില്ലെന്ന് തലയുയർത്തി പറയാമെന്നാണ് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. പത്ത് വയസ് കുറഞ്ഞ പോലെ തോന്നുന്നു. മേള കൗമാരത്തിലേക്കും ഗൃഹാതുരത്വം നിറഞ്ഞ ഓർമകളിലേക്കും ആളുകളെ കൊണ്ടുപോകുന്നുവെന്നും സതീശൻ പറഞ്ഞു. മേളയുടെ നടത്തിപ്പിനെ പ്രശംസിച്ച പ്രതിപക്ഷ നേതാവ് വിദ്യാഭ്യാസ മന്ത്രിയെയും വകുപ്പിനെയും അധ്യാപക സംഘടനകളെയും അഭിനന്ദിച്ചു.

നമ്മുടെ കലയെ ലോകം മുഴുവൻ അറിയിക്കാൻ കഴിയണമെന്ന് പരിപാടിയിലെ വിശിഷ്ടാഥിതിയായ ആസിഫ് അലി പറഞ്ഞു. വിജയികളായ തൃശൂർ ജില്ലയിലെ എല്ലാ താരങ്ങൾക്കും രേഖാചിത്രം സിനിമയുടെ ഫ്രീ ടിക്കറ്റ് നൽകുമെന്നും ആസിഫ് അലി അറിയിച്ചു. കലോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ടൊവിനോയും പറഞ്ഞു. ജീവിതകാലം മുഴുവൻ കലയെ കൈവിടാതിരിക്കുക. ഒരു നൂലിഴയുടെ വ്യത്യാസത്തിലാണ് പലരും പരാജയപ്പെട്ടിട്ടുള്ളത്. പരാജയപ്പെട്ടവർക്കും ടൊവിനോ അഭിനന്ദനങ്ങള്‍ അറിയിച്ചു.



സ്വര്‍ണ കപ്പ് രൂപകൽപന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ സമാപനസമ്മേളനത്തില്‍ ആദരിച്ചു. സ്വ‍ർണ കപ്പിൽ ഒന്നുകൂടി തൊടുക എന്ന അദ്ദേഹത്തിന്റെ ആ​ഗ്രഹം വേദിയിൽ വെച്ച് സാക്ഷാത്കരിച്ചു. വിവി‌ധ ഇനങ്ങളിലായി 78 ഓളം പുരസ്‌കാരങ്ങളാണ് നല്‍കിയത്. 62–ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും 2024 സംസ്ഥാന സ്‌കൂള്‍ കായികമേളയുടെയും മാധ്യമ പുരസ്‌കാര വിതരണവും മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.

കലോത്സവത്തിന്‍റെ അവസാന ദിവസവും ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഫോട്ടോ ഫിനിഷിലേക്ക് എത്തിയ മത്സരത്തിൽ ഒറ്റ പോയിന്‍റിനാണ് പാലക്കാടിന് സ്വർണക്കപ്പ് നഷ്ടമായത്. 1007 പോയിന്റോടെ പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. കണ്ണൂർ (1003) മൂന്നാം സ്ഥാനത്തും കോഴിക്കോട് (1000) നാലാം സ്ഥാനത്തുമാണ്. ആതിഥേയരായ തിരുവനന്തപുരം 957 പോയിന്‍റോടെ എട്ടാം സ്ഥാനത്താണ്. 

എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ 482 പോയിന്‍റോടെ തൃശൂരും പാലക്കാടും ഒപ്പത്തിനൊപ്പമെത്തി. 479 പോയിന്‍റാണ് ഈ വിഭാഗത്തില്‍ കണ്ണൂർ നേടിയത്. എച്ച്എസ്എസ് വിഭാഗത്തിലാണ് ഒരു പോയിന്‍റിന് തൃശൂർ മുന്നില്‍ കയറിയത്. തൃശൂർ 526 പോയിന്‍റും പാലക്കാട് 525 പോയിന്‍റും. പാലക്കാടുമായി ഒറ്റ പോയിന്‍റിന്‍റെ വ്യത്യാസമേ കണ്ണൂരിനും ഉണ്ടായിരുന്നുള്ളു, 524 പോയിന്‍റ്.

ഏറ്റവും കൂടുതൽ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയിൽ 171 പോയിന്‍റോടെ പാലക്കാട് ബിഎസ്എസ് ​ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളുകളാണ് ഒന്നാമത്. 116 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും, 106 പോയിന്‍റുമായി വയനാട് മാനന്തവാടി എംജിഎംഎച്ച്എസ്എസ് മൂന്നാമതുമാണ്.

SCROLL FOR NEXT