കെഎസ്ആര്‍ടിസി ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) പ്രഖ്യാപിച്ച പണിമുടക്കിൽ പ്രതികരണവുമായി ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി സമരം പൊളിഞ്ഞ് പാളീസായി. ആന വണ്ടി നിലനിൽക്കേണ്ടത് മലയാളികളുടെ ആവശ്യമാണെന്നും ഗതാഗതമന്ത്രി പറഞ്ഞു. സമരാഹ്വാനം തള്ളിക്കളഞ്ഞ് ഇന്ന് ജോലിക്കെത്തിയ മുഴുവൻ ജീവനക്കാർക്കും മന്ത്രി എന്ന നിലയിൽ കെ.ബി. ഗണേഷ് കുമാർ നന്ദി അറിയിച്ചു.
ALSO READ: പൊതുജനത്തെ വലച്ച് KSRTC പണിമുടക്ക്, 50% ജീവനക്കാർ ജോലിക്കെത്തില്ല; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
"ചില ജീവനക്കാർ സമരം തള്ളിക്കളഞ്ഞത് തന്നെ അവർ എത്ര മാത്രം സ്നേഹിക്കുന്നുവെന്നതിൻ്റെ തെളിവാണ്. ബസിന് കേട് പാടുകൾ വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവർ നഷ്ടപരിഹാരം നൽകേണ്ടി വരും. സമരാഹ്വാനം ജീവനക്കാർ തന്നെ തള്ളിക്കളഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിന് കേസെടുക്കും", കെ. ബി. ഗണേഷ് കുമാർ അറിയിച്ചു.
പന്ത്രണ്ടോളം ആവശ്യങ്ങളുന്നയിച്ചാണ് ഐഎൻടിയുസി സംഘടനകൾ ഏകദിന പണിമുടക്കിന് ആഹ്വാനം ചെയ്തത്. ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിൻ്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയവയാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങൾ. പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ നേരത്തെ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പണിമുടക്ക് നേരിടാൻ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ജോലിക്കെത്തുന്നവരെ തടഞ്ഞാൽ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിപ്പ് നൽകിയിരുന്നു.