കേരള സർവകലാശാല ബജറ്റ് അവതരിപ്പിക്കാൻ ചേർന്ന സെനറ്റ് യോഗം യുഡിഎഫ് പ്രതിനിധികൾ ബഹിഷ്കരിച്ചു. ഈ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കാനായി ചേർന്ന കേരള സർവകലാശാല സെനറ്റ് യോഗത്തിലാണ് യുഡിഎഫ് പ്രതിനിധികൾ പ്രതിഷേധമുയർത്തിയത്. ആദ്യ ദിവസം ബജറ്റും അടുത്ത ദിവസം ബജറ്റിൻ മേലുള്ള ചർച്ചയും എന്ന രീതിയിലാണ് അജണ്ട വെക്കേണ്ടതെന്നും, എന്നാൽ ചർച്ച അജണ്ടയിൽ ഉൾപ്പെടുത്താതെ ജനാധിപത്യ വിരുദ്ധമായ നീക്കമാണ് ഉണ്ടായതെന്നും ആരോപിച്ചാണ് യുഡിഎഫ് സെനറ്റ് യോഗത്തിൽ ബഹളമുണ്ടാക്കിയത്.
ബജറ്റ്, ചർച്ച കൂടാതെ പാസ്സാക്കാനുള്ള നീക്കമാണ് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ അടക്കമുള്ളവർ നടത്തിയതെന്ന് സെനറ്റംഗം എം.വിൻസൻ്റ് എംഎൽഎ ആരോപിച്ചു. സെനറ്റ് സംവിധാനത്തെ നോക്കുക്കുത്തിയാക്കി ചോദ്യോത്തരവേളകളില്ലാതെ പ്രത്യേക യോഗങ്ങൾ മാത്രമായി ചേരുകയാണെന്നും യുഡിഎഫ് പ്രതിനിധികൾ ആരോപിച്ചു. നിയമസഭാ സമ്മേളനം, നാളെയുണ്ടെന്ന കാരണം പറഞ്ഞ് ചർച്ച നിഷേധിക്കുന്നത് ബാലിശമായ വാദമാണെന്നും യുഡിഎഫ് പ്രതിനിധികൾ പറഞ്ഞു.
തെറ്റുകൾ മറച്ചുവെയ്ക്കാനുള്ള സിപിഎം നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റ് ശ്രമത്തിൻ്റെ ഭാഗമാണ് ബജറ്റ് ചർച്ച കൂടാതെ പാസ്സാക്കാനുള്ള നീക്കമെന്നും യുഡിഎഫ് ആരോപിച്ചു. സിപിഎമ്മിൻ്റെ അജണ്ട നടപ്പാക്കാൻ സർവകലാശാല വൈസ് ചാൻസലർ നിന്നുകൊടുക്കുകയാണെന്ന് സെനറ്റ് അംഗം എം. വിൻസെൻ്റ് എംഎൽഎ ആരോപിച്ചു. അതേസമയം സെനറ്റ് യോഗത്തിൽ ഫിനാൻസ് കമ്മിറ്റി കൺവീനർ ജി. മുരളീധരൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേരള സർവകലാശാല ബജറ്റ് അവതരിപ്പിച്ചു.