NEWSROOM

യുജിസി റെഗുലേഷനെതിരായ സംസ്ഥാന കണ്‍വെന്‍ഷന്‍: ഗവർണർക്ക് കത്തയച്ച് കേരള സർവകലാശാല വി.സി

യുജിസിക്കെതിരായ പ്രതിഷേധമാണ് പരിപാടിയെന്നും കൺവൻഷനിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് മാർഗനിർദേശം നൽകണമെന്നും കത്തിൽ

Author : ന്യൂസ് ഡെസ്ക്


യുജിസി റെഗുലേഷനെതിരായ ഉന്നത വിദ്യാഭ്യാസ കൺവെൻഷനെതിരെ ഗവർണർക്ക് കത്തയച്ച് കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മേൽ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു കൺവെൻഷന് ക്ഷണിച്ചത് കരട് നയം ചർച്ച ചെയ്യാൻ എന്ന് ചൂണ്ടിക്കാട്ടിയാണ്. എന്നാൽ യുജിസിക്കെതിരായ പ്രതിഷേധമാണ് പരിപാടിയെന്നും കൺവൻഷനിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് മാർഗനിർദേശം നൽകണമെന്നും കത്തിൽ ഡോ. മോഹനൻ കുന്നുമ്മേൽ പറയുന്നു.


ഫെബ്രുവരി 20നാണ് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരെ അടക്കം ഉൾപ്പെടുത്തിയുള്ള യുജിസിക്കെതിരായ നാഷണൽ കൺവെൻഷൻ. സര്‍വകലാശാലകള്‍ക്ക് മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലാതാക്കുന്ന യുജിസിയുടെ പുതിയ മാർഗരേഖ അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെന്നും ഇതിനെതിരെ സംസ്ഥാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. വിജ്ഞാപനത്തിന് എതിരെ തമിഴ്നാട് നിയമസഭയും പ്രമേയം പാസാക്കിയിരുന്നു.

ചാൻസലർ‌ക്ക് കൂടുതൽ അധികാരം നല്‍കുന്നതാണ് യുജിസി പുറത്തിറക്കിയ പുതിയ നിയമത്തിന്റെ കരട് വിജ്ഞാപനം. പുതിയ നിയമ പ്രകാരം, വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനെ നിയമിക്കുന്നതിനുള്ള അധികാരം ചാന്‍സല‍ർക്കായിരിക്കും. വിദഗ്‌ധർ അംഗങ്ങളായ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കണമെന്നും അവർ ശുപാർശ ചെയ്യുന്ന പാനലിൽനിന്നും ഒരാളെ വിസിയായി നിയമിക്കണമെന്നുമാണ് 2018ലെ യുജിസി മാർ​ഗനിർദേശം.


ഇതിൽ മാറ്റം വരുത്തിയാണ് പുതിയ നിയമം വരുന്നത്. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്ക് പുതിയ നിയമം ബാധകമാണ്. ഈ നിയമത്തെ മറികടന്നു നടക്കുന്ന വിസി നിയമനങ്ങൾ അസാധുവുമായിരിക്കും. വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ-​ഗവർണർ പോര് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നിയമത്തിന്റെ കരട് വിജ്ഞാപനം പുറത്തുവരുന്നത്. പ്രത്യേകിച്ചും പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിസി നിയമനം കോടതി കയറുന്നത് സ്ഥിരം കാഴ്ചയാണ്.

SCROLL FOR NEXT