NEWSROOM

പനിച്ച് വിറച്ച് കേരളം; സംസ്ഥാനത്ത് നാലുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് കോളറയും പനിയും ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. സംസ്ഥാനത്ത് പുതിയതായി നാലുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര കെയർ ഹോമിലെ അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം പന്ത്രണ്ട് ആയി. ഇതിൽ പതിനൊന്ന് പേരും നെയ്യാറ്റിൻകര കെയർ ഹോമിലെ അന്തേവാസികളാണ്. രോഗം ബാധിച്ചവർ മെഡിക്കൽ കോളേജിലും ഐരാണിമുട്ടത്തെ ഐസൊലേഷൻ സെൻ്ററിലും ചികിത്സയിൽ തുടരുകയാണ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ പേരുടെ കോളറ പരിശോധന ഫലം നാളെ പുറത്തു വരും. കോളറ ബാധയുടെ ഉറവിടം ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല.

അതെ സമയം, സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിൻ്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോളറയിൽ ആശങ്ക വേണ്ടെന്നും, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണമെന്നും വീണാ ജോർജ് പറഞ്ഞു.

പകർച്ചപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിലും സംസ്ഥാനത്ത് വലിയ വർധനവുണ്ട്. പനി ബാധിച്ച് എട്ടുപേരും മഞ്ഞപ്പിത്തം മൂലം ഒരാളും ഇന്ന് മരിച്ചു. 12 ദിവസത്തിനിടെ 43 പേരാണ് പകർച്ച പനി ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചത്. 24 മണിക്കൂറിനിടെ 12,204 പേർ  ഇന്ന് പനിക്ക് ചികിത്സ തേടി. 173 പേർക്ക് ഡെങ്കിയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 438 പേർ ‍ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. 44 പേർക്ക് എച്ച് വൺ എൻ വൺ പിടിപെട്ടു. ഈ മാസം ഇതുവരെ ഒന്നര ലക്ഷത്തിനടുത്ത് ആളുകളാണ് പനിക്ക് ചികിത്സ തേടിയത്.

SCROLL FOR NEXT