മലയാള സിനിമയില്‍ പ്രത്യേക മേല്‍വിലാസം ആവശ്യമില്ലാത്ത നടനാണ് വിജയരാഘവന്‍. നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ മകന്‍ എന്നതില്‍ ഒതുങ്ങി നില്‍ക്കാതെ നായകനായും വില്ലനായും സ്വഭാവ നടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടന്‍. ഇന്നത്തെ പ്രേക്ഷകരില്‍ എല്ലാ കാലഘട്ടത്തിലുള്ളവര്‍ക്കും സുപരിചിതനായ നടന്‍. എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും ജനപ്രിയ സിനിമകളിലെല്ലാം വിജയരാഘവന്റെ സാന്നിധ്യമുണ്ട്.
1973 ല്‍ പുറത്തിറങ്ങിയ കാപാലിക എന്ന സിനിമയില്‍ തുടങ്ങി 51 വര്‍ഷമായി വിജയരാഘവന്‍ മലയാള സിനിമയ്‌ക്കൊപ്പമുണ്ട്. അനശ്വരമായതും ശ്രദ്ധിക്കപ്പെട്ടതുമായ നിരവധി ചിത്രങ്ങള്‍ ഇക്കാലയളവില്‍ അദ്ദേഹം അവതരിപ്പിച്ചെങ്കിലും ഒരു പുരസ്‌കാരം പോലും തേടിയെത്തിയില്ല. എന്തുകൊണ്ടൊക്കെയോ, സംസ്ഥാന അവാര്‍ഡ് കൈയ്യകലത്തിലായിരുന്നു അദ്ദേഹത്തിന്. ആ കാത്തിരിപ്പിന് ഇത്തവണ വിരാമമായിരിക്കുകയാണ്. ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിജയരാഘവന് ലഭിച്ചിരിക്കുകയാണ്.
22-ാം വയസ്സിലാണ് വിജയരാഘവന്‍ നാടകരംഗത്തു നിന്നും സിനിമയിലേക്ക് ചുവടുവെക്കുന്നത്. കാപാലികയില്‍ പോര്‍ട്ടര്‍ കുഞ്ഞാലി എന്ന ചെറിയ വേഷമായിരുന്നു ചെയ്തത്. 1982 ല്‍ 31-ാം വയസ്സില്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം. ഈ കാലത്തും നാടകങ്ങളിലും സജീവമായിരുന്നു അദ്ദേഹം.
കാപാലികയുടെ സഹ സംവിധായകനായിരുന്ന ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹിയില്‍ ശ്രദ്ധേയമായ വേഷം ലഭിച്ചു. 1987 ല്‍ നാടകം ഉപേക്ഷിച്ച് പൂര്‍ണമായും സിനിമയിലേക്ക് തിരിഞ്ഞു. 1993 ല്‍ ഷാജി കൈലാസ് ചിത്രം ഏകലവ്യനിലൂടെയാണ് വിജയരാഘവന്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനു ശേഷം പുറത്തിറങ്ങിയ ദി കിങ് , ദി ക്രൈം ഫയല്‍ എന്നിവയിലൂടെയും റാംജി റാവു സ്പീക്കിങ് പോലുള്ള ചിത്രങ്ങളിലൂടെയും അദ്ദേഹം മലയാള സിനിമയില്‍ സ്വന്തം ഇരിപ്പിടം ഉറപ്പിച്ചിരുന്നു.
ചെറുതും വലുതുമായ ഒട്ടനവധി ചിത്രങ്ങളിലൂടെ കഴിഞ്ഞ 51 വര്‍ഷക്കാലമായി മലയാള സിനിമയ്‌ക്കൊപ്പം വിജയരാഘവനുമുണ്ട്. പക്ഷേ, ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്താന്‍ പൂക്കാലമെത്തേണ്ടി വന്നു.