NEWSROOM

സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജുവിനിട്ട് പണിഞ്ഞ് രഹാനെയുടെ മുംബൈ, കേരളം ക്വാർട്ടർ കാണാതെ പുറത്ത്

54 പന്തിൽ നാല് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കമായിരുന്നു രഹാനെയുടെ ക്സാസിക് ഇന്നിങ്‌സ്

Author : ന്യൂസ് ഡെസ്ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ നിന്ന് സഞ്ജു സാംസൺ നയിച്ച കേരള ക്രിക്കറ്റ് ടീം പുറത്തായി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെ മുംബൈ നാല് വിക്കറ്റിന് തോൽപ്പിച്ചതോടെയാണ് കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾ തകർന്നത്. ഗ്രൂപ്പ് ഇയിൽ മുംബൈക്കും കേരളത്തിനും 16 പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്. 20 പോയിൻ്റുള്ള ആന്ധ്ര നേരത്തെ ക്വാർട്ടറിലെത്തിയിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ചതോടെ മുംബൈ കേരളത്തെ മറികടന്ന് ക്വാർട്ടറിലെത്തി.

മുംബൈക്ക് മുന്നില്‍ 230 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ആന്ധ്ര മുന്നോട്ടുവെച്ചതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ വർധിച്ചിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ അജിങ്കാ രഹാനെ (95) മിന്നും പ്രകടനം നടത്തിയപ്പോൾ മുംബൈ കൂറ്റൻ വിജയലക്ഷ്യം 19.3 ഓവറിൽ അനായാസം മറികടന്നു. 54 പന്തിൽ നാല് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കമായിരുന്നു രഹാനെയുടെ ക്സാസിക് ഇന്നിങ്‌സ്.

അവസാന 12 പന്തിൽ 30 റൺസ് വേണ്ടിയിരിക്കെ മുംബൈയ്ക്കായി സൂര്യാൻഷ് ഷെഡ്ഗെ (8 പന്തിൽ 30) നടത്തിയ വെടിക്കെട്ട് പ്രകടനവും മുംബൈയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചു. പൃഥ്വി ഷാ 15 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കം 34 റൺസ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 229 റൺസാണ് നേടിയത്. കെ.എസ്. ഭരത് (53 പന്തില്‍ 93), അശ്വിന്‍ ഹെബ്ബാര്‍ (29 പന്തില്‍ 52), ക്യാപ്റ്റന്‍ റിക്കി ഭൂയി (31 പന്തില്‍ 68) എന്നിവർ തിളങ്ങി.

SCROLL FOR NEXT