NEWSROOM

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; ഒറ്റപ്പെട്ട മഴ തുടരും

രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിച്ച് തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത

Author : ന്യൂസ് ഡെസ്ക്

ബംഗാൾ ഉൾക്കടലിൽ ന്യുനമർദം രൂപപ്പെട്ടു. തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ മധ്യഭാഗത്തായാണ് പുതിയ ന്യുനമർദ്ദം രൂപപ്പെട്ടത്. രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിച്ച് തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

ശബരിമലയിൽ അടുത്ത മൂന്ന് ദിവസം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ ന്യൂനമർദം തമിഴ്നാട് തീരത്തേക്ക് അടുക്കുംതോറും തമിഴ്നാട് തീരത്ത് ശക്തമായ മഴ ലഭിക്കും. ഈ മാസം 17ന് ശേഷം ചെന്നൈ പുതുച്ചേരിക്കിടയിലുള്ള തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ഉണ്ടാകും. തമിഴ്നാടിന്റെ കിഴക്കൻ തീരപ്രദേശങ്ങളെയും ആന്ധ്രാപ്രദേശിന്റെ തീരമേഖലയെയും ആണ് ഈ ന്യൂനമർദം ബാധിക്കുക.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 16/12/2024 (ഇന്ന്) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

SCROLL FOR NEXT