മക്കളിലൂടെ കലോത്സവവും കലോത്സവ നഗരിയും കാണാന്‍ എത്തിയിരിക്കുകയാണ് ജയരാജന്‍ മാഷ്. കാഴ്ച നഷ്ടപ്പെട്ടുപോയ അച്ഛന്റെ കണ്ണാകുന്ന മക്കള്‍. മാഷിന്റെയും മക്കളുടെയും വിശേഷങ്ങള്‍ കാണാം.
അകക്കണ്ണിന്റെ ആഴങ്ങളില്‍ സംഗീതത്തിന് സൗന്ദര്യം ഏറെയാണത്രേ. ജയരാജന്‍ മാഷ് പഠിപ്പിക്കുന്നതും മകന്‍ അത് ഏറ്റുചൊല്ലുന്നതിനും പ്രത്യേക ചന്തമാണ്. വളരെ ചെറുപ്പം മുതല്‍ മക്കള്‍ക്ക് ഗുരുനാഥന്‍ ആയതാണ്. രണ്ടു മക്കള്‍ക്കും അധ്യാപകനും അച്ഛനുമൊക്കെയാണ് അദ്ദേഹം. സാദാ സമയം അച്ഛന്റെ കൈകള്‍ കോര്‍ത്തുപിടിച്ചാണ് അവന്‍ വഴി നയിക്കുന്നത്.
ALSO READ: വിശന്നപ്പോള്‍ ഒന്ന് ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതാണ്; ഇവിടെയുണ്ട് കലോത്സവ നഗരിയിലെ ഒരു വെറൈറ്റി കോംബോ
ജനനം മുതല്‍ തന്നെ 15 ശതമാനം കാഴ്ച പരിമിതി നേരിട്ടിരുന്ന വ്യക്തിയാണ് ജയരാജന്‍. രണ്ട് വര്‍ഷം മുന്‍പ് കോവിഡ് കണ്ണിനെ ഇരുട്ടിലേക്ക് കൂട്ടികൊണ്ട് പോയി. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് വടി കുത്തി കലാ ലോകത്തേക്ക് മക്കളെ കൈ പിടിച്ചുയര്‍ത്തുകയാണ് ജയരാജന്‍ മാഷ്. അച്ഛന്റെ വഴിയിലെ നേര്‍ വടിയാകുകയാണ് മക്കള്‍.
ഇത് നാലാം തവണയാണ് മാഷ് കലോത്സവത്തെ കേള്‍ക്കാന്‍ വരുന്നത്. ആ സമയങ്ങളിലത്രയും ഇരുകൈകളും ചേര്‍ത്തുപിടിച്ച് മക്കളും. 3 തവണ സംസ്ഥാന കലോത്സവ ജേതാവായ ആളാണ് മൂത്ത മകന്‍ ആദര്‍ശ്. കരവിരുതില്‍ ഇളയവനും മിടുമിടുക്കന്‍. കാണുവാന്‍ കണ്ണുകള്‍ ഇല്ലാതെയാകിലും കണ്മണി കരങ്ങളാല്‍ വഴി തെളിക്കുന്നു.